Image

ശേഷിച്ച അമ്പതു ദിവസങ്ങളിൽ എന്ത് സംഭവിക്കും? (ഏബ്രഹാം തോമസ്)

Published on 17 September, 2024
ശേഷിച്ച അമ്പതു ദിവസങ്ങളിൽ എന്ത് സംഭവിക്കും? (ഏബ്രഹാം തോമസ്)

വാഷിംഗ്‌ടൺ: ഇനി അമ്പതു ദിവസങ്ങളാണ് പ്രസിഡന്റ്, പൊതു തിരഞ്ഞെടുപ്പുകൾക്ക് ശേഷിക്കുന്നത്. എന്തും സംഭവിക്കാവുന്ന ദിനരാത്രങ്ങൾ. ഭാഗധേയങ്ങങ്ങൾ
മാറിമറിയാം. ഗാലോപ് പോളുകളിൽ ദൃശ്യമാകുന്ന നേട്ടം പോളിംഗ് ദിനത്തിൽ ഹാരിസിന് കൈ വരുമോ?

നെബ്രാസ്കയുടെ കോൺഗ്രഷണൽ രണ്ടാം ഡിസ്ട്രിക്ടിന്  ഒരു ഇലക്ട്‌റൽ വോട്ട് ആണുള്ളത്. പക്ഷെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈസ് പ്രസിഡന്റ് കമലാഹാരിസും ഇവിടെ ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചു നടത്തുന്ന പ്രചാരങ്ങൾ കണ്ടാൽ ഈ ഒരു സീറ്റാണ് എല്ലാം എന്ന് തോന്നും. ഇവിടെ 2016 ൽ ട്രംപ് വിജയിച്ചു, 4 വർഷത്തിന് ശേഷം ബൈഡനും. ഹാരിസിന്റെ കണക്കു കൂട്ടൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി വാൾസിന്റെ മിഡ് വെസ്റ്റേൺ വേരുകൾ തങ്ങളുടെ രക്ഷക്കെത്തുകയും തങ്ങൾക്കു ഈ സീറ്റ് നിലനിർത്താൻ കഴിയുകയും ചെയ്യും എന്നാണ്. എതിരാളി, റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ ഡി വാൻസിന്റെയും വേരുകൾ ശക്തമായി നില ഉറപ്പിച്ചിരിക്കുന്നത് മിഡ് വെസ്റ്റിൽ തന്നെയാണ്. വാൻസിന്റെ സ്ഥാനാർത്ഥിത്വം ഈ സീറ്റ് തങ്ങൾക്കു നേടിത്തരുമെന്നു റിപ്പബ്ലിക്കനുകളും കരുതുന്നു. ഒക്ടോബര് 1 നാണു വാൾസും വാൻസും തമ്മിലുള്ള വാഗ്‌വാദം നടക്കുക. മറ്റൊരു മിഡ് വെസ്റ്റേൺ സ്റ്റേറ്റായ മിഷിഗണിലും കടുത്ത മത്സരമാണ് നടക്കുന്നത്. ഇപ്പോൾനടക്കുന്ന അഭിപ്രായസർവേകളിൽ ഹാരിസിന് മേൽകൈ ഉണ്ടെന്നു പറയുന്നത് എപ്പോൾ വേണമെങ്കിലും മാറാം എന്ന് ഗവർണർ ഗ്രെച്ചെൻ വിറ്റമേർ മുന്നറിയിപ്പു നൽകുന്നു. 
 
രണ്ടു പാർട്ടികളും ഏറെ പ്രാധാന്യം കല്പിക്കുന്നത് പെന്സില്വാനിയ്ക്കാണ്. അവിടെ ഏറെ സമയവും പണവും ചിലവഴിക്കുന്നു. ട്രംപ് 2016 ൽ വിജയിച്ചതൊഴിച്ചാൽ 1992  മുതൽ ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കുത്തക ആയിരുന്നു സംസ്ഥാനം. സംസ്ഥാനം തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ട്രംപ്. അതോടൊപ്പം ട്രംപിന് 2016  ലും 2020  ലും മാറിയും തിരിഞ്ഞും വോട്ടു ചെയ്ത അരിസോണ, ജോർജിയ, മിഷിഗൺ, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളും പിടിക്കണം. എന്നാലേ വിജയം പൂർണമാവൂ.
ഈ വേനലിന്റെ ആദ്യ ദിനങ്ങളിൽ ന്യൂ ഹാംപ്ഷ്യരും വെർജിനിയയും നേടാൻ കഴിയുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി കരുതിയതാണ്. എന്നാൽ ഇക്കഴിഞ്ഞ സർവേകൾ ഈ സംസ്ഥാനങ്ങൾ ഡെമോക്രാറ്റിക്‌ ആയി തന്നെ നില കൊള്ളും എന്ന സൂചനയാണ് നൽകിയത്.

ന്യൂ യോർക്ക് നഗരത്തിൽ ഒക്ടോബര് ഒന്നിന് നടക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ ഡിബേറ്റ് ഇപ്പോൾ വലിയ താല്പര്യത്തോടെ ഏവരും ഉറ്റു നോക്കുന്നു. അമേരിക്കൻ ജനങ്ങൾ ആദ്യമായി വാൾസും വാൻസും തമ്മിലുള്ള വാക്‌പോര് കാണും. വാൽസിന് ഇനിയും തീരുമാനം എടുത്തിട്ടില്ലാത്ത വോട്ടർമാരെ തങ്ങൾക്കു അനുകൂലമാക്കാൻ ലഭിക്കുന്ന ഒരു അവസരമായിരിക്കും ഇത്. വോട്ടർമാരോട് ഇത് വരെ വ്യക്തമാക്കിയിട്ടില്ലാത്ത സാമ്പത്തിക പദ്ധതികളെക്കുറിച്ചു വാൾസ് മനസു തുറക്കുമോ എന്നതാണ് മില്യൺ ഡോളർ ചോദ്യം.

ഹാരിസ്-ട്രംപ് ഡിബേറ്റ് ഹാരിസിന് നാടിനെ നയിക്കുവാൻ കഴിയും എന്ന് ചിലരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. എന്നാൽ മറ്റു ചിലർക്ക് ഇനിയും ഇത് ബോദ്ധ്യമായിട്ടില്ല. വാൽസിനു ഇവരുടെ മനസ്സ് മാറ്റാൻ കഴിയുമോ? വാൽസിനു അനുകൂലമായ അഭിപ്രായ സർവേകൾ ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ കാറ്റ് ഡെമോക്രറ്റുകൾക്കു അനുകൂലമാണ്. എന്നാൽ അമ്പതു ദിവസങ്ങളും രാത്രികളും രാഷ്ട്രീയ അമേരിക്കയിൽ ഒരു വലിയ കാലയളവാണ്. ചുവടു മാറ്റങ്ങൾ നേതാക്കൾക്കിടയിലും വോട്ടർമാർക്കിടയിലും ഉണ്ടാവുകയില്ല എന്ന് പറയാനാവില്ല. നവംബര് 5 ആണ് വിധി ദിനം.  
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക