Image

മുംബയിലെ ഗണേശോത്സവം (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 13 September, 2024
മുംബയിലെ ഗണേശോത്സവം (തൊടുപുഴ കെ ശങ്കർ മുംബൈ)

 ആമുഖം:

ഭാരതത്തിലെ ഒട്ടനേകം ദേവന്മാരുടെ പൗരാണിക പരമ്പരയിൽ ഏറ്റവും സമുന്നതനും സമാരാദ്ധ്യനുമായ ഒരു വിശിഷ്ട ദേവനാണ്   ശ്രീ മഹാഗണപതി. ഗണപതി എന്നാൽ, ജനഗണങ്ങളുടെ പതി അഥവാ, നാഥൻ എന്നർത്ഥം, തന്റെ പ്രിയ വാഹനമായ ചുണ്ടെലിയുടെ മുതുകിലേറി സ്വച്ഛന്ദം സവാരി ചെയ്യുന്ന ഗണപതി മറ്റു ദേവന്മാരെക്കാൾ പ്രിയങ്കരമായ സ്ഥാനം നേടിയിരിക്കുന്നു. അദ്ദേഹത്തിനു ജനനമില്ല, മരണവുമില്ല, ആദിയില്ല, അന്തവുമില്ല. എക്കാലത്തും ഏവർക്കും സമകാലീന ദേവനായി സർവ്വശ്രദ്ധേയനായി രാജതുല്യനായി വിരാജിക്കുന്നു. വിദ്യാരംഭം മുതൽ വിവാഹം വരെ എല്ലാ  മംഗള കർമ്മങ്ങളുടെയും പ്രാരംഭം കുറിക്കുന്നത് ഗണപതിയെ  സ്മരിച്ചുകൊണ്ടാണല്ലോ. 
ഗണപതി പൂജയും പ്രിയ ഭോജനവും:
ഗണപതിക്ക്‌ അനേകം പേരുകളുണ്ട്. ഇദ്ദേഹത്തെ എല്ലാ മതസ്ഥരും ബഹുമാനിക്കുന്നു. തന്മൂലം ഗണപതി ഒരു സാർവ്വദേശീയ ദേവനെന്നു കരുതാവുന്നതാണ്.  ഗണപതിയുടെ ഏറ്റവും പ്രിയങ്കരമായ ഭോജനം ശർക്കര കുഴക്കട്ട അല്ലെങ്കിൽ മോദക് ആണ്. ഗണപതിയുടെ ജന്മദിനമായി നാം കരുതുന്ന ഗണേഷ് ചതുർത്ഥിയന്നു ശർക്കര കുഴക്കട്ട  (മറ്റെന്തെങ്കിലും കൂടെയുണ്ടാക്കി) ഗണപതി ഭഗവാന് നിവേദ്യമായി സമർപ്പിച്ചു പൂജചെയ്തു നാം അനുഗ്രഹങ്ങൾ കാംക്ഷിക്കുന്നു. ഈ പുണ്യദിവസം ഒരു മഹോത്സവമായി മാലോകർ കൊണ്ടാടുന്നു. ഇതിനു ഗണേശോത്സവം എന്ന് പറയുന്നു. 
ഗണപതിയുടെ ജന്മദിനം മഹോത്സവമായി കൊണ്ടാടുന്നതിൽ സുപ്രധാനമായ സ്ഥാനം അർഹിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട.   മഹാരാഷ്ട്രയിലെ മുംബയിൽ, വിവിധ സ്ഥലങ്ങളിൽ വലിയ പന്തലുകളിൽ, വർണ്ണോജ്വലങ്ങളായ വൈദ്യുത ദീപങ്ങളുടെ പ്രകാശ ധോരണിയിൽ പല രൂപത്തിലും, ഭാവത്തിലും വലിപ്പത്തിലുമുള്ള ഗണപതിയുടെ വിഗ്രഹങ്ങൾ വച്ച് ഭക്തി പുരസ്സരം പൂജിക്കുന്നു.  ക്ഷിപ്രകോപിയെങ്കിലും, ക്ഷിപ്ര പ്രസന്നനുമായ ഗണപതി, കോടിക്കണക്കിനു ഭക്തന്മാരെ, വരദാനങ്ങൾ നൽകി അനുഗ്രഹിച്ചുകൊണ്ട്, ഉല്ലാസവാനായി പത്തു ദിവസം തന്റെ ഭക്തരോടൊത്തു കഴിയുന്നു. 
ഗണപതി പൂജയും നിമജ്ജനവും:

11 -)൦ ദിവസം പ്രാർത്ഥനാ, നാമ സങ്കീർത്തനാദികളോടെ ഏതെങ്കിലും ജലാശയത്തിൽ ഔപചാരികമായിത്തന്നെ, പൂജിക്കപ്പെട്ട വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യപ്പെടുന്നു. അങ്ങനെ, ഗണേശോത്സവത്തിന്റെ പരിസമാപ്തിയുമാകുന്നു.

മുംബയിലെ, പരേൽ, ലാൽബാഗ്, അന്ധേരി, ദേവനാർ, ആർ കെ സ്റ്റുഡിയോ, തിലക് നഗർ ചെമ്പുർ, ഫോർട്ട്, സുഭാഷ് നഗർ , ബോറിവില്ലി, ഘാട്കോപർ, ഗരോഡിയാ നഗർ എന്നു വേണ്ടാ, മിക്കയിടങ്ങളിലും വളരെ വിപുലമായ തോതിൽ പന്തലുകൾ കെട്ടി പ്രകാശമയമായ വൈദ്യുത ദീപങ്ങളുടെയിടയിൽ അലംകൃതമായ പീഠത്തിൽ ഗണപതിയെ അവരോധിക്കുന്നു.ഇക്കാലത്തു ജനങ്ങളെല്ലാവരും വളരെ, സൗഹാർദ്ദമായി കഴിയുന്നു. 
ഗണപതിയുടെ വിഗ്രഹങ്ങൾ, മുകളിൽ പറഞ്ഞതു പോലെ, പല ഭാവത്തിലും രൂപത്തിലും, വലിപ്പത്തിലും, നിർമ്മിക്കുന്നു. ഈ വിഗ്രഹ നിർമ്മാണം എത്രയോ തൊഴിൽ രഹിതർക്കു ഉപജീവനമാർഗ്ഗമായി മാറിയിരിക്കുന്നു.  പ്രാരംഭകാലങ്ങളിൽ കളിമണ്ണു കൊണ്ട് വിഗ്രഹ നിർമ്മാണം നടത്തിയിരുന്നെങ്കിലും, ഇന്ന്, 'പ്ലാസ്റ്റർ ഒഫ് പാരീസ്'(പി ഓ പി) എന്ന പദാർത്ഥമാണ്  ഉപയോഗിക്കുന്നത്.  
മഹാരാഷ്ടയിൽ ഗണേശോത്സവത്തിന്റെ ഉത്ഭവം:

സ്വാതന്ത്ര്യ സമര കാലത്തു ജനങ്ങളിൽ ദേശീയ ബോധവും, ദേശഭക്തിയും, സൗഹാർദ്ദ ബോധവും ഉണർത്തുവാൻ, ഉളവാക്കാൻ സ്വാതന്ത്ര്യസമര സേനാനികളിൽ പ്രമുഖനായിരുന്ന ലോകമാന്യ തിലകൻ 1901-ൽ തുടങ്ങി വച്ച ഈ ഗണേശോത്സവം ഹിന്ദുക്കളുടെയിടയിൽ തായ്‌വേരൂന്നിയ ഒരു മഹോത്സവമായി മാറിക്കഴിഞ്ഞു. ഇതിൽ എല്ലാ മതസ്ഥരും പങ്കു കൊള്ളുന്നു. അങ്ങനെ, മുംബൈ ഒരു മെൽറ്റിംഗ് പോയിന്റ് എന്ന നിഗമനത്തിനു ശക്തി കൂട്ടുന്നു. 
മുംബൈക്ക് പുറത്തുള്ള പൂനായിലെ ദഗുഡ്‌ സേട്ട് ഹൽവാ ഗണപതി വളരെ വിഖ്യാതമാണല്ലോ. 
അതു പോലെ, മുംബൈ മഹാനഗരത്തിലെ, ചെമ്പുർ തിലക് നഗറിലുള്ള ഗണേശ്‌ പന്തൽ ലക്ഷക്കണക്കിന് ഭക്ത  ജനങ്ങളെ ആകർഷിക്കുന്ന ഒന്നാണു്!എല്ലാ വർഷവും, ഭാരതത്തിലെ സുപ്രസിദ്ധമായ ഓരോ ക്ഷേത്രത്തിന്റെ റെപ്ലിക്ക   അഥവാ,ഡൽഹിയിലെ റെഡ്‌ഫോർട്പോലെയുള്ള സ്ഥലങ്ങളുടെ മോഡൽ മുതലായവ, വളരെ പണവും സമയവും ചിലവഴിച്ചാണ് നിർമ്മിക്കുക. രാവിലെ മുതൽ രാത്രി 10 മണി വരെ ഭക്തജനങ്ങളുടെ പ്രവാഹം വാചാമ ഗോചരമത്രെ! ഈ അടുത്ത കാലത്തു ഒരു പ്രാവശ്യം, വളരെ വിപുലമായ മൈസൂർ പാലസിന്റെ മാതൃകയിലാണ് പന്തൽ നിർമ്മിച്ചത്. 
ഗണപതിയുടെ വിഗ്രഹങ്ങൾ മിനഞ്ഞെടുക്കുന്ന ശില്പിയുടെ മനോധർമ്മം പോലെ വലിപ്പവും, ഭാവവും, വർണ്ണവും മാറിയെന്നിരിക്കും.

മുംബയിലെ ഗണപതി വിഗ്രഹങ്ങളിൽ വച്ച് ജനങ്ങളുടെ ശ്രദ്ധ  ഏറ്റവും പിടിച്ചു പറ്റിയ വിഗ്രഹങ്ങളാണ് പരേൽ ലാൽ ബാഗിലെ 'ലാൽബാഗ് ചാ രാജായും' മട്ടുംഗയിലെ   
'ജി എസ് ബി ഗണപതിയും',! വിലയിലും, വലിപ്പത്തിലും എല്ലായ്‌പ്പോഴും മുൻപന്തിയിൽ നിൽക്കുന്നു. ജി എസ് ബി (ഗൗഡ സരസ്വത്‌ ബ്രാഹ്മിൻസ്)  ഗണപതി ലോകത്തിലെ ഏറ്റവും ധനികനായ ഗണപതിയായി കരുതപ്പെടുന്നു, കാരണം ആ വിഗ്രഹത്തിൽ  80 കിലോ സ്വർണ്ണവും 400 കിലോ വെള്ളിയും അതിലുള്ളതായും അതിന്റെ വില 200  കോടി രൂപയും ആണെന്നു പറയുന്നു.  ലാൽബാഗ് ചാ ഗണപതിയും വലിപ്പത്തിൽ മാത്രമല്ല   വിലയുടെ കാര്യത്തിലും വളരെ ഉയർന്ന സ്ഥാനം വഹിക്കുന്നതായി കരുതപ്പെടുന്നു.


ഗണപതി വിഗ്രഹ നിർമ്മാണവും  ഉപജീവനവും:

ഗണപതി വിഗ്രഹ നിർമ്മാണം മഹാരാഷ്ട്രയിൽ പ്രത്യേകിച്ച് മുംബയിൽ ഒട്ടേറെ വിഗ്രഹ നിർമ്മാണ വിദഗ്ദ്ധർക്ക്/തൊഴിലാളർക്കു ഒരു മുഖ്യ ഉപജീവന മാർഗ്ഗവും കൂടിയാണു്. ഗണപതിയുടെ വിഗ്രഹ സ്ഥാപന,  പ്രദർശന സംഘടനകൾ അഥവാ, മിത്ര മണ്ഡലുകൾ ഉണ്ടു്. അവർ, അവർക്കു പറ്റുന്ന വിധത്തിൽ(വിലവ്യത്യാസം വഹിയ്ക്കാനാവുന്ന രീതിയിൽ) ഉള്ള വിഗ്രഹങ്ങൾ വാങ്ങി ഔപചാരികമായി പ്രാരംഭ പൂജകൾ ചെയ്തു പന്തലിൽ ഉപവിഷ്ടനാക്കുന്നു. തുടർന്നു പത്തു ദിവസങ്ങൾ പൂജയും, നൈവേദ്യവും, ആരതിയും, ഭക്തിഗാനങ്ങളും മറ്റുമായി ആഘോഷിക്കുന്നു. 11-)൦ ദിവസം ഔപചാരികമായി വാദ്യ ഘോഷങ്ങളോടെ സമീപത്തുള്ള ജലാശയത്തിൽ നിമജ്ജനം, അതോടെ ഗണേശോത്സവത്തിന്റെ പരിസമാപ്തിയും!

ഉപസംഹാരം:

ഗണപതിയുടെ ദർശനത്തിനായി ആളുകൾ കാത്തു നിന്നു്  തങ്ങളുടെ ദർശനാഭിലാഷം പൂർത്തീകരിക്കുന്നു. 
ജനങ്ങളുടെ ഏകോപനോദ്ദേശത്തോടെ ആരംഭിച്ച ഈ മഹോത്സവം ഇന്ന് ഒരു വലിയ ദേശീയോത്സവമായി മാറിയിരിയ്ക്കുന്നു. ജാതിമത ഭേദമെന്യേ, എല്ലാ മഹോത്സവങ്ങളും ഇത് പോലെ കൊണ്ടാടുകയാണെങ്കിൽ, സ്വാതന്ത്യ സമരകാലത്തു ലോകമാന്യ തിലകൻജി വിഭാവനം ചെയ്ത അതേ സ്വരുമ അഥവാ, ഒരുമ അല്ലെങ്കിൽ ഐക്യം വീണ്ടും നമ്മുടെ രാജ്യത്തിലുടനീളം ആവിർഭവിയ്ക്കുമെന്നും, നിലനിൽക്കുമെന്നും ആശിയ്ക്കാം. എത്രയോ തൊഴിൽ രഹിതർക്കു നിരന്തരമായി തൊഴിൽ നൽകുന്ന ഈ പ്രസ്ഥാനം, എന്നും നിലനിൽക്കട്ടെ എന്നാശിക്കാം! അതിന്റെ സാഫല്യത്തിനു നമ്മെ ഉള്ളഴിഞ്ഞു എല്ലായ്പ്പോഴും  അനുഗ്രഹിയ്ക്കാൻ ശ്രീ ഗണപതി ഭഗവാനോട് നമുക്കു നിരന്തരം പ്രാർത്ഥിയ്ക്കാം!
“ലോകാ സമസ്താ സുഖിനോ ഭവന്തു!”

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക