വർഷങ്ങൾക്കു മുമ്പ് 'ദീപനാളം' വാരികയിലൂടെ ഖണ്ഡശഃ പ്രസിദ്ധീകരിച്ച മുട്ടത്തുവർക്കിയുടെ നോവലാണ് വേലി. ഈ കഥ സാരമായ മാറ്റങ്ങളോടെ 'കോട്ടയം കുഞ്ഞച്ചൻ' എന്ന പേരിൽ സിനിമയാക്കിയപ്പോൾ മമ്മൂട്ടിയാണ് ടൈറ്റിൽ റോളിൽ അഭിനയിച്ചത്.
കൂനംമൂച്ചി മിഖായേലിന്റെ സന്തതികളാണ് ത്രേസ്യാമ്മ, മോളിക്കുട്ടി, സൂസി, കുട്ടപ്പൻ എന്നിവരൊക്കെ. ഇവരിൽ ത്രേസ്യാമ്മയെ കോട്ടയത്തുള്ള ജോണിക്കു വിവാഹം ചെയ്തയച്ചു. മറ്റു രണ്ടുപേർ പുര നിറഞ്ഞു നിൽക്കുന്നു.
ഒരു നിസാരപ്രശ്‌നം അവരുടെ തൊട്ടയലത്തു താമസിക്കുന്ന പാപ്പൻ ചേട്ടനുമായി വലിയ വഴക്കിനു കാരണമായി. പാപ്പൻ മിഖായേലിനെ തല്ലി. അയാൾ ക്ഷമിച്ചെങ്കിലും ഭാര്യ ഏലിയാമ്മ വെട്ടുകത്തിയുമായി പാപ്പച്ചനെ വെട്ടാൻ ചെന്നു. നാട്ടുകാർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പാപ്പൻചേട്ടന്റെ വീട്ടിലേക്കു കയറുന്നത് കൂനംമൂച്ചിക്കാരുടെ പറമ്പിന്റെ അതിർത്തിയിൽക്കൂടിയാണ്. വേറെയും വഴിയുണ്ടെങ്കിലും അതു ദുർഘടം പിടിച്ചതാണ്. ഏലിയാമ്മ അവരുടെ പറമ്പിൽക്കൂടി പാപ്പച്ചന്റെ വസ്തുവിലേക്കു കയറുന്ന സ്ഥലം വേലി കെട്ടി അടച്ചു. ലാലമ്മ സ്‌കൂളിൽ നിന്നും തിരികെ വന്നപ്പോൾ വീട്ടിൽ പ്രവേശിക്കാൻ മാർഗ്ഗമില്ലാതെ കരച്ചിലായി. പാപ്പച്ചന്റെ ജോലിക്കാർ വേലിപൊളിക്കാൻ മുന്നോട്ടു വന്നു. പക്ഷേ വെട്ടുകത്തിയുമായി നിന്ന ഏലിയാമ്മയുടെ മുന്നിൽ അവർ തോറ്റുപോയി. എന്നാൽ വൈകിട്ടു പാപ്പൻ ചേട്ടൻ വന്നതോടെ അയാളും വേലക്കാരനും കൂടി വേലി പൊളിച്ചു തോട്ടിലെറിഞ്ഞു. വെട്ടുകത്തിയുമായി ഏലിയാമ്മ ചാടിയെങ്കിലും മക്കളും ഭർത്താവും ചേർന്ന് അവരെ പിടിച്ചു നിറുത്തി.
സഹോദരങ്ങളായ ഉണ്ണിയെയും കോരയെയും വിളിക്കാൻ ഏലിയാമ്മ ഉപ്പുകണ്ടത്തിനു പോയി. വൈകിട്ട് അവർ സ്ഥലത്തെത്തി. രാത്രിയിൽത്തന്നെ വീണ്ടും വേലി കെട്ടുകയും ചെയ്തു.
ഇതിനിടയിലാണ് സൂസിക്കു വന്ന ഒരു പ്രേമലേഖനം മോളിക്കുട്ടി കാണുന്നത്. അവൾ അനുജത്തിയെ ഒത്തിരി ശകാരിച്ചു. നാട്ടിൽ പലചരക്കുകട നടത്തുന്ന ജോയിക്കുട്ടിക്കു മോളിക്കുട്ടിയെ ഇഷ്ടമാണ്. അവൻ വിവാഹാലോചനയുമായി തന്റെ അച്ഛനെ അയച്ചെങ്കിലും അവിടുത്തെ കലുഷിതമായ അന്തരീക്ഷത്തിൽ ഒരു തീരുമാനമായില്ല.
രാവിലെ പാപ്പൻ ചേട്ടൻ വേലി പൊളിക്കാൻ വേലക്കാരുമായി എത്തി. എന്നാൽ ഏലിയാമ്മയുടെയും ചട്ടമ്പിമാരായ ആങ്ങളമാരുടെയും കൈവശമിരുന്ന ആയുധങ്ങൾ കണ്ട് അയാൾ മടങ്ങി. ഉച്ചയോടെ പാപ്പച്ചന്റെ നിർദ്ദേശപ്രകാരം പഞ്ചായത്തുമെംബർ കൊച്ചുപാപ്പി കുറെ റൗഡികളുമായി എത്തി വേലി പൊളിക്കാൻ ശ്രമിച്ചു. എന്നാൽ ഉപ്പുകണ്ടം ബ്രദേഴ്‌സ് അവരെ തല്ലിയോടിച്ചു. നാലുമണിയോടെ പോലീസെത്തി അവരെ അറസ്റ്റു ചെയ്തുകൊണ്ടുപോയെങ്കിലും ജാമ്യം കിട്ടി.
വൈകിട്ട് വിവരമറിഞ്ഞ് കോട്ടയത്തുനിന്നും മൂത്തമകൾ ത്രേസ്യാമ്മയും ഭർത്താവ് ജോണിയും എത്തി. പെൺകുട്ടികൾ അവിടെ നിന്നാൽ കുഴപ്പമുണ്ടാകുമെന്നു പറഞ്ഞ് മോളിക്കുട്ടിയെ അവർ കോട്ടയത്തിനു കൂട്ടിക്കൊണ്ടുപോയി.
ജോണിയുടെ പരിചയക്കാരനായ കോട്ടയം കുഞ്ഞച്ചൻ എന്ന റൗഡിയെ മോളിക്കുട്ടി അവിടെ വച്ച് പരിചയപ്പെടാനിടയായി. ഒരു കാർ മെക്കാനിക്കു കൂടിയായ അയാൾക്ക് അവളെ പൊടിനോട്ടമുണ്ട്. എന്നാൽ മോളിക്കുട്ടിക്ക് അയാളെ ഒട്ടും ഇഷ്ടമല്ല. നാട്ടിലുള്ള ജോയിക്കുട്ടിയോടു തെല്ലു താല്പര്യമാണു താനും.
ജോയിക്കുട്ടി ഒരുനാൾ അവളെ തേടി വന്നു. എന്നാൽ അപ്പോഴേക്കും ജോണിക്ക് തിരുവനന്തപുരത്തേക്കും ട്രാൻസ്ഫർ ആയിരുന്നു. അവൻ തന്റെ കുടുംബത്തെയും മോളിക്കുട്ടിയെയും കൂട്ടിക്കൊണ്ട് അങ്ങോട്ടു പോയി. അതിനുശേഷമാണ് ജോയിക്കുട്ടിയുടെ വരവ്. അവന് മോളിക്കുട്ടിയെ കാണാനായില്ല. മാത്രമല്ല കുഞ്ഞച്ചനുമായി അവൾ അടുപ്പത്തിലാണോയെന്നു സന്ദേഹവുമായി.
എന്തായാവും മകന്റെ നിർബന്ധത്തിനു വഴങ്ങി കൊങ്ങാണ്ടൂർ കൊച്ച് ജോയിക്കുട്ടിക്കുവേണ്ടി കല്യാണാലോചനുമായി മിഖായേൽ ചേട്ടനെ സമീപിച്ചു. മോളിക്കുട്ടിയെ ആ ചെറുപ്പക്കാരനെക്കൊണ്ടു കെട്ടിക്കുന്നതിൽ അയാൾക്കും സമ്മതമായിരുന്നു.
എന്നാൽ അതിനിടെയാണ് അനുജത്തി സൂസിയെയും കാമുകനെയും കൂടി പോലീസ് നഗരത്തിലെ ഒരു ലോഡ്ജിൽ നിന്നും പിടികൂടുന്നത്. അതോടെ വഴിപിഴച്ച പെണ്ണിന്റെ സഹോദരിയെ തന്റെ മകനു വേണ്ടന്നായി കൊച്ച്. എന്നാൽ മോളിക്കുട്ടിയെ മാത്രമേ താൻ വിവാഹം കഴിക്കൂവെന്നു പറഞ്ഞ് ജോയിക്കുട്ടിയും അവളുടെ മാതാപിതാക്കളെ കണ്ടു.
ഇതിനിടെ പാറേൽപ്പള്ളി പെരുന്നാൾ കൂടാൻ തിരുവനന്തപുരത്തു നിന്നും മോളിക്കുട്ടി നാട്ടിലെത്തി. രാത്രിയിൽ വെടിക്കെട്ടിനിടയിൽ മോളിക്കുട്ടിയെ ആരോ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു. പെട്ടെന്നു രംഗത്തെത്തിയ കോട്ടയം കുഞ്ഞച്ചനാണ് അവളെ രക്ഷിച്ചത്. ബഹളം കേട്ട് രംഗത്തെത്തിയ ജോയിക്കുട്ടിയാണു വില്ലനെന്നു കരുതി കുഞ്ഞച്ചൻ അവനിട്ടും കൊടുത്തു തല്ല്. തങ്ങളെ രക്ഷിച്ചു വീട്ടിലെത്തിച്ച കുഞ്ഞച്ചനോടു മോളിക്കുട്ടി ഒഴിച്ച് അവളുടെ വീട്ടുകാർക്കെല്ലാം താൽപര്യമായി.
എന്നാലും മോളിക്കുട്ടിക്ക് അയാളോടു വെറുപ്പു കൂടി വന്നതേയുള്ളൂ. താൻ റൗഡിസമൊക്കെ ഉപേക്ഷിച്ച് നല്ലവനായി ജീവിക്കുമെന്ന് അവൻ പറഞ്ഞിട്ടും അവൾക്ക് വിശ്വാസം വരുന്നില്ല.
മാത്രമല്ല വെടിക്കെട്ടു രാത്രിയിലെ സംഭവത്തിൽ താൻ നിരപരാധിയാണെന്ന് അറിയിച്ചതോടെ ജോയിക്കുട്ടിയോട് അവൾക്ക് താൽപര്യമേറുകയും ചെയ്തു. ഇതിനിടയിൽ അമ്മാവന്മാരായ ഉപ്പുകണ്ടം ബ്രദേഴ്‌സും അവൾക്ക് അനുയോജ്യനായ ഒരു വരനെത്തേടി.
ഡ്രൈവിംഗ് സ്‌കൂൾ നടത്തുന്ന കുഞ്ഞച്ചൻ ഡ്രൈവിംഗ് പഠിക്കാൻ അവിടുന്നു പത്തിരുപതു പേരെ കിട്ടിയപ്പോൾ താമസം രണ്ടുമാസത്തേക്ക് പാപ്പൻ ചേട്ടന്റെ വീട്ടിലാക്കാൻ തീരുമാനിച്ചു. അതറിഞ്ഞപ്പോൾ ഏലിയാമ്മയും മറ്റും അവനെ നിർബന്ധിച്ച് തങ്ങളുടെ ചായ്പിൽ താമസിപ്പിച്ചു. മദ്യപാനം നിറുത്താമെന്നും ഇടവകപ്പള്ളിയിലെ ധ്യാനത്തിനു പോകാമെന്നുമൊക്കെ അവൻ മിഖായേൽ ചേട്ടന് ഉറപ്പുകൊടുത്തു.
എന്നാൽ മോളിക്കുട്ടിയുടെ നീരസം തുടരുകയും നാട്ടുകാർ അപവാദം പറയുകയും ചെയ്തതോടെ കുഞ്ഞച്ചൻ അവിടുത്തെ താമസം മതിയാക്കി സ്ഥലം വിട്ടു.
സൂസിയുമായുള്ള ചില തെറ്റിദ്ധാരണകളുടെ പേരിൽ ഉപ്പുകണ്ടം ബ്രദേഴ്‌സ് എത്തി കുഞ്ഞച്ചന്റെ കാലു തല്ലിയൊടിക്കുകയും അവളെ ഹൈറേഞ്ചിനു കൊണ്ടുപോയി അവിടെ കന്യാസ്ത്രീകൾ നടത്തുന്ന ഒരു ബോർഡിംഗിൽ ആക്കുകയും ചെയ്തു.
ഏതാനും ദിവസം ചേച്ചിയോടൊപ്പം കഴിയാൻ മോളിക്കുട്ടി തിരുവനന്തപുരത്തേക്കു തിരിച്ചു. അവൾ വൈകുന്നേരത്തോടെ അവിടെ എത്തുമെന്നും ജോണി ബസ്സ്റ്റാൻഡിൽ കാത്തു നിൽക്കണമെന്നും നേരത്തെ കത്തയച്ചിരുന്നു. എന്നാൽ അവിടെ എത്തിയപ്പോഴാണ് ചേച്ചിയും കുടുംബവും സ്ഥലം മാറി ഒരാഴ്ച മുമ്പ് മലബാറിലേക്കു പോയതായി അവൾ അറിയുന്നത്.
ആ രാത്രിയിൽ പലരും അവളെ വല വീശാൻ ശ്രമിച്ചു. അപ്പോഴും രക്ഷകനായത് ഡ്രൈവിംഗ് സ്‌കൂളിലെ കാറുമായി അതുവഴി എത്തിയ കുഞ്ഞച്ചനാണ്. അയാൾ അവളെ തന്റെ വാടക വീട്ടിൽ താമസിപ്പിച്ചു. അങ്ങേയറ്റം മാന്യമായി പെരുമാറി. അതോടെ മോളിക്കുട്ടിക്ക് കുഞ്ഞച്ചനോടുള്ള തെറ്റിദ്ധാരണകൾ നീങ്ങുകയും അവനോട് മതിപ്പാവുകയും ചെയ്തു. നാലഞ്ചു ദിവസം ഒരു സഹോദരിയെപ്പോലെ അവിടെ കഴിഞ്ഞതിനുശേഷമാണ് മോളിക്കുട്ടി നാട്ടിലേക്കു മടങ്ങിയത്.
ഇതിനിടെ ഉപ്പുകണ്ടംകാർ മോളിക്കുട്ടിക്കുവേണ്ടി കൊണ്ടുവന്ന ഒരു വിവാഹാലോചന അതിന്റെ ക്ലൈമാക്‌സിലേക്കു നീങ്ങുകയായിരുന്നു.
മലബാറിൽനിന്നും ത്രേസ്യാമ്മയുടെ കത്തുവന്നു. അതു വായിച്ചപ്പോഴാണ് മോളിക്കുട്ടി മറ്റാരുടെയോ കൂടെയാണ് തിരുവനന്തപുരത്തു പാർത്തതെന്നു വീട്ടുകാർ അറിയുന്നത്. മകൾ കോട്ടയം കുഞ്ഞച്ചന്റെ കൂടെയായിരുന്നു എന്നറിഞ്ഞ മിഖായേൽ ചേട്ടൻ ഹൃദയസ്തംഭനം മൂലം നിര്യാതനായി.
അയാളുടെ ശവസംസ്‌കാര കർമ്മങ്ങൾക്കു വേണ്ട മുൻകൈയെടുത്തത് അയൽവാസിയായ പാപ്പൻ ചേട്ടനാണ്.
അവരുടെ പിണക്കങ്ങളെല്ലാം ആ മരണത്തോടെ ഒടുങ്ങി.
ഓടാങ്കര സെമിത്തേരിയിലെ മിഖായേൽ ചേട്ടന്റെ ശവകുടീരത്തിനു മുകളിൽ പുല്ലു മുളയ്ക്കുകയും കിളിർത്തു പടരുകയും പച്ചപ്പരവതാനി വിരിക്കുകയും ചെയ്തു. ആ അയൽവാസികളുടെ അതിർത്തികൾ തിരിച്ചു നിർമ്മിച്ച വേലി കാലപ്പഴക്കത്തിൽ പകുതിയും നശിച്ചു.
സൂസി സ്വന്തം ഇഷ്ടപ്രകാരം കന്യാസ്ത്രീമഠത്തിൽ ചേർന്നു. കുഞ്ഞച്ചൻ മോളിക്കുട്ടിയുടെ കരംഗ്രഹിച്ചു. പകയുടെയും വിദ്വേഷത്തിന്റെയും നാളുകൾ പിന്നിട്ട് എങ്ങും ശാന്തിയും സമാധാനവും കളിയാടി.
Read More: https://emalayalee.com/writer/285