വാഴ-ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്‌സ് എന്ന ടാഗ് ലൈനുമായെത്തിയ വാഴ എന്ന ചിത്രം അക്ഷരാര്‍ത്ഥത്തില്‍ 2000കളിലെ ആണ്‍കുട്ടികളുടെ സ്‌കൂള്‍ കോളേജ് ജീവിതത്തിന്റെയും ആഘോഷങ്ങളുടെയും അര്‍മാദത്തിന്റെയും നേര്‍ക്ക് തിരിച്ചു പിടിച്ച ഒരു കണ്ണാടിയാണ്. പ്രത്യേകിച്ച് ഒരു ഗുണവുമില്ലാത്ത, കഴിവുകെട്ടവനെ കുറിച്ച് സര്‍വസാധാരണയായ കമന്റാണ് അവന്‍ വെറുമൊരു 'വാഴ'യാണെന്നത്. എന്നാല്‍ യഥാര്‍ത്ഥ വാഴയാകട്ടെ അതിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ് താനും. പിന്നെന്തിനാണ് ഇങ്ങനെ നിര്‍ഗുണന്‍മാരായ ആളുകളെ വാഴയോട് ഉപമിക്കുന്നത് എന്നു തോന്നാം. ചിരിയുടെയും ചിന്തയുടെയും പശ്ചാത്തലത്തില്‍ ഈ ചോദ്യത്തിന് മറുപടി നല്‍കുകയാണ് നവാഗത സംവിധായകന്‍ ആനന്ദ് മേനോന്‍.
ഡോക്ടര്‍, എന്‍ജിനീയര്‍ തുടങ്ങി മക്കളെ കുറിച്ച് മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍, സ്വപ്നങ്ങള്‍, അതിനനുസരിച്ച് മക്കളെ വളര്‍ത്തുന്ന മാതാപിതാക്കള്‍. അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ കഴിയാതെ പഠനത്തില്‍ പിന്നോട്ടു പോകുന്ന, പലപ്പോഴും മുന്‍നിരയില്‍ നിന്നും പിന്തള്ളപ്പെട്ടു പോകുന്ന വിദ്യാര്‍ത്ഥികള്‍. പഠനത്തില്‍ പിന്നിലാണെങ്കിലും ഉഴപ്പിന്റെ കാര്യത്തില്‍ നമ്പര്‍ വണ്‍ സ്ഥാനത്തിനായി മത്സരിക്കുന്ന പയ്യന്‍മാര്‍. അവരുടെ ആഘോഷങ്ങള്‍, അര്‍മാദങ്ങള്‍, പ്രണയവുമായി പെണ്‍കുട്ടികളുടെ പിന്നാലെയുള്ള നടത്തം, പെണ്‍കുട്ടികളെ വളയ്ക്കല്‍ തുടങ്ങി 2000ല്‍ ജനിച്ച കുട്ടികളുടെ ഒരൊന്നൊന്നര തിമിര്‍പ്പാണ് വാഴയില് ഇടവേളയ്ക്ക് മുമ്പു വരെ കാണാനാവുക. കൗമാരം പിന്നിട്ട ആണ്‍കൂട്ടത്തിന്റെ ചെയ്തികള്‍ പലപ്പോഴും വീട്ടുകാര്‍ക്ക് മാത്രമല്ല, നാട്ടുകാര്‍ക്കും വലിയ തലവേദനയാകാറുണ്ട്. എന്നാല്‍ പലപ്പോഴും അതിനെയെല്ലാം കോമഡിയുടെ രസക്കൂട്ടുകള്‍ ചേര്‍ത്ത് ആസ്വാദ്യകരമാക്കുന്നതിലാണ് സംവിധായകന്‍ ശ്രമിക്കുന്നത്. ചിലപ്പോഴെങ്കിലും ഇവരുടെ കുരുത്തക്കേടുകള്‍ അതിരുവിടുന്നില്ലേ എന്ന് പ്രേക്ഷകന് തോന്നുന്നുമുണ്ട്. എന്നാല്‍ അപ്പോഴെല്ലാം തമാശയുടെ മേമ്പൊടി ചേര്‍ത്ത് ന്യായീകരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇടവേളയ്ക്ക് ശേഷം കോമഡി ട്രാക്കില്‍ നിന്നും മാറി ഇമോഷണല്‍ ട്രാക്കിലേക്ക് ചിത്രം മാറുന്നു. എന്നാല്‍ അതിവൈകാരികതയ്ക്ക് ഇടം നല്‍കാതെ വേഗം തന്നെ ചിത്രം വീണ്ടും നര്‍മ്മരസങ്ങളുടെ തട്ടില്‍ കയറുന്നു.
യുവതലമുറയുടെ ചിന്തകളും അവരുടെ കാഴ്പ്പാടുകളും ജീവിതത്തോടുള്ള സമീപനവുമെല്ലാം വളരെ ക്യത്യമായി തന്നെ വാഴയില്‍ പകര്‍ത്തിയിട്ടുണ്ട്. സൗഹൃദങ്ങളുടെ നിറപ്പകിട്ടാര്‍ന്ന ഉത്സവച്ഛായയാണ് സിനിമയിലാകെ നിറഞ്ഞു നില്‍ക്കുന്നത്.
അമിത് മോഹന്‍ രാജേശ്വരി, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, അനുരാജ്, സാഫ്, അന്‍ഷിദ് അനു, ശ്രുതി മണികണ്ഠന്‍, പ്രിയ ശ്രീജിത്ത്, സ്മിനു സിജു, സിയ വിന്‍സെന്റ് , മീനാക്ഷി ഉണ്ണിക്കൃഷ്ണന്‍, ഷാഹിര്‍, അശ്വിന്‍ എന്നിവര്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അതി ഗംഭീരമായായി അവതരിപ്പിച്ചിട്ടുണ്ട്. യുവാതാരങ്ങളെല്ലാം കോമഡി രംഗങ്ങള്‍ അസാമാന്യ മികവോടെ കൈകാര്യം ചെയ്തു എന്നു തന്നെ പറയാം. ജഗദീഷ്, കോട്ടയം നസീര്‍, അസീസ് നെടുമങ്ങാട്, നോബി മര്‍ക്കസ്, ജിബിന്‍ ഗോപിനാഥ് എന്നിവരാകട്ടെ തമാശ മാത്രമല്ല, ഇമോഷണല്‍ രംഗങ്ങളിലും അതിഗംഭീരമായി സ്‌കോര്‍ ചെയ്തു. സോഷ്യല്‍ മീഡിയായിലൂടെ ശ്രദ്ധേയരായ കണ്ടന്റ് ക്രിയേറ്റേഴ്‌സിന്റെ സാന്നിധ്യം വാഴയെ റിലീസിങ്ങിനു മുമ്പ് തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണമായിട്ടുണ്ട്. 90കളിലും 2000ത്തിലും ജനിച്ചവര്‍ക്ക് തങ്ങളുടെ കോളേജ് ജീവിതവുമായി ബന്ധപ്പെടുത്താന്‍ കഴിയുന്ന ഒട്ടേറെ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ ഈ ചിത്രത്തിലുമുണ്ട്. അതു കൊണ്ടു തന്നെ തിയേറ്ററിലേക്ക് ഇടിച്ചു കയറുന്ന ന്യൂജെന്‍ പിള്ളേര്‍ക്ക് ചിരിക്കാനുള്ള വക ഇഷ്ടം പോലെയുണ്ട്.
ജയജയ ജയഹേ, ഗുരുവായൂരമ്പലനടയില്‍ എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ വിപിന്‍ ദാസാണ് ഈ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഏതായാലും ടിക്കറ്റ് ചാര്‍ജ്ജ് മുതലാക്കാന്‍ കഴിയുന്ന ആര്‍ത്തുല്ലസിക്കാന്‍ കഴിയുന്ന കിടിലന്‍ ചിത്രമാണ് വാഴ. മിസ് ചെയ്യരുത്.