ഓണം കഴിഞ്ഞു-
മ്മറമുറ്റത്തെ
തുമ്പക്കളത്തിലെ
മുക്കുറ്റിയും മാഞ്ഞു
ഓണം കഴിഞ്ഞില്ലേ !!
കൈതകൾ തിങ്ങുന്ന
വേലിപ്പടർപ്പിലെ
തിരുവോണത്തുമ്പികൾ
എങ്ങോ മറഞ്ഞുപോയ്
ഓണം കഴിഞ്ഞില്ലേ !!
ഉമ്മറക്കോലായിൽ
കായ്‌കൾ പൊഴിഞ്ഞൊരു
വാഴക്കുല തണ്ടിൽ
ചോണൻ അരിക്കുന്നു
ഓണം കഴിഞ്ഞില്ലേ !!
മറക്കുട ചൂടിയ
മാവേലി മന്നനും
വഴിയോരക്കാഴ്ചയായി
പുഞ്ചിരി തൂകുന്നു
ഓണം കഴിഞ്ഞില്ലേ !!
അടുക്കളത്തിണ്ണയിൽ
കലപില കൂട്ടിയ
പാത്രങ്ങളൊക്കെയും
കരിമുഖം കാട്ടുന്നു
ഓണം കഴിഞ്ഞില്ലേ !!
കളിചിരി മാഞ്ഞൊരു
വീടും തൊടികളും
പുസ്തകക്കെട്ടുകൾ
പടിപ്പുര താണ്ടുന്നു
ഓണം കഴിഞ്ഞില്ലേ !!
പോണ്ടെന്നു പറയുവാൻ
മോഹമുണ്ടെങ്കിലും
യാത്രാമൊഴി നൽകി
നിഴൽചിത്ര രൂപങ്ങൾ
ഓണം കഴിഞ്ഞില്ലേ !!
വന്നവരൊക്കെയും
പടിയിറങ്ങിപ്പോയി
ശൂന്യമായ് ഹൃദയവും
ഓർമ്മതൻ മേലാപ്പും
ഓണം കഴിഞ്ഞില്ലേ !!
പുകയുന്നടുപ്പിലെ
അണയാത്ത പൊരികളിൽ
കണ്ണീരു പൊടിയുന്നു
അമ്മതൻ വദനത്തിൽ
ഓണം കഴിഞ്ഞില്ലേ !!
ബാല്യം കളിച്ചു-
നടന്ന പുൽമേടയിൽ
കാരമുള്ളാണികൾ
നോവ് പടർത്തുന്നു
ഓണം കഴിഞ്ഞില്ലേ !!
ഒരു സന്ധ്യ ചായുമ്പോൾ
സൂര്യൻ മടങ്ങുമ്പോൾ
ഓണം കഴിഞ്ഞില്ലേ
ഓർമ്മ പൊഴിഞ്ഞില്ലേ !!!