എഴുപതുകളുടെ മദ്ധ്യാഹ്നം. പ്രാരാബ്ധങ്ങൾ ചുമലിലേറ്റി നടന്ന ഒരു അച്ഛന്റെ ഹൃദയമിടിപ്പുകൾക്ക് ഓണം അടുക്കുമ്പോൾ വേഗത കൂടുമായിരുന്നു. കെട്ടഴിച്ചു വിട്ട ഒരു ബാല്യത്തിന് പക്ഷെ അച്ഛന്റെ മനസ്സ് വായിക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല. ചിങ്ങം തുടങ്ങിയാൽ അടുത്തുള്ള ചെറു പട്ടണങ്ങളിൽ നിന്ന് തുണിക്കച്ചവടക്കാരും കളിപ്പാട്ടം, കുപ്പി വള,. ചീപ്പ്, കണ്ണാടി ഇവയൊക്കെ തലയിലേറ്റി വീടുകളിൽ കൊണ്ട് നടന്നു വിൽക്കുന്ന കച്ചവടക്കാരും പുഴ കടന്ന് ഗ്രാമത്തിലെത്തും.
സമ്മതം ചോദിക്കാതെ തന്നെ സൈദ് മാപ്പിള തുണിക്കെട്ട് ഉമ്മറക്കോലായിലിടും, പിന്നെ ചാക്കുകൊണ്ട് പൊതിഞ്ഞ ഒരു പ്രത്യേക രീതിയിൽ കെട്ടിയ തുണി കെട്ടിന്റെ കയറുകൾ ഓരോന്നായി അഴിച്ചിടും. കെട്ടഴിഞ്ഞ് തുണികൾ പുറത്ത് ചാടുമ്പോൾ പുത്തൻ മണം ഉമ്മറമാകെ പരക്കും. ആ മണം മൂക്കിൽ അടിക്കുമ്പോഴാണ് ഞങ്ങൾ തൊടികളിൽ നിന്നും അടുക്കളപ്പുറത്തു നിന്നും ഉമ്മറത്ത് ഓടിയെത്തുന്നത്. തുണിക്കെട്ടിനടുത്ത് സിമന്റ് പാകിയ തറയിലിരുന്ന് കൗതുകത്തോടെ ആ തുണികളിലേക്ക് നോക്കിയിരിക്കും, ഒരു പുത്തൻ കിട്ടാനുള്ള കുതുകത്തോടെ. അച്ഛൻ അതിലൊന്നും ശ്രദ്ധിക്കാതെ സൈദുക്കയോട് രാഷ്ട്രീയവും നാട്ട് വർത്തമാനവും പറഞ്ഞ് അയാളുടെ ശ്രദ്ധ വീട്ടുകാരിൽ നിന്നും തിരിക്കാൻ ശ്രമിക്കും. തുണികളെ കുറിച്ച് വർണ്ണിച്ച് വീട്ടുകാരിൽ ഭ്രമം കയറ്റാതെ ഇയാൾ പെട്ടെന്ന് പോയിക്കിട്ടിയാൽ മതിയായിരുന്നു എന്നായിരുന്നു അച്ഛന്റെ മനസ്സിൽ അപ്പോൾ, കാരണം തുണിക്കെട്ടിന് ചുറ്റും വീട്ടുകാരുടെ അംഗസംഖ്യ കൂടുമ്പോൾ ആവശ്യങ്ങളും കൂടും. മടിക്കുത്തിൽ തിരുകി വച്ച ചില്ലറ തുട്ടുകൾക്ക് വീട്ടുകാരുടെ ആഗ്രഹങ്ങളെ നിറവേറ്റാനുള്ള ത്രാണി ഇല്ലെന്ന് അച്ഛന് അറിയാമായിരുന്നു.
സമയം പൊയ്‌ക്കൊണ്ടിരിക്കുമ്പോൾ പുറത്ത് ഇടവഴിയിലൂടെ പോകുന്നവരും അടുത്ത വീടുകളിൽ ഉള്ളവരും സൈദ് മാപ്പിളയുടെ തുണി വാങ്ങാൻ ഉമ്മറ മുറ്റത്തെത്തും. വന്നവർ ഓരോരുത്തരും അവരവരുടെ മക്കൾക്കും വീട്ടുകാർക്കും ഉള്ള തുണികൾ വാങ്ങി ദേഹത്ത് വച്ച് ചന്തം നോക്കുമ്പോൾ അമ്മയുടെ മുണ്ടിൽ തിരുപ്പിടിച്ച് കീറിയ കാക്കി ട്രൗസറിട്ട ഒരു കൊച്ചു ബാലൻ അമ്മയുടെ മുഖത്തേക്ക് പ്രതീക്ഷകളോടെ നോക്കും. കണ്ണുകൾ തുടച്ച് തന്റെ നിസ്സഹായതയെ ഒരു നിശ്വാസത്തിലൊതുക്കി അമ്മ ആ ബാലനെ ഒന്നുകൂടി തന്നിലേക്ക് ചേർത്ത് നിർത്തും. അച്ഛൻ അപ്പോഴും മടിക്കുത്തിലെ ചില്ലറത്തുട്ടുകൾ എടുത്ത് കൂട്ടിയും കിഴിച്ചും ഇരിക്കുകയായിരുന്നു.
ഒരു ലുങ്കി മുണ്ടിന് ആറ് രൂപയായിരുന്നു അന്നത്തെ വില. സൈദുക്കയുടെ കെട്ടിലെ അവസാനത്തെ പാളിയിൽ പച്ചിലകളും ചുകന്ന പൂക്കളും ഉള്ള ഒരു ലുങ്കി മുണ്ടിൽ മനസ്സ് ഉടക്കിയത് ഒരു ദുരാഗ്രഹം മാത്രമായിരുന്നു. ഭഗവാനെ, ഒരു ആറ് രൂപ അച്ഛന് കൊടുക്കണേ എന്ന ആ കുട്ടിയുടെ പ്രാർത്ഥന പക്ഷെ ഒരു ഭഗവാനും കേട്ടില്ല. ഉമ്മറത്ത് പരത്തിയിട്ട തുണികൾ ഭദ്രമായി കെട്ടി സൈദ് മാപ്പിള പടിയിറങ്ങി പോകുമ്പോൾ അമ്മയുടെ കണ്ണുകളിൽ ഉരുണ്ടുകൂടിയ ജലബിന്ദുക്കൾ അവൻ കണ്ടിരുന്നു, ആ കുട്ടിക്ക് എന്തെങ്കിലും ഒന്ന് പുതിയത് വാങായിരുന്നു എന്ന അമ്മയുടെ അച്ഛനോടുള്ള പരാതി. അയാൾ അടുത്ത ആഴ്ച ഇനിയും വരും, അപ്പോൾ വാങ്ങാമെന്ന മറുപടി അമ്മയെയും തന്നെയും ആശ്വസിപ്പിക്കാൻ മാത്രമാണെന്ന് അവന് അറിയാമായിരുന്നു. സൈദ് മാപ്പിള വർഷത്തിൽ രണ്ടു തവണയേ ഗ്രാമത്തിൽ വരൂ, ഒന്ന് ഓണത്തിനും പിന്നെ വരുന്നത് ക്ഷേത്രത്തിലെ ഉത്സവത്തിനും. ഓണത്തിന് തുണികൾ കടം വാങ്ങിയതിന്റെ പൈസ പലരും കൊടുക്കുന്നത് അയാൾ ഉത്സവത്തിന് വരുമ്പോഴാണ്.
മോഹഭംഗങ്ങളുടെ എത്രഎത്ര ഓണപ്പുലരികൾ, കർക്കടക പെയ്ത്തിൽ നനഞ്ഞു കുതിർന്ന നാട്ടുവഴികളിലൂടെ ഓരോ ഓണവും തരുന്ന നിരാശയുടെ ജലയാത്രകൾ. പക്ഷെ, അതൊന്നും ഓണത്തിന്റെ ആഘോഷങ്ങൾക്കോ സന്തോഷങ്ങൾക്കോ അണ കെട്ടിയിരുന്നില്ല. അയൽക്കാർ, നാട്ടുകാർ എല്ലാവരും ഒത്തു ചേരുന്ന തറവാട്ട് മുറ്റത്ത് സ്നേഹ സൗഹൃദങ്ങളുടെ കാവൽക്കാരനായി ചാണകം മെഴുകിയ തറയിൽ രാജകീയ പ്രൗഢിയോടെ തൃക്കാക്കരപ്പൻ. ഒരു പകലിന്റെ നിരാശയും വേദനയും മറക്കുന്ന കുന്നും തൊടികളും വയലുകളും താണ്ടിയുള്ള പൂക്കൾ തേടിയുള്ള യാത്രകൾ. കഴിഞ്ഞുപോയ ദുഖങ്ങളെ ഭാണ്ഡത്തിൽ പേറി നടക്കാൻ ബാല്യം പഠിച്ചിട്ടില്ലായിരുന്നു.
ഉത്രാടത്തിന് ഗ്രാമത്തിലെ ഒരേ ഒരു പലചരക്ക് കടയായ നായരുടെ കടക്ക് മുന്നിൽ വലിയ തിരക്കായിരിക്കും. അച്ഛൻ തന്ന വാങ്ങാനുള്ള സാധനങ്ങൾ എഴുതിയ കടലാസിൽ തിരുപ്പിടിച്ച് നിരപ്പലകയിട്ട കടക്ക് മുന്നിൽ തൻെറ ഊഴം കാത്തു നിൽക്കുമ്പോൾ മനസ്സ് ഓണം വരുന്നത് കാണാൻ ഇടവഴിയുടെ അതിരിലെ ആണ്ടാമുളയുടെ തുന്നാടിയിലായിരുന്നു. പെട്ടെന്ന് ഒടിഞ്ഞു വീഴുന്ന ആണ്ടാമുളയിൽ ആർക്കും കയറാൻ പറ്റില്ലെന്ന് അറിഞ്ഞിട്ടും അവിടെ നിന്നാൽ ഓണം വരുന്നത് കാണാം എന്ന് ആരോ പറഞ്ഞ കളിയാക്കൽ വിശ്വസിക്കാനായിരുന്നു ഇഷ്ടം. ചില സന്തോഷങ്ങൾ അങ്ങനെയാണ്, ഇല്ലെന്നറിഞ്ഞിട്ടും, സംഭവിക്കില്ലെന്നറിഞ്ഞിട്ടും വെറുതെ ഓർത്തുപോകുന്ന ആർക്കും ചേതമില്ലാത്ത ചില സുഖങ്ങൾ. വില കുറവായതിനാൽ ഉപ്പ് വാങ്ങുന്നതിൽ അച്ഛൻ പിശുക്ക് കാണിക്കാറില്ല. സാധനങ്ങൾ വാങ്ങുമ്പോൾ ഉപ്പ് ആറ് കുറ്റി എന്ന് വിളിച്ച് പറഞ്ഞപ്പോൾ എന്താ കുട്ട്യേ ഓണത്തിന് തീറ്റ ഉപ്പാണോ എന്ന അടുത്ത് നിൽക്കുന്ന ആളുടെ പരിഹാസം ആ ബാലനെ വല്ലാതെ നോവിച്ചെങ്കിലും അപ്രിയങ്ങളെ ചിരിച്ചു തള്ളാനുള്ള അമ്മ പഠിപ്പിച്ച പാഠങ്ങൾ മനസ്സിലുണ്ടായിരുന്നു.
കാലത്തിന്റെ ഭ്രമണ ചക്രത്തിന് മാത്രം തേയ്മാനമില്ല, വാർദ്ധക്യമില്ല, ജരാനരകളില്ല. ബാല്യത്തിൽ നിന്ന് ജീവിതം ഒറ്റയടിപ്പാതകളിലൂടെ യാത്ര ചെയ്ത് യൗവനത്തിന്റെ ഇല്ലിപ്പടികളും കടന്നു വാർദ്ധക്യത്തിന്റെ നടുമുറ്റത്ത് നിൽക്കുമ്പോൾ മഴയിൽ കുതിർന്ന ഒരു മുക്കുറ്റി കാലിൽ മുട്ടിയുരുമ്മി ഓർമ്മകളെ തട്ടിയുണർത്തുന്നു. ഉമ്മറക്കോലായിൽ മടിക്കുത്തിലെ ചില്ലറ തുട്ടുകൾ തിരുമ്മി അച്ഛനും, വാതിൽപ്പടി പാതി മറഞ്ഞ് സൈദ് മാപ്പിളയുടെ നിരത്തിയിട്ട വർണ്ണ തുണികളിലേക്ക് നോക്കി ആഗ്രഹങ്ങളെ കണ്ണീരുകൊണ്ട് മറച്ച ഒരമ്മയും ഇപ്പോഴും ചേർത്ത് പിടിക്കുന്നുണ്ട്. ഓണക്കോടികൾക്ക് പുതുമണം മാഞ്ഞിരിക്കുന്നു, ഇല്ലായ്മകളിലായിരുന്നു ഓണം ഉത്സവമായത്, ഓണം ആഘോഷം തീർത്തത്, ഓണം പ്രതീക്ഷകൾ തന്നത്.