Image

ജീവിച്ച് ജീവിച്ച് മരിച്ചു കൊണ്ടിരിക്കുമ്പോൾ : താഹാ ജമാൽ

Published on 02 September, 2024
ജീവിച്ച് ജീവിച്ച് മരിച്ചു കൊണ്ടിരിക്കുമ്പോൾ : താഹാ ജമാൽ

അടിമ അടിമയായി 
നില നില്ക്കുകയും
ഉടമ ഉടമയായി വികസിക്കുകയും 
ചെയ്യുന്ന കാലത്തും
കാട്ടിലെ രാജാവിൻറെ പേര് 
സിംഹം എന്ന് തന്നെയാണ്.

ആൺസിംഹം
ഇരപിടിക്കാതിരുന്നിട്ടും 
തിന്നുകൊഴുത്തവൻ രാജാവായി വാഴുന്നു.
നീണാൽ വാഴട്ടെയെന്ന് പുലമ്പി
തൊണ്ട വറ്റിപ്പോയവരുടെ പാട്ടിൻ്റെ
പരവതാനി ഉടഞ്ഞുപോയതറിയാതെ
ചിന്തകൾ വിചിത്രമായ മൗനം തിരയുന്നു

ജീവരേഖയിലേക്ക് നേർ
ഹസ്തരേഖയുടെ നീണ്ട
പ്രയാണം

ഞാന്‍
ഒരു കുന്നോ, പർവ്വതമോ 
ആയിരുന്നെങ്കിൽ
ഉറവയായി മണ്ണിൽ
നിറഞ്ഞേനേ
എനിയ്ക്ക് മുകളിൽ പെയ്യുന്ന
വേനലും മഴയും തന്ന
ചുംബനമേറ്റ് ഏകാന്തതയുടെ
തടവിൽ ഞാൻ നെടുവീർപ്പുകളാൽ
തണുത്തുറഞ്ഞേനേ

വന്യമായ ഏകാന്തതകൾ
രാത്രിയെ ഭയപ്പെടുത്തുമ്പോൾ
ഉറക്കത്തിൻ്റെ മത്ത്
കണ്ണുകളെ വലയം പ്രാപിക്കുന്നു
ഹാർട്ട് അറ്റാക്കിൽ
നിലച്ചുപോയ ഞരമ്പുകളിൽ
പലരും ഇഴയുമ്പോൾ
കാലം പറഞ്ഞ കടങ്കഥകൾ
ജന്മാന്തര സുകൃതം
തേടിയലയുന്നു.

അവിടെയുമിവിടെയും
നില്ക്കുന്ന മദ്ധ്യസ്ഥരുടെ
ചിരി മാത്രം
കാലങ്ങളായി കാര്യങ്ങളെ
തകിടം മറിയ്ക്കുന്നു
ജ്യാത്യാക്കൊണം തൂത്താൽ 
മാറാത്തതിനാൽ
ഗാജരൂപരായി
ജീവിക്കുകയോ മരിക്കുകയോ
പുലഭ്യം പറയുകയോ
പുലയാട്ടുകയോ ചെയ്യുന്നത് കൊണ്ട്
ജീവിച്ച് ജീവിച്ച്
ജീവിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക