2028-ല്‍ ലൊസാഞ്ചലസില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ട്വന്റി 20 ക്രിക്കറ്റ് മത്സര ഇനമാണ്. പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഇന്ത്യക്കു മെഡല്‍ പ്രതീക്ഷിക്കാവുന്ന ഇനം കഴിഞ്ഞ വര്‍ഷം ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ സ്വര്‍ണ്ണം ഇന്ത്യക്കായിരുന്നു. വനിതാ ടീമില്‍ കേരളത്തിന്റെ മിന്നു മണി അംഗമായിരുന്നു. ഇപ്പോഴത്തെ നിലയില്‍ ലൊസാഞ്ചലെസില്‍ ഇന്ത്യന്‍ ടീമില്‍ കേരളത്തിനു പ്രാതിനിധ്യം കി്ട്ടുമെന്നു പ്രതീക്ഷിക്കാം.
ഒക്ടോബർ മൂന്നിന് യു.എ.ഇ.യില്‍ തുടങ്ങുന്ന വനിതകളുടെ ട്വിന്റി 20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ആശ ശോഭനയും സജന സജീവനും സ്ഥാനം നേടി. രണ്ടു കേരള താരങ്ങള്‍ ഒരുമിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എത്തിയ സംഭവം പുരുഷ വിഭാഗത്തില്‍ ഉണ്ടായിട്ടില്ല. അതിനു പുറമെ, ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന-ചതുര്‍ദിന അണ്ടര്‍ 19 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഇനാന്‍ ഇടംപിടിച്ചു.
വയനാട്ടിലെ മാനന്തവാടിയില്‍ നിന്നാണ് സജനയും മിന്നുവും കളിച്ചു വളര്‍ന്നത്. ആശ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശിനി. ആശ വര്‍ഷങ്ങളായി ഹൈദരാബാദില്‍ റിയില്‍വേസില്‍ ആണ്. മിന്നുവും അടുത്ത നാളില്‍ റെയില്‍വേസില്‍ ചേര്‍ന്നു. ദേശീയ ക്രിക്കറ്റില്‍ ഇരുവരും ഇനി കേരളത്തിനു കളിച്ചെന്നുവരില്ല. പക്ഷേ, അഭിമാനിക്കാം ,ഇവര്‍ ക്രിക്കറ്റ് കളിയില്‍ ഉയരങ്ങള്‍ കീഴടക്കിയത് കേരളത്തിന്റെ മണ്ണില്‍ നിന്നാണ്.
സജന, ആശ
മുഹമ്മദ് ഇനാന്‍ തൃശ്ശൂര്‍ സ്വദേശിയാണ്. തൃശ്ശൂര്‍ മുണ്ടൂര്‍ ഷാനവാസ് മൊയ്തൂട്ടിയുടെയും റഹീനയുടെയും പുത്രന്‍. സംസ്ഥാന ടീമില്‍ അണ്ടര്‍ 14 തലം മുതല്‍ കളിച്ച ഓള്‍ റൗണ്ടര്‍. ലെഗ് സ്പിന്നറും മധ്യനിര ബാറ്ററുമാണ് ഇനാന്‍. മുണ്ടൂര്‍ ആത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ പി.ബാലചന്ദ്രന്റെ ശിക്ഷണത്തില്‍ വളര്‍ന്ന ഇനാന്‍ വിജയ് മെര്‍ച്ചന്റ് ട്രോഫിയിലും കൂച്ച് ബിഹര്‍ ട്രോഫിയിലും കാഴ്ചവച്ച മികച്ച പ്രകടനത്തിന്റെ വെളിച്ചത്തില്‍ ബംഗ്ലൂരുവില്‍ ദേശീയ ക്രിക്കറ്റ് ക്യാമ്പില്‍ എത്തി. ക്യാംപിലെ 25 പേരില്‍ നിന്ന് 15 അംഗ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നേടുകയായിരുന്നു ഈ പതിനെട്ടുകാരന്‍. കൂച്ച്ബിഹര്‍ ട്രോഫിയില്‍ പോയവര്‍ഷം കേരളത്തിന്റെ അണ്ടര്‍ 19 ടീമിനെ രണ്ടാം ഘട്ടത്തില്‍ എത്തിച്ചതിൽ നിർണായക പങ്കു വഹിച്ചു. 200 ല്‍ അധികം റണ്‍സും 24 വിക്കറ്റും ആണ് ഇനാന്‍ നേടിയത്. തൃശ്ശൂര്‍ ശ്രീകേരളവര്‍മ്മ കോളജില്‍ ഒന്നാം വര്‍ഷ ബി.കോം. വിദ്യാർഥിയാണ് ഇനാന്‍.
വനിതാ ക്രിക്കറ്റില്‍ നമ്മുടെ മൂന്നു താരങ്ങളും ഒരുപോലെ ദേശീയ ശ്രദ്ധ നേടിയത് ഈ വര്‍ഷം നടന്ന വിമന്‍സ് പ്രീമിയര്‍ ലീഗ് രണ്ടാം പതിപ്പിലാണ്. ലെഗ് സ്പിന്നര്‍ ആയ ആശ ശോഭന 2009 ല്‍ ഇന്ത്യയുടെ അണ്ടര്‍ 19 ക്യാമ്പില്‍ എത്തിയപ്പോള്‍ ഈ നേട്ടം കൈവരിച്ച ആദ്യ മലയാളി വനിതാ താരമായി. 2023 ല്‍ മിന്നു മണി ഇന്ത്യന്‍ ട്വന്റി 20 ടീമിലെത്തിയപ്പോഴും കേരളത്തിന് ചരിത്ര നേട്ടമായി.
കഴിഞ്ഞ ജൂണില്‍ ബെംഗ്ലൂരില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലാണ് ആശ ശോഭന ഇന്ത്യന്‍ ടീമില്‍ കളിച്ചു.നാലു വിക്കറ്റും വീഴ്ത്തി. മുപ്പത്തി മൂന്നാം വയസ്സില്‍ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ ആശ പ്രായം കൂടിയ അരങ്ങേറ്റക്കാരിയായി. നേരത്തെ മേയില്‍ ആശ ബംഗ്ലാദേശിനെതിരെ ട്വന്റി 20യിൽ അരങ്ങേറിയിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയിലാണ് സജനയും ആദ്യമായി ഇന്ത്യക്കു കളിച്ചത്. വെടിക്കെട്ട് ബാറ്ററാണു സജന. കൂറ്റന്‍ സിക്‌സറുകള്‍ക്കു പേരുകേട്ട താരം.
മുഹമ്മദ് ഇനാൻ
ഓസ്‌ട്രേലിയയില്‍ ഇന്ത്യയുടെ 'എ' ടീമിനെ നയിച്ച മിന്നു മണിയാണ് മൂവരില്‍ ചെറുപ്പം. ഈ ഇരുപത്താറുകാരി അനൗദ്യോഗിക ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ 'എ' ടീമിനെ നയിച്ചു.11 വിക്കറ്റും വീഴ്ത്തി. പുരുഷ വിഭാഗത്തിൽ സഞ്ജു സാംസനു തന്നെ സ്ഥിരം സാന്നിധ്യമാകാന്‍ കഴിയാതെ വരുന്നു. പിന്‍ഗാമിയാകാന്‍ മുഹമ്മദ് ഇനാനു കഴിയുമെന്നു കരുതാം. കേരള ക്രിക്കറ്റ് ലീഗ് പുതിയ താരനിരയെ വളര്‍ത്തിയെടുക്കാന്‍ സഹായിക്കുമെന്നു പ്രതീക്ഷിക്കാം.
മറിച്ച്, വനിതാ വിഭാഗത്തില്‍ മൂന്നു കേരള താരങ്ങള്‍ ഒരുപോലെ മികവുകാട്ടുന്നു. രണ്ടുപേര്‍ ഒരുമിച്ച് ഇന്ത്യക്കു കളിക്കുക വലിയ നേട്ടമാണ്. പുരുഷ വിഭാഗത്തില്‍ എസ്.ശ്രീശാന്തും (2007, 2011), സഞ്ജു സാംസനും(2024) ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമുകളില്‍ ഉള്‍പ്പെട്ടു. വനിതാ വിഭാഗത്തില്‍ ഇന്ത്യക്ക് ലോകകപ്പ് വിജയം സാധ്യമായിട്ടില്ല. മലയാളി താര സാന്നിധ്യത്തില്‍ അതു സാധ്യമാകുമെന്നു പ്രതീക്ഷിക്കാം. ആശയ്ക്കും സജനയ്ക്കും ലോകകപ്പ് കളിക്കാന്‍ അവസരം കിട്ടുമെന്നുതന്നെ കരുതാം. സജനയെപ്പോലൊരു ഹിറ്ററും ആശയെപ്പോലൊരു ലെഗ് സ്പിന്നറും ടീമിനു വിലപ്പെട്ടതാണ്. അവർക്കു തിളങ്ങാൻ കഴിയട്ടെ.