സിനിമ രംഗത്ത് മാധ്യമപ്രവർത്തനം നടത്തുന്ന ശ്രീ ജെ. പല്ലിശേരി ഒരിക്കൽ ചോദിച്ചു “സ്ത്രീപുരുഷന്മാർ തമ്മിലുള്ള ലൈംഗികവേഴ്ച എങ്ങനെ പീഡനമാകുന്നു. അത് രണ്ടുപേർക്കും ആനന്ദം പകരുന്നതല്ലേ.” അതിനു അദ്ദേഹത്തിന് കിട്ടിയ മറുപടി പലപ്പോഴും സ്ത്രീകൾ വിധേയരാകുകയാണ്, വഴങ്ങുകയാണ് അതുകൊണ്ട് അത് പീഡനമായി വ്യാഖാനിക്കപ്പെടുന്നു എന്നാണു. പരസ്പരസ്നേഹമില്ലാത്ത ബന്ധങ്ങൾ എല്ലാം യാന്ത്രികമാണ്. പീഡനമാണ്, ഇന്നത്തെ ചൂടുള്ള വാർത്തകളായി സ്ഥാനം പിടിയ്ക്കുന്നത് ഏതു നടൻ ഏതു നടിയെ പീഡിപ്പിച്ചുവെന്നാണ്, വാസ്തവത്തിൽ സമൂഹം അതിരുകടന്ന പ്രാധാന്യം ഇതിനു കൊടുക്കുന്നതുകൊണ്ടാണ് ഇതൊക്കെ വർത്തയാകുന്നത്. അല്ലെങ്കിൽ അത് നടനും നടിയും നിയമവ്യവസ്ഥകളുമായി തീരേണ്ട കാര്യമാണ്. എന്നാൽ എല്ലാ കാര്യവും സമൂഹത്തെ ബോധിപ്പിക്കുക എന്ന ഒരു വിശ്വാസം മനുഷ്യരിൽ എന്നോ ഉത്ഭവിച്ചുപോയി. അതായത് ഒരാൾ നല്ലവനാണെന്നു സമൂഹത്തിനെ കൊണ്ട് പറയിപ്പിക്കുക. അതിനെ സദാചാരം എന്നും പറയുന്നു. എന്തായാലും മനുഷ്യർ ഇടപഴകുന്ന എല്ലാ മേഖലകളിലും ഈ പീഡനം എന്ന സാധനം ഉണ്ട്.
എന്നാൽ വെള്ളിത്തിരകളിലേ താരങ്ങളുടെ കഥകളാണ് ജനങ്ങൾക്ക് ഇഷ്ടം. അത്പോലെ പ്രശസ്തരുടെ കഥകളും. അറിയപെടാത്തവരുടെ ചുറ്റിക്കളികൾ ആർക്കും അറിയേണ്ട അതിനു കുളിരില്ല, ചൂടില്ല. എഴുത്തുകാരും പ്രശസ്തരാണെങ്കിൽ അവരെക്കുറിച്ചു എന്തെങ്കിലും കിംവദന്തികൾ ഉണ്ടായൽ ചെറിയ പുകയും തീയുമുണ്ടായേക്കാം. അത്ര തന്നെ അതിൽ കൂടുതൽ ഒന്നുമുണ്ടാകാൻ പോകുന്നില്ല. അല്ലെങ്കിൽ തന്നെ ജനങ്ങൾക്ക് എഴുത്തും വായനയും അത്ര പിടിക്കില്ലല്ലോ. പരസ്പരസമ്മതത്തോടെ രതിസുഖം അനുഭവിച്ച അർദ്ധവൃദ്ധരായ രണ്ടു എഴുത്തുകാരുടെ കഥ രസകരമാണ്. ധാരാളം മലയാളികൾ തിങ്ങിപ്പാർക്കുന്ന ഭാരതത്തിലെ ഒരു കോസ്മോപോളിറ്റൻ സിറ്റിയിലെ മലയാളം എഴുത്തുകാർ. സിനിമയുടെ ഗ്ലാമർ ഒന്നുമില്ലാത്ത എഴുത്തുകാരുടെ ലോകം. ആർ എവിടെ പോകുന്നുവെന്ന് ആരും ശ്രദ്ധിച്ചിരുന്നില്ല. അമ്പതാം വയസ്സിലും താരുണ്യം തളം കെട്ടി നിന്ന പൂവുടലുള്ള സുന്ദരി. തളിര് പോലെയുള്ള ഈ തമ്പുരാട്ടിയെ പതിനായിരം ജന്മം എടുത്താലും തൊടാൻ പോലും അർഹതയില്ലാത്ത സർപ്പദൃഷ്ടിയുള്ള പാമ്പിന്റെ രൂപമുള്ള ഒരു കാട്ടുമാക്കാൻ ആസ്വദിക്കുന്നു. അവർ തമ്മിൽ ഉണ്ടായിരുന്ന ബന്ധം കാമമായിരുന്നു. അത് അഞ്ചുവർഷം തുടർന്നു. ഉറ്റവരും ചുറ്റുപാടും അറിഞ്ഞില്ല. അവർ തമ്മിൽ അങ്ങനെയൊരു ബന്ധം ചുറ്റുമുളവർക്കുപോലും ഊഹിക്കാൻ കഴിയുന്നതായിരുന്നില്ല. അതവർക്ക് ഗുണം ചെയ്തു. പ്രേമം ആസ്വദിച്ചു ആനന്ദിച്ചവരും കവി രാജാക്കന്മാരും അതേക്കുറിച്ച് രഹസ്യമായി അറിഞ്ഞെങ്കിലും പരിചയമുള്ളവരുടെ ബഹുമാനം കളയുന്നതെന്തിന് എന്ന് കരുതി മൗനം പാലിച്ചു.
മലയാളം അറിയാത്ത അവരുടെ ഭർത്താവും കുടുംബവും ഒട്ടും അറിഞ്ഞില്ല. എന്നാൽ പുരുഷന്മാരുടെ ഒരു ദൗർബല്യമാണ് അവരുടെ അവിഹിത ബന്ധങ്ങളുടെ കഥ കൂട്ടുകാരോട് പറയുക. അഞ്ചുവർഷമായിട്ടും മൂക്കുത്തിയിട്ട പട്ടത്തിക്കുട്ടിയെപ്പോലുള്ള ഒരു പെണ്ണിനെ താൻ ആസ്വദിക്കുന്ന കാര്യം തന്റെ അടുത്ത കൂട്ടുകാർ അറിയണമെന്ന് അയാൾക്ക് തോന്നി. സിനിമാനടികൾ പീഡന കഥയുമായി വരുന്നപോലെ ഇയാൾ തന്റെ അടുത്ത കൂട്ടുകാരോട് ഈ രഹസ്യം പൊട്ടിച്ചു. അവർക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല. മുഖത്ത് കണ്ണുള്ള ഒരു പെണ്ണും തന്നെ നോക്കുകപോലുമില്ല എന്നിട്ടല്ലേ സഹശയനത്തിനു വരുന്നത്. അയാൾ വാട്സാപ്പ് തുറന്നു കാണിച്ചു. തമ്പുരാട്ടിയുടെ ലൈംഗികചുവയുള്ള സന്ദേശങ്ങൾ, അയാളെ പ്രലോഭിപ്പിക്കുന്ന സന്ദേശങ്ങൾ. അതു വായിച്ചു കണ്ണുതള്ളിയ കൂട്ടുകാർ ചോദിച്ചു എന്നാലും ഇതെങ്ങനെ സംഭവിച്ചു. കാട്ടുമാക്കന്റെ മറുപടി കേട്ട് കൂട്ടുകാർ ഞെട്ടി. വെറും കാമം മാത്രം. ഇതിൽ സ്നേഹമൊന്നുമില്ല. പക്ഷെ അവൾ എന്നെ വിശ്വസിക്കുന്നു. ആരും അറിയരുതെന്ന്. പിന്നെ താൻ എന്തിനു ഇത് പറഞ്ഞു. നമ്മൾ ചെയ്യുന്നത് നാലാൾ അറിഞ്ഞില്ലേൽ എന്ത് ത്രില്ല്. പക്ഷെ ഈ ന്യുസ് അവളുടെ മാനാഭിമാനങ്ങൾ നഷ്ടപ്പെടുത്തും. വാർത്ത നാനാഭാഗത്തേയ്ക്കും പറന്നു. അമേരിക്കയിലും എത്തി. അമേരിക്കൻ മലയാളി എഴുത്തുകാരുടെ പ്രണയകാലം കഴിഞ്ഞുപോയ ലക്ഷണമാണ്. ആർക്കും ആരോടും പ്രണയമുള്ളതായി ഒരു വാർത്തയുമില്ല. എല്ലാവരും കുടുംബശ്രീകോവിലിൽ തൊഴുതു നിൽക്കയായിരിക്കും.
വനിതാ എഴുത്തുകാർക്ക് ചില ലക്ഷ്മണരേഖകൾ ഒക്കെ പുരുഷന്മാർ വരച്ചുവച്ചിട്ടുണ്ട്. അവർ രതിയും പ്രണയവുമൊക്കെ കഥകളിൽ എഴുതിയാൽ അവരെ പിഴച്ചവരായി കാണുക സമൂഹം എന്ന വല്യേട്ടന്റെ സ്വഭാവമാണ്. കഥകളിൽ ആവശ്യമായ രംഗങ്ങൾ മറയില്ലാതെ എഴുതിയ മാധവി ക്കുട്ടിയെ വായനക്കാരുടെ ലോകം നിഷ്കരുണം ക്രൂശിച്ചിരുന്നു. അവർക്ക് കാമദാഹമാണെന്നൊക്കെ വിധിയെഴുതിയിരുന്നു. അവസാനം അവർ മതം മാറിയതും ഒരാളുമായുണ്ടായ രതിയെ തുടർന്നാണെന്നും ജനം വിശ്വസിച്ചു. ധാരാളം രചനകൾ അക്കാര്യം തെളിയിച്ചുകൊണ്ട് പുറത്തുവന്നു.
മലയാളസാഹിത്യത്തിന്റെ ആരംഭകാലത്ത് എഴുത്തുകാരായ സ്ത്രീകളോടും അവരുടെ രചനകളോടും പുരുഷയെഴുത്തുകാർ സ്വീകാര്യത കാണിച്ചിരുന്നില്ല. സ്വയം എഴുതിയ ഒരു ശ്ലോകം ഒരു സ്ത്രീ അമ്പാടി കുഞ്ഞികൃഷ്ണപൊതുവാളേ കാണിച്ച ഒരു കഥ കേട്ടിട്ടുണ്ട്. അതുകണ്ടു അദ്ദേഹം അവരെ നിരുത്സാഹപ്പെടുത്തിയത് താഴെ പറയുന്ന വരികൾ എഴുതിയാണത്രെ.
തരുണീമണി മേലിൽഇത്തരം കൊ -
ള്ളരുതാതുള്ളവ തീർത്തുകൊണ്ടിരുന്നാൽ
മുറിമുണ്ടുകളല്ല, നല്ല വേലി-
ത്തറികൊണ്ടൊന്നു തരും തരം വരുമ്പോൾ.
അന്നത്തെ എഴുത്തുകാർക്ക് ഒരു പക്ഷെ സ്ത്രീ ഒരു ഉപഭോഗവസ്തുവാണെന്ന ബോധമില്ലായിരിന്നിരിക്കാം. ഇന്നാണെങ്കിൽ എനിക്ക് പാ വിരിച്ചാൽ നിന്റെ കൃതിക്ക് അവാർഡ് വാങ്ങി തരാമെന്ന വാഗ്ദാനം ഉണ്ടാകുമായിരുന്നു. രണ്ടു പ്രശസ്ത എഴുത്തുകാരെ കുറിച്ച് സോഷ്യൽ മീഡിയയിൽ സ്ത്രീപീഡന കേസുകൾ വന്നിരുന്നു. ഒരാൾ പ്രശസ്ത കഥാകൃത്താണ്. അദ്ദേഹം തന്റെ പുസ്തകം പ്രസാധനം ചെയ്ത സ്ത്രീയോട് അപമര്യാദായായി പെരുമാറിയെന്ന് അവർ പരാതിപ്പെട്ടു. അതേപോലെ മറ്റൊരു പ്രശസ്തനായ നാടകകൃത്ത് ഒരു സാഹിത്യക്യാമ്പിൽ വച്ച് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറി. അപമര്യാദ അപമര്യാദ എന്ന് പറഞ്ഞാൽ നമ്പൂതിരി പറയുന്നപോലെ "ച്ചാൽ സംഗതി തരപ്പെടോ" എന്ന് തന്നെ. രണ്ടാമത്തെ സംഭവത്തിൽ ജാതിയും ഒരു കുരിശ്ശായി വന്നു. വനിതയുടെ ജാതി മനുഷ്യരുടെ അളവ് പ്രകാരം അസാരം താഴെയായിരുന്നു. പോരെ പുകിൽ, ഭാരതത്തിന്റെ ഭരണഘട്ടനവരെ തലപൊക്കും. സുന്ദരനായ ഒരു നാടകകൃത്തിനോട് വളരെ നിർല്ലജ്ജമായി ഒരു സ്ത്രീ പ്രേമാഭ്യർത്ഥന നടത്തി. നാടകകൃത്തു വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. കുറെ നാൾ ഒരു അവിഹിതം കൊണ്ടുനടക്കാമായിരുന്നു. എന്നാൽ അദ്ദേഹം തന്റെ കലയോടുള്ള പ്രതിജ്ഞാബദ്ധത മൂലം അവളെ ഉപേക്ഷിക്കയാണുണ്ടായത് അദ്ദേഹം അമേരിക്കയിൽ യാതൊരു കുറ്റബോധവും അലട്ടാതെ സംതൃപ്ത ജീവിതം നയിക്കുന്നു. പ്രലോഭനങ്ങളെ അതിജീവിക്കുന്നത് മാന്യതയുള്ള പുരുഷന്മാരുടെ ലക്ഷണം. നമ്മൾ നേരത്തെ വായിച്ച കാട്ടുമാക്കാനെ പോലുള്ളവർ പാവം പെൺകുട്ടികളുടെ ദൗർബല്യങ്ങളെ അവസരമായി കണ്ടു അത് തനിക്കായി ഉപയോഗിച്ച് മ്ലേച്ഛത സമൂഹത്തിൽ പരത്തുന്നു.
“തോട്ടക്കാട്ടെ കവനമണി കവയ്ക്കട്ടെ കാണട്ടെ വൃത്തം” എന്ന് അശ്ലീലം പറഞ്ഞ ചാത്തുക്കുട്ടി മന്നാടിയാർക്ക് ചുട്ട മറുപടി കൊടുത്ത് അവർ. കവച്ചു, കവച്ചത് മതിയോ നിനക്ക് എന്നവർ എഴുതിക്കൊടുത്തു. (ഇത് അൽപ്പം അശ്ലീലമാക്കി ചിലർ ഇങ്ങനെ മുറിച്ച് പറയുകയുണ്ടായി. " ഇനി മതി യോനി നക്ക്. “
1886 ലാണ് സ്ത്രീകൾക്കുവേണ്ടിയുള്ള ആദ്യത്തെ പ്രസിദ്ധീകരണം തിരുവനന്തപുരത്തുനിന്നും ആരംഭിച്ചത്. അതിനുമുമ്പ് നിലവിൽ നിന്നിരുന്ന വിദ്യാവിനോദിനി ഭാഷാപോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ സ്ത്രീകൾ അവരുടെ രചനകൾ പ്രസിദ്ധീകരിച്ചിരുന്നു. 1909 ലാണ് സ്വദേശാഭിമാനി രാമകൃഷണപിള്ളയുടെ പത്നി കല്യാണിക്കുട്ടിയമ്മയുടെ നേതൃത്വത്തിൽ ശാരദ എന്ന മാസിക ആരംഭിച്ചത്. ഇതിലെല്ലാം സ്ത്രീകളുടെ രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. അവർക്കൊന്നും സിനിമാനടികളെപോലെയുള്ള പ്രശ്നങ്ങൾ ഇല്ലായിരുന്നു. സ്ത്രീകൾ ലിംഗ അസമത്വം, പുരുഷാധിപത്യം, നിസ്സാരവൽക്കരണം, സാമൂഹ്യ രാഷ്ട്രീയ സാമ്പത്തിക മേഖലകളിൽ പങ്കാളിത്തം നിഷേധിക്കൽ തുടങ്ങിയ വിവേചനം അനുഭവിച്ചിരുന്നു. എന്നാൽ കലാരംഗത്തെപോലെ എഴുത്തുകാരികൾ ചൂഷണം ചെയ്യപ്പെട്ടിലായിരുന്നു. നേരത്തെ സൂചിപ്പിച്ചപോലെ പരസ്പര സമ്മതത്തോടയുള്ള ക്രമീകരണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് ആരുടെയും കണ്ണിൽ പെടുന്നില്ല.
എന്നാൽ സാഹിത്യത്തിൽ സ്ത്രീകൾക്ക് അർഹമായ സ്ഥാനം നിഷേധിക്കപ്പെട്ടതായി അനുഭവപ്പെട്ടപ്പോൾ അവർ ഫെമിനിസം എന്ന ഒരു ശാഖാ രൂപീകരിക്കയുണ്ടായി. സാഹിത്യം കലാപരമായി ഒരാളുടെ വിചാരങ്ങളും ഭാവനകളും ഭാഷയുടെ സഹയാത്താൽ ആവിഷ്കരിക്കുന്നതാണ്. സ്ത്രീകൾക്ക് നേരെയുള്ള അനീതിയോടും അന്യായത്തോടും ശക്തിമത്തായി പ്രതികരിക്കാൻ അവർ സാഹിത്യം ഉപയോഗിക്കുന്നു.അങ്ങനെ സ്ത്രീകൾ കരുത്ത് തെളിയിക്കുന്നു. അബലകളായ സ്ത്രീകൾ മാത്രം പുരുഷന്മാരുടെ ലൈംഗിക ചൂഷണത്തിന് വിധേയയാകുന്നത് പലപ്പോഴും അവരുടെ പൂർണ്ണ സമ്മതത്തോടയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം അത്തരം സംഭവങ്ങൾ വിരളമായേ നമ്മൾ അറിയുന്നുള്ളു. സ്ത്രീയും സാഹിത്യവും എന്ന വിഷയം പരിശോധിക്കുമ്പോൾ സ്ത്രീകൾ ലിംഗം, ഗോത്രം, സമൂഹത്തിലെ ജാതിവ്യത്യാസങ്ങൾ എന്നിവ തരണം ചെയ്തു മുന്നേറിയതായി കാണാം. എഴുത്തുകാരികളായ സ്ത്രീകൾ അവരുടെ സർഗ്ഗ ശക്തികൊണ്ട് പുരുഷൻമേധാവിത്തത്തെ വെല്ലുവിളിക്കുന്നു. അവർ മറ്റു കലാകാരികളെപോലെ പീഡനകഥകളുമായി വരാത്ത ധീര വനിതകളാണ് ചുരുക്കം ചില അപവാദങ്ങൾ നമ്മെ ലജ്ജിപ്പിക്കുമെങ്കിലും.
ശുഭം