Image

ഓണക്കഥ കേട്ട് അസ്വസ്ഥരാവുന്നവർ; ഐതിഹ്യം പൊളിച്ചെഴുതരുത് (ജോർജ് എബ്രഹാം)

Published on 04 September, 2024
ഓണക്കഥ കേട്ട് അസ്വസ്ഥരാവുന്നവർ; ഐതിഹ്യം പൊളിച്ചെഴുതരുത് (ജോർജ് എബ്രഹാം)

ഈ ഓണക്കാലത്ത് മാവേലിയുടെ വരവിനായി കാത്തിരിക്കുമ്പോൾ, കഴിഞ്ഞ വർഷം ഞാൻ പങ്കെടുത്ത ഒരു ഓണാഘോഷം മനസിലെത്തി.  ഓണസന്ദേശം നൽകാൻ ക്ഷണിക്കപ്പെട്ട  വ്യക്തി  തൻ്റെ മുഴുവൻ സമയവും ഈ ആഘോഷത്തെ ചുറ്റിപ്പറ്റിയുള്ള  ഐതിഹ്യവും  കഥകളും  പൊളിച്ചെഴുതുവാനാണ് ഉപയോഗിച്ചത് . ഓണത്തെപ്പറ്റിയുള്ള കഥയെ   അപകീർത്തിപ്പെടുത്തുകയും അത് തികഞ്ഞ നുണ  എന്ന് വിളിക്കുകയും ചെയ്യുക മാത്രമല്ല  അയാൾ സ്വന്തമായി ഒരു കഥ സൃഷ്ടിക്കുകയും ചെയ്തു.  

ഓണം ആഘോഷിക്കുന്ന നമ്മളിൽ ഭൂരിഭാഗവും ഈ ആഘോഷത്തെ ചുറ്റിപ്പറ്റിയുള്ള കഥകൾ  ചെറുപ്പം മുതൽ കേൾക്കുന്നു. അതിനു  ഒരു വിശ്വാസ്യതയും നാം  നൽകുന്നില്ല. കാരണം അതൊരു കഥ മാത്രം.  നമ്മളെ  സംബന്ധിച്ചിടത്തോളം ഇത്  ഒത്തുകൂടലിന്റെയും  മാനവികതയുടെ പുണ്യങ്ങൾ ആഘോഷിക്കുന്നതിൻ്റെയും  അവസരമാണ്

ഐതിഹ്യം എന്നാൽ  കെട്ടുകഥ. അത് സംഭവിച്ചതോ നടന്നതോ അല്ല, പക്ഷെ നമ്മുടെ പാരമ്പര്യത്തിൽ ഉള്ളത്.  അതിൽ  എന്തെങ്കിലും ലജ്ജിക്കേണ്ടതായി  ഉള്ളതായി നാം ഇന്നേവരെ കരുതിയിട്ടില്ല.

പക്ഷെ ആ കഥ ഇപ്പോൾ ചിലർക്ക് അത്ര പിടിക്കുന്നില്ല. പ്രത്യേകിച്ച് ചില ഹിന്ദുത്വ ശക്തികൾ. ജാതി സമ്പ്രദായം ഹിന്ദുമതത്തിന്റെ ഭാഗമല്ല എന്ന് വരുത്തി  തീർക്കാൻ ഇക്കൂട്ടർ  കാലിഫോർണിയയിൽ കാട്ടിക്കൂട്ടിയത് അധികമാരും ശ്രദ്ധിച്ചിട്ടില്ല. ഇവരുടെ പണക്കൊഴുപ്പിൽ ഗവർണർ ഗാവിൻ  ന്യുസം അസംബ്ലിയും സെനറ്റും പാസാക്കിയ നിയമം വീറ്റോ  ചെയ്തു.

ഓണത്തിൻ്റെ ഐതീഹ്യത്തെ സംബന്ധിച്ചും ഇക്കൂട്ടരുടെ തന്നെ നിരന്തരമായ പ്രചാരണമാണ് നാം ഇപ്പോൾ കാണുന്നത്. അസൂയാലുക്കളായ ദേവൻമാർ പാതാളത്തിലേക്ക് അയച്ച ദയാലുവായ രാജാവിൻ്റെ കഥ അവരിൽ ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്  നന്നായി തിരിച്ചറിയുന്നു. മഹാവിഷ്ണു വാമനനായി ജനിച്ചു മഹാബലിയെ ചവിട്ടി താഴ്ത്തി എന്നത് പൊളിറ്റിക്കലി  കറക്ട് ആവില്ലെന്ന് അക്കൂട്ടർ കരുതുന്നു. അതിനാൽ അവർ പുതിയ കഥ  ഉണ്ടാക്കുന്നു. ഓണത്തെ അപകീർത്തിപ്പെടുത്താൻ ഓണ ദിവസം വാമനജയന്തി ആയി ചിലർ ആഘോഷിക്കുന്നു

ഇതൊക്കെ എന്തിന് എന്നതാണ് ചോദ്യം. ഒരു കെട്ടുകഥ അങ്ങനെ തന്നെ പോയാൽ പോരെ? അതിനു അതിൽ കൂടുതൽ അർത്ഥമോ പ്രാധാന്യമോ ഉണ്ടോ? ഒരു നല്ലകാലത്തെ നാം സ്വപ്നം കാണുന്നു എന്ന് മാത്രമല്ലേ അത്? കഥയിൽ ചോദ്യം ഇല്ലെന്നാണല്ലോ പ്രമാണം തന്നെ.

ഇത്തരുണത്തിൽ അമേരിക്കയിലെ തന്നെ ആദ്യകാല ഓണാഘോഷങ്ങൾ ഓർമ്മ വരുന്നു. 1969-ൽ ശ്രീ. സിറിയക് തണ്ണിക്കരിയും പരേതനായ ജോസഫ് മാത്യുവും ചേർന്ന് മൻഹാട്ടൻ്റെ മധ്യഭാഗത്തുള്ള കമ്മ്യൂണിറ്റി ചർച്ചിൽ ഇത്തരമൊരു ഓണപരിപാടി സംഘടിപ്പിച്ചപ്പോൾ, ഞാനും അതിൽ പങ്കെടുത്തിരുന്നു. ഒരുപക്ഷേ യു.എസ്.എ.യിൽ വെച്ച് നടന്ന ആദ്യത്തെ ഓണാഘോഷമായിരുന്നു അത്. ഒന്നുരണ്ടു പ്രസംഗങ്ങളും പാട്ടുകളും  ഓണസദ്യയുമായി ഞങ്ങൾ പത്തെഴുപതുപേര് ചേർന്നൊരു ചെറിയ ആഘോഷം. അന്ന് പുതുതായി അമേരിക്കയിൽ കുടിയേറിയവർ  എന്ന നിലയിൽ, ഞങ്ങൾ ഓരോരുത്തരും ഈ മഹത്തായ ഭൂമിയിൽ ചുവടുറപ്പിക്കാനുള്ള തത്രപ്പാടിലായിരുന്നതുകൊണ്ട് കാര്യമായ പരിപാടികൾ ഒന്നുമുണ്ടായിരുന്നില്ല. പരസ്പരം സ്നേഹവും ആശംസകളും പങ്കുവയ്ക്കുന്നതിലായിരുന്നു ആനന്ദം.

1970-ൽ  ബ്രോങ്ക്‌സിലെ കാർഡിനൽ  ഹെയ്‌സ് ഹൈസ്‌കൂളിൽ ഓണം കുറച്ചുകൂടി വിപുലമായി ആഘോഷിക്കുന്നതിനുള്ള ആദ്യചുവടായി  അത്. കുറച്ചുപേർക്ക് ഗ്രീൻ കാർഡ് ലഭിക്കുകയും വിദ്യാർത്ഥികളായും  നഴ്‌സുമാരായും കൂടുതൽ മലയാളികൾ വരികയും ചെയ്തതോടെ അത്തവണ മുതൽ ഓണാഘോഷത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം  പെരുകാൻ തുടങ്ങി. 1965 മുതൽ തന്നെ ഇമിഗ്രേഷൻ നിയമം മാറുകയും, യൂറോപ്യൻ ഇതര  ക്വാട്ട വിപുലീകരിക്കുകയും ചെയ്‌തെങ്കിലും, ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നതിൽ കേരളീയർ വളരെ പുറകിലായിരുന്നു. ബിരുദാനന്തര ബിരുദധാരികളുടെയും മെഡിക്കൽ ഫീൽഡ് പോലെയുള്ള  പ്രൊഫഷണൽ വിദ്യാഭ്യാസ മേഖലയിലുള്ളവരുടെയും ഗ്രീൻ കാർഡ് അപേക്ഷ  പെട്ടെന്ന് തന്നെ അംഗീകരിക്കപ്പെട്ടു. (1965-70)  

വീണ്ടും  ഓണക്കഥയിലേക്ക് തിരിച്ചുവരാം. 1970-ൽ ബ്രോങ്ക്‌സിലെ ടോപ്പിംഗ്അവന്യുവിൽ (Topping Ave) താമസിച്ചിരുന്ന ഞങ്ങൾ കുറച്ചുപേരാണ് പരിപാടി സംഘടിപ്പിച്ചത്. ഈസ്റ്റ്ബേൺ അവന്യൂ (Eastburn Ave) പുതുതായി വരുന്ന മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സങ്കേതമായി മാറിയിരുന്ന സമയമാണ്.

പരേതനായ ഡോ . തോമസ് പുഷ്പമംഗലം ആയിരുന്നു മുഴുവൻ പരിപാടികൾക്കും മുൻകൈ എടുത്തിരുന്നത്. ഫുൾബ്രൈറ്റ് സ്കോളർ ആയി അമേരിക്കയിൽ എത്തിയ അദ്ദേഹത്തിൻ്റെ അസാമാന്യമായ കഴിവുകളും നർമ്മബോധവും പരിപാടി  മികച്ച വിജയമാക്കുന്നതിനും അതിനായി പരമാവധി സമയം കണ്ടെത്തുന്നതിനും ഞങ്ങളെ എല്ലാവരെയും പ്രേരിപ്പിച്ചു. അന്നേ ദിവസം ഇരുന്നൂറോ അതിലധികമോ ആളുകൾ വീട്ടിലുണ്ടാക്കിയ സദ്യയുമായി  ഒത്തുകൂടുകയും, പാട്ടും നൃത്തവും കൂടാതെ  പുഷ്പമംഗലം എഴുതി സംവിധാനം ചെയ്ത നാടകവുമൊക്കെയായി ഓണാഘോഷം കെങ്കേമമാക്കി.ആ നാടകത്തിലാണ് ഞാൻ ആദ്യമായൊരു വേഷം ചെയ്തത്.

വി എം ചാക്കോ, മാത്യു സക്കറിയ, ജേക്കബ് കുര്യാക്കോസ്, ബേബി തോട്ടുകടവിൽ, ആലേക്കുട്ടി ഈപ്പൻ, മറിയാമ്മ മാത്യു, കുഞ്ഞൂഞ്ഞമ്മ  കോശി, അച്ചോയി മാത്യൂസ് തുടങ്ങിയവർ ആ മഹത്തായ ആഘോഷത്തിൽ സഹായിച്ചവരിൽ ചിലരാണ്. നവദമ്പതികളായ ജോയ് ഉമ്മൻ, ഗ്രേസ് എന്നിവരെ ആ വേദിയിൽ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തിരുന്നു. നോർത്ത് അമേരിക്കയിലെ ആദ്യത്തെ സാംസ്കാരിക സംഘടനയായ കേരള സമാജം രൂപീകരിക്കുക എന്ന ആശയം ഈ ഓണം പരിപാടിയിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. കേരള സമാജത്തിന്റെ  സെക്രട്ടറിയായി ഞാൻ പിന്നീട് സേവനമനുഷ്ഠിക്കുകയും ചെയ്തു.  പരേതനായ തിരുവല്ല ബേബിയോടൊപ്പം പുഷ്പമംഗലത്തിൻ്റെ തന്നെ ആശയമായ കേരള സന്ദേശത്തിൻ്റെ (ഒരു കൈയെഴുത്ത് മാസിക) എഡിറ്റർ  ആയി പ്രവർത്തിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചു.  വടക്കേ അമേരിക്കയിലെ ആദ്യത്തെ മലയാള പ്രസിദ്ധീകരണം അന്തരിച്ച അച്ചോയി മാത്യൂസ് പത്രാധിപരായിരുന്ന 'ചലനം' ആയിരുന്നു.

പിന്നീടുള്ളത്  ചരിത്രമാണ്. കാരണം ഇന്ന് കേരളീയർ താമസിക്കുന്ന സംസ്ഥാനങ്ങളിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിലും ഓണം ആഘോഷിക്കപ്പെടുന്നു. മാത്രമല്ല, അമേരിക്കൻ മലയാളികളുടെ ഓണാഘോഷം ഏറ്റവും മികച്ച ഒന്നായി മാറിയിരിക്കുന്നു. എല്ലാ സാംസ്കാരിക സംഘടനകളും പരിപാടികൾ ആഘോഷിക്കുന്നുണ്ട്. മത-ജാതി ഭേദമന്യേ ആളുകൾ ഒത്തുചേരുകയും ഒന്നിച്ച് സമയം ചിലവിടുന്നതുമാണ് ഓണാഘോഷത്തിൻ്റെ ഭംഗി. ആദ്യകാലങ്ങളിൽ, പള്ളികൾ ഓണാഘോഷത്തിൽ ഉൾപ്പെട്ടിരുന്നില്ല എന്നതിന് ദൈവത്തിന് നന്ദി. അതുവഴി  നാനാവിഭാഗത്തിലുള്ള  (pluralistic) ആളുകൾക്ക് ഒത്തുചേരാനും ആസ്വദിക്കാനും സൗകര്യമൊരുങ്ങി.

ഇന്നിപ്പോൾ ചരിത്രം തിരുത്തിയെഴുതാനുള്ള വലിയ ശ്രമമാണ് അമേരിക്കയിലെ ഹിന്ദുത്വ മേധാവിത്വവാദികൾ   നടത്തുന്നത്. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കാലിഫോർണിയയിലെ പാഠപുസ്തകങ്ങളിൽ നിന്ന് ജാതി വ്യവസ്ഥയുടെ ചരിത്രം ഇല്ലാതാക്കാനുള്ള  ആദ്യ ശ്രമത്തിൽ അവർ പരാജയപ്പെട്ടു. ഇന്ത്യയിൽ   ജാതി സമ്പ്രദായം ഇല്ലെന്നും ജാതി എന്നത് പാശ്ചാത്യരുടെ  സങ്കല്പത്തിൽ മാത്രമാണെന്നും ഇക്കൂട്ടർ അവകാശപ്പെടുന്നു. അതെ സമയം   ജാതി വിവേചനത്തിൻ്റെ ഭയാനകമായ അനുഭവം നേരിട്ട  ആയിരക്കണക്കിന് ദളിതരെയും ഒബിസികളെയും സഹായിക്കുന്നതിന്  ഹാർവാർഡിലെ ഒരു പ്രൊഫസർ മുന്നോട്ടുവരേണ്ടിവന്നു.

എന്നാൽ, കാലിഫോർണിയ അസംബ്ലി പാസാക്കിയ ജാതി വിവേചന നിരോധന നിയമം ഗവർണർ ഗാവിൻ ന്യൂസോം വീറ്റോ ചെയ്തു. സിലിക്കോൺ വാലിയിലുള്ള ഉന്നത ജാതിക്കാരുടെ പണക്കൊഴുപ്പ് ഫലവത്തായി.

ഓണത്തിൻ്റെ ഐതീഹ്യത്തെ സംബന്ധിച്ചും ഇക്കൂട്ടരുടെ തന്നെ നിരന്തരമായ പ്രചാരണമാണ് നാം ഇപ്പോൾ കാണുന്നത്.  പക്ഷേ,അതൊരു ഐതീഹ്യമായതുകൊണ്ട്  അവിടെ ആരംഭിച്ച് അങ്ങനെ തന്നെ അവസാനിക്കണം.

പഴയകാലത്ത്  ഭൂരിഭാഗം കേരളീയർക്കും ഓണം വിളവെടുപ്പിൻ്റെ സമയവും സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും കാലയളവും കൂടിയായിരുന്നതുകൊണ്ട് അവർ  പാതാളത്തിൽ  നിന്ന് ഒരു രാജാവിൻ്റെ മടങ്ങിവരവിനെക്കുറിച്ചോർത്ത് ആകുലപ്പെട്ടിരുന്നില്ല. അത് ഐതിഹ്യമായി  അവർ കണക്കിലെടുത്തു.

ഓണം നമുക്കാർക്കും മതപരമായ ഒരു ആഘോഷമല്ല. ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും കടന്നുകയറി  നിയന്ത്രിക്കാൻ ശ്രമിക്കുന്ന തീവ്ര മതവാദികൾക്കൊഴികെ നമ്മൾക്കാർക്കും  ഇത് മതപരമായ ഒരു ഉത്സവമല്ല.

വിശ്വാസവും പാരമ്പര്യവും ഏതൊരു സമൂഹത്തിൻ്റെയും അവിഭാജ്യ ഘടകമാണ്. അവ പൊളിച്ചെഴുതേണ്ട  ആവശ്യം എന്താണ്? ഇവർ മാറ്റി രചിച്ച ഐതിഹ്യമനുസരിച്ച്, മഹാബലി കേരളത്തിൽ ഉണ്ടായിരുന്ന ആളുപോലുമല്ല, അദ്ദേഹത്തിന്റെ മഹത്വം  കണ്ട്  ദേവന്മാർ നേരിട്ട് സ്വർഗത്തിലേക്ക്  അദ്ദേഹത്തെ  കൊണ്ട് പോകുകയാരിക്കുന്നുവത്രെ.  അങ്ങനെയെങ്കിൽ   ഇനി നമ്മൾ മഹാബലിയെയുടെ വരവ് ആഘോഷിക്കുന്നത് നിർത്തണോ?

 പൂക്കളും വിഭവസമൃദ്ധമായ സദ്യവട്ടവും മാവിൻ ചുവട്ടിൽ ഊഞ്ഞാലാട്ടവുമായി ആഘോഷിക്കുന്ന മഹത്തായ വിളവെടുപ്പുത്സവമാണ് ഓണം. കേരളത്തിൻ്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഈ ആഘോഷം, ലോകമെമ്പാടുമുള്ള മലയാളികൾ പാട്ടും നൃത്തവും എല്ലാമായി  ആനന്ദത്തിൽ ആറാടുന്ന അസുലഭ വേളയാണ്. മതത്തിന് അതീതമായി ആളുകൾ സന്തോഷത്തോടെയും ഉത്സാഹത്തോടെയും പരമ്പരാഗതരീതിയിൽ  ഓണം കൊണ്ടാടുന്നു.

എവിടെ മലയാളിയുണ്ടോ അവിടെ ഓണമുണ്ടാകുമെന്നാണ് ചൊല്ല്. ഇപ്പോൾ ആഘോഷം പ്രവാസത്തിലേക്ക് വ്യാപിപ്പിച്ചതിനാൽ, തൻ്റെ എല്ലാ പ്രജകളെയും സന്ദർശിക്കാൻ മഹാബലിക്ക് ലോകമെമ്പാടും സഞ്ചരിക്കേണ്ടതുണ്ട്. പ്രവാസികൾക്ക്  അണിഞ്ഞൊരുങ്ങി   സ്‌നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സന്ദേശം പകരുന്നത് കൂടുതൽ രസകരവും കൗതുകകരവുമാക്കുന്ന കഥയുടെ രസകരമായ ഭാഗം അതാണ്

നിസ്വാർത്ഥനായ ഒരു മനുഷ്യന് സഹജീവികളോടുള്ള കരുതലിന്റെ  അടിസ്ഥാന നന്മയുടെ സന്ദേശമാണ് ഓണം.
 ഇത് ഒരു സ്വപ്നത്തെക്കുറിച്ചും കൂടിയാണ്: ലോകത്തിലെ സമാധാനവും , സാമ്പത്തിക ക്ഷേമവും വിഭവങ്ങളുടെ പങ്കിടലും സ്നേഹവും സാഹോദര്യവും ഉയർന്ന ധാർമ്മികതയും മാനുഷിക നീതിയും പ്രകൃതി സംരക്ഷണവുമാണ് ഓണത്തിന്റെ കാതൽ. ഓണത്തിൻ്റെ ചൈതന്യം തകർക്കാനും ഭിന്നിപ്പും ധ്രുവീകരണവും സൃഷ്ടിക്കാനും വേണ്ടി നമ്മുടെ പിന്നിൽ നിഗൂഢ താൽപ്പര്യങ്ങളോടെ നിൽക്കുന്ന ഈ മതഭ്രാന്തന്മാരെ നമുക്ക് അകറ്റി നിർത്താം.  അവർ ഇതിനകം ഇന്ത്യയിൽ വേണ്ടത്ര നാശനഷ്ടങ്ങൾ വരുത്തിക്കഴിഞ്ഞു, അവരുടെ ദുഷ്പ്രവൃത്തികൾ  പ്രവാസ മണ്ണിൽ ആവർത്തിക്കാൻ അവരെ അനുവദിക്കരുത്.

എല്ലാവർക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ.

Join WhatsApp News
A.C.George 2024-09-04 21:31:00
ലോകത്തെല്ലായിടത്തും ഒത്തിരി ഐതിഹ്യങ്ങളും കെട്ടുകഥകളും ഉണ്ട്. ഈ ഓണത്തെപ്പറ്റിയുള്ള മാവേലി പറ്റിയുള്ള നന്മകൾ നമ്മൾ തിരിച്ചറിഞ്ഞ് അത് ഒരു നല്ല ഉത്സവം ആയി നമ്മൾ കൊണ്ടാടുന്നു. അതിനാൽ ജോർജ് എബ്രഹാം പറയുന്ന അഭിപ്രായത്തോട് ഞാൻ പൂർണ്ണമായി യോജിക്കുന്നു. എന്നാൽ കുറച്ചു കാലമായി ഐതിഹ്യത്തെ പോലും ചിലർ വളച്ചൊടിച്ച് അവിടെ മത തീവ്രവാദം കൊണ്ടുവരികയാണ്. കഥയെ തന്നെ മാറ്റി മറിക്കുകയാണ്. അവർക്ക് മഹാബലി വേണ്ട വാമനൻ മതി. വന്നുവന്ന് വാമനനെ ചവിട്ടി താഴ്ത്തുകാരെ അവർ പൂജിക്കാൻ തുടങ്ങുന്നു. എന്ത് ചെയ്യാൻ ഇന്ത്യയുടെ ചരിത്രം തന്നെ ഈ തീവ്രവാദികൾ തിരുത്തി എഴുതിക്കൊണ്ടിരിക്കുന്നു ചില പ്രചാര ത്തിലുള്ള സ്ഥലനാമങ്ങൾ പോലും അവർ മാറ്റി നാമകരണം ചെയ്യുന്നു. സെക്കുലർ ആയി ചിന്തിക്കുന്ന അമേരിക്കയിൽ പോലും അവരുടെ മത തീവ്രവാദം ഇവിടെ വിതച്ച് ഇവിടെയും അസ്വസ്ഥത സൃഷ്ടിക്കുന്നു. നമുക്ക് അസ്വസ്ഥതയല്ല ആവശ്യം. ഓണത്തിൻറെ സാഹോദര്യം മനുഷ്യരെല്ലാം ഒന്നുപോലെ എന്നതാണ് ആവശ്യം. എല്ലാവർക്കും ഓണാശംസകൾ എസി ജോർജ്
Jose Pandarakalam 2024-09-05 18:20:24
I remember celebrating Onam in my childhood. We did not use plates on that day. We used banana leaves. Only vegetables were cooked that day. If I remember correctly we got nrw clothes that day The games we played were Kabady and Nadan Panthu. Jose Pandarakalam
(ഡോ.കെ) 2024-09-05 20:56:23
താങ്കളാണ് ഓണക്കഥ കേട്ട് അസ്വസ്ഥനായി ഐതിഹ്യം പൊളിച്ചെഴുതാൻ ശ്രമിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക