ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടാന സങ്കേതമെന്നു വിശേഷിപ്പിക്കപ്പെടുന്ന പടിഞ്ഞാറൻ തൃശ്ശൂരിലെ പുന്നത്തൂർ ആനത്താവളം അതിൻ്റെ അമ്പതാം വർഷത്തിൽ! ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം അധികൃതർ 1975-ൽ പുന്നത്തൂർ കോട്ട വാങ്ങി ദേവസ്വത്തിൻ്റെ ഉടമസ്ഥതയിലുള്ള ആനകളെ അവിടെ പരിപാലിക്കാൻ തുടങ്ങിയപ്പോൾ ഈയിടം മെല്ലെമെല്ലെ ആനക്കോട്ടയെന്നു അറിയപ്പെടാൻ തുടങ്ങി. കൃഷ്ണ ക്ഷേത്രത്തിൽ നിന്നു രണ്ടര കിലോമീറ്റർ വടക്ക് ഗുരുവായൂർ-ആൽത്തറ-പൊന്നാനി പാതയിൽ നിലകൊള്ളുന്ന കോട്ടവളപ്പിൻ്റെ പതിനൊന്നര ഏക്കർ പച്ചപ്പിൽ ഇതിഹാസ താരങ്ങളായ ഗുരുവായൂർ കേശവനും പത്മനാഭനും ഉൾപ്പെടെ 86 ആനകൾ ഒരു കാലത്തു പാർത്തിരുന്നു. സ്വാഭാവികം, പുന്നത്തൂരിലെ ആനക്കാര്യം കേൾക്കാൻ കൗതുകം തോന്നാത്തവരുണ്ടാകുമോ!
🟥 കോട്ടയുടെ ചരിത്രം
കേരളീയ ശില്പകലയനുസരിച്ചു നാലുവശങ്ങളിൽ കെട്ടിടങ്ങളും, മധ്യത്തിൽ വിശാലമായ നടുമുറ്റവും, പാചകശാലയും, അടുക്കളക്കിണറും, കുടുംബ ക്ഷേത്രങ്ങളും മറ്റുമുള്ള ഈ കോട്ട പരമ്പരാഗതമായ രീതിയിൽ പണികഴിപ്പിച്ച പ്രൗഢമായൊരു നാലുകെട്ടാണ്. നാനൂറിലേറെ വർഷം പഴക്കമുള്ള ഈ സൗധം പുന്നത്തൂർ രാജാക്കന്മാരുടെ കൊട്ടാരമായോ കോവിലകമായോ അറിയപ്പെട്ടു. കേരളക്കരയുടെ തനതായ വാസ്തുശാസ്ത്ര രീതികൾ കൊട്ടയുടെ മുഖമുദ്രയായി എന്നും അറിയപ്പെട്ടു. പുന്നത്തൂർ നാടുവാഴികൾ കോഴിക്കോട് സാമൂതിരിയുടെ സാമന്ത ഭരണാധിപന്മാരായിരുന്നു. ഗോദശങ്കര വലിയരാജയായിരുന്നു അവസാനത്തെ നാടുവാഴി. അയിനിക്കൂർ, പുന്നത്തൂർ, മണക്കുളം, കക്കാട്, ചാവക്കാട്, വടക്കാഞ്ചേരി മുതലായ പ്രവശ്യകൾ ഉൾപ്പെട്ട തലപ്പിള്ളി നാട്ടുരാജ്യത്തിൽ പുന്നത്തൂർ കോവിലകത്തിനു ഭരണകാര്യങ്ങളിൽ മുൻകൈ ലഭിച്ചിരുന്നു. പുന്നത്തൂർ സ്വരൂപമെന്ന രാജവംശം ഈ പ്രദേശം നൂറ്റാണ്ടുകൾക്കു മുമ്പു ഭരിച്ചിരുന്നുവെന്നതാണ് ഈ മേൽക്കോയ്മക്കു കാരണം. പുന്നത്തൂർ സ്വരൂപത്തിൻ്റ ആസ്ഥാനമന്ദിരമായി ഈ ദുർഗം പൂർണ സ്വാധീനത്തോടെ നിലകൊള്ളുകയും ചെയ്തു.
എന്നാൽ, ഭൂസ്വത്ത് വീതം വെക്കേണ്ടിവന്നതിനാലും, 1963-ൽ കേരള സർക്കാർ നടപ്പാക്കിയ ഭൂപരിഷ്ക്കരണ നിയമത്താലും പുന്നത്തൂർ കോട്ട ക്ഷയിച്ചു. തുടർന്നു കൊട്ടാരത്തിൻ്റെ ചുമതല റിസീവർ ഏറ്റെടുത്തു. രാജകുടുംബത്തിലെ പിൻതലമുറക്കാർ നിലമ്പൂർ, ഒറ്റപ്പാലം, വടക്കാഞ്ചേരി മുതലായ ഇടങ്ങളിലേയ്ക്കു താമസം മാറി. മലപ്പുറം ജില്ലയിലുള്ള നിലമ്പൂർ കോവിലകത്തെ അംഗമെന്നു ഇന്നു അറിയപ്പെടുന്ന ഗായകനും, ഡബ്ബിംഗ് ആർട്ടിസ്റ്റും, അഭിനേതാവുമായ കൃഷ്ണചന്ദ്രൻ ഉൾപ്പെടെയുള്ള നിരവധി പ്രശസ്തർ യഥാർത്ഥത്തിൽ പുന്നത്തൂർ വംശക്കാരാണ്.
ഇപ്പോൾ പുന്നത്തൂർ വലിയരാജ സ്ഥാനമുള്ളത് കൃഷ്ണചന്ദ്രൻ്റെ പിതാവായ (നിലമ്പൂർ കോവിലകത്തെ) പി.നാരായണ രാജയ്ക്കാണ്. 'ഒരു വടക്കൻ വീരഗാഥ'യ്ക്കും, മറ്റു പല പ്രശസ്ത മലയാള ചലച്ചിത്ര കാവ്യങ്ങൾക്കും കമനീയ ദൃശ്യങ്ങളേകിയ പുന്നത്തൂർ കോട്ടയുടെ കേടുപാടുകൾ തീർക്കാൻ ബന്ധപ്പെട്ടവർ ഉത്സാഹം കാണിക്കണമെന്നു സന്ദർശകരിൽ പലരും ഈ ലേഖകനോടു ഖേദപൂർവം അഭിപ്രായപ്പെടുകയുണ്ടായി. മേൽക്കൂര തകർന്നതിനാൽ ടാർപോളിൻ ഷീറ്റുകളിട്ടു മൂടിയിരിക്കുന്ന കെട്ടിടങ്ങളും, പോളീഷ് ചെയ്യാത്ത ധാരുശിൽപങ്ങളും, റീപെയ്ൻ്റു ചെയ്യാത്ത ചുവരുകളും മോശപ്പെട്ടൊരു കാഴ്ച്ചയാണ് കോട്ടയിലെത്തുന്ന അതിഥികൾക്കു നൽകുന്നത്. പ്രതിദിനം പ്രശസ്തരുൾപ്പെടെ ആയിരങ്ങളാണ് ആനക്കോട്ട കാണാനെത്തുന്നത്! കർണാടക മുൻ മുഖ്യമന്ത്രിയും കേന്ദ്ര ഘനവ്യവസായ, സ്റ്റീൽ വകുപ്പു മന്ത്രിയുമായ എച്ച്. ഡി. കുമാരസ്വാമിയും കുടുംബവും കോട്ടയിലെത്തി ഗജപൂജയിൽ പങ്കെടുത്തു ആനയ്ക്കു വാഴപ്പഴങ്ങൾ നൽകിയതിനു ഈ ലേഖകൻ ദൃക്സാക്ഷിയാണ്.
🟥 ആനകേരളം
കേരളമൊരു ആനസംസ്ഥാനമെന്നതിൽ മലയാളികളല്ലാത്തവർക്കു പോലും സംശയമൊന്നുമില്ല. എഴുനൂറിലേറെ നാട്ടാനകളുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുള്ള കേരളത്തിൻ്റെ സ്റ്റേറ്റ് എബ്ളം തന്നെ, രാജ്യത്തിൻ്റെ ചിഹ്നമായ അശോകസ്തംഭം തുമ്പിക്കൈ ഉയർത്തി സംരക്ഷിക്കുന്ന രണ്ടു ഗജവീരന്മാരാണ്. ഇവിടെ തുടങ്ങുന്നു മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ സഹ്യൻ്റെ മക്കളെന്നു വിശേഷിപ്പിച്ച ആനകളും മലയാളികളും തമ്മിലുള്ള സാമൂഹിക-സാംസ്കാരിക ബാന്ധവം! യഥാർത്ഥത്തിൽ, കൊമ്പന്മാർ നമ്മുടെ സംസ്കൃതിയുടെ ഭാഗമാണെന്ന വസ്തുതയ്ക്കു ആദ്യത്തെ കാട്ടാനയെ മെരുക്കി നാം നാട്ടാനയാക്കി മാറ്റിയ കാലത്തോളം തന്നെ പ്രാചീനതയുമുണ്ട്!
ഉത്സവങ്ങൾക്കും, പൂരങ്ങൾക്കും, വേലകൾക്കും, എഴുന്നള്ളത്തുകൾക്കും മാത്രമല്ല, രാഷ്ട്രീയക്കാരുടെ പ്രചരണങ്ങളും ഘോഷയാത്രകളും ഉൾപ്പെടെയുള്ള സകല പൊതു പരിപാടികൾക്കും തലയെടുപ്പുള്ള ഗജവീരന്മാർ വേണമെന്നതാണ് ഇന്നിൻ്റെ രീതി. സ്വവസതിയിൽ ഒരാനയുണ്ടെന്നു പറയുന്നത് പണ്ടു മുതലേയൊരു പദവിചിഹ്നവുമാണ്! രാജ്യത്തിൻ്റെ നാനാഭാഗത്തു നിന്നും ഗുരുവായൂർ കൃഷ്ണക്ഷേത്രത്തിൽ ദർശനത്തിനെത്തുന്നവരിൽ മിക്കവരും സമീപത്തുള്ള പുന്നത്തൂർ കോട്ടയിൽ പോയി ആനയഴകന്മാരെയും കറുത്തു കൊഴുത്തുരുണ്ട സുന്ദരികളെയും കാണാറുണ്ടെന്നതിൽ അതിനാൽ അതിശയമില്ല. കോട്ടയിൽ നടന്നുവരുന്ന ഗജപൂജയും ആനയൂട്ടും അടിവരയിടുന്നതും ആനകളോടുള്ള ആരാധനയല്ലാതെ മറ്റെന്താണ്!
🟥 ആനകൾ അനിവാര്യം
ഗുരുവായൂരപ്പനു വഴിപാടായി ഭക്തർ നടയിരുത്തിയ ആനകളെയാണു പുന്നത്തൂർ കോട്ടയിൽ കൊണ്ടുവന്നു സംരക്ഷിക്കുന്നത്. ക്ഷേത്രത്തിൽ നിത്യേനെ നടക്കുന്ന അനുഷ്ഠാനങ്ങൾ മുതൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന 'ഗുരുവായൂർ ഉത്സവം' എന്ന വാർഷിക ആഘോഷം കൊടിയേറുന്നതും വരെ ഗജകേസരികളോടു നേരിട്ടു ബന്ധപ്പെട്ടു കിടക്കുന്നു. കുംഭമാസത്തിൽ (ഫെബ്രുവരി-മാർച്ച്) അരങ്ങേറുന്ന വിഖ്യാതമായ ആനയോട്ടത്തോടെയാണ് ഉത്സവങ്ങളുടെ ഉത്സവമെന്നു വിശേഷണമുള്ള 'ഗുരുവായൂർ ഉത്സവം' ആരംഭിക്കുന്നത്. ശംഖു നാദം കേട്ടയുടനെ മഞ്ജുളാൽ പരിസരത്തു നിന്നു ഓട്ടം ആരംഭിച്ചു ആദ്യമെത്തി കിഴക്കേ ഗോപുരനട വഴി ക്ഷേത്രത്തിൽ പ്രവേശിക്കുന്ന ഗജവീരനാണ് ആ വർഷത്തെ 'ഗുരുവായൂർ ഉത്സവ'ത്തിലും, അടുത്ത വർഷത്തെ മത്സരം വരെയുള്ള എല്ലാ പ്രത്യേക ചടങ്ങുകളിലും കൃഷ്ണൻ്റെ തങ്കത്തിടമ്പിനവകാശം! ആനയോട്ടത്തിൽ നിരവധി തവണ വിജയിച്ച കണ്ണൻ ചെരിഞ്ഞതിനു ശേഷം, പതിവായി ഒന്നാമതെത്തുന്നത് ഗോപീകൃഷ്ണനാണ്.
🟥 ഗജരാജൻ ഗുരുവായൂർ കേശവൻ
1922-ൽ, നിലമ്പൂർ കോവിലകം വലിയരാജ തൻ്റെ കൊട്ടാരത്തിലെ കുട്ടിക്കൊമ്പനായിരുന്ന കൊച്ചുകേശവനെ ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തി. അന്നു മുതൽ കൊച്ചുകേശവൻ ഗുരുവായൂർ കേശവനായി അറിയപ്പെട്ടു. 1930-ലെ ആനയോട്ടത്തിൽ, അതുവരെ തുടർച്ചയായി വിജയം കൊയ്തുകൊണ്ടിരുന്ന അഘോരി ഗോവിന്ദൻ കിഴക്കേ ഗോപുര നടയിലെത്താൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് നവാഗതനായ കേശവൻ അത്ഭുകരമായി മുന്നേറിയത്. ക്ഷേത്രത്തിൽ പ്രവേശിച്ചു, ശ്രീകോവിൽ മൂന്നു പ്രദക്ഷിണം ചെയ്തെത്തിയ കേശവൻ തുമ്പിക്കൈ ഉയർത്തി പ്രണമിച്ചുകൊണ്ടു കൊടിമരത്തിനു സമീപം നിലകൊണ്ടു. തുടർന്നെത്തിയ നാല്പതു വർഷവും കേശവൻ ആനയോട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തി ഭഗവാൻ്റെ തിടമ്പിനു അർഹത നേടിയത് ഒരു ചരിത്രം! ദേവസ്വവും ആനപ്രേമികളും ചേർന്നു സജ്ജീകരിച്ച ഗജമേളയിൽ കേശവനെ 'ഗജരാജൻ' പട്ടം നൽകി ആദരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ഭരതൻ തയ്യാറാക്കിയ സൂപ്പർഹിറ്റ് സെല്ലുലോയ്ഡ് കാവ്യം 'ഗുരുവായൂർ കേശവൻ' 1977-ൽ തിയേറ്ററുകളിലുമെത്തി. 1976, ഡിസംബർ രണ്ട്, ഗുരുവായൂർ ഏകാദശി ദിനത്തിലായിരുന്നു ഗജരാജൻ ചെരിഞ്ഞത്. 'നായരമ്പലം ശിവജി' എന്ന സുന്ദരനാന കേശവൻ്റെ റോളിൽ പടത്തിലെത്തി. ഗുരുവായൂർ കേശവൻ എന്ന ജനപ്രിയൻ മരണമില്ലാത്തൊരു ഇതിഹാസമായി മാറുകയായിരുന്നു!
🟥 ഇപ്പോൾ 38 ആനകൾ
1975 ജൂൺ 25-ന് ഇതിഹാസ താരം ഗുരുവായൂർ കേശവൻ്റെ നേതൃത്വത്തിൽ ഇരുപതാനകൾ ഘോഷയാത്രയായി പ്രവേശിച്ചു നാന്നി കുറിച്ച കോട്ടയിലിപ്പോൾ നാലു പിടിയാനകളും ഒരു മൊഴയാനയുമുൾപ്പെടെ 38 അംഗങ്ങളാണുള്ളത്. എല്ലാം നമ്മുടെ വനസ്ഥലികളുടെ പ്രിയപ്പെട്ട പ്രതിരൂപങ്ങൾ! ഇന്ദ്രസൻ, രാജശേഖരൻ മുതലായ ഉയരതമ്പുരാന്മാരും, സംസ്ഥാനത്തെ ഏറ്റവും ഭാരമുള്ള കരിവീരൻ നന്ദനും (7260 കിലോ), കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടയിരുത്തിയ കുട്ടിക്കുറുമ്പൻ ലക്ഷ്മി നാരായണനും, ഗജസുന്ദരികളായ രശ്മി, നന്ദിനി, ദേവി, ലക്ഷ്മീകൃഷ്ണ എന്നിവരും ആനത്താവളത്തിൻ്റെ ആകർഷണങ്ങളാണ്. ബാലകൃഷ്ണൻ ആൺപ്രകൃതമുള്ള മൊഴ. എഴുന്നൊള്ളത്തുകൾക്കും, ഉത്സവങ്ങൾക്കും, മറ്റു പൊതു പരിപാടികൾക്കും കൊണ്ടുപോകുമ്പോൾ ബാലകൃഷ്ണന് കൊമ്പുകൾ ഘടിപ്പിക്കുന്നു. ട്രാൻസ്ജെൻഡർ ആനകൾക്ക് കൊമ്പുകളുടെ സ്ഥാനങ്ങളിൽ, ചെറിയ രണ്ടു നാമ്പുകൾ മാത്രമാണുള്ളത്. പെണ്ണാനകൾക്ക് കൊമ്പുകളേയില്ല. രാജശേഖരനും, ഗോകുലും ഒറ്റക്കൊമ്പന്മാരാണ്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മുകുന്ദൻ ചെരിഞ്ഞപ്പോഴാണ് കോട്ടയിലെ ആനകളുടെ എണ്ണം 38 ആയി ചുരുങ്ങിയത്. കഴിഞ്ഞ പത്തു വർഷത്തിനകത്തു തന്നെ ആനകളുടെ എണ്ണം 59-ൽ നിന്നു 38-ആയി കുറഞ്ഞതു ഖേദകരമായൊരു യാഥാർത്ഥ്യമാണ്. തിരുവനന്തപുരം ജില്ലയിലെ നെയ്യാർ വന്യജീവി സങ്കേതത്തിൽ കേരള സർക്കാർ നേരിട്ടു നടത്തുന്ന കോട്ടൂർ കേന്ദ്രത്തിൽ 16 ആനകളാണുള്ളത്. പത്തനംതിട്ടയിലെ കോന്നിയിലുള്ളതു പരിശീലന കേന്ദ്രം മാത്രമാണ്.
🟥 ആന സുരക്ഷിതമാക്കപ്പെട്ട മൃഗം
ഷെഡ്യൂൾ-1 പ്രൊട്ടക്റ്റഡ് ആനിമൽ വിഭാഗത്തിൽ ഉൾപ്പെടുന്നതിനാൽ, ആനയെ പിടിക്കുന്നതും, മെരുക്കുന്നതുമെല്ലാം കർശനമായ നിയമങ്ങൾ പാലിച്ചുകൊണ്ടുവേണം. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതിയും അനുവദനീയമല്ല. ഇക്കാരണത്താൽ ആനകളെ വാങ്ങി വഴിപാടായി നടയിരുത്തുന്നതും പൂർണമായി നിലച്ചിരിക്കുന്നു. കോട്ടയിൽ പുതിയ ആനകൾ എത്താത്തതിനാൽ നിലവിൽ ഉള്ള ആനകളുമായി മുന്നോട്ടു പോകേണ്ട അവസ്ഥയാണുള്ളത്.
🟥 ജാഗ്രത
രോഗബാധിതരായ ആനകളെ ചികിത്സിക്കുവാനും മറ്റു പൊതു ആരോഗ്യ ശുശ്രൂഷകൾക്കുമായി ഡോ. ചാരുജിത്ത് നാരായണൻ്റെ സാരഥ്യത്തിൽ വിദഗ്ദ്ധ സംഘം കോട്ടയിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാഭാവികമായ ജീവശാസ്ത്രത്തിൻ്റെ ഭാഗമാണ് മദപ്പാടെങ്കിലും, കൊമ്പന് സ്വയം ആത്മനിയന്ത്രണം നഷ്ടപ്പെടുന്നൊരു സമയമാണിത്. അതിനാൽ സന്ദർശകർക്കു പ്രവേശനം നൽകാത്തൊരു ഇടത്താണ് അത്തരത്തിലുള്ള ആണാനകളെ പരിപാലിക്കുന്നത്. പാതകളെല്ലാം ആനകളുടെ സമീപത്തുകൂടിയാണ് കടന്നുപോകുന്നത്. കോട്ടയ്ക്കകത്ത് അതിഥികൾ പ്രകോപനപരമായൊന്നും പ്രവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
🟥 പ്രവേശനം
രാവിലെ 9 മുതൽ വൈകീട്ട് 5 മണി വരെയാണ് സന്ദർശന സമയം. പല ദിവസങ്ങളിലും സന്ദർശകരെക്കൊണ്ടു കോട്ട നിറയാറുണ്ട്. ഇരുപതു രൂപയാണു പ്രവേശന ഫീസ്. മൊബൈൽ ഫോൺ കേമറ 25 രൂപ, സ്റ്റിൽ കേമറ 100 രൂപ, പ്രൊഫഷണൽ വീഡിയോ കേമറ 1500 രൂപ എന്നിങ്ങനെയാണു നിരക്കുകൾ.