ചിങ്ങവെയിലൊളിയിൽ മുറ്റം മിനുങ്ങുമ്പോൾ പുലരുന്ന പൊന്നോണത്തെ ഒരൂഞ്ഞാൽപ്പാട്ടിലൂടെ പുകഴ്ത്തുന്ന പൂവനികൾ !
"ഉത്രാടപ്പൂനിലാവേ വാ....."
ഓണത്തിന്റെ വരവറിയിച്ചു കൊണ്ടൊരു പാട്ട് ! ഗതകാല സ്മരണകളുണർത്തുന്ന നിത്യ ഹരിത ഗാനം . രവീന്ദ്ര സംഗീതത്തിന്റെ മായാജാലം . യേശുദാസിന്റെ ശ്രുതിമധുര സ്വരം .
ഓർമ്മയിൽ , അത്തം പിറന്നാൽ റേഡിയോയിൽ കേട്ടുകേട്ട് പിന്നെ കാസറ്റിലും ഇപ്പോൾ യൂ- ട്യൂബിലും കേൾക്കുന്ന ഒരോണപ്പാട്ട് . എത്രയോ ഓണപ്പാട്ടുകൾ 'തരംഗിണി ' നമുക്കു സമ്മാനിച്ചിട്ടുണ്ട് . അതിലെല്ലാം കവി ഭാവനകൾക്കനുസരിച്ചുള്ള ഉത്സവ താളങ്ങളാണ് . ശ്രീകുമാരൻ തമ്പിയുടെ തൂലികയിൽ നിന്നടർന്നു വീണ ഈ വരികളേയും രവീന്ദ്രൻ മാഷ് ആ താളത്തിൽ ചേർത്തു നിർത്തിയിരിക്കുന്നു.
ഓണത്തെ ഓണമാക്കുന്ന ഗാനം .
ഓണമായാൽ ഈ പാട്ടു കൂടി കേട്ടാലേ ഓണം പൂർണ്ണമാകുകയുള്ളൂ . ഈ വരികൾക്ക് ഹംസധ്വനി രാഗത്തിൽ , ഇത്രയും നല്ല സംഗീതം വേറെയാർക്കാണു നൽകാൻ കഴിയുക ? ഒരുപാട് ഓണമുണ്ട ഒരു പാട്ട് !
"ഉത്രാടപ്പൂനിലാവേ വാ മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവനിയിൽ ഇത്തിരിപ്പാൽ ചുരത്താൻ വാ വാ...വാ..."
ഈ പാട്ടുകേൾക്കുമ്പോൾ ഓണം മുറ്റത്തു വന്നു നിൽക്കുന്ന പോലൊരു തോന്നൽ . കഴിഞ്ഞ കാലത്തിന്റെ സുന്ദര ചിന്തകളായിരുന്നു മലയാളത്തിന്റെ പൊന്നോണവും ഗാനങ്ങളും . കേരളം , മലയാളം , ഓണം ഇതെല്ലാം ഏതൊരു മലയാളിക്കും ഒരു വികാരം തന്നെയാണ് .
എല്ലാം ആർഭാടമായി മാറിയ ഈ കാലത്ത് ഓണവും ആർഭാടമായി മാറിയെങ്കിലും എവിടെയോ ഒരു ചെറിയ ലാളിത്യം ഒളിച്ചിരിക്കുന്നില്ലേ ? ആ ലാളിത്യത്തെ ഒന്നുകൂടി ചേർത്തു നിർത്തിയിരിക്കുകയാണീ പാട്ടിൽ എന്നു തോന്നും .
പൂവായ് വിരിഞ്ഞ മോഹങ്ങളൊക്കെ മുറ്റത്തെ പൂക്കളത്തിലേക്ക് എഴുതിച്ചേർക്കുന്നുണ്ട് . അങ്ങനെ ഓണത്തിന്റെ തിരുമുറ്റത്ത് വാടിയ പൂവനിയിലെല്ലാം വീണ്ടും വസന്തം വിരിയിക്കാൻ പോന്ന സംഗീത മാന്ത്രികത . ഒന്നിച്ച് ഒരോണത്തുമ്പിയായി പറന്നു പോകാൻ കൊതിക്കും . അല്ലെങ്കിലും ഒത്തുചേരലാണല്ലോ ഓണം .
ഓണത്തിന് വയർ നിറച്ചു ചോറുണ്ണുന്ന , ഓണക്കോടി സ്വപ്നം കണ്ടിരുന്ന ഓണമൊക്കെ എല്ലാർക്കും എന്നേ പോയ് മറഞ്ഞു !
കോവിഡ് കാല ഓണങ്ങളിൽ
മുഖാവരണത്താൽ മൂടപ്പെട്ട നാസികകൾ ഓണക്കോടിയുടെ വാസന തേടാൻ കഴിയാതിരുന്നതിന്റെയൊക്കെ കുറവ് നികത്തി ഇത്തവണ ആ സുഗന്ധം ആവോളം നുകരാൻ കഴിഞ്ഞതിന്റെ സന്തോഷ തിരതള്ളൽ . ആഘോഷാരവങ്ങൾ ചതുരപ്പെട്ടി വിട്ടിറങ്ങിയ ആഹ്ളാദ തിമിർപ്പിൽ മലയാളക്കരയാകെ നൃത്തം വയ്ക്കുന്ന കാഴ്ച കണ്ണും മനസ്സും നിറക്കുന്നു .
"പണ്ടത്തെ ഓണമായിരുന്നു ഓണം. ഇപ്പഴൊക്കെ എന്ത് ഓണം "
എന്നൊക്കെ വിലപിക്കുന്നവർക്ക് ഒന്നും ആസ്വദിക്കാൻ കഴിയില്ല . കാലം മാറുമ്പോൾ എല്ലാം മാറുന്ന പോലെ ഓണാഘോഷത്തിന്റെ രീതികളിലും മാറ്റം വരും . അതിനെ അതിന്റേതായ രീതിയിൽ ഉൾക്കൊണ്ട് ഒപ്പമങ്ങട് കൂടാം .
ഓണക്കോടിയുടെ സുഗന്ധവും വഹിച്ചു കൊണ്ടു വെറുതേ അലയുന്ന കാറ്റു പോലും അമിതാഹ്ളാദത്താൽ തുള്ളിച്ചാടുന്നുവോ ? കാശിയും കണ്ണാന്തളിയും തുമ്പ മലരുമെല്ലാം ഓർമ്മ നിലാവിൽ കുളിച്ചുണരുന്നു .
ഓണമുള്ളിടത്തോളം കാലം ഈ പാട്ടുമുണ്ടാകും എന്നു നിസ്സംശയം പറയാൻ കഴിയും . അത്രക്കും ഉറപ്പുള്ള വേറൊരു പാട്ടുമുണ്ടെന്നു തോന്നുന്നില്ല . ഓണം തുടങ്ങിയാൽ ഒരിക്കലെങ്കിലും ഈ ഗാനം കേൾക്കാത്ത ആരുമുണ്ടാകില്ല.
അമ്പിളി കൃഷ്ണകുമാർ.
___________________
ഉത്രാടപ്പൂനിലാവേ വാ… ഉത്രാടപ്പൂനിലാവേ വാ…
മുറ്റത്തെ പൂക്കളത്തിൽ വാടിയ പൂവണിയിൽ
ഇത്തിരിപ്പാല് ചുരത്താന്‍ വാ..വാ..വാ…(ഉത്രാടപ്പൂനിലാവേ വാ..)
കൊണ്ടല്‍ വഞ്ചി മിഥുനക്കാറ്റില്‍
കൊണ്ടുവന്ന മുത്താരങ്ങള്‍
മണിച്ചിങ്ങം മാലയാക്കി അണിഞ്ഞുവല്ലോ…
പുലരുന്ന പൊന്നോണത്തെ പുകഴ്ത്തുന്ന പൂവനങ്ങള്‍
പുതയ്കും പൊന്നാടയായ് നീ വാ വാ വാ…(ഉത്രാടപ്പൂനിലാവേ വാ..)
തിരുവോണത്തിന് കോടിയുടുക്കാന്‍
കൊതിയ്കുന്നു തെരുവിന് മക്കള്‍
അവര്‍ക്കില്ല പൂമുറ്റങ്ങള്‍ പൂനിരത്തുവാന്‍
വയറിന്റെ നാദം കേട്ടെ മയങ്ങുന്ന വാമനന്മാര്
അവര്‍ക്കോണക്കോടിയായ് നീ വാ വാ.. വാ…(ഉത്രാടപ്പൂനിലാവേ വാ .