ജസ്റ്റീസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇളക്കി വിട്ട കൊടുങ്കാറ്റിൽ മലയാള സിനിമയിലെ പല മരങ്ങളും കട പുഴകി വീണു. എന്നാൽ ചില മരങ്ങൾ കാറ്റ് വീശിയടിച്ചിട്ടും പിടിച്ചു നിൽക്കുന്നു. മരമൂട്ടിലെ മണൽ ഒഴുകിപ്പോകുന്ന കാര്യം അവർ മാത്രം അറിഞ്ഞിട്ടില്ല. എന്തായാലും അമേരിക്കൻ മലയാളികളെ സംബന്ധിച്ചിടത്തോളം ഇനി ഉടനെയെങ്ങും ഇവരെ ഇവിടെ കൊണ്ടുവന്ന് സ്റ്റേജ് ഷോകൾ നടത്തി പണമുണ്ടാക്കാമെന്നു വിചാരിക്കണ്ട. നൂറും അഞ്ഞൂറും ഡോളർ കൊടുത്തു ടിക്കറ്റ് വാങ്ങി ചാരെ നിൽക്കാനും ചാരി നിന്നു ഫോട്ടോ എടുക്കാനും വീടുകളിൽ താമസിപ്പിക്കാനും പഴയതുപോലെ ആളുകൾ മുന്നോട്ടു വരില്ലെന്നുറപ്പാണ്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് കയ്യിൽ കിട്ടിയിട്ടും നാലര വർഷം അതി വിദഗ്ദ്ധമായി പൂഴ്ത്തിവച്ചത് എന്തിനാണെന്ന ചോദ്യത്തിന് ‘ജസ്റ്റീസ് ഹേമ തന്നെ അത് പുറത്തു വിടരുതെന്ന്’ പറഞ്ഞതായിട്ടാണ് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചത്. എന്നാൽ ഇത് പലരുടെയും സ്വകാര്യതയെ ബാധിക്കുന്നതുകൊണ്ട് സുപ്രീം കോടതിയുടെ മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമേ റിപ്പോർട്ട് പുറത്തു വിടാവൂ എന്നാണവർ പറഞ്ഞത് എന്ന് പിന്നീടറിഞ്ഞു. എന്തായാലും ഈ റിപ്പോർട്ട് നാലര വർഷമായി തുറന്നു നോക്കിയിട്ടില്ലെന്നാരും പറഞ്ഞില്ല. അത് കിട്ടിയപ്പോൾ തന്നെ വീട്ടിൽ പോലും പോകാതെ അത് മുഴുവൻ വായിച്ചു നോക്കിയിട്ടുണ്ടാവും എന്ന് തീർച്ച. വായിക്കാൻ തുടങ്ങിയാൽ ചില പുസ്‌തകങ്ങൾ തീരാതെ നമ്മൾ താഴെ വയ്ക്കാറില്ലല്ലോ. പിന്നെ ഇതിലാണെങ്കിൽ ഉപ്പും മുളകും മല്ലിയുമൊക്കെ ആവശ്യത്തിലധികമുണ്ടല്ലോ. ഇത് വായിച്ചു കഴിഞ്ഞപ്പോൾ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ ചില വിഗ്രഹങ്ങൾ ഉടഞ്ഞു തരിപ്പണമാകുമെന്നു മനസ്സിലാക്കി അവരെ സംരക്ഷിക്കാനായി ആ പേജുകളും ഖണ്ഡികകളും നീക്കംചെയ്യുകയും അവർ വേട്ടയാടുകയോ വേട്ടയാടാൻ ശ്രമിക്കുകയോ ചെയ്‌ത ഇരയുടെ പരിവേഷമുള്ളവരുമായി "കോംപ്ലിമെൻറ്സ്" ആക്കുവാൻ സമയം കൊടുക്കുകയും ആയിരുന്നോ എന്ന സംശയം സാമൂഹ്യ മാധ്യമങ്ങളിൽ തലങ്ങും വിലങ്ങും കരക്കമ്പിയായി ഓടുന്നുണ്ട്.
അവരെ കുറ്റം പറയാനാവില്ലല്ലോ. കാരണം ഇപ്പോൾ റിപ്പോർട്ട് എഡിറ്റ് ചെയ്‌തു പുറത്തു വിട്ടപ്പോൾ ആരോപിതരായവരിൽ ചിലരുടെ പേരിൽ നടപടി എടുക്കുകയും മറ്റു ചിലരെ ചേർത്തു പിടിച്ചു ചിറകിനടിയിൽ സൂക്ഷിക്കയും ചെയ്യുന്നത് നാം കാണുകയല്ലേ? ഭരണ കക്ഷിയുടെ കൊല്ലം എം എൽ എ യ്‌ക്കെതിരേ നിരവധി സ്ത്രീകൾ ആരോപണം ഉന്നയിച്ചിട്ടും 'കോൺഗ്രസിന്റെ എം എൽ എ മാർക്കെതിരായി സമാനമായ ആരോപണങ്ങൾ ഉണ്ടായപ്പോൾ അവർ രാജി വച്ചില്ലല്ലോ' എന്ന ഉടായിപ്പു ന്യായം പറയുന്നവരോട് ചോദിക്കാനുള്ളത് കോൺഗ്രസിന്റെ പാരമ്പര്യമാണോ സിപിഎം നു ഉള്ളത് എന്നാണ്.
പണ്ടത്തെ കമ്മ്യൂണിസ്ററ് പാർട്ടിക്ക് ധാർമികതയും ആത്മാർത്ഥതയും ഉള്ള നേതാക്കന്മാരാണ് ഉണ്ടായിരുന്നത്. പാർട്ടിയുടെ മൂല്യങ്ങൾക്കു നിരക്കാത്ത പ്രവൃത്തിയുണ്ടായാൽ അച്ചടക്ക നടപടി നേരിട്ടേ മതിയാകുമായിരുന്നുള്ളൂ. ഇന്നതല്ലല്ലോ കഥ. അതെന്തെങ്കിലുമാകട്ടെ. ഈ എപ്പിസോഡിലെ രാഷ്ട്രീയം ഒന്ന് നോക്കാം.
ഭരണ കക്ഷിയിലെ ഒരു എം എൽ എ ലൈംഗിക ആരോപണത്തിൽ മുച്ചൂടും മുങ്ങി നിന്നിട്ടും അദ്ദേഹം എം എൽ എ സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നില്ല. എന്താണ് കാരണം? 'വീണു കിടക്കുന്നവനെ ചവിട്ടരുത്' എന്ന ധാർമ്മിക മൂല്യം കൊണ്ടാണോ? അല്ല. കോൺഗ്രസ് പാർട്ടിയിലെ രണ്ട് എം എൽ എ മാർ ഇതുപോലെ തന്നെ ലൈംഗിക ആരോപണങ്ങളിൽ പെട്ടപ്പോൾ അവരുടെ പേരിൽ സർക്കാർ കേസെടുത്തു ജയിലിൽ ഇട്ടിട്ടും അവർ രാജി വച്ചില്ല. അഥവാ രാജി വയ്ക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടില്ല. അപ്പോൾ പിന്നെ ഇപ്പോൾ എന്തടിസ്ഥാനത്തിൽ ഭരണകക്ഷി എം എൽ എ രാജി വയ്ക്കണമെന്നാവശ്യപ്പെടും? ഇതാണ് പച്ച മലയാളത്തിൽ 'തൂറിയവനെ ചുമന്നാൽ ചുമന്നവനെയും നാറും' എന്ന് പറയുന്നത്.
എന്നാൽ, സിപിഎം അക്ഷരാർത്ഥത്തിൽ വെട്ടിലായ ഒരു കാര്യമുണ്ട്. എന്തുകൊണ്ടോ പ്രതിപക്ഷമോ കോൺഗ്രസ് പാർട്ടിയോ അതിനെപ്പറ്റി ഒരക്ഷരം ചോദിക്കുന്നുമില്ല. യശഃശരീരനായ ശ്രീ ഉമ്മൻ ചാണ്ടിയെ ഭരണത്തിൽ നിന്നും ഇറക്കി മഹാബലിയെ പാതാളത്തിലേക്കു ചവുട്ടി താഴ്ത്തിയത് പോലെ നിഷ്ക്കാസനം ചെയ്യാൻ സി പി എം ഒരുക്കിയിറക്കിയ സരിത എന്ന വാസവദത്തയുടെ ഭാവനാ പൂർണ്ണമായ കാമകേളിയുടെ കഥ ആ നിരപരാധിയുടെ മേൽ കെട്ടി വച്ചിട്ട്, അതിന്റെ പേരിൽ അദ്ദേഹം രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് ഒരു ലക്ഷം സഖാക്കളെ അണിനിരത്തി തിരുവനന്തപുരം നഗരം സ്‌തംഭിപ്പിച്ചു തൂറി നാറ്റിച്ച പാർട്ടി അക്കാര്യത്തിൽ ഇനിയെങ്കിലും മാപ്പു പറയണം.
അന്ന് കെട്ടിച്ചമച്ച കഥയാണെന്നറിഞ്ഞിട്ടും മുഖ്യമന്ത്രി രാജി വയ്ക്കണം എന്ന് നിർബന്ധം പിടിച്ച സിപിഎം എന്തേ ഇന്ന് മുകേഷ് രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നു പറയുന്നു? അതും ഒന്നല്ല, നിരവധി സ്ത്രീകളുടെ ആരോപണം ഉണ്ടായിട്ടും.
രാഷ്ട്രീയത്തിൽ ധാർമ്മികത ഇല്ലെങ്കിലും ധാർമ്മികതയിൽ രാഷ്ട്രീയം പാടില്ല. കോൺഗ്രസിലെ എം എൽ എ മാർ ലൈംഗിക ആരോപണം നേരിട്ടപ്പോൾ രാജി വയ്‌ക്കേണ്ട ആവശ്യമില്ലെന്നു പറഞ്ഞ പാർട്ടി നേതൃത്വത്തിന് ഇപ്പോൾ സിപിഎം ലെ എം എൽ എ സമാനമായ ആരോപണം നേരിടുമ്പോൾ അദ്ദേഹം രാജി വയ്ക്കണമെന്നു പറയാനുള്ള ധാർമികമായ അവകാശമില്ല. അതുപോലെ തന്നെ തോളിൽ പേറി നടക്കുന്ന ഭാണ്ഡത്തിൽ ജീർണ്ണിച്ച ധാർമ്മിക മൂല്യങ്ങൾ എടുത്തു മാറ്റി ആഡംബരത്തിന്റെയും അഴിമതിയുടെയും സ്വജന പക്ഷപാദത്തിന്റെയും നിറപ്പകിട്ടാർന്ന നവീന മൂലകങ്ങൾ നിറയ്ക്കുന്ന കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ നിന്നും ഇതിൽ വിഭിന്നമായി എന്തു പ്രതീക്ഷിക്കാൻ! ഇവിടെയാണ് ഉളുപ്പില്ലാത്ത പുറം ചൊറിയൽ രാഷ്ട്രീയത്തിന്റെ പ്രസക്തി. ഇത് പ്രബുദ്ധരായ മലയാളികൾ മനസ്സിലാക്കിയാൽ നന്ന്.
___________________