മഞ്ഞു മാറി മാനം തെളിഞ്ഞാല്‍ കോട്ടയം-കുമിളി ദേശീയ പാതയില്‍ മുറിഞ്ഞപുഴ നിന്നു പാഞ്ചാലിമേട്ടിലെ മലനികരങ്ങള്‍ക്കിടയില്‍ ആകാശത്തേക്കു മിഴിനട്ടു നില്‍ക്കുന്ന ഹൈറേഞ്ചസ് എന്ന ഹോംസ്റ്റേ കാണാം. ജാതിയും ഗ്രാമ്പുവും കുടംപുളിയും പേരയും ചാമ്പയും തഴച്ചു വളരുന്ന മുപ്പതേക്കറില്‍ നാലുചുറ്റും മുകളിലും വലയിട്ട ക്രിക്കറ്റ് ഗ്രൗണ്ടും നീലജലം നിറഞ്ഞ നീന്തല്‍ക്കുളവുമുണ്ട്.
കൊല്ലം ടികെഎം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ബി.ടെക്കും ഡല്‍ഹി ഐഐടിയില്‍ നിന്ന് മാസ്റ്റേഴ്സും നേടിയ ജോളി എന്ന തോമസ് വര്‍ഗീസ്, ബെംഗളൂരു ആസ്ഥാനമാക്കി രോഗികളുടെ ജീവല്‍പ്രധാനമായ ലക്ഷണങ്ങള്‍ ലോകത്തെവിടെ നിന്നും അളക്കാന്‍കഴിയുന്ന ബയോ സെന്‍സറുകള്‍ നിര്‍മ്മിക്കുന്നു. 'ലൈഫ് സിഗ്‌നല്‍സ്' ഇറക്കുന്ന വെബ് കാര്‍ഡിയോ സിസ്റ്റം ഇന്ന് സര്‍വ്വവ്യാപകമാണ്.
ഹോംസ്റ്റേയിലെ കോഫി ടേബിള്‍
തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മല്‍സ്യബന്ധത്തിനു പോകുന്ന ബോട്ടുകള്‍ക്ക് പരസ്പരവും കരയുമായും സംസാരിക്കാന്‍ കഴിയുന്ന സീഫോണ്‍ എന്ന കമ്മ്യുണിക്കേഷന്‍ സിസ്റ്റം ജോളിയുടെ വൈവാനെറ്റ് എന്ന സ്ഥാപനം മാര്‍ക്കറ്റു ചെയ്യുന്നു. സാധാരണ മൊബൈല്‍ ഫോണുകള്‍ക്ക് 20 കി.മീ. വരെയേ റേഞ്ചുള്ളു, സി ഫോണ്‍ 100 കിമീ വരെ പ്രവര്‍ത്തിക്കും. വീട്ടിലെ മൊബൈലിലേക്കും വിളിക്കാന്‍ കഴിയും. തീരത്തുടനീളം വൈവ ടവറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇതിനു കേന്ദ്രഗവര്‌മെന്റിന്റെ പുരസ്‌കാരവും ലഭിച്ചു.
കൊല്ലം ജില്ലയില്‍ കുണ്ടറയ്ക്കടുത്ത് മാറനാട് വടക്കേവിളയാണ് ജോളിയുടെ തറവാട്. മാതാപിതാക്കള്‍ ഹൈസ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകര്‍ ആയിരുന്നു. പിതാവ് വര്‍ഗീസിന് 90 എത്തി. വാരാന്ത്യങ്ങളില്‍ ജോളി ബെംഗളൂരുവില്‍ നിന്ന് എത്തിയാല്‍ പാഞ്ചാലിമേട്ടിലേക്കോ ജന്മനാട്ടില്‍ പണിത റോസ്‌കോട്ട് എന്ന വീട്ടിലേക്കോ പായും. വാരാന്ത്യം കഴിഞ്ഞാല്‍ വീണ്ടും ബെംഗളൂരിലേക്ക്.
തിരുവല്ല സ്വദേശിനി ഭാര്യ കുരിശുമൂട്ടില്‍ ഡോ. ബിന്ദുജോര്‍ജ് ബെംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജില്‍ അനിസ്തിറ്റിസ്‌റ്. വാരാണസി ഐഐടി യില്‍ നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബി ടെക് എടുത്ത മൂത്തമകന്‍ അരവിന്ദ് ബിസിനസില്‍ ജോളിയെ സഹായിക്കുന്നു. രണ്ടാമന്‍ യോഹാന്‍ പ്ലസ് 2 കഴിഞ്ഞു.
നീലമല നികരത്തില്‍ നീന്തല്‍ക്കുളം
ആണ്ടോടാണ്ട് ബന്ധുജനങ്ങളെയും ചങ്ങാതികളെയും ഒന്നിച്ചുകൂട്ടി ആഘോഷിക്കുന്ന പതിവുണ്ട് ജോളിക്ക്. ഓണത്തിന് മുമ്പ് ഇത്തവണ നടന്ന സംഗമത്തില്‍ വച്ചാണ് ഞാന്‍ ആദ്യമായി ജോളിയെ കാണുന്നത്. എഴുത്തുകാര്‍, അദ്ധ്യാപകര്‍, ബിസിനസ്‌കാര്‍, ഗള്‍ഫ് പ്രവാസികള്‍, അമേരിക്കന്‍ റിട്ടേണികള്‍ എന്നിങ്ങനെ എല്ലാവരെയും ആകര്‍ച്ചടുപ്പിക്കുന്ന കാന്തശക്തിയാണ് ജോളി.
എല്ലാവരിലും പ്രമുഖന്‍ ഒളിമ്പ്യന്‍ ടി സി യോഹന്നാന്‍. ജോളിയുടെയും ടിസിയുടെയും മുത്തശ്ശന്മാര്‍ ചേട്ടാനുജന്മാരാണ്. ടി സി ഒരു പതിറ്റാണ്ടോളമായി മുടങ്ങാതെ പാഞ്ചാലിമേട്ടില്‍ എത്തുന്നു. അവിടത്തെ 5000 ച.അടി വിസ്താരമുള്ള മള്‍ട്ടിപര്‍പസ് മൈതാനത്തിനു 'ടിസി സ്‌ക്വയര്‍' എന്നാണു പേര്‍.
കാര്‍ഡ് ഗെയിം 28
എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ സതേണ്‍ റീജനല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സജീവ് പണിക്കര്‍ മറ്റൊരാള്‍. സിക്കിമില്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ആയിരുന്ന കോശി പണിക്കര്‍ അടുത്തയാള്‍. ഷാര്‍ജയില്‍ ജീവിച്ച അര നൂറ്റാണ്ടിനുള്ളില്‍ മുപ്പതിലേറെരാജ്യങ്ങളില്‍ ചുറ്റി സഞ്ചരിച്ച ജേക്കബ് മാത്യു വേറിട്ടൊരു വ്യക്തി.
'ലോകത്തിന്റെ 12 ശതമാനം മണ്ണിലും ഞാന്‍ കാല്‍ കുത്തി. ചൈനയിലെ ഷാങ്ങ്ഹായ്-ബെയ്ജിങ് ബുള്ളറ്റ് ട്രെയിന്‍ ജപ്പാനിലെ ഷിങ്കാന്‍സെനെക്കാള്‍ ഭേദം' എന്നദ്ദേഹം പറയുന്നു. ഇപ്പോള്‍ അദ്ദേഹം മുപ്പത്തി രണ്ടാമത്തെ വിദേശപര്യടനത്തിലാണ്-ഒറ്റയടിക്ക് സ്വീഡന്‍, നോര്‍വേ, ഡെന്‍മാര്‍ക്ക്.
കുമിളി ഹൈവേയില്‍ വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിനടുത്തതാണ് മുറിഞ്ഞപുഴ. അഞ്ചു കി. മീ. കിഴക്കു പഞ്ചപാണ്ഡവരും പാഞ്ചാലിയും കഴിഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന പാഞ്ചാലിമേട്ടിലെ ഡിടിപിസി വക ടൂറിസ്റ്റു കേന്ദ്രം.
ടി സി സ്‌ക്വയര്‍; പ്രൊഫ. ജോണ്‍സനെ ഹാരമണിയിക്കുന്ന ടി.സി.
വളഞ്ഞങ്ങാനത്തു നിന്നു ഒഴുകി വരുന്ന വെള്ളം പ്രൊഫ. എം.ഡി. ബേബിയുടെ 'സെറിനിറ്റി' റിസോര്‍ട്ടിന്റെയും ജോളിയുടെ ഹൈ റേഞ്ചസിന്റെയും താഴ്വാരങ്ങളിലൂടെ ഒഴുകി പന്നിയാറില്‍ ചേരുന്നു. അത് അഴുതയാറിലും ഒടുവില്‍ പമ്പയില്‍ ലയിച്ച് കുട്ടനാട്ടിലൂടെ വേനമ്പനാട്ടു കായലില്‍. ശബരിമല വനമേഖയുടെ നിഴലിലാണ് സെറീനിറ്റിയും ഹൈറേഞ്ചസും.
പ്രൊഫസര്‍ ബേബിയേയും ജോളിയെയും പീരുമേട്ടിലും കുട്ടിക്കാനത്തും മുറിഞ്ഞപുഴയിലും എല്ലാവര്‍ക്കും അറിയാം. ഉദാഹരണത്തിനു മുറിഞ്ഞപുഴ ആരാധനാമഠത്തിലെ സിസ്റ്റര്‍ ലൂസിയോടു ഞാന്‍ വഴി ചോദിച്ചു: 'ജോളിയുടെ ഹോംസ്റ്റേയിലേക്കു ഇനി എത്ര ദൂരം?' മലമുകളിലെ നല്ലതണ്ണി ആശ്രമത്തില്‍ കുര്‍ബാനക്ക് നടന്നു പോവുകയായിരുന്ന സിസ്റ്റര്‍ റെഡിയുത്തരം നല്‍കി. 'ദാ ആ വളവു തിരിഞ്ഞാല്‍ മതി, ബേബിസാറിന്റെ തൊട്ടപ്പുറത്ത്.'
നാട്ടുകാരോട് ജോളി ഇണങ്ങാന്‍ മറ്റൊരു കാരണവുമുണ്ട്. രണ്ടു പതിറ്റാണ്ടായി പാഞ്ചാലിമേട്ടില്‍ ഉള്ളപ്പോഴെല്ലാം ദിവസവും പത്തുകി. മീറ്ററെങ്കിലും നടക്കാന്‍ പോകും. ഒന്നുകില്‍ മുറിഞ്ഞപുഴവഴി കുട്ടിക്കാനത്തെ പൈന്‍ ഫോറസ്‌ററ് വരെ അല്ലെങ്കില്‍ എതിര്‍വശത്ത് ട്രാന്‍സ്പോര്‍ട് ബസ് ഓട്ടം അവസാനിപ്പിക്കുന്ന കണങ്കവയല്‍ വരെ. തിരികെ വന്നാല്‍ തോട്ടത്തിന്റെ അടി വാരത്തുള്ള വെള്ളച്ചാട്ടത്തിനു കീഴില്‍ കുളി. അങ്ങോട്ട് നടന്നിറങ്ങിയും ജീപ്പിലും പോകാം. ഐസ് പോലെ തണുത്ത വെള്ളം.
സ്റ്റാഫ് ട്രെയ്‌നര്‍ ഉദയശങ്കര്‍ സ്വിറ്റ്സര്‍ലണ്ടില്‍ പഠിച്ചകാലം
ത്രിസന്ധ്യക്കു ഹോംസ്റ്റേയില്‍ ക്യാമ്പ്ഫയറിനു ചുറ്റും അതിഥികള്‍ അണിനിരക്കുമ്പോഴേക്കും കരിമീനും ബീഫും പൊരിച്ചെടുക്കുന്ന ചാര്‍ക്കോള്‍ ഗ്രില്ലുകള്‍ ജ്വലിച്ചു തുടങ്ങും. അത്താഴത്തിനു മുമ്പ് പഴയ ഓള്‍ഡ് ഈസ് ഗോള്‍ഡ് പാട്ടുകള്‍ കാരിയോക്കിയില്‍ പാടിയാടാന്‍ ഡാലസിനടുത്ത് സണ്ണിവേലില്‍ നിന്നു വന്ന ഷാജി എന്ന വി ഐ തോമസ് എവര്‍ റെഡി. 'മീന്‍' എന്ന ചിത്രത്തില്‍ യേശുദാസ് പാടിയ 'ഉല്ലാസപൂത്തിരികള്‍' ആയിരുന്നു ഇത്തവണത്തേത്. അവിടത്തെ ഹോം തീയറ്ററില്‍ ഇക്കോ ചിത്രങ്ങള്‍ കാണാനും സൗകര്യം.
ഹൈറേഞ്ചസിലെ മറക്കാനാവാത്ത രണ്ടു കഥാപാത്രങ്ങള്‍ ഫാം മാനേജര്‍ അപ്പച്ചനും സന്തത സഹചാരി ജാക്കി എന്ന കറുമ്പന്‍ നായയുമാണ്. സ്വന്തമായി എട്ടേക്കര്‍ ഭൂമിയും അതില്‍ നല്ലൊരു വീടുമുള്ള ജോര്‍ജ് ജോസഫ് എന്ന അപ്പച്ചന് ലൈസന്‍സുള്ള തോക്കുണ്ട്. പക്ഷെ വേട്ടയില്ല. അപ്പച്ചന്‍ ഓടിച്ച ജീപ്പിനു പിറകെ കിലോമീറ്ററുകള്‍ ഓടിയെത്തി വാലാട്ടി നിന്ന ജാക്കി അത്ഭുതം തന്നെ.
അതിഥികള്‍ അറീനയില്‍
ഹോംസ്റ്റേയില്‍ തെങ്ങും കവുങ്ങും പ്ലാവും കുടംപുളിക്കും പുറമെ അവക്കാഡയും റംബൂട്ടാനും മാങ്കോസ്റ്റീനും പാഷന്‍ ഫ്രൂട്ടുമൊക്കെ വച്ചുപിടിപ്പിച്ചിട്ടുണ്ട്. സീസണില്‍ രാത്രിയില്‍ ചക്കതിന്നാന്‍ കാട്ടാനകള്‍ ഒറ്റയ്ക്കും പെട്ടയ്ക്കും കൂട്ടമായും എത്തും. നേരം പുലരുമ്പോള്‍ അവ ചവുട്ടി മെതിച്ചിട്ടിരിക്കുന്ന കൃഷിയിടങ്ങള്‍ കാണുമ്പോള്‍ ഞെട്ടലുണ്ടാകും. ആവി പറക്കുന്ന ആനപ്പിണ്ഡവും ടൂറിസ്റ്റുകള്‍ക്ക് ഹരം പകരുന്ന കാഴ്ച്ചയാണ്.
ക്യാമ്പ്ഫയറിനു നടുവില്‍ ജോളി തന്റെ സ്റ്റാഫിനെ പേരെടുത്തു പറഞ്ഞു പരിചയപ്പെടുത്തി. രണ്ടു ട്രെയി നീസ് ഉള്‍പ്പെടെ പന്ത്രണ്ടു പേര്‍. എല്ലാവര്ക്കും വിദഗദ്ധ പരിലിശീലനം നല്‍കാന്‍ എത്തിയ ഉദയശങ്കറെയും പരിചയപ്പെടുത്തി.
നാഗര്‍കോവില്‍ സ്വദേശി ഉദയശങ്കര്‍. സ്വിറ്റ് സര്‍ലണ്ടില്‍ ജനീവ തടാകത്തിനടുത്ത് ലെബുവറേറ്റിലെ സീസര്‍ റിറ്റ്സ് കോളേജില്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിച്ചയാള്‍. 22 ആം വയസില്‍ ഒരുവര്‍ഷത്തെ കോഴ്സിന് 33 ലക്ഷം രൂപ ചെലവായെന്നു ഉദയന്‍ എന്നോട് പറഞ്ഞു.
ദുബൈയിലെ പരിശീലനത്തിന് ശേഷം ബെംഗളൂരുവില്‍ ഐടിസി ഷെറാട്ടനില്‍ സേവനം ചെയ്തു. പിന്നീട് വയനാട് ലക്കിടിയില്‍ ഓറിയെന്റല്‍ സ്‌കൂളിലും ഊട്ടിയില്‍ ഗുഡ്ഷെപ്പേര്‍ഡ് ഇന്റര്‍നാഷണല്‍ സ്‌കൂളിലും. ഇപ്പോള്‍ കണ്‍സള്‍ട്ടന്റാണ്.
ഹൈറേഞ്ചസിലെ ഗൺമാൻ അപ്പച്ചനും വന്യ മൃഗങ്ങളും
ഹോംസ്റ്റേയില്‍ ആര്‍ജവവും ആത്മാര്‍ഥതയുമുള്ള സഹപ്രവര്‍ത്തകരെ കണ്ടെത്തുക എന്നതാണ് ഒരു ചീഫ് മുന്നിലുള്ള വെല്ലുവിളി. ജോളി അതിനായി ഏതറ്റവും പോകും.
വര്‍ക്കല, ദുബൈ, ഖത്തര്‍, മൂന്നാര്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്ത പ്രോപ്പര്‍ട്ടി മാനേജര്‍ കുട്ടന്‍ എന്ന ഓമനക്കുട്ടനു ഹോസ്പിറ്റാലിറ്റി രംഗത്ത് 25 വര്‍ഷത്തെ അനുഭവപരിജ്ഞാനമുണ്ട്. ഹോംസ്റ്റേ രൂപകല്പനയില്‍ ജോളിയെ സഹായിച്ച ആര്‍ക്കിടെക്ട് ലിജോഷിനൊപ്പം മൂന്നാര്‍ പോത്തുപാറയില്‍ 'ദേശാടനം' എന്ന റിസോര്‍ട്ടിലായിരുന്നു അവസാനം. കൊട്ടാരക്കര ജനിച്ചു. പാഞ്ചാലിമേട്ടില്‍ ദൃശ്യഭംഗിയുള്ള സ്ഥലവും വീടും വാങ്ങി ഇപ്പോള്‍ നാട്ടുകാരനായി.
തോട്ടത്തില്‍ കാബേജ്, കോളിഫ്ളവര്‍, ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ വളര്‍ത്തുകയും ചിക്കന്‍ ഫാം നോക്കുകയും ചെയ്യുന്ന നാട്ടുകാരിയെ ജോളിച്ചേച്ചിയെന്നാണ് വിളിക്കുക. ഇരുപതു വര്‍ഷമായി കൂടെയുണ്ട്. ഫാം നോക്കുന്ന 'അപ്പച്ചന്‍ ചേട്ടന്‍' വന്നിട്ടു 16വര്‍ഷവും.
പ്രോപ്പർട്ടി മാനേജർ കുട്ടൻ, ജോളി, അഞ്ജലി
ഗസ്റ്റ് റിലേഷന്‍സ് എക്‌സിക്യൂട്ടീവ് 22 വയസുള്ള അഞ്ജലിയുടെ വരവ് രണ്ടുമാസം മുമ്പാണ്. കാസര്‍ഗോഡ് നീലേശ്വരത്ത് നടി കാവ്യാമാധവന്റെ തറവാടിനടുത്തു നിന്ന്. തിരുവനന്തപുരത്തു മാര്‍ ഇവാനോയോസില്‍ പഠിച്ച് ജേര്‍ണലിസത്തില്‍ ബിരുദം നേടി. ആദ്യമായി കിട്ടിയ ആതിഥേയയുടെ ജോലി 'അതിഥി ദേവോ ഭവ' എന്ന സ്പിരിറ്റില്‍ ആവേശത്തോടെ ഏറ്റെടുത്തു.
മാവേലിക്കര ബിഷപ് മൂര്‍ കോളജിലെ മുന്‍ പ്രഫസറും എആര്‍ രാജരാജവര്‍മ്മ സ്മാരകത്തിന്റെ സെക്രട്ടറിയുമായ വി ഐ ജോണ്‍സണ്‍ സ്‌കൂബി എന്ന പ്രിയപ്പെട്ട പൂച്ചയെക്കുറിച്ച് എഴുതിയ മൂന്ന് നോവെല്ലകള്‍ ചേര്‍ത്തിറക്കിയ 'ദിവ്യാമ്മ'യുടെ പ്രകാശനമായിരുന്നു കൂട്ടായ്മയിലെ ഹൃദ്യമായ ഒരിനം.
സിക്കിം വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടര്‍ കോശി പണിക്കര്‍ അധ്യക്ഷനായി. പുസ്തകം റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ജി റോയിക്കു നല്‍കി ടിസി യോഹന്നാന്‍ പ്രകാശനം ചെയ്തു. മിക്കി മൗസിനെയും മിന്നിയെയും ടോം ആന്‍ഡ് ജെറിയെയും കൊണ്ട് ലോകം കീഴടക്കിയ വ്യക്തിയായിരുന്നു വാള്‍ട്ട് ഡിസ്‌നിയെന്നു പുസ്തകം പരിചയപ്പെടുത്തിയ കുര്യന്‍ പാമ്പാടി ചൂണ്ടിക്കാട്ടി.
സായാഹ്നനടത്തം
എല്ലാം നന്ന്. ഹോംസ്റ്റേയില്‍ നിന്ന് പോയി വരാനുള്ള ഇടങ്ങളില്‍ തൊട്ടടുത്ത് നല്ലതണ്ണിയില്‍ അധികാരങ്ങള്‍ വെടിഞ്ഞു സന്യാസ വൃതം സ്വീകരിച്ച് കഴിയുന്ന ബിഷപ്പ് ജോസഫ് മുരിക്കന്റെ ഹെര്‍മിറ്റേജ് ആശ്രമത്തെയും വാഗമണ്ണില്‍ സിസ്റ്റേഴ്സിയന്‍ സന്യസ്തര്‍ മുക്കാല്‍ നൂറ്റാണ്ടായി നടത്തുന്ന കുരിശുമല ആശ്രമത്തെയും ഉള്‍ക്കൊള്ളിക്കേണ്ടതാണെന്നു തോന്നുന്നു. വാഗമണ്ണിനെപ്പറ്റി ബ്രോഷറില്‍ പറഞ്ഞിട്ടുമുണ്ട് .
പ്രൊഫ. ബേബിയോടൊപ്പം പോയി മുരിക്കന്‍ പിതാവ് വിളമ്പിത്തന്ന ചൂടു കഞ്ഞിയും അച്ചാറും കഴിച്ച് മനസു നിറച്ച ആളാണ് ഞാന്‍. വാഗമണ്‍ ആശ്രമത്തിന്റെ ആചാര്യ സേവാനന്ദിനെയും അടുത്തറിയാം. രണ്ടിടത്തും സന്ദര്‍ശകര്‍ക്ക് കുറവില്ല. പാഞ്ചാലിമേട്ടിനു സമീപമുള്ള നല്ലതണ്ണിയില്‍ വടവാതൂര്‍ സെമിനാരിയില്‍ 12 ഭാവി മെത്രാന്മാരെ സഭാചരിത്രം പഠിപ്പിച്ച ഫാ. ഡോ. സേവ്യര്‍ കൂടപ്പുഴയുടെ മാര്‍ ശ്ലീഹാ ദയറായുണ്ട്.
വന്നു കണ്ടു താമസിച്ച് നല്ല ഭക്ഷണ പാനീയങ്ങള്‍ കഴിച്ച് ആഹ്‌ളാദത്തോടെ മടങ്ങിപ്പോകാനുള്ള ഒരിടം മാത്രമല്ല ഹൈറേഞ്ചസ്. ബൗദ്ധികാനുഭൂതികളോടെ സ്വയംകണ്ടെത്താന്‍ സഹായിക്കുന്ന ഒരു പര്‍ണ്ണശാല കൂടിയാണ് എന്ന് ജോളിപറയുമ്പോള്‍ ഈ ആശ്രമങ്ങളും ആ പരിധിയില്‍ വരും.
ചിത്രങ്ങള്‍
1. കാടിനു നടുവില്‍ പര്‍ണാശ്രമം-ജോളി, ജേക്കബ്, എബി, ഷാജി