Image

വഴിപിരിഞ്ഞ വിപ്ലവം 2 മാല്‍ക്കം എക്‌സ് (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 35- സാംസി കൊടുമണ്‍)

Published on 17 September, 2024
വഴിപിരിഞ്ഞ വിപ്ലവം 2 മാല്‍ക്കം എക്‌സ് (ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ : നോവല്‍ ഭാഗം 35- സാംസി കൊടുമണ്‍)

അന്ന് പഠനം നിര്‍ത്തിയത് വെളുത്തവരുടെ ഇരട്ടനീധിയെക്കുറിച്ചുള്ള തിരിച്ചറിവിലാണ്. ഒരു നീഗ്രോയില്‍ നിന്നും വെളുത്തവര്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്ന വെളിപ്പെടുത്തല്‍ ആയിരുന്നത്. കറുത്തവന്‍ ഇന്നും എന്നും അടിമയാണെന്ന് സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നത് എന്ന ചിന്തയില്‍ മനസ്സാകെ നീറി കാണുന്നതൊക്കെ തച്ചുടച്ച് വെളുത്തവനോടൂള്ള വെറുപ്പിനാല്‍ തലമരവിച്ചു... പിന്നീട് ജീവിതകാലത്തൊരിയ്ക്കലും വെളുത്തവനോട് സന്ധിചെയ്യാന്‍ മാല്‍ക്കമിനു കഴിഞ്ഞിട്ടില്ല. എന്നും ഒരു പോരാളിയായിരുന്നു... പക്ഷേ ഉള്ളിലെ പക എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ എല്ലാവരോടും വഴക്കടിച്ച് നിക്ഷേധിയുടെ കുപ്പായം ഇട്ട് ദെത്തുവീട്ടുകാരോട് പിണങ്ങി. ഇനി അവിടെ താമസിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ബോസ്റ്റണിലെ അച്ഛന്റെ ആദ്യവകയിലെ മകള്‍ക്കൊപ്പം താമസമാക്കി. ബോസ്റ്റണിലെ ജീവിതം പുതിയ ഒരു വഴി തുറന്നു. പട്ടണത്തില്‍ കിട്ടാത്തതായി ഒന്നും ഇല്ല. എല്ലാത്തിലേക്കും ഇറങ്ങി തികഞ്ഞ ഒരു കൂലിത്തല്ലുകാരനും, പിടിച്ചു പറിയനും, മോഷ്ടാവും ഒക്കെയായി അറിയപ്പെട്ടു. പേരിന് പൂള്‍ ടേബിളിലെ വാതുവെപ്പുകാരനും, ഷൂ പോളിഷുകാരനും ഒക്കെ ആയെങ്കിലും മോക്ഷണം ഇഷ്ടകലയായിരുന്നു. മനസ്സിനിണങ്ങിയ കൂട്ടുകാരും ചിലവാക്കന്‍ വേണ്ടത്ര പണവും ബോസ്റ്റണിലെ നിശാക്ലബുകളിലെ താരപദവിനേടിക്കൊടുത്തു. ചെമ്പന്‍ മുടിയും ആറടിപൊക്കവും, ത്രീപീസ് സൂട്ടും ധാരാളം സ്ത്രീകളെ തന്നിലേക്കടുപ്പിച്ചു. അതില്‍ ചെറുപ്പക്കാരികളായി വെളുത്തവരും ഉണ്ടായിരുന്നു. പിന്നിടു ചെയ്ത ജോലി ബോസ്റ്റണില്‍ നിന്നും ന്യൂയോര്‍ക്കിനു പോകുന്ന ട്രൈനിലെ അടുക്കളയിലെ പാത്രം കഴുകല്‍ ആയിരുന്നു. അപ്പോഴേക്കും മയക്കുമരുന്നിന്റെ ഉപയോഗവും വില്പനയും തുടങ്ങിയിരുന്നു. ട്രെയിന്‍ നല്ലൊരു മറയായിരുന്നു. ന്യൂയോര്‍ക്ക് ഹാര്‍ലത്തില്‍ വൈകിട്ടെത്തുന്ന ട്രെയിന്‍ പിറ്റേദിവസമേ മടങ്ങിയിരുന്നുള്ളു എന്നതിനാല്‍, ഹാര്‍ലം നൈറ്റുക്ലബുകളിലെ മൊത്തക്കച്ചോടക്കാരന്‍ ആകാന്‍ കഴിഞ്ഞു എന്നതിനേക്കാള്‍ തന്റെ നിറത്തേയും, ആരോഗ്യത്തേയും ഇഷ്ടപ്പെടുന്ന അനേകം സ്ത്രീകളുമായുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതിനാല്‍ നല്ല വരുമാനമുള്ള ഒരു പിമ്പ് എന്ന് പേരുനേടാനും കഴിഞ്ഞു. ബോസ്റ്റണ്‍ വിട്ട് സ്ഥിരം ഹാര്‍ലത്തില്‍ താമസമാക്കിയ തിരക്കുള്ള ഒരു പിമ്പായതിനാലാണോ... തന്റെ പേരില്‍ രണ്ടുമൂന്നു കേശുകള്‍ അപ്പോഴേക്കും ചാര്‍ജ്ജുചെയ്യപ്പെട്ടിരുന്നു. 1946ല്‍ ഹാര്‍ലത്തുനിന്ന് അറസ്റ്റുചെയ്യപ്പെടുന്നവരെ കുത്തഴിഞ്ഞ ആ ജിവിതം തുടര്‍ന്നു.

റെക്കേഴസ് ഐലന്റിലെ ജയില്‍വാസകാലത്തെ മാനസാന്തരം മാല്‍ക്കമിനെ ഒരു പുതിയ മനുഷ്യനാക്കി. ആദ്യം ചെയ്തത് മയക്കുമരുന്നുകളും പുകവലിയും ഉപേക്ഷിച്ചു എന്നുള്ളതാണ്. പിന്നീട് തന്റെ ജീവിതത്തില്‍ നഷ്ടമായ സ്‌കൂള്‍ കാലത്തെ അറിവുകളെ തിരിച്ചുപിടിക്കാനുള്ള ശ്രമമായിരുന്നു. അതിനുവേണ്ടി ജയില്‍ ലെബ്രറിയിലെ അന്തേവാസിയായി. രാവിലെ മുതല്‍ വെകുന്നിടം വരേയും വായനയായിരുന്നു. സ്വന്തമായി പഠിക്കുക എന്നുള്ളത് പൊതുവേ ബുദ്ധിശാലിയായ മാല്‍ക്കമിനെ സംബന്ധിച്ച് എളുപ്പമായിരുന്നു. ഒരു ഡിക്ഷണറി മൊത്തമായി കാണാതു പഠിച്ചു എന്നു പറയുമ്പോള്‍ എത്രമാത്രം അര്‍പ്പിതമായിരുന്നു ആ യത്‌നം എന്നു നാം തിച്ചറിയണം. വായിക്കാവുന്നത്രയും വായിച്ചു. 1952ല്‍ ജയില്‍ മോചിതനാകുമ്പോള്‍ വെളുത്തവരോടുള്ള മനോഭാവം ഒന്നുകൂടി ഉറച്ചിരുന്നതെയുള്ളു. വെളുത്തവര്‍ ഒരു കാലത്തും തങ്ങളെ തുല്ല്യരായി കാണില്ല എന്ന തിരിച്ചറിവില്‍ നിന്നായിരിക്കാം വെളുത്തവന്റെ മതത്തെ പോലും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ക്രുസ്തുമതം വെളുത്തവരുടെ മതം എന്നതിനേക്കാള്‍ അടിമകളെ സൃഷ്ടിച്ച് ഉടമകള്‍ക്ക് സ്ഥിരമാക്കിക്കൊടുക്കുന്ന ഒരു മതമാണ് ക്രിസ്തുമതം എന്നു മാല്‍ക്കം വിശ്വസിച്ചിരുന്നുവെങ്കില്‍ ഞാന്‍ കുറ്റപ്പെടുത്തുകയില്ല. ഇന്നും വചനങ്ങളെ പുരോഹിതവര്‍ഗ്ഗം അടിമ ഉടമ കാഴ്ചപ്പാടിലാണ് നിര്‍വചിക്കുന്നത്. റോമാ സാമ്ര്യാജ്യം ക്രിസ്തുവിനെ അവരുടെ തടുവുകാരനാക്കി അവരുടെ മതത്തിന്റെ നെറുകയില്‍, മകുടത്തില്‍ ഉറപ്പിച്ച്, മറ്റുള്ളവര്‍ക്ക് അവരിലൂടെ മാത്രം സ്വര്‍ഗ്ഗവും, രക്ഷയും ഉറപ്പിച്ച് മതത്തെ അവരുടെ അസന്മാര്‍ഗ്ഗികതയുടെ പങ്കാളിയാക്കി എന്നു പറയുന്നതായിരിക്കും ശരി. അതില്‍ ഞാന്‍ മാല്‍ക്കമിനൊപ്പമാണ്.

മാല്‍ക്കമിന് ഒരുവയസ്സുള്ളപ്പൊഴാണ് നെബരാസ്‌കയിലെ തങ്ങളുടെ വീട് ക്ലാനുകള്‍ തീയ്യിട്ടത്. അന്നവിടെയുണ്ടായിരുന്ന എല്ലാ കറുത്തവന്റേയും വീടുകള്‍ തീയ്യിട്ടു, ക്രിസ്തുവിനെ സുവിശേഷിക്കുന്ന തന്റെ അപ്പന്റെ ഭവനം ചുട്ടെരിച്ചിട്ട് ഏതെങ്കിലും ക്രിസ്ത്യാനി നീതിക്കുവേണ്ടി നിലപാടെടുത്തോ... പകരം ക്ലാനിനെ പ്രോത്സാഹിപ്പിക്കയല്ലെ ചെയ്തത്. ടെന്നസിയിലും തങ്ങളുടെ വീട് ആക്രമിക്കപ്പെടുകയും, അഗ്നിക്കിരയാക്കുകയും ചെയ്തതു കൂടാതെ തന്റെ പിതാവിനെ ആക്‌സിഡന്റില്‍ കൊന്നില്ലെ...ദൈവത്തിന്റെ നീതി എവിടെയായിരുന്നു. തന്റെ ഓര്‍മ്മയില്‍ ഉറയ്ക്കാത്ത ഈ കഥകളൊക്കെ എണ്ണിയെണ്ണി പറഞ്ഞത് അമ്മയുടെ ഓര്‍മ്മ നഷ്ടപ്പെടുന്നതിനു മുമ്പായതിനാല്‍ അമ്മയുടെ ഒരോ വാക്കും ഉള്ളില്‍ തറച്ച കുരുമ്പുകളായി കുത്തി നോവിച്ചു. അന്നേ മനസ്സില്‍ ഉടലെടുത്ത പക ഇപ്പോള്‍ പുറത്തുവരുന്നു എന്നേയുള്ളു. ആദ്യം പേരിനൊപ്പമുള്ള വെളുത്തവന്റെ കയ്യൊപ്പ് മായിച്ചു കളയാനായി മാല്‍ക്കം ലിറ്റില്‍ എന്ന പേരു മാറ്റി മാല്‍ക്കം എക്‌സ്. എന്നാക്കി. എക്‌സ് എന്നാല്‍ അറിയപ്പെടാത്തത് എന്ന അര്‍ത്ഥം. ലിറ്റില്‍ എന്നത് തന്റെ അപ്പനോ പൂര്‍വ്വ പിതാക്കന്മാരില്‍ ആര്‍ക്കോ വെള്ളക്കാരനായ ഉടമയില്‍ നിന്നും ചാര്‍ത്തിക്കിട്ടിയ ഉടമാവകാശത്തിന്റെ ചീട്ടാണ്. താന്‍ ലിറ്റില്‍ എന്ന ഉടമയുടെ തനതു വക സ്ഥപരജംഗമത്തില്‍ പെടുന്ന വസ്ഥുവാണന്ന വിളംബരപ്പെടുത്തലാണ്.‘ഞാന്‍ ആരുടെയും വസ്തുവല്ല. ഞാന്‍ ആരുടെയും അടിമയല്ല. ഒരു അടിമപ്പേരായ ലിറ്റില്‍ എനിക്ക് അപമാനമാണ്. എന്റെ വംശപാരമ്പര്യത്തെ നിങ്ങള്‍ തുടച്ചു നീക്കി, എനിക്ക് നിങ്ങളുടെ പാരമ്പര്യപേരു ചാര്‍ത്തി എന്നെ നിങ്ങളുടെ തൊഴുത്തില്‍ കെട്ടാം എന്നിനി നിങ്ങള്‍ മോഹിക്കേണ്ട....’ മാല്‍ക്കം എകസ് തന്റെ പേരു മാറ്റത്തിലൂടെ ഇതൊക്കെത്തന്നെയാണു വിളിച്ചു പറഞ്ഞത്.

മാല്‍ക്കമിന്റെ ആ തീരുമാനം വെളുത്തവരുടെ ലോകം അല്പം അമ്പരപ്പോടെയാണു കണ്ടത്. കുറെപ്പേര്‍ മാല്‍ക്കമിനെപ്പോലെ വാലുമുറിക്കാന്‍ മുന്നോട്ടു വന്നു എന്നതായിരുന്നു വെളുത്തവനിലെ അമ്പരപ്പിനു കാരണം. ഇതൊരു വലിയ പ്രസ്ഥാനമായി മാറുമോ എന്ന ചിന്ത അവരുടെ ഉറക്കം കെടുത്തി. അവര്‍ ഭയപ്പെട്ടതുപോലെ തന്നെ മാല്‍ക്കമെക്‌സ് എന്ന വ്യക്തി വളരാന്‍ തുടങ്ങി. വെളുത്തവന്റെ പേരുപേക്ഷിച്ചവന് വെളുത്തവന്റെ മതവും സ്വീകാര്യമായിരുന്നില്ല. റീന നേരത്തെ മാല്‍ക്കമെക്‌സിന്റെ കഥ പറഞ്ഞപ്പോള്‍ സമാനമായ ഒരു ഇന്ത്യന്‍ കഥയും പറഞ്ഞില്ലെ;. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യ ശില്പിയായിരുന്ന ഡോ. അബേദ്കറിന്റെ മതമാറ്റത്തിന്റെ കഥ. ഒരു ദളിതനായ അംബേദകര്‍ എന്നും വരേണ്യവര്‍ഗ്ഗ വിവേചനത്തിനു പാത്രമായിട്ടുള്ളവനെങ്കിലും നല്ലവരായ ചിലരുടെ സഹായവും, സ്‌കോളര്‍ഷിപ്പും കൊണ്ട് പഠനം പൂര്‍ത്തിയാക്കി സമൂഹത്തിലെ ആര്‍ക്കൊപ്പവും തലയുയര്‍ത്തി നില്‍ക്കാം എന്ന അവസ്ഥ ഉണ്ടായെങ്കിലും, തന്റെ വംശം തൊട്ടുകൂടാഴ്മയുടെ, തീണ്ടിക്കൂടാഴ്മയുടെ ദുരന്തം അനുഭവിക്കുന്നവര്‍ എന്ന ചിന്തയില്‍ അകം നീറിക്കഴിയവേയാണ് ജാതി എന്ന ദുഷിച്ച വ്യവസ്തിക്കെതിരെ എന്തുചെയ്യാം എന്ന ചിന്ത മതം മാറ്റം എന്ന ആശയത്തില്‍ കൊണ്ടെത്തിച്ചത്. ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കുന്ന ഹിന്ദുമതം ഉപേക്ഷിക്കാന്‍ തീരുമാനിച്ച്, ബുദ്ധമതം സ്വീകരിച്ചത്. ആറുലക്ഷം ആളുകള്‍ ഒന്നിച്ച്ബുദ്ധമതം സ്വീകരിച്ചു. അങ്ങനെ ആണ് സവര്‍ണ്ണരോടുള്ള തന്റെ പ്രതിക്ഷേധം അറീച്ചത്. അതുകൊണ്ട് മാറ്റങ്ങള്‍ എന്തെങ്കിലും ഉണ്ടായോ... ഒരു നവോത്ഥാന ഉണര്‍വ് അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉള്ളില്‍ ഉണ്ടായി എന്നതു ശരിയാണ്.

മാല്‍ക്കവും അത്രമാത്രമേ പ്രതീക്ഷിച്ചിരുന്നുള്ളുവോ..? അതമേരിയ്ക്കന്‍ സമൂഹത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കി... ഒരാള്‍ ആദ്യമായിട്ടാണ് പരസ്യമായി വെളുത്തവന്റെ കാപട്യത്തിന്റെ മുഖം മൂടി അടര്‍ത്തിമാറ്റി ലോകത്തിനുനേരെ പിടിക്കുന്നത്. വെളുത്തവന്റെ പാരമ്പര്യത്തേയും, മതത്തേയും, സംസ്‌കാരത്തേയും ചീഞ്ഞുനാറുന്ന ശവക്കല്ലറയെന്നുള്ള പരസ്യ പ്രസ്ത്യാവനയായിരുന്നത്. മനസാക്ഷിമരവിച്ചിട്ടില്ലാത്ത ഒരു നല്ലപങ്ക് വെളുത്തവര്‍ മാല്‍ക്കമിനോട് രഹസ്യമായി അനുകൂലിക്കുന്നവര്‍ ആയിരുന്നു. കറുത്ത യുവാക്കള്‍ കൂട്ടമായി അദ്ദേഹത്തെ കേള്‍ക്കാന്‍ കൂടുകയും, ആ തീപ്പൊരിപ്രസംഗം കേട്ട് ആവേശഭരിതരായി സായുധ കലാപത്തില്‍ വിശ്വസിക്കാന്‍ തുടങ്ങി. അടിക്കുന്നവനെ അതേ ആയുധംകൊണ്ട് തിരിച്ചടിക്കണമെന്നും, ഒരാളെ കൊന്നാല്‍ രണ്ടു പേരെയെങ്കിലും തിരികെ കൊല്ലണമെന്നുമുള്ള പരസ്യ പ്രസ്താവന ക്ലാനുകളെ മാത്രമല്ല സമാധാന പ്രേമികളായ സാധാരണക്കരേയും ഭയപ്പെടുത്തി.

തോക്കെടുക്കുന്നവനെ തോക്കുകൊണ്ടു നേരിടണം എന്നു പറഞ്ഞപ്പോള്‍ കരുത്തിലും ബലത്തിലും വിശ്വസിക്കുന്നവര്‍ മാല്‍ക്കമിന്റെ കൂടെ ചേര്‍ന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ അഹിംസാ വാദികള്‍ ഈ കോലാഹലങ്ങളില്‍ ശ്രദ്ധിക്കാതെ അവരുടെ സിവില്‍റൈറ്റ് മൂവ്‌മെന്റുമായി മുന്നോട്ടുപോയി. അവരെ കളിയാക്കി മാല്‍ക്കം ഉറക്കെ വിളിച്ചു പറഞ്ഞു: 'അവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണ്; വെള്ളക്കാരുടെ അമേരിയ്ക്ക ഒരിക്കലും സ്വമനസ്സാലെ തുല്ല്യാവകാശം നിങ്ങള്‍ക്ക് തരില്ല'. മാല്‍ക്കം ശരിയാണെന്ന് ഇന്നു തോന്നുന്നു. ഒരു കറുത്ത വംശജയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനു നേരെയുള്ള പോര്‍വിളികള്‍ എന്തുകൊണ്ട്?. ഇപ്പോള്‍ അറുപതുവര്‍ഷങ്ങള്‍ക്കു ശേഷവും, അന്നത്തെ സെഗ്രിഗേറ്റഡ് സ്റ്റേറ്റുകള്‍ എങ്ങനെ കറുത്തവന്റെ വോട്ടുകള്‍ ഇല്ലാതാക്കാം എന്നതിനുള്ള നിയമങ്ങള്‍ സൃഷ്ടിക്കുന്നു. ഇവിടുത്തെ ജനാധിപത്യം ഇല്ലാതായാല്‍ അതു ലോകത്തിനു തന്നെ വലിയ തിരിച്ചടിയാകില്ലെ റീന.ഇപ്പോള്‍ കുറച്ചു നാളൂകളായി നടക്കുന്ന വംശാധിപത്യ പോര്‍വിളികള്‍ ശ്രദ്ധിക്കുന്നവര്‍ അങ്ങനെ ഭയപ്പെടുന്നു. മതവര്‍ഗ്ഗിയതയും, വംശവിഭാഗീയതുമായിരിക്കും അടുത്തലോകമഹായുദ്ധത്തിന്റെ അടിസ്ഥാന കാരണം. ആന്‍ഡ്രു തന്റെ നിരീക്ഷണം ശരിയോ എന്ന മട്ടില്‍ എല്ലാവരേയും ഒന്നു നോക്കി.

എന്തിന് ഇസ്ലാം മതം...?' സ്വയം എന്നപോലെ ആന്‍ഡ്രു ചോദിച്ചു. മാല്‍ക്കമിന്റെ മുന്നില്‍ അതുമാത്രമേ തുറന്നിരുന്നുള്ളോ...? മനുഷ്യനെ തുല്യരായി കാണുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള ചിന്ത ജയിലിലെ പുസ്തകങ്ങള്‍ മനസില്‍ ഉറപ്പിച്ചു. ജയില്‍ കാലാവധി കഴിയുമ്പോഴേക്കും എങ്ങോട്ടെന്ന ചിന്ത ഉറച്ചിരുന്നില്ലെങ്കിലും, മാല്‍ക്കമിന്റെ രണ്ടുസഹോദരങ്ങള്‍ ഇസ്ലാമിന്റെ വഴികള്‍ സ്വീകരിച്ചതിനെക്കുറിച്ച് കത്തുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞിരുന്നു. പിന്നെ അന്വേഷണം ആ വഴിക്കായി. അവരാണ് ചിക്കാഗോയിലെ ഇല്ലിനോയിസിലുള്ള എലീജ മുഹമ്മദിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൊടുത്തത്. 'നേഷന്‍ ഓഫ് ഇസ്ലാം' എന്ന കറുത്തവന്റെ മുസ്ലീം രാഷ്ട്രം എന്ന ആശയം സ്വീകര്യമായി തോന്നിയെന്നാലും നേരിട്ടറിയാനായി ചിക്കാഗോയിലേക്ക് യാത്രയായി. കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായതിനെ തള്ളാന്‍ തോന്നിയില്ല എന്നുമാത്രമല്ല, അമേരിയ്ക്കയില്‍ കറുത്തവന്റെ സ്വത്വവുമായി തലയുയര്‍ത്തി നില്‍ക്കാനുള്ള ഒരിടവും ഒപ്പം വെളുത്തവനു സമാന്തരമായി മറ്റൊരു പ്രസ്ഥാനവും മനസ്സില്‍ ഇടം പിടിച്ചു. എലീജയുടെ കീഴില്‍ ഇസ്ലാമിനെക്കുറിച്ച് പഠിച്ച് പ്രസ്ഥാനത്തില്‍ എലീജകഴിഞ്ഞാല്‍ രണ്ടാമനായി സ്ഥാനവും ഉറപ്പിച്ചു. വജ്രത്തിന്റെ മൂര്‍ച്ചയുള്ള വാക്കുകളും, പറയുന്ന വാക്കുകളിലെ ഉറപ്പും,ആളുകളെ തന്നിലേക്കടുപ്പിക്കാനുള്ള വാക്ചാതുര്യവും മാല്‍ക്കമെക്‌സിനെ പെട്ടന്നു ശ്രദ്ധ്യേയനാക്കി. ഇന്നുവരെ കറുത്ത വര്‍ഗ്ഗത്തെ അടിമകളായി നിലനിര്‍ത്തിയവര്‍ക്കെതിരെ, ഇനിയും അവനെ അതേകണ്ണുകൊണ്ടു മാത്രം കാണുന്നവനെതിരെയുള്ളു പ്രതിക്ഷേധ പ്രവാഹത്തില്‍ വെളുത്തവന്‍ ഒന്നു പകച്ചു. ഇന്നുവരെ ഇത്ര ഉറക്കെ, വ്യക്തമായി ഒരു കറുത്തവര്‍ഗ്ഗക്കാരന്‍, വെളുത്തവന്റെ മുഖത്തുനോക്കി വെല്ലുവിളിച്ചിട്ടില്ല.‘കണ്ണിനു പകരം കണ്ണും, പല്ലിനുപകരം പല്ലും ഒരടിമയും പരസ്യമായി പറഞ്ഞിട്ടില്ല. വാളും, തോക്കും നിങ്ങളുടെ അരയിലെ അലങ്കാരങ്ങളല്ല. നിങ്ങളെ തല്ലുന്നവന്റെ തലവെട്ടാന്‍ രണ്ടാമതൊന്നാലോചിക്കരുത്. നിങ്ങള്‍ അമാന്തിച്ചാല്‍, ഭയക്കുന്നു എന്നു കണ്ടാല്‍ പിന്നെ നിങ്ങളുടെ തല അവന്റെ കൈവെള്ളയില്‍ ആയിരിക്കുമെന്നു മറക്കരുത്.’ മാല്‍ക്കമെക്‌സിന്റെ പ്രസംഗം കേള്‍ക്കാന്‍ നല്ല ജനക്കൂട്ടം തടിച്ചുകൂടുന്നത് പുതിയ സുവിശേഷത്തിലെ മോചനവഴികളിലേക്കുള്ള പാതവെട്ടാന്‍ ധാരാളം ചെറുപ്പക്കാര്‍ ആയുധങ്ങളുമായി മറവിലും ഒളിവിലുമായി ഉണ്ടായിരുന്നു എന്നതിനു തെളിവായി.

ബോസ്റ്റണ്‍ മോസ്‌ക്കിന്റെ ചുമതലക്കാരനായി തന്റെ കൗമാരകാല ഓര്‍മ്മകളൂമായി ബോസ്റ്റണില്‍ എത്തിയ മാല്‍ക്കം സ്വന്തം നിലപാടുകള്‍ ഉറക്കെ പറയുകയും, മയക്കുമരുന്നുകളില്‍ നിന്നും ചെറുപ്പാക്കാരെ മോചിപ്പിക്കാന്‍ ഇസ്ലാം മതപ്രബോധനവുമായി ഇരുണ്ടതെരുവുകളിലേക്കിറങ്ങി. മതം മാത്രമായിരുന്നില്ല ഉള്ളിലെ പ്രചോദനം... നാളിതുവരെ തന്റെ വര്‍ഗ്ഗം അനുഭവിച്ച,തന്റെ കുടുംബം അനുഭവിച്ച പീഡനങ്ങളുടെ ചുരമാന്തല്‍ എത്ര അടക്കാന്‍ ശ്രമിച്ചിട്ടും അടങ്ങാതെ പ്രതികാര ദാഹിയായി ഒപ്പം ഉണ്ടായിരുന്നു. മാല്‍ക്കമിന്റെ പ്രസംഗം കേട്ട അമേരിയ്ക്കന്‍ പത്രത്താളുകള്‍ ഇസ്ലാം മതം സമാധാനത്തിന്റെ മതമല്ലെന്നും, തീവ്രവാദം വളര്‍ത്തി, സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുന്നു എന്നും കുറ്റപ്പെടുത്തി ലേഖനങ്ങള്‍ എഴുതാന്‍ തുടങ്ങി. പ്രത്യേകിച്ചും മാല്‍ക്കമെക്‌സ് ഇന്നും അവരുടെ മുന്നില്‍ ഒരു കുറ്റവാളിയായിരുന്നു. തന്നെ കുറ്റവാളിയായി ചിത്രീകരിച്ചവരോടു പറഞ്ഞത്; ഒരു ഇസ്ലാമും അങ്ങോട്ടാക്രമിക്കുന്നില്ല... എന്നാല്‍ ഇങ്ങോട്ടുവരുന്നവനൊന്നും അമ്മേക്കണ്ടു മരിക്കില്ല. സന്ദേശത്തിലെ വ്യക്തത തിരിച്ചറിഞ്ഞവര്‍ ഒന്നും മിണ്ടാതെ നടന്ന് മതത്തെ ഭീകരമതെമെന്നു ചിത്രികരിക്കാന്‍ ശ്രമിച്ചു. അതിനുള്ള മറുപടിയായി ക്രിസ്തുമതം നാളിതുവരെ ചെയ്ത എല്ലാ കൂട്ടക്കൊലകളേക്കുറിച്ചും എണ്ണിയെണ്ണിപ്പറഞ്ഞു. ചുട്ടെരിക്കപ്പെട്ട കറുത്തവന്റെ ശരീരത്തേക്കുറിച്ച്, ബലാല്‍സംഗം ചെയ്യപ്പെട്ട അവരുടെ സ്ത്രികളെക്കുറിച്ച്, തീവെയ്ക്കപ്പെട്ട അവന്റെ കുടിലുകളെക്കുറിച്ചൊക്കെ, മറന്നുപോയവരെ ഓര്‍മ്മിപ്പിക്കാനെന്നപോലെ പറഞ്ഞിട്ടു ചോദിക്കും, സ്‌നേഹത്തിന്റേയും, സാഹോദര്യത്തിന്റേയും മതമെന്നു നിങ്ങള്‍ സ്വയം പ്രകീര്‍ത്തിക്കുമ്പോള്‍, നിങ്ങള്‍ ചെയ്തത്രയും ഒരു ഇസ്ലാമും ചെയ്തിട്ടില്ല. സ്വന്തം കണ്ണിലെ കോലുമാറ്റാതെ അയല്‍ക്കാരന്റെ കണ്ണിലെ കരെടുക്കാന്‍ പോകാതിരിക്കുന്നതാണ് നല്ലത്.

നോണ്‍ വയലന്‍സുകാര്‍ നടത്തുന്ന സിവില്‍ റൈറ്റ് മൂവമെന്റിനോട് അനുകൂലമനോഭാവമെങ്കിലും അവരുടെ സമരമാര്‍ഗ്ഗങ്ങളോട് യോജിപ്പില്ലായിരുന്നു. 'നാനുറുവര്‍ഷമായി അവകാശങ്ങള്‍ നിഷേധിച്ചവന് തുല്ല്യാവകാശം നിങ്ങളുടെ ഇത്തരം കുത്തിയിരുപ്പു സമരം കൊണ്ട് നേടിയ്ടുക്കാന്‍ കഴിയുമോ...മൊന്റിഗോമറി ബസ്സ് സമരം ഒരുവര്‍ഷം നീണ്ടു...എനിക്കത്രയും ക്ഷമയില്ല. ഇപ്പോള്‍ കിട്ടേണ്ടത് ഇപ്പോള്‍ കിട്ടണം. നമുക്കവകാശപ്പെട്ടത് നാം പിടിച്ചെടുക്കണം. ഔദാര്യം നമുക്കുവേണ്ട...നമ്മുടെ അവകാശമാണ്.‘നേഷന്‍ ഓഫ് ഇസ്ലാം’ സ്ഥാപിച്ചാല്‍ പിന്നെ നാം വെളുത്തവന്റെ അടിമയായി കഴിയേണ്ടി വരില്ല... അവിടെ ബ്ലാക്‌സ് മാത്രം മതി. കുറെ ഏറെപ്പേര്‍ മാല്‍ക്കമിനൊടൊപ്പം കൂടി കുറെപ്പേര്‍ ഇസ്ലാം മതം സ്വീകരിച്ച് അടിമ എന്ന വിവേചനത്തില്‍ നിന്നും പുറത്തുവന്നു. പലര്‍ക്കും തങ്ങളുടെ മതം വിട്ടുപോരാന്‍ കഴിയാത്തതിനാല്‍ മാല്‍ക്കമിനെ പുറത്തു നിന്നു പിന്തുണച്ചു. വളരെപ്പേര്‍ ആയുധം വാങ്ങി കൊള്ളയും, കൊലപാതകവും ചെയ്ത് അവരുടെ സ്വാതന്ത്ര്യം പ്രക്യാപിച്ചു. മാല്‍ക്കം വളരെയേറെ ആഘോഷിക്കപ്പെട്ട നേതാവായിരുന്നു. സാധാരണക്കാര്‍ പറയാന്‍ മടിക്കുന്ന സത്യങ്ങള്‍ വിളിച്ചുപറഞ്ഞു. അവസരം കിട്ടുമ്പോഴോക്കെ വെള്ളക്കാരനെതിരായി സംസാരിച്ചു. സ്വന്തം ആശയങ്ങളെ വ്യക്തവും, സ്പുടവുമായി സധൈര്യം പറഞ്ഞു.ന്യൂയോര്‍ക്കിലെ ഹാര്‍ലത്തില്‍ കൊല്ലപ്പെടുമ്പോള്‍ വയസ്സ് 39. എന്നും ആയുധത്തെ സ്‌നേഹിച്ചിരുന്നവന് ബുള്ളറ്റുകൊണ്ടു തന്നെ മരണം. അതു കാലനീതി ആയിരിക്കാം.

''ആന്‍ഡ്രു... നിങ്ങള്‍ മാല്‍ക്കം എക്‌സിനെക്കുറിച്ച് പറഞ്ഞതൊക്കെ ഏറെക്കുറെ നേരുതന്നെയാണ്... വിപ്ലവത്തെ വഴിപിരിച്ചുവിട്ടവന്‍ എന്നു വേണമെങ്കില്‍ പറയാം.'' റീന പറഞ്ഞു. '' പക്ഷേ ഒരു കാര്യം നാം സമ്മതിക്കണം കറുത്തവന് അഭിമാനത്തോട് തലയുയര്‍ത്തി നോക്കാന്‍മാല്‍ക്കം എന്ന നേതാവ് മുന്നില്‍ ഉണ്ടായിരുന്നു. ബോസ്റ്റണില്‍ നിന്നും ഹാര്‍ലത്തിലെ മോസ്‌കിന്റെ ചുമതലക്കാരനായപ്പോഴേക്കും‘നേഷന്‍ ഓഫ് ഇസ്ലാ’മിന്റെ ചോദ്യം ചെയ്യാത്ത നേതാവായി വളര്‍ന്നു എങ്കിലും എലീജയുടെ ഒപ്പം ഉണ്ടായിരുന്നവരും രണ്ടാം സ്ഥാനമോഹികളും ആയിരുന്ന ചിലരുടെയെല്ലാം ഉള്ളില്‍ വിഷമുള്ളുകള്‍ മാല്‍ക്കമിനെതിരെ വളരാന്‍ തുടങ്ങിയിരുന്നു. പക്ഷേ മാല്‍ക്കമിനെ അതൊന്നും അലട്ടിയില്ല. കര്‍മ്മനിരതനാകുക. നീഗ്രോ എന്നും, അടിമയെന്നുമുള്ള അടയാളപ്പെടുത്തിയവര്‍ക്ക് ഒരു പൊതു അടയാളവാക്കുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു. എട്ടാംക്ലാസുകാരനായവന്‍ വലിയ ആള്‍ക്കൂട്ടത്തൊടു പ്രസംഗിച്ചു. അതിപ്രസിദ്ധമായയുണിവേഷ്‌സിറ്റികള്‍പ്രസംഗിക്കാനായും സംവദിക്കാനുമായി ക്ഷണിച്ചു. അവിടെയൊക്കെ നീഗ്രോയെ ബ്ലാക്കായി മാറ്റിക്കുറിച്ചു. ഇന്ന് നീഗ്രോ ഒരു അശ്ലീലപദമായി അംഗികരിച്ചെങ്കില്‍ അതിനു നാം മാല്‍ക്കം എക്‌സിനോടും കടപ്പെട്ടിരിക്കുന്നു.‘ബ്ലാക്ക്’ എന്ന നാമം മാറ്റി എഴുതിക്കാന്‍ ആ വാക്ക് എത്ര പ്രാവസ്യം എങ്കിലും ഊന്നിപ്പറഞ്ഞിട്ടുണ്ടാകും. അഞ്ചു ലക്ഷത്തോളം കറുത്തവരെ നേഷന്‍ ഓഫ് മുസ്ലിമില്‍ ചേര്‍ത്ത് വലിയ ഒരു സംഘാടകന്‍ എന്ന പേരും നേടി. പിന്നെ എങ്ങനെ എലീജയുമായി പിണങ്ങി.മാല്‍ക്കമിലെ പടിപടിയായുള്ള പരിണാമത്തിന്റെ ഭാഗമായി കൂടുതല്‍ സിവില്‍ റൈറ്റ് മൂവ്‌മെന്റിലേക്ക് ഇറങ്ങിത്തിരിച്ചിരുന്നോ എന്തോ...? എന്തായാലും വാക്കും പ്രവര്‍ത്തിയും തമ്മിലുള്ള നിഷ്ട എലീജ പാലിക്കുന്നില്ല എന്ന കണ്ടെത്തല്‍ മാല്‍ക്കമിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ടാകാം. എട്ടു ഭാര്യമാരെ ഒരേ സമയം പരിഗ്രഹിച്ചവനോടുള്ള പുച്ഛം വാക്കായി പുറത്തുവന്നിട്ടുണ്ടാകും. മാല്‍ക്കം നേഷന്‍ ഓഫ് ഇസ്ലാം പിടച്ചടക്കുമോ എന്ന ഭയമായിരിക്കും മാല്‍ക്കമിനെതിരെ തിരിയാന്‍ എലീജയെ പ്രേരിപ്പിച്ചത്. അതിന് പഴയ അസൂയക്കാരുടെ പിന്‍ബലവും ഉണ്ടായിരുന്നു. ന്യൂയോര്‍ക്കില്‍ ഹാര്‍ലത്ത് ധാരാളം സായുധ കലാപങ്ങളെക്കുറിച്ച് പ്രസംഗിച്ചിട്ടുള്ളതട്ടകത്തില്‍ വെച്ചുതന്നെ വെടിയേറ്റു. ഇവിടെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ ഒരു വചനം ഓര്‍ക്കുന്നതു നന്നാകും; '....ഹൈയിറ്റ് കനോട്ട് ഡ്രൈവ് ഔട്ട് ഹൈയിറ്റ്. ഒണ്‍ലി ലൗ കാന്‍ ഡു ഇറ്റ്.'(...വെറുപ്പിനെ വെറുപ്പുകൊണ്ട് ശുദ്ധികരിക്കാന്‍ കഴിയില്ല. സ്‌നേഹത്തിനു മാത്രമേ അതിനു കഴിയു)

പക്ഷേ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം കൊല്ലപ്പെട്ടില്ലെ... വിപ്ലവം പ്രസംഗിച്ചവനും, സമാധാനത്തിന്റെ അഹിംസാവാദിക്കും ഒരേ ന്യായവിധി.ഇവിടുത്തെ ജനങ്ങള്‍ക്ക് എന്തോ സാരമായ തകരാറുണ്ട്: അല്ലെ ആന്‍ഡ്രു...റീന എങ്ങോട്ടെന്നില്ലാതെ ദൂരേക്ക് നോക്കി.

''റീന അത് ഇവിടെ മാത്രമായുള്ള ഒരു പ്രശ്‌നമല്ല...എല്ലാ പൊതുസമൂഹവും അങ്ങനെയാണ്.അവര്‍ ആള്‍ക്കൂട്ടമാണ്. അവര്‍ക്ക് അഭിപ്രായങ്ങളില്ല; നയിക്കപ്പെടുന്ന വഴിയെ നടക്കുന്ന കാലിക്കൂട്ടങ്ങളെപ്പോലെ ആണ്. കാണാമറയത്ത് അവരെ നയിക്കുന്നത് മറ്റാരോ ആണ്. ക്രിസ്തുവിനെ ക്രൂശിക്കണമെന്നു പറഞ്ഞവര്‍ക്ക് അദ്ദേഹത്തെ അറിയാമായിരുന്നുവോ...അല്ലെങ്കില്‍ അദ്ദേഹം പറഞ്ഞതവര്‍ കേട്ടിരുന്നുവോ... ആരോ വിളിച്ചു പറഞ്ഞതിനൊപ്പം കൂടിയവര്‍ മരിച്ച ക്രിസ്തുവിനെ കാണാന്‍ നിന്നോ... പിന്നീട് ആരോ പറഞ്ഞു ക്രിസ്തു ഉയര്‍ത്തു എന്ന്... പിന്നെ അവര്‍ അതിനു പിന്നാലെയായി... ആള്‍ക്കൂട്ടം അങ്ങനെയാണ്.റീനപറഞ്ഞപോലെ മാല്‍ക്കം എക്‌സിന്റെ നിലപാടുകളോട് യോജിപ്പില്ല എങ്കില്‍ പോലും ആ വ്യക്തിയുടെ ആത്മാര്‍ത്ഥതയോട് ആദരവുണ്ട്. അങ്ങനെ ഒരു വ്യക്തി കാലത്തിന്റെ ആവശ്യമായിരുന്നു. ഒരേകാലത്തു ജീവിച്ചിരുന്ന ആ രണ്ടുപേരും അടിമകളുടെ ജീവിതത്തിലെ രണ്ടു സ്വാധീന നക്ഷ്ത്രങ്ങളായിരുന്നു. പ്രത്യക്ഷത്തില്‍ ക്ലാനുകള്‍ മാല്‍ക്കവുമായി ഏറ്റുമുട്ടിയില്ല എങ്കിലും ആ ശിഖരം മുറിയേണം എന്നവര്‍ ആഗ്രഹിച്ചത്, കറുത്തവന്‍ കരുത്താര്‍ജ്ജിക്കാന്‍ പാടില്ല എന്ന വിചാരം ഒന്നുമാത്രമായിരുന്നില്ല. മാല്‍ക്കവും, മാര്‍ട്ടിനും ഒന്നിച്ചാല്‍ വെളുത്തവന്റെ അധികാരത്തെ അതു ചോദ്യം ചെയ്യുമെന്ന വിചാരം തന്നെയായിരുന്നിരിക്കാം. അതിനാല്‍ മാല്‍ക്കമിന്റെ മരണത്തില്‍ നേഷന്‍ ഓഫ് ഇസ്ലാമിലെ ആഭ്യന്തര കലാപം മാത്രമോ എന്ന ചിന്ത എന്റെ ഉള്ളില്‍ ഉറപൊട്ടാറുണ്ട്.

അതൊരു സംശയാലുവിന്റെ മനസ്സിന്റെ തോന്നല്‍ മാത്രമായി തള്ളാന്‍ പറ്റുമോ....? നേഷന്‍ ഓഫ് ഇസ്ലാമില്‍ നിന്നും മെല്ലെ അകന്ന മാല്‍ക്കം ഹജ്ജിനുപോയി ഹാജിയായി ബ്ലാക് നാഷണലിസ്സം എന്ന കറുത്തവന്റെ മുസ്ലീം കൂട്ടഴ്മക്ക് രൂപം കൊടുത്തപ്പോള്‍, അടിമകള്‍ക്ക്, നീഗ്രോകള്‍ എന്ന അശ്ലീലവിളിപ്പേരില്‍ അപമാനിതരായിരുന്ന ഒരു ജനതക്ക് ഒരു പുത്തന്‍ വിളിപ്പേരായി, 'ബ്ലാക്ക്' എന്ന പൊതുനാമത്തില്‍ എല്ലാ കറുത്തവനും സ്വയം അടയാളപ്പെടുത്താന്‍ തുടങ്ങിയത് പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ അസ്വസ്ഥത മാല്‍ക്കമിന്റെ കൊലപാതകത്തിലേക്കുള്ള ഗൂഡാലോചനയുടെ വഴികള്‍ തുറന്നിട്ടുണ്ടാകും. അപ്പോഴും ചോദ്യം ആരാണ് മാല്‍ക്കമിനെ വധിച്ചത്. എലീജയുടെ ആളുകള്‍ കരുക്കള്‍ മാത്രമായിരുന്നു. യഥാര്‍ത്ഥ കുറ്റവാളി ഇപ്പോഴും മറവിലാണ്. എല്ലായിപ്പോഴും സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായി, നിരീക്ഷണവലയത്തില്‍ കഴിഞ്ഞ ഒരാളെ ചാരസംഘടനയുടെ അറിവോടെയല്ലാതെ എങ്ങനെ വധിക്കും.അന്നുമുതലെ മാല്‍ക്കമിന്റെ കുടുംബം വിരല്‍ ചൂണ്ടുന്നത് എഫ്. ബി. ഐ യും, ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ടുമെന്റിന്റേയും പങ്കിനെക്കുറിച്ചന്വേഷിക്കണമെന്നാണ്. അന്നത്തെ ആ വലിയ മീറ്റിംഗ് തുടങ്ങുന്നതിനുമുമ്പേ തന്നെ അവരില്‍ ചിലര്‍ അവിടെ ഉണ്ടായിരുന്നതായും, അവര്‍ക്ക് മീറ്റിംഗിന്റെ രഹസ്യവിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തത്, മാല്‍ക്കമിന്റെ തന്നെ ഒരു ബന്ധുവായിരുന്നുവെന്ന് ഈ അടുത്തകാലത്ത് മരണക്കിടക്കയില്‍ അയാള്‍ വെളുപ്പെടുത്തിയതായി ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത് അന്നത്തെ സന്ദേഹത്തെ ബലപ്പെടുത്തുന്നു. ഈ വക സത്യങ്ങള്‍ ഒരിക്കലും പുറത്തുവരില്ല റീന... എവിടെയും ഒറ്റുകാരുണ്ട്. മാര്‍ട്ടില്‍ ലൂഥര്‍ കിംഗിന്റെ കൊലപാതകത്തിനു പിന്നിലും ഒരുപക്ഷേ ഇത്തരം ഒറ്റുകാര്‍ ഉണ്ടായിരുന്നിരിക്കാം. ഇതൊക്കെ നമ്മുടെ ബോദ്ധ്യങ്ങളായി നമ്മുടെ ഉള്ളില്‍ ഉറുത്തിക്കൊണ്ടേ ഇരിക്കണം. അല്ലെങ്കില്‍ ഉള്ളിലെ തീ അണഞ്ഞുപോകും.

ഞാന്‍ കരുതുന്നത് മാര്‍ട്ടിന്‍ലൂഥര്‍ കിംഗിന്റെ കൊലപാതകം എളുപ്പമായത് മാല്‍ക്കമിന്റെ മരണത്തില്‍ കലാപങ്ങള്‍ ഉണ്ടായില്ല എന്നുള്ളതായിരിക്കാം. എന്നാല്‍ മാര്‍ട്ടിന്റെ മരണശേഷമുണ്ടായ കലാപത്തില്‍ മരിച്ച അറുപത്തിയെട്ടുപേരുടെ പേരുകള്‍ ആരെങ്കിലും എഴുതിച്ചേര്‍ത്തോ....അതൊക്കെ അമേരിയ്ക്കന്‍ അടിമകളുടെ സ്വാതന്ത്ര്യ പോരാട്ട ചരിത്രങ്ങളായി വായിക്കപ്പെടുമോ...? . ആ രണ്ടുപേരുടേയും മരണം സമര ചരിത്രത്തെ പലവഴികളിലേക്ക് വഴിതിരിച്ചുവെങ്കിലും നോണ്‍വയലന്‍സില്‍ വിശ്വസിക്കുന്ന ചിലരെങ്കിലും സഹന സമരങ്ങളില്‍ ഉറച്ചു നിന്നു.അതില്‍ എടുത്തു പറയേണ്ട ഒരു പേരാണ് ജോണ്‍ലൂയിസിന്റേത്''. ആന്‍ഡ്രുവിന്റെ ഓര്‍മ്മയില്‍ 'വാക്കിങ്ങ് വിത്ത് ദ വിന്‍ഡ് (ണമഹസശിഴ ണശവേ ഠവല ണശിറ) എന്ന പുസ്തകം വായിച്ചതിന്റെ ഓര്‍മ്മയില്‍ ജോണ്‍ ലൂയിസിന്റെ അനുഭവ സാക്ഷ്യങ്ങളെക്കുറിച്ചു പറയാനുള്ള ത്രസിക്കല്‍ ആയിരുന്നെങ്കിലും, ലെഞ്ചുസമയം തീര്‍ന്നു എന്ന തിരിച്ചറിവില്‍ പലരും വാച്ചിലേക്കു നോക്കി എഴുനേല്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ബാക്കി നാളെ എന്ന് അവധിയെടുത്ത് ആന്‍ഡ്രുവും എഴുനേറ്റു. ഉള്ളില്‍ പറയാനുള്ള കാര്യങ്ങളേക്കുറിച്ച് തെളിമയില്ലായിരുന്നു. അമേരിയ്ക്കന്‍ രാഷ്ട്രിയ ചരിത്രം ഏറെയൊന്നും അടുത്തറിഞ്ഞിട്ടില്ല. ജോണ്‍ ലൂയിസിനേക്കുറിച്ചുള്ള വായിച്ചറിവില്‍, മാല്‍ക്കം എക്‌സിനെ വായിച്ച കാലം കടന്നുവരുന്നു. രണ്ടുപേരുടെയും ജീവിതം രണ്ടു ധ്രൂവങ്ങളില്‍ സന്ധിചെയ്യാതെ പരസ്പരം നോക്കി അറച്ചറച്ചു നില്‍ക്കുന്നു. രണ്ടും ഒരേ കടലില്‍ നിന്നും പിറന്ന തിരതന്നെ എന്നാലോ കടല്‍ അവരെ രണ്ടു തോണിയില്‍ ആക്കി.ജോണ്‍ ലൂയിസ് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനൊപ്പം ഗാന്ധിയനായി. മാല്‍ക്കം ഭഗത് സിംഗിനെപ്പോലെ, നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെ തോക്കിന്‍ കുഴലിന്റെ ശക്തിയില്‍ വിശ്വസിച്ചു. ജോലിയിലേക്കു നടക്കുമ്പോള്‍ എവിടെ നിന്നോ ഇന്ത്യന്‍ സ്വാതന്ത്യ സമരത്തില്‍ ചെറുപ്പക്കാരുടെ ആവേശമായിരുന്ന രണ്ടു പേരുകള്‍ മുന്നില്‍ നടന്നു. അവരെ വകഞ്ഞുമാറ്റി മുന്നേറവെ, വുഡ്ക്കര്‍ തന്റെ ഉച്ചസമയത്തെ ബൈബിള്‍ ക്ലാസു മടക്കി മറ്റുള്ളവര്‍ക്ക് വായിക്കാനായി വെച്ചിരുന്ന ബൈബിള്‍ സാഹിത്യങ്ങള്‍ അടുക്കി വെച്ച് ജോലിയിലേക്കു മടങ്ങാനുള്ളശ്രമത്തില്‍ അവര്‍ പരസ്പരം നോക്കി ചിരിച്ചു. വുഡ്ക്കര്‍ യെഹോവ വിറ്റ്‌നസ് കാരനാണ്. അവര്‍ ഇനിയും ക്രിസ്തുവില്‍ എത്തിയിട്ടില്ല.

Read More: https://emalayalee.com/writer/119


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക