Image

നബി ചിന്തയിലെ സോഷ്യോളജി (ലേഖനം: ഷുക്കൂർ ഉഗ്രപുരം)

Published on 11 September, 2024
നബി ചിന്തയിലെ സോഷ്യോളജി (ലേഖനം: ഷുക്കൂർ ഉഗ്രപുരം)

ഉയർന്ന മൂല്യബോധത്തിലും   ധാർമികതയിലുമധിഷ്ടിതമായ ഒരു സാമൂഹിക ക്രമം സൃഷ്ടിച്ചെടുക്കാനുള്ള പ്രവാചകന്റെ പ്രയത്നങ്ങൾ അവിടുത്തെ ചിന്തകളിലും പ്രവർത്തനങ്ങളിലും നിഴലിച്ചു കാണാവുന്നതാണ്. ശാസ്ത്രീയമായ സാമൂഹിക ശാസ്ത്ര പഠന രീതിശാസ്ത്രങ്ങളുടെ പിൻബലത്തിൽ ചിന്തിക്കുമ്പോൾ അവ വ്യക്തമായി ഗ്രഹിക്കാവുന്നതാണ്. പ്രവാചക ചിന്തകളെല്ലാം മനുഷ്യകുലത്തിന്റെ  പുരോഗതിക്കും ഉന്നമനത്തിനും വിജയത്തിനും വേണ്ടിയായിരുന്നു.

മനുഷ്യവിഭജനത്തിനെതിരെ

ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് മനുഷ്യ വൈവിദ്യത്തിന്റെ  പേരിലുള്ള വിഭജനങ്ങളാണ്.

കറുത്തവനും വെളുത്തവനും ,ഉയർന്ന ഗോത്രവും താഴ്ന്ന ഗോത്രമെന്നും ,ഉയർന്ന ജാതിയെന്നും താഴ്ന്നജാതിയെന്നുമുള്ള വിഭജനങ്ങളാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് .

എന്നാൽ പ്രവാചകൻ സമൂഹത്തെ പഠിപ്പിച്ചത് നോക്കൂ; മനുഷ്യനെ സർവ്വേശ്വരൻ വ്യത്യസ്ഥ വർണ്ണളിലും ,രൂപങ്ങളിലും ഭാഷകളിലുമായി സൃഷ്ടിത് പരസ്പരം തിരിച്ചറിയപ്പെടാൻ വേണ്ടി മാത്രമാണ്. ഈ ചിന്ത ഉൾക്കൊണ്ട ഒരു വ്യക്തിക്കും വർണ്ണവിവേചനവും, വർഗ്ഗ,ഭാഷ ,ദേശ വിവേജനവുമൊന്നും നടത്താൻ സാധ്യമല്ല.

പീഢനം സഹിക്കവയ്യാതെ മക്കയിൽ നിന്നും മദീനയിലേക്ക് പ്രവാചകനും അനുയായികളും പലായനം ചെയ്തു ,പിന്നീട് വർഷങ്ങൾ കഴിഞ്ഞ് സർവസന്നാഹങ്ങളോടെ  പിറന്ന മണ്ണിൽ ജീവിക്കാനുള്ള സ്വാതന്ത്ര സമരമാരംഭിച്ചു.ആയുധ ബലത്തിനപ്പുറം കൈയിലുണ്ടായിരുന്ന പ്രത്യയശാസ്ത്ര പിൻബലം മക്ക ജയിച്ചടക്കാൻ പ്രവാചക സൈന്യത്തെ സഹായിച്ചു.മക്കാവിജയത്തിനു ശേഷം അവിടെ കൂടിയിരുന്ന വലിയ ജന സമൂഹത്തെ സാക്ഷി നിർത്തിക്കൊണ്ട് പ്രവാചകൻ കറുത്ത നീഗ്രോ അടിമ വംശജനായ ബിലാലിനെ അടുത്തേക്ക് വിളിച്ചുകൊണ്ട് പറഞ്ഞു, ബിലാലെ നീ ഈ വിശുദ്ധ ഗേഹമായ കഅ്ബാ ശരീഫ്നു മുകളിൽ കയറി ബാങ്കൊലി മുഴക്കുക.

അറേബ്യയിലെ ഏറ്റവും ഉയർന്ന ഗോത്രക്കാരനായ ഖുറൈശി വിഭാഗത്തിൽപെട്ട വെളുത്ത അതുല്ല്യ സുമുഖനായ  പ്രവാചകൻ തന്റെചുമലിൽ ചവിട്ടിക്കയറാൻ ഒരു കറുത്ത  നീഗ്രോ അടിമയായ ബിലാലിനെ കൊണ്ടാജ്ഞാപിച്ചത് യഥാർത്ഥത്തിൽ ഗോത്ര മഹിമക്കും , വർണ്ണ വിവേചനത്തിനുമെതിരെയുള്ള ദൃശ്യമായ താക്കീത് നൽകാനും കൂടിയായിരുന്നു.
അതും 1400 വർഷങ്ങൾക്ക് മുൻപ് ഒരു ഇരുളടഞ്ഞ സമൂഹത്തിന് മുൻപിൽ!!

പ്രവാചകൻ പറഞ്ഞു വെളുത്തവന് കറുത്തവനേക്കാളോ നേരെമറിച്ചോ,അറബിക് അനറബിയെക്കാളോ നേരെ മറിച്ചോ ഒരു പ്രാധാന്യവുമില്ല !കൂടുതൽ ദൈവഭക്തി ആർക്കാണോ ഉള്ളത് അവർക്കാണ് സർവ്വേശ്വരന്റെ  മുൻപിൽ കൂടുതൽ സ്ഥാനമുള്ളത്!! മദ്യപിക്കരുത്, ലഹരി ഉപയോഗിക്കരുത് ,ചൂതാട്ട മരുത് ,അന്യന്റെ സ്വത്തപഹരിക്കരുത്,സമയ ബോധം സൂക്ഷിച്ച് കൊണ്ട് അഞ്ച് നേരം പ്രാർത്ഥിക്കണം, തന്റെ മാതാപിതാക്കളെ സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യണം ,ദാനധർമ്മങ്ങൾ നൽകണം ,മുതിർന്നവരെ ബഹുമാനിക്കണം ,താഴ്ന്നവരോട് കരുണ കാണിക്കണം തുടങ്ങീ ദൈവഭക്തിയുടെ മാർഗ്ഗങ്ങളായി പ്രവാചകൻ അവതരിപ്പിച്ച അധ്യാപനങ്ങളെല്ലാം ഒരുറച്ച സാമൂഹിക ക്രമം      (Bold social order) സ്യഷ്ടിച്ചെടുക്കാൻ കൂടി വേണ്ടിയായിരുന്നെന്ന് സാമൂഹിക ശാസ്ത്ര വിശകലനത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.

അന്യ ഗോത്രക്കാരന്റെ ഒട്ടകം മറ്റൊരു ഗോത്രക്കാരന്റെ പറമ്പിലെ ഒരില ഭക്ഷിച്ചാൽ അതിന്റെ  പേരിൽ വർഷങ്ങളോളം നീണ്ടുനിൽക്കുന്ന യുദ്ധം നടന്നു കൊണ്ടിരുന്ന ഒരു സമൂഹത്തെയാണ് പ്രവാചകൻ തന്റെ സാമൂഹികശാത്ര ചിന്ത ( sociological thought) യിലൂടെ മാറ്റിയെടുക്കാൻ പരിശ്രമിച്ചത്.

തനിച്ചിരുന്ന് നിങ്ങൾ ഭക്ഷണം കഴിക്കരുത്, മറിച്ച് ഒന്നിലേറെ പേർ ഒരേ പാത്രത്തിൽ നിന്നും ഭുജിക്കണമെന്നും അതാണ് ഉന്നത സംസ്ക്കാരമെന്നും പഠിപ്പിച്ചു.അതിനാൽ തന്നെ കിഴാളനായ ഒരു ഭിക്ഷക്കാരന്റെ കൂടെ ഒരേ പാത്രത്തിൽ നിന്നും ഒരു ഉന്നത കുലജാതനായ രാജാവ്  ഭക്ഷണം കഴിക്കുന്നതിൽ പ്രവാചക ചിന്ത ഉൾക്കൊണ്ട ഒരാൾക്ക് അത്ഭുതമൊന്നും തോന്നില്ല!

അടിമ വ്യവസ്ഥ നിലനിന്ന സമൂഹത്തോടാണ് പ്രവാചകൻ ഇങ്ങനെ കൽപിച്ചത് എന്ന് ഏറെ ആശ്ചര്യകരമാണ്.അഞ്ചു നേരവും പ്രാർത്ഥനക്കായുള്ള  ബാങ്കൊലിയുടെ പൊരുളും അടിമത്ത്വത്തിനും വംശീയ വിവേചനത്തിനുമെതിരായുള്ള ഓർമ്മപ്പെടുത്തലാണ്.

മനുഷ്യന്റെ ഒരേയൊരു യജമാനൻ സർവ്വേശ്വരനാണ്; മനുഷ്യൻ സർവ്വേശ്വരന്റെ മാത്രമടിമയും എന്നാണ് പ്രവാചകൻ പഠിപ്പിച്ചത്.

ബാങ്കൊലിയിലെവാചകംനോക്കൂ;സർവ്വേശ്വരനാണ്സമുന്നതൻ,അവൻമാത്രമാണ്സമുന്നതൻ. ആരാധ്യനായവൻ  മാത്രമേയുള്ളൂ...

മസ്ജിദിന്റെ മിനാരങ്ങളിലൂടെ ബാങ്കൊലി  ഒഴുകിയെത്തുമ്പോൾ അടിമത്വ ബോധത്തിനെതിരെയുള്ള ഒരു ഓർമ്മപ്പെടുത്തലായ് അത് പരിണമിക്കും.പ്രവാചക തത്ത്വചിന്ത ഉൾക്കൊള്ളുന്ന ആഗോള വിശ്വാസി സമൂഹം അഞ്ച് നേരവും പ്രാർത്ഥനക്കായ് തിരിഞ്ഞു നിൽക്കുന്ന  വിശുദ്ധ ഖഅബയുടെ മുകളിൽ കയറി ആദ്യമായ് അടിമത്ത്വത്തിനെതിരെ യുള്ള മുദ്രാവാക്യമായ ബാങ്കൊലി ആദ്യം  മുഴക്കിയത് പ്രവാച ചിന്ത ഉൾക്കൊണ്ട  ബിലാലെന്ന കറുത്ത നീഗ്രോ അടിമയാണെന്നത് അത്ഭുതമാണ്.

അടിമത്ത്വത്തിന് നേരെ ഉയർന്ന ഒരടിമയുടെ ആദ്യ ആത്മീയ വചനങ്ങൾ ബിലാലിന്റെ ബാങ്കൊലിയായിരിക്കാം.sലോകത്തിന്റെ എല്ലാ ദിക്കുകളിൽ നിന്നും പ്രവാചകന്റെ അനുയായികൾ എല്ലാ ദിവസങ്ങളിലും  എല്ലാ അഞ്ചു നേരങ്ങളിലും അടിമത്ത്വത്തിനും, വംശീയതക്കും ,വർണ്ണവിവേചനത്തിനുമെതിരായ അവന്റെ മുദ്രാവാക്യം ഉയർത്തിക്കൊണ്ടിരിക്കുന്നു .
ആ നബി ചിന്തയുടെ ആനുകാലിക  മൂല്ല്യത്തിന്റെ ആഴത്തെ കുറിച്ച് ആയിരം ഗ്രന്ധങ്ങളെഴുതിയാലും പൂർത്തീകരിക്കാനാവുന്നതല്ല അതിന്റെ വിശാലത!!

ഈജിപ്തിലെ സാമൂഹിക വ്യവസ്ഥിതി വളരെ ക്രൂരമായിരുന്നു അവിടുത്തെ അടിസ്ഥാന വർഗ്ഗത്തിന്റെ മുഴുവൻ സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടതായിരുന്നു. ഒരിക്കൽ ഖലീഫ ഉമറിന്റെ സൈന്യം അവിടുത്തെ ക്രൂര ഭരണത്തിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനായി ഈജിപ്തുമായി യുദ്ധത്തിലേർപ്പെട്ടു.തദ്ധേശീയരായ പല ഗോത്രക്കാരും സൈന്യത്തോടൊപ്പം ചേർന്നു. പോരാട്ടത്തിനു ശേഷം ഈജിപ്ത് കീഴടക്കിയപ്പോൾ രാജാവിന്റെ ഈന്തപ്പനത്തോട്ടത്തിൽ കയറി പഴുത്ത് പാകമായ ഈത്തപ്പഴങ്ങൾ പറിച്ചെടുത്ത് അവിടുത്തെ അടിസ്ഥാന വർഗ്ഗത്തിൽ പെട്ടവർക്കും ,കർഷകർക്കും കഴിക്കാൻ നൽകി;രാജ്യം പൊതുജനങ്ങളുടെ മുഴുവൻ സ്വാതന്ത്ര്യങ്ങൾക്കും കടിഞ്ഞാണിടുക മനുഷ്യൻ മനുഷ്യനെ അടിമയാക്കി വെക്കുകയും ചെയ്യുന്ന ക്രൂരവിനോദം നിലനിന്നിരുന്ന രാജ്യത്തോട് രാഷ്ട്രം യരാജാ തോട്ടത്തിന് ഈത്തപ്പനകൾ പറിച്ചെടുത്തു എന്നിട്ട് അവിടെയുണ്ടായിരുന്ന അടിസ്ഥാനവർഗ്ഗം ആയിരുന്ന കർഷകർക്ക് നൽകി എന്നിട്ട് അവരോട് ഭക്ഷിക്കാൻ ആവശ്യപ്പെട്ടു

അപ്പോൾ അവർ പറഞ്ഞ മറുപടി ഏറെ അതിശയിപ്പിക്കുന്നതായിരുന്നു, പ്രഭോ ഈ ഈന്തപ്പഴം രാജാക്കന്മാർ മാത്രം ഭക്ഷിക്കുന്നതാണ്, ഇത് ഞങ്ങൾക്ക്  ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടിരുന്നതല്ല!! എന്നാൽ പ്രവാചക ചിന്തയുടെ മൂല്ല്യമുൾക്കൊണ്ട സൈനിക മേധാവി അവരോടായി പറഞ്ഞു;നിങ്ങളത് കഴിച്ചു കൊള്ളുക .സർവ്വേശ്വരൻ മാത്രമാണ് നിങ്ങളുടെ യജമാനൻ. അവന്റെ മുമ്പിൽ എല്ലാവരും സമൻമാരാണ്. അടിമത്ത്വ ബോധം രൂഢമൂലമായിരുന്ന ഒരു സമൂഹത്തിൽ നിന്നും അതിനെ തുടച്ചു നീക്കുന്ന രീതി ശാസ്ത്രം എത്ര പ്രോജ്ജ്വലമാണ്.
പ്രായോഗിക സമത്വവാദത്തിന്റെ  വക്താക്കളാണ് പ്രവാചക ചിന്ത ഉൾക്കൊണ്ട് പ്രവർത്തിക്കുന്നവരെന്ന് മനസ്സിലാക്കാൻ സാധിക്കും.

ലിബറൽ ഫെമിനിസ്റ്റ്

പെൺകുഞ്ഞാണ് ജനിച്ചതെങ്കിൽ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സമൂഹത്തിലേക്കാണ് പ്രവാചകൻ അവരോധിക്കപ്പെട്ടത്. പെൺകുഞ്ഞിന് ജന്മം നൽകുന്നത് ദുശ്ശകുനമായും, അപമാനമായും അവർ കണക്കാക്കിപ്പോന്നിരുന്നു.

പുരുഷാധിപത്യസമൂഹം സ്ത്രീ അർഹിക്കുന്ന പ്രാധാന്യം പോലും അവൾക്ക് വകവെച്ച് നൽകിയിരുന്നില്ല ;ഈ അടുത്ത കാലംവരെ യൂറോപ്പിലെ പ്രധാന ചർച്ച  സ്ത്രീകൾക്ക് ആത്മാവുണ്ടോ എന്നതായിരുന്നു.

വളരെ അടുത്ത കാലത്ത്  മാത്രമാണ് സ്ത്രീകൾക്ക് വോട്ടവകാശം പോലും നൽകിയത്.1920ൽ മാത്രമാണ് അമേരിക്കയിൽ പെണ്ണിന് വോട്ടവകാശം നൽകിയത്!! ഇതായിരുന്നു പെണ്ണിനോടുള്ള യൂറോപ്പിന്റെ സമീപനം.

എന്നാൽ 1400 വർഷങ്ങൾക്ക് മുൻപേ പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം സ്ത്രീകൾക്ക് സ്വത്തവകാശം നൽകിയിരുന്നു ; മാത്രമല്ല സാമ്പത്തിക ബാധ്യതകളെല്ലാം  പുരുഷന്റെ ചുമലിലാണെന്ന് പഠിപ്പിച്ചു പ്രവാചകൻ.

പെണ്ണിനെ കുഴിച്ചുമൂടുന്ന ആ സമൂഹത്തോട് പ്രവാചകൻ പറഞ്ഞു,

ഒരാൾ തന്റെ പെൺകുഞ്ഞിനെ നല്ലരീതിയിൽ പരിപാലിച്ചു വളർത്തുകയും അവർക്ക് വസ്ത്രവും,ഭക്ഷണവും,വിജ്ഞാനം നൽകി നല്ല രീതിയിൽ  വിവാഹം കഴിപ്പിച്ചയക്കുകയും ചെയ്താൽ  അവനും ഞാനും സ്വർഗത്തിൽ തോളോട് തോൾ ചേർന്നായിരിക്കുമെന്ന് പ്രവാചകൻ അരുൾ ചെയ്തു.
സ്ത്രീകളോട് ഏറ്റവും മാന്യമായി പെരുമാറുന്നവനാണ് ജനങ്ങളിൽ ഏറ്റവും മാന്യൻ എന്ന്  പ്രവാചകൻ പഠിപ്പിച്ചു.

വീട്ടിൽ നിങ്ങൾക്ക് പെണ്മക്കളുണ്ടെങ്കിൽ നിങ്ങൾ വല്ല പലഹാരങ്ങളോ ,മിഠായികളോ മറ്റോ വീട്ടിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ നിങ്ങളുടെ പെൺമക്കളുടെ കയ്യിലാണത് ഏൽപ്പിക്കേണ്ടതെന്ന് പ്രവാചകൻ.

വിവാഹത്തിനായി സ്ത്രീ ആവശ്യപ്പെടുന്ന വിവാഹമൂല്യം അഥവാ മഹർ അവൾക്ക്  നൽകണമെന്ന് പഠിപ്പിച്ചതും  പ്രവാചകനാണ് .പെണ്ണിനെ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സമൂഹത്തോടാണ് പ്രവാചകൻ ഇങ്ങനെ പറഞ്ഞതെന്നത് ഏറെ ചിന്തനീയമാണ് .

സ്വന്തം പുത്രി ഫാത്തിമ സഹ്റയെ സ്നേഹപൂർവ്വം വളർത്തിക്കാണിക്കുകയും അവളെന്റെ കരളിന്റെ കഷ്ണമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു പ്രവാചകൻ .

പെണ്ണിനെതിരെയുള്ള അതിക്രമങ്ങളാൽ അവളെ ജീവനോടെ കുഴിച്ചുമൂടുന്ന വ്യവസ്ഥിതി  നിലനിന്നിരുന്ന ഒരു സമൂഹത്തോടാണ് പ്രവാചകൻ ഇങ്ങനെ പറഞ്ഞത് !!

പെൺകുട്ടികൾ വിറക്കുന്നത്  ഐശ്വര്യമാണെന്ന് പറഞ്ഞതും പ്രവാചകനാണ്!

പുരുഷന്മാരോട്  പ്രവാചകൻ പറഞ്ഞു നിങ്ങളുടെ വീട് വൃത്തിയാക്കുന്നതിനും ഭക്ഷണം പാചകം ചെയ്യുന്നതിനും കുഞ്ഞിനെ പാലൂട്ടുന്നതിന്നും  നിങ്ങളുടെ ഭാര്യ ശമ്പളം ആവശ്യപ്പെട്ടാൽ അത് നൽകണമെന്നരുളി .ഹളറുൽമൗത്ത് മുതൽ സൻആ  വരെ  ഏതു പാതിരാവിലും പെണ്ണിന് സുരക്ഷിതമായി സഞ്ചരിക്കാൻ കഴിയുന്ന ഒരു നല്ല നാളേക്ക് വേണ്ടിയാണ് നാം പരിശ്രമിക്കേണ്ടതെന്ന് അവിടുന്ന് പറഞ്ഞു.

മുമ്പ് മക്കയിൽ നിന്നും പ്രവാചകനേയും കൂട്ടരേയും ക്രൂരമായി അ ക്രമിച്ചവർക്കെല്ലാം മക്കാവിജയം കൈവരിച്ച പ്രവാചക അനുയായികൾ മാപ്പു നൽകി.

പക്ഷേ അന്ന്  സ്ത്രീകളെ  ഉപദ്രവിച്ച ഒരാൾക്കും പ്രവാചകൻ മാപ്പ് നൽകിയില്ല ... അവ പ്രവാചക ചിന്തയുടെ  മൂല്യത്തെ അടയാളപ്പെടുത്തുന്നതാണ്.

ജെറൻഡോളജിസ്റ്റ്

ഇന്ന് യൂറോപ്പും, ചൈനയും, അമേരിക്കയുമുൾപ്പെടെയുള്ള രാഷ്ട്രങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന വളരെ വലിയ പ്രശ്നമാണ് മുതിർന്ന  പ്രായമായവ(Elderly people)രെ പരിചരിക്കാൻ മക്കൾ തയ്യാറാവാത്തതും ,വയസ്സായ മാതാപിതാക്കൾ അന്യതാ ബോധത്തിന് വിധേയമായി ശിഷ്ട ജീവിതം വൃദ്ധസദനങ്ങളിൽ ചിലവഴിക്കാൻ നിർബന്ധതിതരാകുന്നതും അതിധാരുണമാണ്. എന്നാൽ പ്രവാചകൻ പറയുന്നത് നോക്കൂ, മാതാപിതാക്കൾക്കുവേണ്ടി പ്രാർത്ഥിക്കാത്ത ഒരുത്തന്റെയും പ്രാർത്ഥന  സർവ്വേശ്വരൻ സ്വീകരിക്കില്ല !! ഒരിക്കൽ ഒരു പ്രവാചക അനുയായി ചോദിച്ചു എനിക്ക് ആരോടാണ് ഏറ്റവും കൂടുതൽ കടപ്പാടുള്ളത്? പ്രവാചകൻ പറഞ്ഞു നിന്റെ മാതാവിനോട് !! ഈ ചോദ്യം  മൂന്നുതവണ ആവർത്തിച്ചു,  അപ്പോഴെല്ലാം പ്രവാചകൻ മറുപടി പറഞ്ഞത് നിന്റെ  മാതാവിനോട് എന്നായിരുന്നു!! നാലാമത് ചോദിച്ചപ്പോൾ പറഞ്ഞു നിന്റെ  പിതാവിനോട് എന്ന്.

വയസ്സായ മാതാപിതാക്കളെ ശരിയായി പരിചരിക്കുന്നവർക്ക്  സ്വർഗ്ഗത്തിൽ കുറഞ്ഞ  മറ്റൊരു പ്രതിഫലവുമില്ലെന്ന് പഠിപ്പിച്ചതും പ്രവാചകൻ.

വയസ്സായ മാതാപിതാക്കളെ പരിചരിക്കാൻ ലഭിച്ചിട്ടും ശരിയായ രീതിയിൽ അവരെ പരിചരിക്കാത്തവനാണ് ഏറ്റവും വലിയ ദൗർഭാഗ്യവാൻ;അവന് സ്വർഗ്ഗം ലഭിക്കുകയുമില്ല.

ഒരിക്കൽ പ്രവാചക തത്വചിന്തയിൽ ആകൃഷ്ടനായി ഒരു യുവാവ്  സൈന്യത്തോടൊപ്പം ചേരാൻ  അവിടെയെത്തി അദ്ദേഹത്തിന്റെ മാതാവ് ശാരീരികമായ പ്രയാസം അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇതറിഞ്ഞ പ്രവാചകൻ ആ യുവാവിനെ സൈന്യത്തിലെടുക്കുന്നതിന് പകരം അവന്റെ മാതാവിനെ പരിചരിക്കാനായി തിരിച്ചയച്ചു.
യുദ്ധത്തേക്കാൾ വലിയ ധർമ്മ സമരമാണ് മാതാപിതാക്കളെ പരിചരിക്കലെന്ന് പ്രവാചകൻ പറഞ്ഞു.

മധ്യേഷ്യയിലെ ഒരു അറേബ്യൻ മരുഭൂമിയില  വിദൂരതയിൽ ഒരു വ്യക്തി ഉണ്ടായിരുന്നു, അദ്ദേഹത്തിന് പേരാണ് ഉവൈസ് കർനൈൻ.

അദ്ദേഹത്തിന് പ്രവാചകന് കാണാനും ശിഷ്യത്വം സ്വീകരിക്കാനും തീക്ഷ്ണമായ മോഹമുണ്ടായിരുന്നു; എന്നാൽ അദ്ദേഹത്തിന്റെ മാതാവ് രോഗശയ്യയിലായിരുന്നു, ഈ അവസ്ഥയിൽ ഉമ്മയെ തനിച്ചാക്കി  പ്രവാചകനെ  കാണാൻ ചെല്ലുന്നത് പ്രവാചക പ്രത്യയശാസ്ത്രത്തിന് എതിരായതിനാൽ അദ്ദേഹം അതിന് തുനിഞ്ഞില്ല .

അങ്ങനെ വർഷങ്ങളോളം തന്റെ മാതാവ് കിടപ്പിലായതിനാൽ തിരുറസൂലിന്റെ അടുത്തേക്ക് പോവാൻ അദ്ധേഹത്തിനായില്ല. അങ്ങനെ വർഷങ്ങളൊത്തിരി പൊഴിഞ്ഞു പോയി.

പ്രവാചകൻ തന്റെ മരണശേഷം ഒന്നാം ഖലീഫ യാകേണ്ട അബൂബക്കർ സ്വിദ്ധീഖിനോട് പറഞ്ഞു;എന്റെ കാലശേഷം കർനൈൻ ഗോത്രത്തിൽ നിന്നും  ഉവൈസ് എന്ന പേരുള്ള ഒരാൾ ഇവിടെ വരും അയാളെ കൊണ്ട് താങ്കൾ  പ്രാർത്ഥിപ്പിക്കണം.

പ്രവാചകൻ വിടപറഞ്ഞതിനു ശേഷം അങ്ങനെ വർഷങ്ങൾ കഴിഞ്ഞു ,ഒന്നാം ഖലീഫ അബൂബക്കർ (റ) ഓരോവർഷവും ഹജ്ജിനു വരുന്ന ആളുകളോടായി വിളിച്ചു ചോദിക്കും; ഖർനൈൻ ഗോത്രത്തിൽ നിന്നും ഇവിടെ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് .  അങ്ങനെ ഒന്നാം ഖലീഫയുടെ ജീവിതകാലം മുഴുവനും ഇത് തുടർന്നു പക്ഷേ ആളെ കണ്ടെത്താൻ സാധിച്ചില്ല!

അങ്ങനെ ഒന്നാം ഖലീഫ ഈ കാര്യം  ഉമർ(റ)ന്റെ അടുത്ത് പറഞ്ഞു; അങ്ങനെ വർഷങ്ങൾ കഴിഞ്ഞു, ഒന്നാം ഖലീഫ അബൂബക്കർ (റ) മരണ ശേഷം രണ്ടാം ഖലീഫ ഉമർ (റ)വും ഓരോ വർഷവും ഹജ്ജിനു വരുന്നവരോട് വിളിച്ച് ചോദിക്കും ഖർനൈൻ ഗോത്രത്തിലെ വൈസ് ഇവിടെ വന്നവരിലുണ്ടോ, കണ്ടെത്താനായില്ല. ഓരോ വർഷവും ഹജ്ജിനു വരുന്നവരോട് വിളിച്ചന്വേഷിച്ചു കൊണ്ടിരുന്നു.അങ്ങനെയൊരിക്കൽ ഉവൈസ് ഖർനൈൻയെ കണ്ടെത്തി.അങ്ങനെ അവിടുത്തെ ഭരണാധികാരിയായിരുന്ന  ഖലീഫ ഉമർ(റ) രാഷ്ട്രത്തിന്റെ ഔദ്യോഗിക ബഹുമതികളോടെ അദ്ധേഹത്തെ സ്വീകരിക്കുകയും പ്രാർത്ഥിപ്പിക്കുകയും ചെയ്തു.
മറ്റൊരത്ഭുതം പ്രവാചക സ്നേഹിയായിയായിരുന്ന ഉവൈസ് ഖർനൈൻ കണ്ണ് കാണാത്തവനായി മാറിയതിന്റെ പിന്നിലെ യാഥാർത്ഥ്യമാണ്. പ്രവാചകൻ ഈ ലോകത്തോട് വിടപറഞ്ഞതറിഞ്ഞ് കൊണ്ട് അദ്ധേഹം തന്റെ രണ്ട് കണ്ണുകളും കുത്തിപ്പൊട്ടിച്ചു .വിശ്വമാനവികതയുടെ ഗുരു പ്രവാചകനെ കാണാത്ത ഈ കണ്ണുകളെക്കൊണ്ട് എനിക്കിനി ഈ ഭൗതിക ലോകത്തെ മറ്റൊന്നും കാണേണ്ടതില്ല.

കാഴ്ചശക്തി നഷ്ടപ്പെട്ട അവസ്ഥയിലാണ് അദ്ധേഹം ഹജ്ജിനെത്തുന്നത്!! പ്രവാചക അധ്യാപനം ഉൾക്കൊണ്ട്  വർഷങ്ങളോളം തന്റെ മാതാവിനെ പരിചരിച്ച് പ്രവാചകനിൽ നിന്നും ശിഷ്യത്ത്വം സ്വീകരിക്കാനാവാതെ പോയ ഉവൈസ് ഖർനൈനിയെ പ്രവാചക അനുയായികൾ പ്രവാചക സ്വഹാബി എന്ന് വിളിച്ച് ആദരിക്കുന്നു. വയസ്സായ മാതാപിതാക്കളെ പരിചരിക്കുന്നതിന്റെ പ്രാധാന്യമാണ് ഇതിലൂടെ നാം ഗ്രഹിക്കേണ്ടത്.

മാതാവിനെയും പിതാവിനെയും വയസ്സായവരേയും  യൂറോപ്യൻ സമൂഹത്തിൽ ബാധ്യതയുടെ അടയാളങ്ങായാണ്  പരിഗണിക്കുന്നത് .

യൂറോപ്പ്യൻമാർ നേരിടുന്ന സാമൂഹിക അപചയങ്ങൾക്കുള്ള പരിഹാരം പ്രവാചക തത്ത്വചിന്തയിൽ ഉണ്ടെന്നത് പറയാതിരിക്കാനാവില്ല.

മാതാപിതാക്കൾ പ്രായാധിക്യത്താൽ കിടന്നിടത്ത് തന്നെ മലമൂത്രവിസർജനം ചെയ്താലും ,പിച്ചും പേയും പറഞ്ഞു തുടങ്ങിയാലും അവരോട് "ഛെ " എന്ന ഒരു വാക്കുപോലും നിങ്ങൾ   പറയരുതെന്ന് പഠിപ്പിച്ചത് പ്രവാചകനാണ്.

നിൻറെ മാതാവിൻറെ കാൽപാദത്തിന് കീഴിലാണ് സ്വർഗ്ഗം എന്ന് പഠിപ്പിച്ചത് പ്രവാചകനാണ് അതായത് സ്വന്തം മാതാവിനെയും പിതാവിനെയും കാൽപാദത്തിലെ മാത്രമേ ഓരോ പുത്രന്മാർക്കും പുത്രിമാർക്കും സ്ഥാനമുള്ളൂ അവരെ പരിചരിക്കാൻ സ്വർഗ്ഗപ്രവേശനം സാധ്യമല്ലെന്നാണ് പ്രവാചക പറയുന്നത്.

അനാഥരോട്

ഒരിക്കൽ പ്രവാചകനോട് ചോദിച്ചു, സർവ്വേശ്വരന്റെ അടുത്ത് ഏറ്റവും കൂടുതൽ പ്രതിഫലമുള്ള കാര്യം ഏതാണ്?

പ്രവാചകൻ മറുപടി നൽകി ,അനാഥരായ മക്കൾക്ക് ഭക്ഷണം നൽകൽ.

അനാഥരായ കുട്ടികളുടെ ശിരസ്സിൽ കൈ കൊണ്ട് തലോടി അവരെ ആശ്വസിപ്പിക്കുന്നവർക്ക് അവരുടെ കൈകളിഞ്ഞ സ്പർശിച്ച  ശിരസ്സിലെ മുടികളുടെ അത്രയും എണ്ണം പ്രതിഫലം സർവ്വേശ്വരൻ നൽകുമെന്ന് പറഞ്ഞു.

അനാഥരായ കുട്ടികൾക്ക് മുൻപിൽ നിങ്ങളുടെ സ്വന്തം മക്കളെ നിങ്ങൾ  ലാളിക്കരുത് എന്ന് പഠിപ്പിച്ചതും വിശ്വമാനവികതയുടെ ഗുരുനാഥൻ റസൂൽ (സ)ആണ്. അന്യായമായി അനാഥരുടെ സമ്പത്തും ഭക്ഷണവും അകത്താക്കുന്നവൻ  ചെയ്യുന്നത് അവന്റെ വയർ തീയിനാൽ നിറക്കുകയാണെന്ന് പറഞ്ഞു. അനാഥരെയും അബലരേയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റേയും, ഭരണകൂടത്തിന്റേയും  കൂടി ബാധ്യതയാണെന്ന് പ്രവാചകൻ പറയുന്നു.

പ്രവാചകന്റെ പ്രത്യയ ശാസ്ത്രത്തെ കൈമുതലാക്കി ഖലീഫ ഉമർ ഭരണം നടത്തിയപ്പോൾ അവിടെ  സക്കാത്ത് അഥവാ നിർബന്ധിത ദാനം സ്വീകരിക്കാൻ പോലും അവിടെ ഒരു ദരിദ്രനില്ലായിരുന്നു. അവരുടെ ജീവിതം സുഭിക്ഷതയിലായി മാറിയിരുന്നു.

പ്രവാചക തത്ത്വചിന്തയിലെ സാമ്പത്തികശാസ്ത്രം വളരെ അത്ഭുതാവഹമാണ്.

പലിശ സംവിധാനത്തെ പരിപൂർണ്ണമായി നിരോധിച്ച് കൊണ്ടുള്ളതായിരുന്നു അത്.

തന്റെ വരുമാനത്തിന്റെ സൂക്ഷിപ്പ് സ്വത്തിൽ നിന്നും രണ്ടര ശതമാനം ഓരോ വർഷവും  നിർബന്ധിത ദാനം അഥവാ സക്കാത്ത് നൽകണമെന്ന് പറഞ്ഞത് പ്രവാചകനാണ്.ഇത് പണക്കാരന്റെ  ഔദാര്യമല്ല മറിച്ച് പാവപ്പെട്ടവന്റെ  അവകാശമാണ് .

വലതു കൈ കൊടുക്കുന്ന സഹായം ഇടതു കൈ അറിയാത്ത വിധം ആ പണം പാവപ്പെട്ടവന്റെ  വീട്ടിലെത്തിക്കണം  എന്നതാണ് പ്രവാചകന്റെ പ്രത്യയ ശാസ്ത്രം പറയുന്നത്.

കൃഷിഭൂമി നിങ്ങൾ തരിശായിടരുത് ,നിങ്ങളതിൽ കൃഷി ചെയ്യുകയോ അല്ലെങ്കിൽ നിങ്ങൾ കൃഷി ചെയ്യുന്ന മറ്റാർക്കെങ്കിലും കൃഷി ചെയ്യാനായി അതിനെ നൽകണമെന്ന് പ്രവാചകൻ.

ഖലീഫ ഉമറിന്റെ ഭരണകാലത്ത് ഇങ്ങനെ തരിശായിട്ട ഭൂമി പിടിച്ചെടുത്ത് പാവപ്പെട്ട കർഷകർക്ക് കൃഷി ചെയ്യാൻ വേണ്ടി അനുവദിക്കുകയായിരുന്നു.തൊഴിലാളിയുടെ വിയർപ്പ് വറ്റുന്നതിന് മുമ്പ് അവന്ന് കൂലി (wage) നൽകണമെന്ന് ആദ്യം പഠിപ്പിച്ചത് പ്രവാചകനാണ്. ഒരാൾ സ്വയം കരങ്ങളാൽ  അദ്ധ്വാനിച്ച് ഭക്ഷണം കഴിക്കുന്നത് ഏറ്റവും ശ്രേഷ്ടമായ രീതിയാണെന്ന് പ്രവാചകൻ.

അയൽവാസിയോട്

ഓരോ വ്യക്തിക്കും അവന്റെ അയൽവാസിയോട്  കടപ്പാടുണ്ടെന്ന്പ്രവാചകൻ.
നീ നിന്റെ വീട്ടിൽ കറി പാചകം ചെയ്യുകയാണെങ്കിൽ അത് കുറച്ചുകൂടി അധികരിപ്പിച്ച് നിന്റെ അയൽവാസിക്ക് കൂടി നൽകണമെന്ന് പ്രവാചകൻ.

തന്റെ അയൽവാസിയുടെ അവസ്ഥ ഓരോരുത്തരും മനസ്സിലാക്കണമെന്നും പ്രവാചകൻ ഉദ്ഘോഷിക്കുന്നു.

തന്റെ അയൽവാസി പട്ടിണി കിടക്കുമ്പോൾ വയർ നിറച്ചുണ്ണുന്നവൻ എന്നിൽ പെട്ടവനല്ല എന്ന് പറഞ്ഞത് പ്രവാചകൻ മുഹമ്മദ് റസൂൽ(സ) ആണ്.

മതത്തിനും, ജാതിക്കും വർണ്ണത്തിനും ഗോത്രത്തിനുമെല്ലാമുപരി അയൽവാസികളോടുള്ള ബാദ്യതയും  കടപ്പാടുകളും ഏറെ വലിയതാണെന്ന് നബി പറയുന്നു.

അയൽവാസികളോടുള്ള ബാധ്യതകളെ  കുറിച്ച്  ഖുർആനിക അധ്യാപനങ്ങൾ അവതരിക്കുന്നത് കണ്ടപ്പോൾ അയൽവാസിക്ക് സ്വത്തിലവകാശം പോലും നൽകപ്പെട്ടേക്കാമെന്ന് പ്രവാചകൻ കരുതി.  അത്രയും ബാധ്യതകളാണ് അയൽവാസികളോടുള്ളത്.
ഒരിക്കൽ പ്രവാചകന്റെ അമുസ്ലിമായ അയൽവാസി അദ്ധേഹത്തിന്റെ വീട് വിൽക്കാൻ തീരുമാനിച്ചു. മാർക്കറ്റ് വിലയുടെ ഇരട്ടിയാണ് അദ്ധേഹം ആവശ്യപ്പെട്ടത് , എന്ത് കൊണ്ടാണ് നിങ്ങളുടെ വീടിന് ഇത്രയും കൂടുതൽ വില നിങ്ങൾ ചോദിക്കുന്നത് എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു എന്റെ  അയൽവാസി മാന്യനായ മുഹമ്മദാണ് ,അതിനാൽ ആ വീടിന്  കൂടുതൽ വില ലഭിച്ചേ പറ്റൂ .

എല്ലാ വീട്ടുകാരുടേയും എല്ലാ  അയൽവാസികളും നല്ല രീതിയിലുള്ള ബന്ധം നിലനിർത്തിയാൽ ഒരു മഹത്തായ  സാമൂഹിക ബന്ധത്തിൽ അധിഷ്ഠിതമായ ഒരു പ്രോജ്ജ്വല രാഷ്ട്രവും ഒരു ആഗോള സാമൂഹിക ക്രമത്തേയും നിർമ്മിച്ചെടുക്കാൻ കഴിയുമെന്ന മഹത്തായ സാമൂഹിക ശാസ്ത്ര സന്ദേശം (sociological message)ഈ തത്വചിന്തയിൽ അടങ്ങിയിരിക്കുന്നു.
അയൽവാസികളുമായി പിണങ്ങി നിൽക്കുന്നതിനെ പ്രവാചകൻ കണിശമായി വിലക്കിയിട്ടുണ്ട്.

അയൽവാസികളുമായി സഹകരിക്കൽ ഒരാളുടെ നിർബന്ധിത ബാധ്യതയാണെന്നും പ്രവാചകൻ കൽപിച്ചു.

ഇവയെല്ലാം വിരൽചൂണ്ടുന്നത് ഒരു മഹത്തായ സമൂഹത്തെ സൃഷ്ടിച്ചെടുക്കുന്ന സാമൂഹിക ചിന്ത(Social thought)യിലേക്കാണെന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

വ്യക്തികളുടെ കാര്യത്തിൽ മാത്രമല്ല അയൽ ബന്ധത്തിന് പ്രാധാന്യം, മറിച്ച് രാഷ്ട്രങ്ങളുടെ  കാര്യത്തിലും ഇത് തന്നെയാണ് പ്രവാചകൻ നിർദേശിക്കുന്നത്. ഇതിലൂടെ മഹത്തായ ഒരു ആഗോള ബന്ധം നിലനിർത്താനും ഒരു പ്രോജ്വല മാനവിക ലോകത്തെ സൃഷ്ടിച്ചെടുക്കാനും  കഴിയുമെന്നത്  വ്യക്തമാണ്.

ആരാധനയുടെ സാമൂഹിക മാനം

സർവ്വേശ്വരന്റെ  നിർദ്ദേശമനുസരിച്ച് പ്രവാചകൻ അവതരിപ്പിച്ച ഓരോ ആരാധന കർമങ്ങൾക്കും സാമൂഹികമായ മാനം കൂടിയുണ്ട് .

മസ്ജിദുകളിൽ അഞ്ച് നേരം പ്രാർത്ഥനയ്ക്കെത്തുന്ന ഓരോ മനുഷ്യരും  വ്യത്യസ്ത വർണ്ണങ്ങളിലും, ജാതികളിലും, ഗോത്രങ്ങളിലും, സമൂഹങ്ങളിലും, വ്യത്യസ്ത സാമ്പത്തിക തട്ടിലും, വ്യത്യസ്ത തൊഴിൽ മേഖലകളിലുമുള്ള ആളുകളായിരിക്കും.
ഇവരെല്ലാം തോളോട് തോൾ ചേർന്ന് പ്രാർത്ഥിക്കുമ്പോൾ പ്രായോഗിക സമത്ത്വത്തിന്റെ (practical Socialism) ഒരു സന്ദേശമാണത് നൽകുന്നത്.

പ്രവാചക പ്രത്യയശാസ്ത്രത്തിലെ മറ്റൊരു ആരാധനാ കർമ്മമാണ് ഹജ്ജ്.ആഗോള സാമൂഹി കോഥ്ഗ്രധനവും സാമൂഹിക സമത്വത്തിന്റെ സന്ദേശവുമാണിത് നൽകുന്നത്.

ഹജ്ജിൽ യാതൊരുവിധ മാനസിക അനൈക്യവുമില്ലാതെ വ്യത്യസ്ത രാഷ്ട്രങ്ങളിലും, വംശങ്ങളിലും, വർണ്ണങ്ങളിലും, ദേശങ്ങളിലുമുള്ള  ആളുകൾ സർവേശ്വരന്റെ മുമ്പിൽ തുല്യരാണെന്ന ഉത്തമ ബോധ്യത്തോടെ പ്രാർത്ഥനക്ക്  നിൽക്കുമ്പോൾ അതിലൊരു സമത്വവും സന്ദേശവുമുണ്ട്.

കൂട്ടത്തോടെ  പ്രാർത്ഥനകൾ  നിർവഹിക്കുന്നതിന്  ഇസ്‌ലാം ഏറെ പ്രാധാന്യം നൽകുന്നു, ഇതിലൂടെ സാമൂഹിക ഐക്യവും ,പരസ്പര സഹകരണവും   സാധ്യമാവുകയും ചെയ്യുന്നു.

വ്രതമനുഷ്ഠിക്കുന്ന ആരാധനയുടെ സാമൂഹികശാസ്ത്രവും മറിച്ചാണ് ;പട്ടിണി കിടക്കുന്നവന്റെ വിശപ്പപറിയാൻ വേണ്ടി കൂടിയാണ് എല്ലാ ആളുകൾക്കും വ്രതത്തെ  നിർബന്ധമാക്കിയിരിക്കുന്നത്.

ഇവയെല്ലാം ദൈവിക ആരാധനയുടെ ഭാഗമാണ്; എങ്കിൽപോലും ഒരു സാമൂഹികമായ സന്ദേശം ഈ  ആരാധനകളൊക്കെ  ഉൾക്കൊള്ളുന്നുണ്ട്.

സാമ്പത്തിക വ്യവസ്ഥ

സക്കാത്ത് എന്ന പേരിലറിയപ്പെടുന്ന നിർബന്ധിത ദാനം പ്രവാചക പ്രത്യയ ശാസ്ത്രത്തിന്റെ  സാമ്പത്തിക വ്യവസ്ഥയുടെ പ്രോജ്വലമായ ഭാഗമാണ്. പണക്കാരന്റെ സമ്പാദ്യത്തിൽ നിന്നും ഓരോവർഷവും രണ്ടര ശതമാനം പാവപ്പെട്ടവന് നിർബന്ധിത ദാനമായി നൽകണമെന്ന് പ്രവാചകൻ അനുശാസിക്കുന്നു.

അണിയാനുള്ള ഏതാണ്ട് 10 പവൻ സ്വർണാഭരണങ്ങളും, വെള്ളിയാഭരണങ്ങളും ഒഴികെ ബാക്കിയുള്ള എല്ലാ വെള്ളിക്കും സ്വർണ്ണത്തിനും നിർബന്ധിത ദാനം നൽകണമെന്ന് പ്രവാചകൻ പറയുന്നു.

പലിശ വാങ്ങുന്നതിനേയും, കൊടുക്കുന്നതിനേയും, എഴുതുന്നതിനേയും, അത്രമായി ബന്ധപ്പെട്ട എല്ലാ ജോലികളേയും പ്രവാചകൾ  കണിശമായി നിരോധിച്ചിരിക്കുന്നു.

 ഇന്ന് ഒരു രാജ്യത്തെ എല്ലാ  പണക്കാരും   അവരുടെ സമ്പാദ്യത്തിന്റെ  രണ്ടര ശതമാനം ഓരോവർഷവും സകാത്ത് അഥവാ നിർബന്ധിത ദാനം നൽകിയാൽ തീരാവുന്ന ദാരിദ്ര്യം  മാത്രമേയുള്ളൂ ഓരോ രാജ്യത്തുമിന്ന്.

സാമൂഹിക ബന്ധങ്ങൾ  നിലനിർത്തുക

അബലരെ സഹായിക്കണമെന്ന് പ്രവാചകൻ കല്പിക്കുന്നു, അനാഥരെയും, അഗതികളേയും,  ഭിക്ഷക്കാരേയുമെല്ലാം പരിഗണിക്കുകയും സഹായിക്കുകയും ചെയ്യണമെന്ന് പ്രവാചകൻ  പറയുന്നതോടൊപ്പം ഭിക്ഷ വളരെ മോശമായ തൊഴിലാണെന്നും പകരം അതിജീവനത്തിനുവേണ്ടി തൊഴിൽ സൃഷ്ടിക്കണമെന്ന് പഠിപ്പിച്ചതും പ്രവാചകനാണ്.

വയസ്സായവരെ ബഹുമാനിക്കണമെന്നും ഇളയവളോടു കാരുണ്യം കാണിക്കണമെന്നും പഠിപ്പിച്ചതിലൂടെ ഒരു മഹിതമായ സാമൂഹിക വ്യവസ്ഥ രൂപീകരിക്കാനുള്ള ആശയങ്ങളെയാണ് പ്രവാചകൻ മുന്നോട്ടുവച്ചത്.

നിങ്ങൾ ഒരാളെ കാണുമ്പോൾ പ്രസന്നമായ മുഖത്തോടെ സമീപിക്കണമെന്നും പുഞ്ചിരിതൂകുന്നതു പോലും സർവ്വേശ്വരന്റെയരികിൽ  പ്രതിഫലാർഹമാണെന്ന് ചൂണ്ടിക്കാണിച്ച്  സാമൂഹികബന്ധങ്ങളെ പ്രവാചകൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട് .

നീ അറിയുന്നവരോടും അറിയാത്തവരോടും "ദൈവ രക്ഷ നിങ്ങൾക്കുണ്ടാവട്ടെ എന്ന് അഭിസംബോധന ചെയ്യണമെന്ന് പ്രവാചകൻ പറഞ്ഞതിലൂടെ എത്ര മഹോന്നതമായ സാമൂഹിക ബന്ധം സൃഷ്ടിച്ചെടുക്കാനാണ്  പ്രവാചകൻ ശ്രദ്ധിച്ചത്. എന്ന് മനസ്സിലാക്കാൻ സാധിക്കും.

മൂന്നുപേർ കൂടി നിൽക്കുമ്പോൾ അതിൽ രണ്ടുപേർ മാത്രം ചേർന്ന് സ്വകാര്യം പറയുന്നതിനെ പ്രവാചകൻ വിലക്കി.സാമൂഹികബന്ധങ്ങളിൽ വിള്ളലുണ്ടാക്കുന്നതിനെ പ്രവാചകൻ വിലക്കി.

കുടുംബ ബന്ധം മുറിക്കുന്നവൻ നരകാവകാശിയാണെന്ന്  പ്രവാചകൻ പറയുന്നു.3 ദിവസത്തിലേറെ ഒരു വ്യക്തി മറ്റൊരു വ്യക്തിയോട് പിണങ്ങി നിൽക്കുന്നത് പ്രവാചകൻ കർശനമായി വിലക്കിയിരുന്നു .

അവരിൽ ഏറ്റവും ആദ്യം മറ്റൊരാളെ അഭിസംബോധന ചെയ്തുകൊണ്ട് പിണക്കം തീർക്കുന്നത് ആരാണോ അവനാണ്  അവരിലെ ഏറ്റവും ഉത്തമൻ എന്ന് പറഞ്ഞ് സാമൂഹിക ബന്ധം കൃത്യമായ രീതിയിൽ ആരോഗ്യകരമായി നിലനിർത്താൻ പ്രവാചകൻ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.

പ്രകൃതി സ്നേഹം

പ്രകൃതിയോട് എങ്ങനെ ഇടപെടണമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്.പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതെങ്ങനെയാവണമെന്ന്  പ്രവാചകൻ നിർദേശിച്ചിട്ടുണ്ട്.

നിറഞ്ഞു കവിഞ്ഞൊഴുകുന്ന ഒരു നദിയിൽ നിന്നാണ് നിങ്ങൾ അംഗസ്നാനം ചെയ്യുന്നതെങ്കിൽ പോലും മൂന്ന് തവണയിലധികം അധികരിപ്പിക്കരുത്,

പ്രവാചകൻ പറയുന്നു ആരാധനക്കായി അംഗസ്നാനം ചെയ്യുമ്പോൾ പോലും സൂക്ഷ്മത പാലിക്കണമെന്ന് . ഇതിലൂടെ പ്രവാചകൻ പഠിപ്പിക്കുന്നത് പ്രകൃതി വിഭവങ്ങൾ സൂക്ഷമതയോടെ വിനിയോഗിക്കണമെന്നാണ്.

വൃക്ഷങ്ങൾ  നട്ടുപിടിപ്പിക്കുന്നതിനെ പ്രവാചകൻ പ്രോത്സാഹിപ്പിച്ചു. മരണശേഷവും ഒരാൾക്ക് ദൈവികമായ പ്രതിഫലം അർഹിക്കുന്ന പ്രവർത്തനമാണതെന്ന് പ്രവാചകൻ.

ഏതെങ്കിലുമൊരാൾ ആ മരത്തിൻറെ തണൽ അനുഭവിക്കുമ്പോഴും അതിലെ പഴമോ വിഭവങ്ങളോ മനു ഷ്യനോ മറ്റു ജീവനുള്ള പദാർത്ഥങ്ങളോ  ആസ്വദിക്കുമ്പോഴും അതിന് പ്രതിഫലം തനിക്ക് ലഭ്യമാവുമെന്ന് പ്രവാചകൻ പറയുന്നു.

അന്ത്യനാളിന്റെ  തൊട്ടു തലേ ദിവസമാണെങ്കിൽ പോലും ഒരു വൃക്ഷത്തൈ നടൽ നിനക്ക് ദൈവികമായ പ്രതിഫലം അർഹിക്കുന്ന കാര്യമാണെന്ന്  പ്രവാചകൻ പറയുന്നു.

ഉഹ്ദ് യുദ്ധത്തിന് പുറപ്പെട്ട പ്രവാചകന്റെ സൈന്യത്തിന്  നൽകിയിരുന്ന പ്രധാന നിർദേശങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു. ഈന്തപ്പനകൾ നിങ്ങൾ വെട്ടി മുറിക്കരുത്, മoങ്ങളിൽ  ഭജനമിരിക്കുന്ന അന്യ മത സുഹൃത്തുക്കളെ നിങ്ങൾ ആക്രമിക്കരുത്.  സ്ത്രീകളേയും, കുട്ടികളേയും, വയസ്സായവരേയും നിങ്ങൾ വധിക്കരുത്.

ഇവയെല്ലാം ഉത്തമ അധ്യാപനങ്ങളായ് ഇന്നും അവശേഷിക്കുന്നു.

കാരുണ്യക്കേതാരം

ഭൂമിയിലെ മുഴുവൻ ജീവജാലകങ്ങളോടും  കരുണ കാണിക്കാൻ പ്രവാചകൻ അരുൾ ചെയ്യുന്നു .പച്ചക്കരളുള്ള ഏത് ജീവജാലകത്തോടും നിങ്ങൾ കരുണ കാണിക്കുക.

ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാലേ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കുകയുള്ളൂവെന്ന് പ്രവാചകൻ പറയുന്നു.

അഞ്ചുനേരം കൃത്യമായി പ്രാർത്ഥിക്കുകയും മത നിഷ്ഠകൾ അനുസരിച്ച് ജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു, ഒരിക്കലവൾ ഒരു പൂച്ചയെ കയറിൽ ബന്ധിച്ചു! ഭക്ഷണമോ വെള്ളമോ അതിന്  നൽകിയതുമില്ല, അതിന്റെ സ്വാതന്ത്ര്യത്തെ അവൾ നിഷേധിച്ചു, ഇതിലൂടെ നരക പ്രവേശനമാണ് അവൾക്ക് ലഭിച്ചത് ;എന്നാൽ മറ്റൊരു സ്ത്രീ ഉണ്ടായിരുന്നു അവൾ വേശ്യയായി ജീവിക്കുന്ന സ്ത്രീയാണ്, പക്ഷേ ഒരിക്കൽ അവൾ നടന്നുപോകുമ്പോൾ ദാഹിച്ചുവലഞ്ഞു വരുന്ന ഒരു നായയെ കണ്ടു! അവൾ കിണറ്റിൽ നിന്നും വെള്ളം കോരി ആ നായക്ക് കുടിക്കാൻ നൽകി ആ ഒരൊറ്റ പ്രവർത്തനത്തിലൂടെ അവൾക്ക് സ്വർഗ്ഗ പ്രവേശനം സാധ്യമാവുകയും ചെയ്തു എന്ന് പ്രവാചകാധ്യാപനങ്ങൾ പറയുന്നു.

ഇവിടെ വ്യക്തമാകുന്നത് കാരുണ്യത്തിന്റെ  പ്രാധാന്യമാണ്. സാമൂഹിക ക്രമം (Social order ) നിലനിർത്തുന്നതിൽ കാരുണ്യത്തിനും സ്നേഹത്തിനു വളരെ വലിയ പ്രാധാന്യമുണ്ട്.

ഒരിക്കൽ അഴിച്ചുവെച്ച് പ്രവാചകൻറെ തലപ്പാവിൽ ഒരു പൂച്ച കിടന്നുറങ്ങുകയായിരുന്നു, പ്രവാചകന് പ്രാർത്ഥനക്ക്  പോവാൻ സമയമായി . ആ പൂച്ചയെ ഉണർത്താതെ ബദൽ സംവിധാനം സ്വീകരിച്ചു പ്രവാചകൻ.

ഒരിക്കൽ ഒരിടത്ത് തമ്പടിച്ച പ്രവാചക സൈന്യം ടെൻഡിനരികിൽ  തീ ഇടുന്നത് പ്രവാചകൻ ശ്രദ്ധിച്ചു ,അതിനടുത്ത് ഉറുമ്പുകൾ നടന്നു പോകുന്നുണ്ടായിരുന്നു. പ്രവാചകൻ വളരെ കോപത്തോടെ അവരോട് തീയണക്കാൻ ആജ്ഞാപിച്ചു. ഉറുമ്പുകളുടെ സ്വാതന്ത്ര നിഷേധിക്കാൻ നമുക്കാർക്കും അധികാരമില്ലെന്ന് അവരെ പ്രവാചകനുണർത്തി.

ഒരിക്കൽ ഒരു പ്രവാചക അനുചരൻ  നബിക്ക് ഒരു പ്രാവിൻ കുഞ്ഞിനെ സമ്മാനിച്ചു.അതിനെ എവിടുന്നു കിട്ടിയതാണെന്ന് പ്രവാചകനന്വേഷിച്ചു.
അപ്പോൾ അയാൾ പറഞ്ഞു ഒരു മരത്തിനു മുകളിൽ നിന്നും പിടിച്ചതാണെന്ന് ,അങ്ങനെ ഉടനടി ആ അനുജരനെയും കൂട്ടി ആ വൃക്ഷത്തിന്റെ  അടുത്തേക്ക് പ്രവാചകൻ ചെന്നു .എന്നിട്ടാ പ്രാവിൻ കുഞ്ഞിനെ തനിക്ക് കിട്ടിയ കൂട്ടിൽ തന്നെ നിക്ഷേപിക്കാൻ പ്രവാചകൻ കൽപിച്ചു.വളരെ കോപാകുലനായാണപ്പോൾ  പ്രവാചകൻ കാണപ്പെട്ടത്.

മനുഷ്യത്ത്വത്തിന്റെ വക്താവ്

മനുഷ്യത്വത്തിനായിരുന്നു പ്രവാചകൻ എല്ലാ സമയത്തും പ്രാധാന്യം നൽകിയിരുന്നത്.

അടിസ്ഥാന ജനങ്ങളുടെ ക്ഷേമത്തിനും നീതിക്കും വേണ്ടി പ്രവാചകൻ തന്റെ ചിന്തകളിലൂടെ ആശയങ്ങൾ രൂപീകരിച്ചു.പ്രവാചകന്റെ ചിന്തകളും പ്രവർത്തനങ്ങളും  മാതൃകാപരമായ രീതിയിലായിരുന്നു.

ഭരണാധികാരിയെ പ്രജകൾക്ക് ഏത് സമയത്തും ചോദ്യം ചെയ്യാനുള്ള അവകാശം നൽകിയിരുന്നു പ്രവാചകൻ.

ഒരിക്കൽ ആട്ടിയോടിക്കപ്പെട്ട മണ്ണിലെത്തി മക്ക തിരിച്ചുപിടിച്ചു വിജയമാഘോഷിച്ചപ്പോൾ എല്ലാ അക്രമികൾക്കും പ്രവാചകൻ മാപ്പുനൽകി.

അങ്ങനെ മക്കയിലെ വിശുദ്ധ ഗേഹമായ കഅ്ബാ ശരീഫ് തുറന്ന്  ആരാധന നിർവഹിച്ചു,

അതിന്റെ താക്കോൽ സൂക്ഷിപ്പുകാർ  അമുസ്ലിമായ ഒരു വ്യക്തിയായിരുന്നു!

മക്കയിലെ ഭരണാധികാരിയായ പ്രവാചകൻ ആരധന കഴിഞ്ഞതിനുശേഷം ആ ഖഅബയുടെ താക്കോൽ  അമുസ്ലിമിന്റെ  കയ്യിൽ തന്നെയാണ് പ്രവാചകൻ തിരിച്ചേൽപ്പിച്ചത് !!

എത്ര അധികാരമുണ്ടെങ്കിലും ഒരാളോടും അനീതി കാണിക്കരുതെന്നാണ് പ്രവാചകനിതിലൂടെ പഠിപ്പിച്ചത് .

ഒരു വ്യക്തിയോടുള്ള വിയോജിപ്പും അയാളുടെ പ്രത്യയശാസ്ത്രത്തോടുള്ള വിയോജിപ്പും ആ ഒരു സമൂഹത്തോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കരുത് എന്ന്   പ്രവാചകൻ തൻറെ അനുയായികളെ പഠിപ്പിച്ചു.

പ്രത്യയശാസ്ത്രപരമായ സഹിഷ്ണുത വളരെ വലിയ പ്രാധാന്യത്തോടെയാണ് പ്രവാചകൻ കണ്ടത്.

ഒരു ജൂത മത  വിശ്വാസിയുടെ മൃതദേഹവുമായി അതിലൂടെ വിലാപയാത്ര കടന്നു പോകുമ്പോൾ പ്രവാചകൻ എഴുന്നേറ്റുനിന്ന് ആദരിച്ചു.

താൻ ഭരണാധികാരിയായിരിക്കുന്ന ഒരു രാഷ്ട്രത്തിലെ അന്യമതക്കാരന്റെ  മൃതദേഹം കണ്ടപ്പോൾ  പ്രവാചകൻ എഴുന്നേറ്റ് നിന്നതെന്തു കൊണ്ടാണെ ന്ന് തന്റെ അനുചരന്മാർ ചോദിച്ചു !

അപ്പോൾ പ്രവാചകൻ പറഞ്ഞു  അവരുടെ പ്രത്യയശാസ്ത്രം മറ്റൊന്നാണെങ്കിലും ആത്യന്തികമായി അവരും മനുഷ്യരാണ്.

സർവ്വേശ്വരൻ മനുഷ്യരെ ആദരിച്ചിട്ടുണ്ട് ,ലോകത്തെ എല്ലാ കാലത്തേയും തത്വചിന്തകൾക്കും തീവ്രവാദ-ഭീകരവാദ വംശീയവാദ ന്യായീകരണക്കാരൊക്കെ ചില്ലിട്ട് സൂക്ഷിക്കേണ്ട  വാചകമാണിത്.

ഒരിക്കൽ പ്രവാചകനെ കാണാനും, സംവാദം നടത്താനും വേണ്ടി ഈജിപ്തിലെ ചില ക്രിസ്ത്യൻ പുരോഹിതന്മാർ വന്നു. അപ്പോൾ പ്രവാചകൻ അവർക്ക്  വിശുദ്ധ നഗരത്തിലെ തന്റെ മസ്ജിദിൽ തന്നെ  താമസസൗകര്യവും ,ആരാധനാ സൗകര്യവുമൊരുക്കിക്കൊടുത്തു. എല്ലാ ആതിഥ്യമര്യാദകളും നൽകി അവരെ സൽക്കരിച്ചു. ഇതാണ് പ്രത്യയശാസ്ത്രപരമായ സഹിഷ്ണുത .

താൻ ഇഷ്ടപ്പെടുന്ന കാര്യം തന്റെ സഹോദരന് കൂടി ലഭ്യമാകണമെന്ന് ആഗ്രഹിക്കാത്ത കാലത്തോളം  ഒരാളും പരിപൂർണ വിശ്വാസിയാവില്ലെന്ന് പ്രവാചകൻ പറയുന്നു.

ഒരാൾ ദാനം നൽകേണ്ടത് താൻ ഏറ്റവും ഇഷ്ടപ്പെടുന്ന മുന്തിയ വസ്തുക്കൾ ആയിരിക്കണമെന്ന് പ്രവാചകൻ                പറയുന്നു.
അതാണ് ഏറ്റവും ഉയർന്ന മൂല്യമുള്ള ദാനം.

ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് സേവനം ചെയ്യാനായി തന്റെ  സമയവും അധ്വാനവും ചിലവഴിച്ചാൽ അതാണ് ഏറ്റവും വലിയ ദൈവിക ആരാധന എന്നും പ്രവാചകൻ പറഞ്ഞു.

കേരളം അതിൻറെ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രളയം ഈയിടെ നേരിട്ടപ്പോൾ ഏറ്റവും കൂടുതൽ സംഭാവന നൽകിയ രാഷ്ട്രങ്ങൾ പ്രവാചക തത്വചിന്ത ഉൾക്കൊള്ളുന്ന രാഷ്ട്രങ്ങളായിരുന്നുവെന്നത് ഇത്തരുണത്തിൽ ചിന്തനീയമാണ്.

ഇവിടെ അനേകം മുതലാളിത്ത യൂറോപ്യൻ രാഷ്ട്രങ്ങളുണ്ട്, സോഷ്യലിസത്തിൽ വിശ്വസിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളുമുണ്ട് എന്നാൽ ഇവരൊന്നും കേരളത്തെ പ്രവാചക ഫിലോസഫി ഉൾക്കൊണ്ട രാഷ്ട്രങ്ങൾ പരിഗണിച്ചത് പോലെ പരിഗണിച്ചിട്ടില്ല.

വിജ്ഞാനത്തിന്റെ പ്രാധാന്യം

വിജ്ഞാനം നേടുന്നതിനെ ഏറെ പ്രോത്സാഹിപ്പിച്ച നിലപാടായിരുന്നു പ്രവാചകന്റേത് .

നിങ്ങൾ ചൈനയിൽ പോയാണെങ്കിലും വിദ്യാഭ്യാസം നേടണമെന്ന്  ആറാം നൂറ്റാണ്ടിന്റെ ഇരുളടഞ്ഞ   സമൂഹത്തോട് പ്രവാചകൻ പറഞ്ഞു.

വിജ്ഞാനം എന്റെ  സമൂഹത്തിന്റെ  കളഞ്ഞു പോയ സ്വത്താണ് .അത് എവിടെ കണ്ടാലും നിങ്ങൾ  പെറുക്കിയെടുക്കണമെന്ന് പഠിപ്പിച്ചത് പ്രവാചകനാണ്.

ഒരിക്കൽ പ്രവാചക സൈന്യം യുദ്ധത്തടവുകാരായി ചിലരെ പിടിച്ചപ്പോൾ മോചനദ്രവ്യമായി അവരോട് ആവശ്യപ്പെട്ടത് അവരുടെ  എഴുത്തും വായനയും പഠിപ്പിച്ചു നൽകുക എന്നതായിരുന്നു!! ലോക ചരിത്രത്തിൽ ആദ്യമായാവും ഇങ്ങനെയൊരു മോചന ദ്രവ്യം. പ്രവാചകനിലൂടെ അവതരിച്ച വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ ആദ്യ വാചകം തന്നെ നീ വായിക്കുക നിന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തിൽ എന്നായിരുന്നു.അറിവ് തേടിയിറങ്ങിയവൻ സ്വർഗ്ഗത്തിന്റെ  പാതയിലാണെന്ന്  പ്രവാചകൻ.

മധ്യകാലഘട്ടത്തിൽ വിജ്ഞാന ശാഖകൾ പൗരോഹിത്യത്തിന്റെ കാൽച്ചുവട്ടിൽ ഞെരിഞ്ഞമർന്ന്  ജ്ഞാനനിർമ്മിതി നശിച്ചുപോകുമെന്ന് ഭയപ്പെട്ടു നിൽക്കുന്ന കാലഘട്ടത്തിലാണ് പ്രവാചകൻ സാമൂഹിക വൽക്കരണത്തിന് വിധേയമാക്കിയ ഒരു സംഘം ഗ്രീക്ക് ഹെല്ലനിസ്റ്റിക് ദാർശനികതയെ ഇരുകയ്യുംനീട്ടി സ്വീകരിക്കുന്നത്.

ആ അറിവിന്  പിന്തുടർച്ച ഉണ്ടാക്കി ഇന്നത്തെ യൂറോപ്പിന്റെ  വൈജ്ഞാനിക സമ്പുഷ്ടി ക്ക്  അടിത്തറപാകിയത് പ്രവാചകൻ കൊളുത്തിയ വിളക്കിൽ നിന്നും ഊർജം ഉൾക്കൊണ്ടാണ്; അബു നസ്റ് അൽ-ഫറാബി (872 - 950), അൽ-ബത്താനി(858- 929), ഇബ്നു സീന(980- 1037),ഇബ്നു ബത്തൂത്ത (1304- 1369). ഇബ്നു റുഷ്ദ് (1129 - 1198).മുഹമ്മദുബ്നു മൂസാ അൽ ഖവാരിസ്മി (780- 850), ഉമർ ഖയ്യാം(1048-1131), താബിത് ഇബ്നു ഖുറ(826-901), അബൂബക്കർ അൽ റാസി(865- 925), ജാബിർ ഇബ്നു ഹയ്യാൻ (722- 804), ഇബ്നു ഇസ്ഹാഖ് അൽ -ഖിന്തി(801-873), ഇബ്നു അൽ ഹൈത്തമി(965-1040), ഇബ്നു സുഹ്റ് 1091 -1161).ഇബ്ന് ഖൽദൂൻ(1332-1406), ഇബ്ൻ അൽ ബൈത്തർ (1197-1248) തുടങ്ങിയ പ്രമുഖർക്കെല്ലാം ജ്ഞാന നിർമ്മാണത്തിനും ഗവേഷണത്തിനും ഊർജ്ജം ലഭിച്ചത് പ്രവാചകാധ്യാപനങ്ങളിൽ നിന്നും വിശുദ്ധ ഖുർആനിൽ.

പ്രായോഗിക സമത്ത്വവാദം

എന്നും അടിസ്ഥാന ജന വിഭാഗത്തിന്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിച്ച ചരിത്രമാണ് പ്രവാചകനുള്ളത്.

വല്ലവനും ഭക്ഷണം മോഷ്ടിച്ചാൽ അവനെ സിക്ഷിക്കരുതെന്നും ശിക്ഷിക്കേണ്ടത് അവിടുത്തെ ഭരണാധികാരിയേയാണെന്ന കാഴ്ച്ചപ്പാട്  ലോകത്തിന് സംഭാവന ചെയ്തത് പ്രവാചക തത്വങ്ങളിൽ നിന്നും ഊർജ്ജമുൾക്കൊണ്ട ഖലീഫ ഉമറാണ്.

ഒരാൾ അവന്റെ കരങ്ങളെക്കൊണ്ട്  സ്വയം അധ്വാനിച്ച്  ഭക്ഷിക്കുന്നതാണ് ഏറ്റവും വിശുദ്ധമായ ഭക്ഷണം എന്ന് പ്രവാചകൻ പറയുന്നു.

തൊഴിലാളികൾക്ക് അവരുടെ വിയർപ്പ് വറ്റുന്നതിന് മുമ്പ് കൂലി നൽകണമെന്ന് പഠിപ്പിച്ച പ്രവാചകൻ ഏറ്റവും വലിയ പ്രായോഗിക സോഷ്യലിസ്റ്റ് കൂടിയാണ്.
സാമൂഹിക ഉദ്ഗ്രഥന ങ്ങളിലൂടെ വമ്പിച്ച സാമൂഹിക മുന്നേറ്റങ്ങൾ സൃഷ്ടിക്കാനാവുമെന്ന് പറഞ്ഞത് എമിലി ദുർഖൈം എന്ന ഫ്രഞ്ച്  സാമൂഹിക ശാസ്ത്രജ്ഞനാണ്. ഇങ്ങനെയുള്ള സമൂഹങ്ങളിൽ ഈഗോയിസ്റ്റിക് സൂയിസൈഡ് വളരെ കുറയുമെന്നും അദ്ധേഹം സിദ്ധാന്തിക്കുന്നു,
പ്രവാചക തത്ത്വചിന്ത ഉൾക്കൊണ്ട് സമൂഹത്തെ എടുത്തു പരിശോധിക്കുമ്പോൾ ഇവയുടെ ശരിയെ കാണാൻ സാധിക്കും.

ക്ഷേമത്തിലും ഐശ്വര്യത്തിലും ധർമ്മത്തിലും മൂല്യത്തിലും അധിഷ്ഠിതമായ ഒരു മഹിത മാനവ സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് പ്രവാചക തത്ത്വചിന്തയുടെ ലക്ഷ്യമെന്ന് സാമൂഹിക വിശകലനങ്ങളിലൂടെ നമുക്ക് കാണാൻ സാധിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക