കോഴിക്കോട്: സര്‍ക്കാര്‍ ആശുപത്രിയിലെ വാഹനങ്ങള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി പതിവായി ഉപയോഗിച്ച് ആശുപത്രി മേധാവി. കോഴിക്കോട് കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും സര്‍ക്കാര്‍ ആശുപത്രി സൂപ്രണ്ട് ആണ് നിയമവിരുദ്ധമായി പൊതുമുതല്‍ ദുരുപയോഗം ചെയ്തത്. സ്വകാര്യ വ്യക്തി സമര്‍പ്പിച്ച വിവരാവകാശനിയമപ്രകാരമുള്ള അപേക്ഷ(RTI)യിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. ഇത്തരത്തില്‍ ആശുപത്രിയുടെ ആംബുലന്‍സുകളും സൂപ്രണ്ട് ദുരുപയോഗംചെയ്തതായും ആര്‍.ടി.ഐ മറുപടിയില്‍ ആശുപത്രിയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ (PIO) 2024 ഏപ്രലില്‍ നല്‍കിയ മറുപടിയില്‍ അറിയിച്ചു.
പ്രധാനമായും 2020, 21 കാലഘട്ടത്തിലെ ദുരുപയോഗമാണ് RTI മറുപടിയിലുള്ളത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള പൊതുവാഹനം സൂപ്രണ്ട് വ്യാപകമായി സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതായുള്ള ആക്ഷേപങ്ങള്‍ ഉയര്‍ന്നതോടെയാണ് ദുരുപയോഗം കുറഞ്ഞത്. നിലവില്‍ നാലു അംബുസലന്‍സുകളടക്കം അഞ്ചുവാഹനങ്ങളാണ് ആശുപത്രിക്ക് ഉള്ളത്. കോള്‍ ഡ്യൂട്ടി, കണ്‍സല്‍ട്ടേഷന്‍, റഫറന്‍സ്, VIP ഡ്യൂട്ടി, ശബരിമല ഡ്യൂട്ടി, PSC ഡ്യൂട്ടി, Blood Bank ക്യാംപ് എന്നിവയ്ക്ക് മാത്രമെ ആശുപത്രി വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂവെന്നാണ് സര്‍ക്കാര്‍ ചട്ടം. ഒരിക്കലും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പൊതുവാഹനം ഉപയോഗിക്കാന്‍ പാടില്ലെന്നും കര്‍ശനമായ വ്യവസ്ഥയുണ്ട്.
എന്നാല്‍, സൂപ്രണ്ട് ഇതെല്ലാം ലംഘിച്ചതായി RTI പ്രകാരമുള്ള മറുപടിയില്‍ പറയുന്നു. ഓഫീസിലേക്ക് വരാനും പോകാനും മറ്റാവശ്യങ്ങള്‍ക്കും നിരവധിതവണയാണ് കോട്ടപ്പറമ്പ് ആശുപത്രിയിലെ സൂപ്രണ്ട് ആംബുലന്‍സ് അടക്കമുള്ള വാഹനങ്ങള്‍ ഉപയോഗിച്ചതെന്നാണ് മറുപടിയിലുള്ളത്.