Image

മായുന്ന ഓണം (കവിത: രാജൻ കിണറ്റിങ്കര)

Published on 02 September, 2024
മായുന്ന ഓണം (കവിത: രാജൻ കിണറ്റിങ്കര)

പുത്തനുടുപ്പുകൾക്ക്
ക്ഷാമമില്ലാതായപ്പോഴാണ്
ഓണത്തിൻ്റെ
പുതുമ പോയത്

ഗൂഗിളിൽ
ഇമേജ് സെർച്ച്
വന്നപ്പോഴാണ്
തുമ്പപ്പൂവിന്
ശോഭകെട്ടത്

വിരൽ തുമ്പിൽ
ഇഷ്ട വിഭവങ്ങൾ
കിട്ടാൻ തുടങ്ങിയപ്പോഴാണ്
ഓണസദ്യക്ക്
രുചി കുറഞ്ഞത്

വയലുകൾ
അപ്രത്യക്ഷമായപ്പോഴാണ്
ഓണം
വിളവുത്സവം
അല്ലാതായത്

ഉമ്മറവും മുറ്റവും
കാലഹരണപ്പെട്ട -
പ്പോഴാണ്
ഓണപ്പൂക്കളം
വെറും ഓർമ്മയായത്

അതിരൂകൾ
കോൺക്രീറ്റ് ഭിത്തികൾ
ആയപ്പോഴാണ്
വേലിപ്പടർപ്പിലെ
ഓണക്കിളി പാട്ട് നിർത്തിയത്

മൊബൈലിൽ
പാശ്ചാത്യ സംഗീതം
ഒഴുകിയപ്പോഴാണ്
പൂവിളികൾ
അപസ്വരമാവാൻ തുടങ്ങിയത്

അമ്മ പോയപ്പോഴാണ്
നാക്കില തുമ്പിലെ
സ്നേഹക്കൂട്ട്
അരങ്ങൊഴിഞ്ഞത്

Join WhatsApp News
GP 2024-09-02 14:52:18
Absolutely true.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക