Image

വാതിൽ തുറന്നപ്പോൾ ( നർമ്മ കഥ : പി.സീമ )

Published on 04 September, 2024
വാതിൽ തുറന്നപ്പോൾ ( നർമ്മ കഥ : പി.സീമ )

"ഈ വല്യമ്മച്ചി കൂടെ വരണ്ടാ  വരണ്ടാന്നു ഞാൻ അന്നേരം തന്നെ പറഞ്ഞതാ.. ലൈറ്റ് കെടുത്തി ഒന്ന് കിടക്കാമോ? എനിക്കൊന്നുറങ്ങണം. കാലത്തെ ഷൂട്ടിങ് ഉള്ളതാ.."

"അതിനു നീ ഉറങ്ങിക്കോ. ഞാൻ കൊന്ത ചൊല്ലി ഇവിടെ ഇരുന്നിട്ട് ഉറക്കം വരുമ്പോ കിടന്നോളാം. ഒറക്കം കൊറവാ.. കൂടെക്കൂടെ മുള്ളണം...നീ അല്ലേ പറഞ്ഞെ ആരാണ്ട്  ഏതോ  പെണ്ണുങ്ങളുടെ മുറിയുടെ വാതിലിൽ മുട്ടി എന്നൊക്കെ. അതെന്താ അങ്ങനെ..കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചാൽ വാതിൽ തുറക്കപ്പെടും എന്നല്ലേ.."

"ഇപ്പോള് മുറീടെ വാതില് തുറന്നാലേ സിനിമയുടെ വാതില് തുറക്കു എന്നാ റിപ്പോർട്ട്‌.. ചിലരൊക്കെ അങ്ങനേം ഉണ്ടെന്ന് "

"നീ പോടാ എനിക്ക് നിന്റെ സിൽമാ വേണ്ട പോയി പണി നോക്കെന്നു പറയണം. അല്ല പിന്നെ.  ഇവിടെങ്ങാനും വല്ലോരും മുട്ടിയാൽ വിവരം അറിയും ."

"വല്യമ്മച്ചി ഒരു ജാൻസി റാണി ആണല്ലോ പണ്ടേ.. ഒന്ന് കിടന്നേ അമ്മച്ചി.. നമുക്ക് ഉറങ്ങണ്ടേ.. ഞാൻ ഉറങ്ങുവാ."

"കിടന്നോ കിടന്നോ.. ഒന്ന് കണ്ണടച്ചു തുറന്നപ്പോ നേരം വെളുത്തോ ഏതവനാ വന്നു മുട്ടുന്നെ.  ഒരു ഒച്ച കേൾക്കുന്നുണ്ടല്ലോ "

"എന്റമ്മച്ചീ.. ഞാൻ ബാത്ത് റൂമിലാ..ആരെന്ന് നോക്കണെ..അതെന്താ അവിടുന്നു ഒരൊച്ച കേട്ടത് ?"

"അത് ഒരബദ്ധം പറ്റിയതാ.. ആരാണ്ടോ വന്നു മുട്ടീതാന്ന്  ഓർത്തു ഞാൻ അതങ്ങു പ്രയോഗിച്ചു."

"അയ്യോ..അത് ആരായിരുന്നു?"

"അത് ആ ചായ കൊണ്ട് വരുന്ന ചെക്കൻ ആയിരുന്നു. ഞാൻ ഓർത്തു ആരാണ്ട് മുട്ടാൻ വന്നതാന്ന്."

"എന്നിട്ട് ആ ചെക്കൻ എവിടെ?. അമ്മച്ചി അവനെ തല്ലിയോ?"

"ഇല്ല പെണ്ണേ ഞാൻ നിന്റെ ബാഗിൽ ഇരുന്ന ആ ചിപ്പർ സ്പ്രേ എടുത്തു അവന്റെ കണ്ണിലേക്കു ചീറ്റിച്ചു... അവൻ അയ്യോ ന്റമ്മേന്നു കരഞ്ഞോണ്ട് ഓടി.."

"എന്നാലും ന്റമ്മച്ചീ  ചിപ്പർ അല്ല പെപ്പർ  സ്പ്രേ അല്ലേ...ഒന്ന് നോക്കീട്ടു വേണ്ടാരുന്നോ ഇങ്ങനെ ഒക്കെ കാണിക്കാൻ.."

"വാതിലില് മുട്ടിയാൽ പ്രശ്നം ആന്നു നീ അല്ലേ പറഞ്ഞെ.. ഞാൻ  മുറി തുറന്ന വഴി അത്  അവന്റെ കണ്ണിലേക്കു ചീറ്റിച്ചു. ചായ ഒന്നും  ഞാൻ ഒറ്റ നോട്ടത്തിൽ കണ്ടില്ല..അവൻ  ഒക്കെ ഇട്ടെറിഞ്ഞിട്ട്  ഓടി."

"ഇനീപ്പോ എന്തൊക്കെ പുലിവാലാ വരുന്നേ എന്ന് ആരറിഞ്ഞു.. ആരേലും വന്നു ചോദിച്ചാ ഞാൻ എന്ത് പറയും?"

".. ഞാൻ മുട്ടുന്നതേ കേട്ടുള്ളൂ.. അതിപ്പോ അങ്ങനെ ഒക്കെ മുട്ടാൻ ആരാണ്ടോ ഒക്കെ നടന്നിട്ടല്ലേ ഇപ്പൊ ഇങ്ങനെ ഒക്കെ ഉണ്ടായത്.. നീ ആ വാതില് അടച്ചേക്കു. നീ കഴിവുള്ള പെണ്ണല്ലേ.. എനിക്ക് ഒരു അബദ്ധം പറ്റിയതാന്ന് പറയാം.. എന്നിട്ടും ഇത് പോയെങ്കി പോട്ടെ വേറെ സിൽമാ കിട്ടില്ലേ   അത് മതി."
 

Join WhatsApp News
Sunil 2024-09-04 14:24:34
Low quality humor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക