Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അനാസ്ഥയും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

Published on 03 September, 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അനാസ്ഥയും (ലേഖനം): മൊയ്തീന്‍ പുത്തന്‍‌ചിറ

"മലയാള സിനിമാരംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളാണ് ഈ കുറിപ്പിന് ആധാരം. അതേക്കുറിച്ച് അഭിനേതാക്കളുടെ സംഘടനയും നേതൃത്വവും ആദ്യം പ്രതികരിക്കുകയെന്നതാണ് സംഘടനാ രീതി. അങ്ങനെയുള്ള ഔദ്യോഗിക പ്രതികരണങ്ങൾക്ക് ശേഷമാണ് അംഗമെന്ന നിലയിൽ അഭിപ്രായം പറയേണ്ടത് എന്ന് വിശ്വസിക്കുന്നതുകൊണ്ടാണ് ഇത്രയും കാത്തത്. സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാ മേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാ മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നു. അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തു നില്‍ക്കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടു പോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാ വിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു 'ശക്തികേന്ദ്ര'വുമില്ല. അങ്ങനെയൊന്നിന് നിലനില്‍ക്കാന്‍ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമ തടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമ നിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണം..."

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ഇതുവരെ മൗനം പാലിച്ചിരുന്ന നടന്‍ മമ്മൂട്ടി ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചതാണ് മുകളില്‍ ഉദ്ധരിച്ചത്.

മമ്മൂട്ടിയുടെ ഈ പ്രസ്താവനയോട് യോജിക്കുന്നവരും വിയോജിക്കുന്നവരുമുണ്ടാകാം. എന്നാല്‍, അദ്ദേഹവും കൂടി ഉള്‍പ്പെട്ട ഒരു സംഘടനയിലെ വനിതാ അംഗങ്ങള്‍ നേരിട്ട ദുരനുഭവങ്ങളുടെ വെളിച്ചത്തില്‍, അദ്ദേഹത്തിന്റെയും രണ്ടു ദിവസം മുമ്പ് നടത്തിയ പത്ര സമ്മേളനത്തില്‍ നടന്‍ മോഹന്‍ലാല്‍ പറഞ്ഞതും ചേര്‍ത്ത് വായിച്ചാല്‍ ഈ രണ്ട് 'മഹാനടന്മാരും' ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുന്നതു പോലെ തോന്നും. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് 'എനിക്കൊന്നും അറിയില്ല', 'പോലീസ് അന്വേഷിക്കട്ടേ', 'കോടതി തീരുമാനിക്കട്ടേ', 'നിങ്ങള്‍ക്ക് ഞങ്ങളെ അറിയില്ലേ' എന്നീ മറുപടികള്‍ നല്‍കി മോഹന്‍ലാല്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

മമ്മൂട്ടി പറഞ്ഞതിനോട് നൂറു ശതമാനവും യോജിക്കാമെന്ന് ധരിച്ചാലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അപ്പാടെ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. കാരണം, അദ്ദേഹം ഉള്‍പ്പെട്ട സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എന്തുകൊണ്ട് ഏഴു വര്‍ഷം മുമ്പ് പരിഹാരം കണ്ടില്ല? എന്തിന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ കാത്തിരുന്നു?

ഒരു കാലത്ത് കലാപരമായ സമഗ്രതയുടെയും സാംസ്കാരികതയുടെയും വിളക്കുമാടമായിരുന്ന മലയാള ചലച്ചിത്ര വ്യവസായം ഇന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത് മുതൽ വിവാദങ്ങളിൽ മുങ്ങിക്കിടക്കുകയാണ്. റിപ്പോർട്ട് മലയാള സിനിമയുടെ അധോലോകത്തെ തുറന്നു കാട്ടിയതിനാൽ, അത് ദിവസങ്ങൾക്കുള്ളിൽ ഇൻഡസ്ട്രിയിലും പുറത്തും അലയൊലികൾ സൃഷ്ടിച്ചു, വെളിപ്പെടുത്തലുകളുടെ തീപ്പൊരി ആളിക്കത്തിച്ചു, വ്യവസായത്തിലെ ചില പ്രമുഖരെ പ്രതിക്കൂട്ടിലാക്കി, ദീർഘകാലമായി കുഴിച്ചിട്ടിരിക്കുന്ന പിശാചുക്കളെ നേരിടാൻ സമൂഹത്തെ നിർബന്ധിതരാക്കി.

തൊഴിലവസരങ്ങൾക്കായി ലൈംഗിക ആനുകൂല്യങ്ങൾ പലപ്പോഴും ആവശ്യപ്പെടുന്നതായി കമ്മീഷന് മുമ്പാകെ നിരവധി സ്ത്രീകൾ സാക്ഷ്യപ്പെടുത്തി. മലയാള സിനിമാ വ്യവസായം ക്രിമിനൽ സ്വാധീനത്താലും വ്യാപകമായ ലൈംഗിക ചൂഷണത്താലും വലയം ചെയ്തിരിക്കുകയാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. സംവിധായകരും നിർമ്മാതാക്കളും പലപ്പോഴും സ്ത്രീ അഭിനേതാക്കളെ വിട്ടുവീഴ്ചകൾ ചെയ്യാൻ നിർബന്ധിക്കുന്നു, അനുസരിക്കുന്നവരെ "സഹകരിക്കുന്ന കലാകാരികള്‍" എന്നും അനുസരിക്കാത്തവരെ "ധിക്കാരികള്‍" എന്നും മുദ്ര കുത്തുന്നു.

ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നയുടന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ അടച്ചാക്ഷേപിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നടന്മാരെ എല്ലാവരെയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന, അല്ലെങ്കില്‍ അവരെ സ്ത്രീ ലമ്പടന്മാരെന്ന് മുദ്രകുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെത്തി. മമ്മൂട്ടിയെപ്പോലെയുള്ള നടന്മാര്‍ സമയോചിതമഅയി ഇടപെട്ടിരുന്നെങ്കില്‍ ഇപ്പോള്‍ അവര്‍ പൊതുജന മധ്യത്തില്‍ ചോദ്യ ചിഹ്നങ്ങളായി നിലകൊള്ളേണ്ടി വരുമായിരുന്നില്ല.

"ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാ മേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി" എന്ന മമ്മൂട്ടിയുടെ അഭിപ്രായം കണക്കിലെടുക്കുമ്പോള്‍ അദ്ദേഹത്തോടുള്ള ചോദ്യം ഇതാണ് – താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാരല്ലേ ഇപ്പോള്‍ ഈ കോലാഹലങ്ങള്‍ ഉണ്ടാകാന്‍ കാരണക്കാര്‍? നടി ആക്രമിക്കപ്പെട്ടതിനു ശേഷമാണ് സര്‍ക്കാര്‍ ഹേമ കമ്മിറ്റി രൂപീകരിച്ചത്. അന്നാണല്ലോ സിനിമാ മേഖലയില്‍ നടക്കുന്ന "അനഭിലഷണീയത"കളെക്കുറിച്ച് ലോകം അറിഞ്ഞതു തന്നെ.

2017 ലാണ് നടിയെ ആക്രമിച്ച സംഭവം നടന്നത്. ഏറെ വിവാദമുണ്ടാക്കിയ ആ സംഭവത്തെ തുടർന്നാണ് മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന സംബന്ധിച്ച് ചർച്ചകൾ ഉയർന്നു വന്നത്. നിയമപരമായ ചട്ടക്കൂടുകളില്ലാതെ പ്രവർത്തിക്കുന്ന പുരുഷമേധാവിത്വ ഇടമെന്ന നിലയില്‍ ചലച്ചിത്രമേഖലയിൽ സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിക്കാനും അതിനെ അഭിസബോധന ചെയ്യാനും ആവശ്യങ്ങൾ ഉയരുകയും ചെയ്തു. ഇതോടെയാണ് സിനിമയെ കൂടുതൽ ലിംഗ സൗഹൃദമാക്കുന്നതിന് മാറ്റങ്ങൾ വരുത്താനായി 'വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി)' രൂപീകരിക്കപ്പെട്ടത്. നടിമാര്‍, നിർമ്മാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്നതാണ് ഡബ്ല്യുസിസി. ഈ ഡബ്ല്യൂ സി സിയില്‍ തന്നെ ചേരിതിരിവുണ്ടെന്നാണ് പിന്നാമ്പുറ സംസാരം. കാരണം, അവര്‍ക്കിടയിലെ തൊഴുത്തില്‍ കുത്ത് തന്നെ.

അതിനുശേഷമാണ് സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അന്നത്തെ ഇടതുപക്ഷ സർക്കാര്‍ 2017 ജൂലൈയിൽ റിട്ട. ജസ്റ്റിസ് കെ ഹേമ അദ്ധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചതും. കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അതില്‍ അംഗങ്ങളാണ്. സിനിമാ വ്യവസായ രംഗത്തെ ആന്തരിക പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇന്ത്യയിൽ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ആദ്യമായിട്ടായിരുന്നു.

രണ്ടു വര്‍ഷത്തെ അന്വേഷണവും, ഇന്റര്‍‌വ്യൂവുകളും നടത്തി ജസ്റ്റിസ് ഹേമ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് 2019 ഡിസംബർ 31 ന് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു. 300 പേജുള്ള റിപ്പോർട്ടായിരുന്നു അത്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ സാധൂകരിക്കുന്ന തെളിവുകളും, രേഖകളും, സ്ക്രീൻഷോട്ടുകളും ഓഡിയോ ക്ലിപ്പുകളും സഹിതമാണ് സര്‍ക്കാരിന് സമർപ്പിച്ചത്. സിനിമാ ലോകത്ത് നടക്കുന്ന സ്ത്രീവിരുദ്ധതയും അധികാര ഹുങ്കും സ്ത്രീകൾ നേരിടുന്ന സുരക്ഷിതമല്ലാത്ത തൊഴിൽ അന്തരീക്ഷവും റിപ്പോര്‍ട്ടില്‍ വ്യക്തമായി വരച്ചുകാണിക്കുന്നു. സിനിമാ മേഖലയില്‍ വലിയൊരു വിഭാഗം സ്ത്രീകൾ പീഡനത്തിനും ദുരുപയോഗത്തിനും ചൂഷണത്തിനും ഇരയായിട്ടുണ്ടെന്നും സഹായം തേടാൻ ഇടമില്ലാതെ അവര്‍ നിസ്സഹായവസ്ഥയിലാണെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നു. കൂടാതെ, ഇന്ത്യൻ നിയമ വ്യവസ്ഥ ഇല്ലാത്ത, അല്ലെങ്കില്‍ അംഗീകരിക്കാത്ത, ഒരുകൂട്ടം പുരുഷന്മാരാണ് തലപ്പത്തിരിക്കുന്നതെന്നും കണ്ടെത്തിയതായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു.

സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നടീനടന്മാരുടെ പ്രശ്നങ്ങള്‍ പഠിച്ച് പരിഹാരം കാണേണ്ട സംഘടനയാണ് അവര്‍ രൂപീകരിച്ച 'അമ്മ' എന്ന സംഘടന. നടിയെ ആക്രമിച്ച സമയത്ത് ഈ സംഘടന ഒന്നും ചെയ്തില്ല എന്നു മാത്രമല്ല, അതിലെ പല അംഗങ്ങളും 'ഞങ്ങള്‍ക്കൊന്നും അറിയില്ല' എന്ന മട്ടില്‍ മൗനം പാലിക്കുകയായിരുന്നു. തന്നെയുമല്ല, ഇരയെ ഇകഴ്ത്താനും വേട്ടക്കാരനെ പുകഴ്ത്താനും ചില നടന്മാരും നടിമാരും ശ്രമിക്കുകയും ചെയ്തു. അന്ന് വേട്ടക്കാരനെ പുകഴ്ത്തിയവരാണ് ഇപ്പോള്‍ കുരുക്കിലായിരിക്കുന്നതെന്നത് വിരോധാഭാസം. അതിനെയാണ് കാലം കാത്തുവെച്ച കാവ്യനീതി എന്നു പറയുന്നത്

ഡബ്ല്യുസിസി അംഗങ്ങള്‍ അവര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ 'അമ്മ' എക്സിക്യൂട്ടീവിനെ യഥാവിധി അറിയിച്ചിരുന്നെങ്കിലും അവര്‍ ആദ്യം കാര്യമായൊന്നും ചെയ്തില്ല എന്ന് പറയുന്നു. ലൈംഗിക ആവശ്യങ്ങളും പീഡനങ്ങളും ഭയന്ന് പല സ്ത്രീ സിനിമാ പ്രവർത്തകരും അവരുടെ മാതാപിതാക്കളെയോ അടുത്ത ബന്ധുക്കളെയോ സെറ്റിലേക്ക് പതിവായി കൊണ്ടുവരാറുണ്ടെന്ന് പറയുന്നു. സെറ്റിൽ മാത്രമല്ല, അവർക്കായി ഒരുക്കിയിരിക്കുന്ന താമസ സൗകര്യങ്ങളിലും അവർ തങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കാകുലരാണെന്നും, പുരുഷന്മാർ, ചിലപ്പോൾ മദ്യത്തിൻ്റെയോ മയക്കുമരുന്നിൻ്റെയോ സ്വാധീനത്തിൽ, നടിമാരുടെ ഹോട്ടൽ മുറിയുടെ വാതിലിൽ മുട്ടി ശല്യം ചെയ്യാറുണ്ടെന്നും പറയുന്നു. ചിലര്‍ ഈ മുറികളിൽ ബലപ്രയോഗത്തിലൂടെ കയറാറുണ്ടെന്നും പറയുന്നു. നടിമാര്‍ നേരിടുന്ന ദുരനുഭവങ്ങള്‍ 'അമ്മ'യില്‍ അറിയിച്ചിട്ടും യാതൊരു നടപടിയും എടുക്കാതിരുന്നപ്പോഴാണ് ഹേമ കമ്മിറ്റിയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞതും പ്രശ്നം ഇപ്പോള്‍ കൂടുതല്‍ വഷളായതും. അന്ന് അവരുടെ പരാതി 'അമ്മ' കാര്യമായി എടുത്ത് വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ഇന്ന് പ്രശ്നം ഇത്ര വഷളാകുമായിരുന്നില്ല. മമ്മൂട്ടിയും, മോഹന്‍‌ലാലും, മറ്റു നടന്മാര്‍ക്കുമൊക്കെ എല്ലാ വിവരങ്ങളും അറിയാമായിരുന്നു. പക്ഷെ, അവര്‍ എല്ലാം കണ്ടിട്ടും കേട്ടിട്ടും മൗനം പൂണ്ടു. 'സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട' അവസ്ഥയായില്ലേ ഇപ്പോള്‍?

നാലര വര്‍ഷത്തിലേറെയായി ഹേമ കമ്മീഷൻ റിപ്പോർട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ട്. വളരെ ഗൗരവ സ്വഭാവമുള്ള ഉള്ളടക്കത്തോടെ സമര്‍പ്പിച്ച ആ റിപ്പോര്‍ട്ടില്‍ ഇതുവരെ യാതൊരു നടപടിയും സ്വീകരിക്കാതെ അതിനു മുകളില്‍ അടയിരുന്ന സര്‍ക്കാരല്ലേ ഇവിടെ കുറ്റക്കാര്‍? മമ്മൂട്ടിക്ക് ആ വിവരം അറിവുണ്ടായിരുന്നില്ല എന്നുണ്ടോ? അദ്ദേഹം മുന്‍‌കൈ എടുത്തിരുന്നെങ്കില്‍ ആ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമറിഞ്ഞ് അദ്ദേഹം ഉള്‍പ്പെട്ട 'അമ്മ' അതില്‍ നടപടിയെടുക്കേണ്ടതായിരുന്നില്ലേ? ഒടുവില്‍ ഹൈക്കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നല്ലേ ഇക്കഴിഞ്ഞ ഓഗസ്റ്റ് 19ന് (2024 ഓഗസ്റ്റ് 19) സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്, അതും 63 പേജുകള്‍ റിഡാക്റ്റ് ചെയ്തതിനു ശേഷം. ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത് മലയാള സിനിമാ രംഗത്ത് ചില ഉന്നതരെ സം‌രക്ഷിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു എന്നാണ്. എന്തിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇതുവരെ പൂഴ്ത്തി വെച്ചതെന്ന് ജനങ്ങളെ അറിയിക്കേണ്ട ധാര്‍മ്മിക ചുമതല സര്‍ക്കാരിനുണ്ട്.

കാര്യങ്ങള്‍ ഇതൊക്കെയാണെങ്കിലും, ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ ചില സ്ത്രീകള്‍ രംഗത്തുവരികയും ചില ചാനലുകാര്‍ക്കും വ്ലോഗര്‍മാര്‍ക്കും 'ഇന്റര്‍‌വ്യൂ' നടത്തുന്നതും ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. അവരില്‍ പലരും പണ്ടെങ്ങോ സിനിമയില്‍ മുഖം കാണിച്ചവരും, ചിലര്‍ ആ രംഗത്തുനിന്നു തന്നെ വിട പറഞ്ഞവരുമാണ്. അവരുടെ ലക്ഷ്യം 'ബ്ലാക്ക് മെയിലിംഗ്' ആണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അവരില്‍ ഒരു സഹനടിയുടെ പത്രസമ്മേളനം കാണാനിടയായി. ഒരു നടനെക്കുറിച്ച് അവര്‍ ലൈംഗികാതിക്രമം ആരോപിക്കുന്നുണ്ട്. എട്ടോ ഒന്‍പതോ വര്‍ഷം മുമ്പ് നടന്ന സംഭവമാണ് അവര്‍ വിവരിക്കുന്നത്.."നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുകള്‍ വല്ലതുമുണ്ടോ" എന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അവര്‍ കൊടുത്ത മറുപടി ഇങ്ങനെ: "ഒരു സ്ത്രീ പറഞ്ഞാല്‍ അതല്ലേ തെളിവ്. തെളിവുകള്‍ അയാള്‍ (നടന്‍) ഉണ്ടാക്കട്ടേ" എന്നുള്ള അവരുടെ മറുപടി കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലാകും അവര്‍ സാഹചര്യം മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന്. ഇത്തരത്തില്‍ രംഗപ്രവേശം ചെയ്യുന്നവര്‍, അവര്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. നിയമത്തെ ദുരുപയോഗം ചെയ്യാന്‍ ആരെയും, അത് പുരുഷനായാലും സ്ത്രീയായാലും, അനുവദിക്കരുത്.
 

Join WhatsApp News
A.C.George 2024-09-03 03:15:10
ശ്രീ മൊയ്തീൻ പുത്തൻചിറയോടും 100% യോജിക്കുന്നു.
Sunil 2024-09-03 18:42:54
Nevin Pauli is accused. He says that he never heard about this girl. Several girls, third rated actresses, came to the movie field. They want to become rich and famous quickly. They are willing to give anything and everything. Most of them lack any talents and beauty. They are the ones who came forward with accusations about male actors. As the high court mentioned yesterday that everyone is innocent , unless and until a court of law decides that they are guilty. Everyone will include Dileep, Ranjit, Siddiq, Baburaj, Mukesh etc etc.
James 2024-09-03 22:06:53
I heard Trump spent time in Madras.
B. Jesudasan 2024-09-03 22:25:07
In a male dominated society, the aspiring young actresses are powerless. The established individuals are prominent and famous. They are also powerful. It’s been so many years. Remember reading some actress saying that if there was “me too” movement, many from the past generation in film world would have been brought before justice. If the women who make the allegations have some preliminary evidences, then their allegations need to be looked at seriously. Gender based exploitation is not new or baseless.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക