കാവ്യ സുന്ദരമായ ഒരു വയലാർ ഗാനം .
" സ്വപ്നത്തിൻ ലക്ഷദ്വീപിലെ പുഷ്പ നന്ദിനീ ... നീയെൻ സ്വർഗ്ഗങ്ങൾ പകുത്തെടുത്തു ചക്രവർത്തിനീ ... പ്രേമ ചക്രവർത്തിനീ..."
കാവ്യദേവതയെ കാമുകിയായി സങ്കൽപ്പിച്ച് "ചക്രവർത്തിനീ " എന്നു സംബോധന ചെയ്യാൻ വേറെ ഏതു കവിയാണ് നമുക്കുള്ളത് ? കാമുകീ കാമുകൻമാരാണല്ലോ സാധാരണയായി സ്വർഗ്ഗങ്ങളും സ്വപ്നങ്ങളുമൊക്കെ പങ്കു വയ്ക്കാറുള്ളത് . വയലാറിന്റെ മനസ്സു തൊട്ട വരികൾക്ക് ദേവരാജൻ മാസ്റ്ററുടെ മനസ്സു തൊട്ട സംഗീതം .
" മോഹങ്ങൾ മാനത്തു പണിയും ഗോപുരങ്ങളിൽ , ചിത്ര ഗോപുരങ്ങളിൽ .."
ഭാവ ഗായകൻ ജയചന്ദ്രൻ ഈ വരികളിലൂടെ നമ്മളെ വേറെയേതോ സ്വപ്ന ലോകത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയാണ് . അതേ , സ്വപ്നത്തിൻ ലക്ഷദ്വീപിലെ ആ മനോഹാരിതയിലേയ്ക്ക് . അവിടെ ചുറ്റുവിളക്കു കൊളുത്തും കാർത്തിക നക്ഷത്രത്തിന്നരികിൽ അവളെ കണ്ടെത്തുന്നു .
അഗ്നി നക്ഷത്രം' എന്നാണ് 'കാർത്തിക ' യെ അറിയപ്പെടുന്നത് . ഇത് ജ്ഞാനത്തിന്റേയും ആഗ്രഹസാഫല്യത്തിന്റേയും പ്രതീകം കൂടിയാണെന്ന ഐതീഹ്യത്തെ കൂട്ടു പിടിച്ചായിരിക്കും കവി ഇങ്ങനെ പറഞ്ഞിട്ടുണ്ടാവുക.
" എന്റെ ചിരിയുടെ വിരലടയാളം നിന്റെ ലജ്ജയിൽ പതിഞ്ഞു "
സാധാരണ സിനിമാ ഗാനങ്ങളിലൊന്നും തന്നെ കേട്ടിട്ടില്ലാത്ത , ഇനി ആവർത്തിക്കാനിടയില്ലാത്ത ഒരു വരി . ഈ ഒരൊറ്റ വരി മാത്രം മതി വയലാറിനേയും ഈ പാട്ടിനേയും എനിക്കു സ്നേഹിക്കാൻ ,ഞാൻ കണ്ടിട്ടില്ലാത്ത ഈ സിനിമയെ സ്നേഹിക്കാൻ . ഇതിന്റെ ക്ലാസ്സിക് തലത്തിലേക്കത്താൻ ആസ്വാദനത്തിന്റെ വിവിധ അടരുകളിലേക്കു കൂടി കടക്കേണ്ടിയിരിക്കുന്നു .
" ഭാവനകൾ ചിറകിട്ടടിക്കും പഞ്ജരങ്ങളിൽ , പുഷ്പ പഞ്ജരങ്ങളിൽ നിൻ കിളിവാതിൽ പട്ടുകൾ തുന്നും തങ്കനിലാവിന്നരികിൽ നിന്നു ഞാൻ.."
പ്രണയ കല്പനകളെ പിടിച്ചു കെട്ടിയ വരികൾ ! ഭാവനയെ കെട്ടഴിച്ചുവിട്ട കവിത . ഒരു പാട്ടിനെ നമുക്കു ഇഷ്ടമുള്ളതു പോലെയൊക്കെ സമീപിക്കാം . അതി സമ്പന്നയും സുന്ദരിയുമായ കാമുകിയുടെ തുറന്നിട്ട കിളിവാതിലിനു താഴെ തങ്ക നിലാവിൽ പ്രണയമൊഴുക്കി ഒരു നോട്ടത്തിനായി കൊതിക്കുന്ന നിഷ്കളങ്ക കാമുകനെ കണ്ട എത്രയോ രംഗങ്ങൾ മനസ്സിലേക്കോടിയെത്താം . ആ കിളിവാതിലിന്റെ ആലങ്കാരികതക്കു പോലുമെന്തൊരു ഭംഗിയാണ് .
" നിന്റെ യൗവ്വന മധുപാത്രത്തിൽ എന്റെ ദാഹങ്ങളലിഞ്ഞു "
പ്രണയ മധുപാത്രത്തിൽ മുങ്ങിക്കുളിച്ച പ്രതീതി . കൺമുന്നിൽ വിടർന്നു പരിലസിക്കുന്ന ഒരു പൂവിതൾ ഭംഗി പോലെയോ മനോഹരമായൊരു ചിത്രപതംഗത്തിൻ ചിറകു പോലെയോ ഒക്കെ തോന്നിയേക്കാവുന്ന ആ പ്രണയ മധുപാത്രത്തിലേക്ക് , ആ സ്നിഗ്ധതയിലേയ്ക്കൊന്നു വെറുതേ വിരൽ തൊട്ടാൽ മതി . ആ നിമിഷം മിന്നൽപ്പിണർ തട്ടിയ മാതിരി അതിലേക്കു കണ്ണും പൂട്ടി പിടഞ്ഞു വീണേക്കും നമ്മൾ !.
ഹൃദയരാഗം കൊണ്ടെഴുതിയ കവിത പോലൊരു ഗാനം . ഒരു പൂവു കൊണ്ടു മാത്രം മാത്രം തീർക്കുന്ന വസന്തങ്ങൾ പോലെ ഒരു ചിരി കൊണ്ടു മാത്രം തീർക്കുന്ന തൃക്കാർത്തികകൾ..
കോവിഡ് പ്രതിസന്ധിയിൽ എല്ലാം ഓൺലൈനായതിന്റെ സൗകര്യാർത്ഥം ഒരുപാടു കാലങ്ങൾക്കു ശേഷം ദീർഘനാൾ നാട്ടിൽ നിൽക്കാൻ കിട്ടിയ അവസരം .
വ്യശ്ചിക മാസമായിട്ടും നിലയ്ക്കാത്ത മഴപ്പെയ്ത്തു നോക്കി ഉമ്മറത്ത് നിന്നപ്പോൾ ഈ പാട്ടിനൊപ്പം ഒന്നു ചേർന്നിരിക്കാൻ കൊതി പൂണ്ടു . ഇപ്രാവശ്യം കാർത്തിക നക്ഷത്രങ്ങൾ തെളിയാൻ മടിച്ചു നിൽക്കുന്ന ആകാശത്തേയ്ക്കു നോക്കി ഈ പാട്ടു വെറുതേയൊന്നു മൂളിയപ്പോൾ ഒരു സന്തോഷം . മനസ്സിനുള്ളിൽ നിന്നും ഹൃദയത്തിലേയ്ക്ക് ഒരു നറുതേൻ തുള്ളി ഇറ്റുവീഴും പോലെ . തുലാമഴ പെയ്ത്ത് വൃശ്ചികത്തിലേക്കും നീണ്ട അനിശ്ചിതത്വത്തിനൊരാശ്വാസം .
സാധാരണയായി എന്റെ പാട്ടോർമയിലെ പാട്ടുകളെല്ലാം തന്നെ ഞാൻ ഒരുപാടു തവണ കേട്ടിട്ടുള്ള പാട്ടുകളായിരിക്കും . പക്ഷേ, ഈ പാട്ടു മാത്രം മുന്നേ കേട്ട ഓർമ്മയേയില്ല . ഈ പാട്ടെനിക്കൊ ബെസ്റ്റ് ഫ്രണ്ട് വാട്സാപ്പിൽ സെന്റ് ചെയ്തു തന്നതാണ് . ലിറിക്സും ഓഡിയോയും . അതും കൃത്യം തൃക്കാർത്തികയുടെ തലേ ദിവസം . ഈ സിനിമയോ അതിന്റെ പശ്ചാത്തലമോ നടീ നടൻമാരെയോ ഒന്നും അറിയില്ല . പാട്ടിന്റെ വീഡിയോ യുട്യൂബിൽ നോക്കിയിട്ടും കിട്ടുന്നുണ്ടായില്ല . പക്ഷേ , എനിക്ക് എഴുതാതിരിക്കാനായില്ല . കഥാപശ്ചാത്തലമോ , പാട്ടു രംഗങ്ങളോ പോലും കാണാതെ ആദ്യമായി കേട്ട ആ വരികൾ , ആ വാക്കുകൾ മാത്രം കൂട്ടുപിടിച്ചൊരു പാട്ടോർമ എഴുതുന്നത് ആദ്യമായിട്ടാണ് . ഇങ്ങനൊരു സ്പെഷ്യൽ പാട്ടോർമയും കൂടിച്ചേർന്നാലേ എന്റെ പാട്ടോർമകൾക്കു പൂർണ്ണതയുള്ളൂ . ഞാൻ എഴുതിയ എല്ലാ പാട്ടോർമ്മകളും വായിച്ചിട്ടുള്ള എന്റെ ആ ആത്മ സുഹൃത്തിനു ഞാനീ പാട്ടോർമ്മ സമർപ്പിക്കട്ടെ . പത്തിരുപതു പാട്ടോർമകൾക്കു ശേഷം എഴുതിയതാണെങ്കിലും പഴയ ഗാനങ്ങളെ ആദ്യമാദ്യം (കൃത്യം ഓർഡറല്ല എങ്കിലും ഏകദേശം ) ക്രമീകരിച്ചപ്പോൾ അഞ്ചാമൻ പഞ്ചാര കുഞ്ചുവായൊരു പാട്ടോർമ !
___________________
സ്വപ്നത്തിന് ലക്ഷദ്വീപിലെ
പുഷ്പനന്ദിനീ - നീയെന്‍
സ്വര്‍ഗ്ഗങ്ങള്‍ പകുത്തെടുത്തു
ചക്രവര്‍ത്തിനി - പ്രേമ ചക്രവര്‍ത്തിനീ (സ്വപ്നത്തിന്)
മോഹങ്ങള്‍ മാനത്തു പണിയും
ഗോപുരങ്ങളില്‍- ചിത്ര ഗോപുരങ്ങളില്‍
ചുറ്റുവിളക്കു കൊളുത്തും കാര്‍ത്തിക
നക്ഷത്രത്തിന്നരികില്‍
കണ്ടു ഞാന്‍ - നിന്നെ കണ്ടൂ ഞാന്‍
എന്റെ ചിരിയുടെ വിരലടയാളം
നിന്റെ ലജ്ജയില്‍ പതിഞ്ഞു. (സ്വപ്നത്തിന്)
ഭാവനകള്‍ ചിറകിട്ടടിക്കും
പഞ്ജരങ്ങളില്‍- പുഷ്പ പഞ്ജരങ്ങളില്‍
നിന് കിളിവാതില്‍ പട്ടുകള്‍ തുന്നും
തങ്കനിലാവിന്നരികില്
നിന്നു ഞാന്‍ - കാത്തു നിന്നു ഞാന്‍
നിന്റെ യൌവ്വന മധുപാത്രത്തില്‍
എന്റെ ദാഹങ്ങളലിഞ്ഞൂ (സ്വപ്നത്തിൻ)