വമ്പന്മാരും വീമ്പന്മാരും ചിലപ്പോൾ ചിലയിടത്ത് തലകുനിക്കുന്നു. ജീവിതത്തിൽ ചെയ്തുവെച്ചവ ഒടുവിൽ പലരെയും കൊമ്പുകുത്തിയ്ക്കുന്നു. എത്ര ഉന്നതിയിൽ ആണെങ്കിലും, ഒരല്പം പാളിയാൽ എല്ലാ ഉന്നതിയും തലകുത്തി വീഴുന്ന നാട്ടിലാണ് നമ്മുടെ വീട്, എന്ന സത്യത്തെ നാം എന്നും ഓർക്കുക തന്നെ വേണം.
രാഷ്ട്രീയമാകട്ടെ രാഷ്ട്രമീമാംസയാകട്ടെ സിനിമയാകട്ടെ അഭിനയ മേഖലകളാകട്ടെ, നാടകമാകട്ടെ സംഗീതമാകട്ടെ, ക്ലബ്ബുകളാവട്ടെ പള്ളികളാകട്ടെ, കമ്മറ്റിക്കാരും, പിരിവുകാരുമാകട്ടെ.
എവിടെയും കയറിക്കൂടാൻ വ്യഗ്രത കാണിക്കുന്നവർ അധികകാലം തുടരാതിരിക്കുന്നതാവും ഉചിതം.
' ദീർഘകാലം ഭരിക്കുന്നവർ അഴിമതിക്കാരാകുമെന്ന് തത്വം' ഓരോരുത്തരുടെയും ഉള്ളിൽ തിരുകി വെക്കാൻ സമയമായി.
ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നതിനു മുമ്പേ റിപ്പോർട്ട് പൂഴ്ത്തിവെച്ച സർക്കാരും ,വന്നപ്പോൾ രാജിവച്ച് അമ്മയും മിണ്ടാട്ടം മുട്ടി ഇരിക്കുന്ന കാലത്താണ് ചിന്തയുടെ മാനദണ്ഡങ്ങൾ പൊട്ടിച്ചെറിഞ്ഞ് നാം പലതും ചിന്തിക്കേണ്ടിയിരിക്കുന്നത്.
സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുക എന്ന പ്രയോഗത്തെ ഇടയ്ക്കിടെ ഓരോരുത്തരും ഓർമിക്കുന്നത് നല്ലതാണ്. കരുതിക്കൂട്ടിക്കയറിയ ഇടങ്ങളിലും ,ചത്തിട്ട് കസേരകുഴിയാമെന്ന് മനസ്ഥിതിക്കാരും നമുക്ക് ചുറ്റും ലജ്ജയോട് കൂടി ജീവിക്കുന്നു
ഇരിക്കുന്ന കസേരകൾ ചിതലെടുത്തൊടിയുമെന്ന വിശ്വാസം വേണ്ട. അറപ്പുളവാകുന്ന മനുഷ്യനായി പടിയിറങ്ങേണ്ടി വരുന്നതിന്റെ തത്വസംഹിത ചിലപ്പോൾ നമ്മെ പിന്തുടരും.
ജീവിതത്തിൻറെ ഉല്ലാസവഴികളിൽ മോറൽ വാല്യൂസ് നഷ്ടപ്പെടുത്തിയതിന്, നഷ്ടപ്പെടുത്തിയവർ തന്നെയാണ് കുറ്റക്കാർ. ഒരാൾ ഒഴിയുമ്പോൾ അയാളിരുന്ന കസേരയിൽ കണ്ണും നട്ടിരിക്കുന്ന മനുഷ്യരുടെ ജന്മമായി പലരും ജീവിക്കുന്നു.
പ്രസിഡണ്ടായി മരിച്ചവരുടെ കസേരകളിൽ കണ്ണും നട്ട് ഇരുന്നും. ഇരുന്നവരെല്ലാം മരിച്ചുപോയിട്ടും പുതിയ പ്രസിഡൻറ് ആയി മരിച്ചാൽ കൊള്ളാമെന്ന ചിന്തയി ലുലാത്തുന്നവരും നാട്ടിൽ പെരുകുമ്പോൾ കരുതണം. അത്യാഗ്രഹങ്ങൾ തീരാത്ത മനുഷ്യൻറെ ഒടുങ്ങാത്ത ആഗ്രഹം. ആഗ്രഹങ്ങളെല്ലാം ഒടുവിൽ നമ്മെക്കൊണ്ട് എത്തിക്കുന്നത് ഒരു കുഴിമാടത്തിന് മുൻപിൽ . ഒരുപിടി മണ്ണിട്ട് നാട്ടുകാർ പിരിയുമ്പോൾ ചിലപ്പോൾ ആരെങ്കിലും പറഞ്ഞേക്കാം അവൻ നല്ലവൻ ആയിരുന്നുവെന്ന് അല്ലെങ്കിൽ അവനൊരു അധികാരമോഹിയായിരുന്നെന്ന്
തൊഴിലിടങ്ങളിൽ കുളിരു കൊള്ളാൻ വരുന്നവന്റെ മുഖമടച്ച് ഒന്ന് പൊട്ടിച്ചിരുന്നെങ്കിൽ ഒന്നാട്ടിയിരുന്നെങ്കിൽ ഒരു റിപ്പോർട്ടിന് പിന്നിലും സ്ത്രീകൾ ദുർബലരാകാതെ വിജയിക്കുമായിരുന്നു.