Image

പുതിയ ആകാശം, പുതിയ ഭൂമി (കവിത: ജയൻ വർഗീസ്)

Published on 12 September, 2024
പുതിയ ആകാശം, പുതിയ ഭൂമി (കവിത: ജയൻ വർഗീസ്)

അമ്മ സിംഹങ്ങളേ പാല് ചുരത്തുമോ 
ഞങ്ങൾ നിസ്സാരരാ മാടിൻ കുരുന്നുകൾ . 
മുന്നിൽ വന്നാൽ കൊന്നു തിന്നുവാനാണ് നിൻ 
ജന്മ  നിയോഗം പ്രുകൃതിയിലെങ്കിലും ,

കൊന്ന്‌ കോല വിളിച്ചർക്കുവാണെങ്കി 
ലെന്തിനീ സ്നേഹ പ്രപഞ്ചം രചിച്ചു നീ ? 
എന്നൊരു ചോദ്യം നിഗൂഢ നിരാമയ നെഞ്ചിൽ 
എറിഞ്ഞു കൊടുക്കുവാനാകണം !

വേട്ട മൃഗങ്ങളെ ശ്രേഷ്ടരായെണ്ണുന്ന 
തീട്ടൂരം ദൈവീക കല്പനയാകുമോ?
കൂട്ടുകാരാണ് നാം ഇന്നുമുതൽ പ്രേമം 
മീട്ടും പ്രപഞ്ച വിലോലമാം തന്ത്രികൾ !

എന്നിലെ പിഞ്ചിളം മാംസം ഭുജിച്ചിട്ട് 
നിന്റെ കുഞ്ഞുങ്ങൾ പുലരുമാറാകണം 
എന്ന് പറഞ്ഞത് ദൈവമാണെങ്കിലാ 
കള്ള ദൈവത്തിനെ ദൂരേക്കെറിയണം !

ഇന്ന് മുതൽ നമ്മളൊന്ന് കരുതലാം 
കുഞ്ഞു നാളങ്ങളാം മൺ ചിരാതുക്കളായ്
എങ്ങും കരയുന്ന കൺതട ക്കണ്ണുനീ -
രെല്ലാം തുടച്ച് തിരുത്തണം നമ്മളായ് !

നിന്റെ നിശബ്ദമാം നോവുകൾ നെഞ്ചിലെ 
കുഞ്ഞു കിളിയായ് പിടയുമ്പോൾ ഞാനെന്ന 
ജന്മ സാഫല്യം സ്വസ്വർഗ്ഗത്തിലെത്തുവാ -
നിന്നീ പ്രപഞ്ച കഷണമായ് ജീവിതം !

സ്നേഹം - മുതൽ മുടക്കില്ലാത്ത സ്നേഹമായ് 
യേശുവിൻ ചിന്തയെ  മാറ്റി മറിച്ചവർ 
കള്ള മതങ്ങളായ് ‌ദൈവത്തെ വിൽക്കുന്നു 
പള്ളികൾ വേണ്ട ; ‘ കരുതൽ ’ ആണാ വിളി !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക