സാധാരണ മര്യാദപ്രകാരം ജനാധിപത്യ രാഷ്ട്ര മേധാവികൾ മറ്റു രാജ്യങ്ങളിൽ പൊതു തിരഞ്ഞെടുപ്പു നടത്തുമ്പോൾ, തിരഞ്ഞെടുപ്പിനെ ബാധിച്ചേക്കാവുന്ന വിഷയങ്ങളിൽ മൗനം പാലിക്കുക പതിവാണ് . പോപ്പ് കത്തോലിക്കാ സഭയുടെ തലവൻ മാത്രമല്ല സ്വയംഭരണ രാജ്യമായ വത്തിക്കാന്റെയും തലവൻ ആണ് .
ആ സാഹചര്യത്തിൽ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിനെപ്പറ്റി മൗനം പാലിക്കേണ്ടതായിരുന്നു തിരഞ്ഞെടുപ്പു കഴിയും വരെയും. മാർപ്പാപ്പയുടെ പരാമർശത്തിൽ കമല ഹാരിസിനാണ് കൂടുതൽ ദോഷം പറ്റിയിരിക്കുന്നത് . കാരണം അഭിപ്രായ പ്രകടനത്തിന് തിരഞ്ഞെടുത്ത വാക്കുകൾ "ഒരാൾ കുഞ്ഞുങ്ങളെ കൊല്ലുന്നു " നിരപരാധികളെ കൊല്ലുക എന്നത് ഹിറ്റ്‌ലർ പോലുള്ള ഭരണ കർത്താക്കൾ ചെയ്തതാണ് . നിഷ്പക്ഷത മാധ്യമങ്ങളിൽ പാലിക്കുവാൻ ശ്രമിക്കുമ്പോൾ ഈ പരാമർശം എടുത്തു കാട്ടേണ്ടിവരുന്നു .
"മറ്റൊരാൾ കുടിയേറ്റക്കാരെ പുറത്തേക്കെറിയുന്നു" ഈ രണ്ടു പരാമർശങ്ങൾക്കും ഇന്നത്തെ പരിതസ്ഥിയിൽ വലിയ കഴമ്പൊന്നുമില്ല. ഇല്ലീഗൽ ആയി കുടിയേറ്റo നടത്തിയവരെ നാടുകടത്തുന്നു. വന്ന സ്ഥലത്തേക്ക് തിരികെ വിടുന്നു . ഇവിടെ ആരെയും പുറത്തേക്ക് എറിയുന്നില്ല. ആരെയും കൊല്ലുന്നുമില്ല.
പുറത്തേക്ക് ആര് ആരെ എറിഞ്ഞു? എറിയുവാൻ ഇവർ കല്ലുകളാണോ? നിയമവിരുദ്ധ കുടിയേറ്റക്കാരെ നാടുകടത്തുക ട്രംപ് തുടങ്ങിയ പദ്ധതിയല്ല . ഒബാമയുടെ കാലം മുതൽ നിലവിലുള്ള നടപടി ക്രമം.
വത്തിക്കാൻ, ഇറ്റലി എന്ന രാജ്യത്തിൻറ്റെ ഉള്ളിൽ എന്നു കാണുക. ഇറ്റലിയുടെ അതിർത്തിയിൽ ആയിരക്കണക്കിനു അഭയാർത്ഥികൾ ആഫ്രിക്കയിൽ നിന്നും ഏതാനും അറബ് രാജ്യങ്ങളിൽ നിന്നും എത്തുന്നുണ്ട് .ഇവരെയെല്ലാം ഒരു നിയന്ത്രണവും കൂടാതെ, ഇറ്റലിയിൽ പ്രവേശനം അനുവദിക്കുന്നുണ്ടോ? അനുവാദമില്ലാതെ വന്നവരെ നാടുകടത്തുന്നുമുണ്ട്. ഇതിൽ മാർപ്പാപ്പക്ക് പരാതിയുണ്ടോ ?
അബോർഷൻ മാത്രമല്ല, ഗർഭ നിയന്ത്രണവും സഭയുടെ ഉപദേശങ്ങൾക്ക് എതിരാണ്. എത്ര കത്തോലിക്കർ ഗർഭ നിരോധനം പാടില്ല എന്ന അനുശാസനത്തെ അനുസരിക്കുന്നു. വിരലിൽ എണ്ണാവുന്നത്ര കാണും. ഒന്നു നോക്കൂ, പഴയ കാലങ്ങളിൽ ഓരോ കത്തോലിക്ക വീടുകളിലും എട്ടും ഒൻപതുമൊക്കെ മക്കൾ ജനിച്ചിരുന്നു . ഇന്നോ, ഒന്നോ രണ്ടോ എന്താണ് കാരണം?
രണ്ടു പിള്ളേർ ജനിച്ച ശേഷം എല്ലാവരും ലൈംഗികവേഴ്ച ഉപേക്ഷിക്കുന്നതിനാലാണോ? റിഥം മാർഗ്ഗം സ്വീകരിച്ചിട്ടാണെന്ന് ഒരു അർത്ഥത്തിൽ അതും പാടില്ല. കാരണം അവിടെയും അണ്ഡവും ബീജവും നശിപ്പിക്കുന്നു.
കൂടാതെ ഈ കാലഘട്ടത്തിൽ, എത്ര കത്തോലിക്കാ രാഷ്ട്രങ്ങൾ - ഇറ്റലി അടക്കം, അബോർഷൻ പരിപൂർണ്ണമായും നിഷേധിക്കുന്നു? പൂജ്യം. പിന്നെയും അബോർഷൻ നിരോധിച്ചിരിക്കുന്നു രാജ്യങ്ങൾ കത്തോലിക്കാ മതം പ്രാബല്യമില്ലാത്തവ .
അമേരിക്കയിൽ വരുന്ന തിരഞ്ഞെടുപ്പോടെ, എല്ലാ സംസ്ഥാനങ്ങളിലും, പലേ രീതികളിൽ അബോർഷൻ ലീഗൽ ആയി മാറും എന്നതാണ് വാസ്തവം. പ്രൊ ലൈഫ് എന്ന വാക്കിനുപോലും പ്രസക്തിയില്ല. ഇന്ന്, വൈദ്യസഹായവും, സാമാന്യ ബോധവും വളരെ വളർന്നിരിക്കുന്ന സാഹചര്യത്തിൽ ഒരു സ്ത്രീയും വേണ്ടെങ്കിൽ ഗർഭിണി ആകേണ്ട കാര്യമില്ല.
അതുപോലതന്നെ ഒരു ഗർഭിണിക്ക് ഒരു കുഞ്ഞിനെ, അബോർട്ട് ചെയ്യുവാൻ പറ്റും .അത്, ഗർഭം ഏതു കാലം വരെ എത്തുന്നതുവരെ എന്നതിൽ നിയമം വേണ്ടതാണ് . അതുപോലെ തന്നെ ഗർഭച്ഛിദ്രത്തിനായി എത്തുന്ന സ്ത്രീകൾക്ക് വേണ്ട നല്ല ഉപദേശവും കൊടുത്തിരിക്കണം. കാരണം അബോർഷൻ നടത്തിയ ശേഷം പലരും ശാരീരിക മാനസിക വിഷമങ്ങൾ അനുഭവിക്കുന്നതായി പഠനങ്ങൾ കാട്ടുന്നു.
ബലാൽക്കാരം, നിഷിദ്ധസംഗമം ഇതിൽ നിന്നെല്ലാം സ്ത്രീകളും പെൺകുട്ടികളും ഗർഭം ധരിക്കാറുണ്ട് അവരെ മറ്റൊരു രീതിയിൽ കാണണം ദയാലുത്വം കാട്ടണം. കത്തോലിക്കാ സഭാ തലവൻ ഇതു പോലുള്ള വിഷയങ്ങളിൽ ഒരു ഔചിത്യ ബോധത്തോടെയും പ്രായോഗികത മനസ്സിലാക്കിയും ഇടപെടുക.
ബി ജോൺ കുന്തറ