ആദ്യം എനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഇരുകരകളിൽ പെയ്തു പെയ്തു ഒരു പുഴ പോലെ ഒഴുകിയിട്ടും മറ്റൊരു മറുതീരത്തിന്റെ നിഗൂഢതയിലേക്കു ചിലപ്പോഴെങ്കിലും വഴി പിരിഞ്ഞൊഴുകേണ്ട ഒന്നാണ് ദാമ്പത്യ ജീവിതം എന്ന് ഇപ്പോൾ വിശ്വസിക്കേണ്ടി വന്നിരിക്കുന്നു. തികഞ്ഞ നിർവികാരതയോടെയാണ് നന്ദിത നിരഞ്ജൻ അയച്ച ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് വാങ്ങിയത്. അത് കൊണ്ട് തന്നെ എനിക്കിനി ഇത് വിശ്വസിക്കാതിരിക്കാൻ ആകില്ലല്ലോ.
രണ്ടു ദിവസങ്ങൾ കഴിഞ്ഞാൽ നന്ദിതയുടെ മകൾ ഹരിത വിവാഹിതയാകുന്നു. സ്വന്തം മകൾ ഒരു അന്യമതക്കാരനെ വിവാഹം കഴിക്കുന്നതിൽ തനിക്കുള്ള എതിർപ്പ് നിരഞ്ജൻ നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു. എങ്കിലും മകൾ വിവാഹത്തിൽ നിന്നു പിന്മാറുകയില്ലെന്നും നന്ദിത അവൾക്കൊപ്പമാണെന്നുമുള്ള തിരിച്ചറിവാണ് ഇപ്പോൾ ഈ പൊട്ടിത്തെറിയുടെ പ്രധാന കാരണം.
എത്ര പറഞ്ഞിട്ടും നിരഞ്ജൻ അവരുടെ വിവാഹത്തിന് സമ്മതം നൽകാൻ തയ്യാറല്ലായിരുന്നു. താൻ എന്നും ജീവന് തുല്യം ചേർത്തു പിടിച്ച ഭാര്യ ഇനി മകൾക്കൊപ്പം നിൽക്കുന്നു എന്ന തിരിച്ചറിവിൽ അയാൾ നന്ദിതയെയും കൈവിടുകയാണുണ്ടായത്. പക്ഷെ മകളോടൊപ്പമുള്ള ജീവിതത്തിലും നന്ദിത കൂടുതൽ സുരക്ഷിതയാവാൻ ഞാൻ ആഗ്രഹിച്ചു .അത് കൊണ്ട് തന്നെ ഞാൻ നന്ദിതയോട് അത് സൂചിപ്പിച്ചു
" നിനക്കുള്ളത് എന്തെങ്കിലും വീട്ടിൽ നിന്നു കിട്ടിയത് നിരഞ്ജനിൽ നിന്നു വാങ്ങി ബാങ്കിൽ നിക്ഷേപിച്ചിട്ടു മാത്രമേ ഇതിനു തുനിയാവൂ. കാരണം ജീവിതം നമ്മെ എവിടേക്കു കൊണ്ട് ചെന്നെത്തിക്കും എന്ന് ആർക്കും പ്രവചിക്കാൻ ആകില്ലല്ലോ.ഒരു അസുഖം വന്നാൽ തെറ്റി പോകുന്നതല്ലേ ജീവിതത്തിന്റെ താളം? "
"ചേച്ചി പറഞ്ഞത് ശരിയാണ്. ഞാൻ അത് സൂചിപ്പിച്ചിട്ടുണ്ട്. മോളുടെ വിവാഹശേഷം വൈകാതെ ഞങ്ങൾ പിരിയണം എന്നാണ് നിരഞ്ജൻ പറയുന്നത്. ഓർത്താൽ ജീവിതം വൈരുധ്യങ്ങൾ മാത്രം നിറഞ്ഞതാണ്അല്ലേ ചേച്ചി.?"അവൾ ചോദിച്ചു. പിന്നെ വിദൂരതയിലേക്ക് ജാലകങ്ങൾ തുറന്നിട്ടു.
പുറത്ത് ഉത്രാട രാത്രിയിലെ നിലാവും ഇടവിടാതെ പെയ്യുന്ന ചാറ്റൽ മഴയും. അവളുടെ കണ്ണുകളിലും നേർത്ത നനവുണ്ടായിരുന്നു. ഇത് പോലൊരു ഉത്രാടത്തിന്റെ പിറ്റേന്നായിരുന്നു ഒരു സൗഹൃദ സംഗമത്തിൽ വെച്ചു നിരഞ്ജൻ അവളെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ആ ഓർമ്മയാകും അവളെ അലട്ടുന്നത്. എല്ലാം ശരിയാകും എന്ന് പറഞ്ഞു ഇത്തവണ എനിക്ക് അവളെ ആശ്വസിപ്പിക്കാൻ ആകില്ലല്ലോ. മകളുടെ വിവാഹ ഒരുക്കങ്ങളുടെ തിരക്കുകൾക്കിടയിലും അവളിൽ തികഞ്ഞ മൗനമായിരുന്നു ഞാൻ കണ്ടത്.
അധികം ആഡംബരങ്ങൾ ഇല്ലാതെ ഒരു ചെറിയ ഹാളിൽ വെച്ചാണ് വിവാഹം. അച്ഛന്റെയും അമ്മയുടെയും അനുഗ്രഹങ്ങൾ ഒരുമിച്ച് വാങ്ങേണ്ട ഏക മകളുടെ നിർഭാഗ്യകരമായ അവസ്ഥ നന്ദിതയെ വല്ലാതെ വീർപ്പു മുട്ടിക്കുന്നുണ്ട് എന്ന് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
അയാൾ കടന്ന് വന്നു വിവാഹം അലങ്കോലപ്പെടുത്തുമോ എന്നവൾ സംശയിച്ചിരുന്നു. എങ്കിലും നിരഞ്ജൻ അങ്ങനെ ചെയ്യില്ലെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചു. പോലീസിന്റെ സംരക്ഷണയിൽ മകളുടെ വിവാഹം നടത്താനുള്ള അവളുടെ തീരുമാനത്തെ ഞാൻ തടഞ്ഞു. അത് ശരിയല്ല. എങ്കിലും വിവാഹമുഹൂർത്തം അടുക്കും തോറും വല്ലാത്ത ഒരു ആശങ്ക എന്നെ വന്നു പൊതിഞ്ഞു.
അതിനെ ശരി വെയ്ക്കും വിധമായിരുന്നു നിരഞ്ജന്റെ കാർ ഒരു ഇരമ്പലോടെ ഹാളിന്റെ മുറ്റത്തു വന്നു നിന്നത്. എന്തും സംഭവിക്കാം എന്നൊരു തോന്നലിന്റെ
വല്ലാത്ത ഒരു നടുക്കം എല്ലാവരിലേക്കും പടർന്നു.
"അയാൾ വിവാഹം മുടക്കാൻ വന്നതാകും " കാര്യങ്ങൾ അറിയാവുന്ന പലരും തമ്മിൽ തമ്മിൽ കൈമാറിയ ഊഹം തന്നെയായിരുന്നു എനിക്കും.
നന്ദിത കരയും പോലെ പറഞ്ഞു.
"ചേച്ചി പറഞ്ഞിട്ടല്ലേ ഞാൻ പോലീസിനെ നിർത്താഞ്ഞത്. ഇപ്പോൾ എന്തായി.?ഇനി വരുന്നത് ഒക്കെ നേരിട്ടല്ലെ പറ്റു. ഞാൻ പോലീസിനെ വിളിക്കട്ടെ ?"
നീരസത്തോടെ അവൾ ചോദിച്ചു. ഹാളിലേക്ക് കടന്നു വന്നു മുൻ നിരയിലെ കസേരയിൽ അയാൾ ഇരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചെങ്കിലും ആ പ്രതീക്ഷയെ പാടെ തെറ്റിക്കുന്ന പ്രവർത്തിയാണ് പിന്നീട് അയാളിൽ നിന്നുണ്ടായത്. ഒരു കൊടുങ്കാറ്റു പോലെ അയാൾ നേരെ വിവാഹമണ്ഡപത്തിലേക്കു പാഞ്ഞു കയറി.
പക്ഷെ അയാളുടെ വിയർപ്പണിഞ്ഞ മുഖത്ത് അസാധാരണമായ ഒരു പ്രശാന്തത തിളങ്ങി നിന്നു. മറ്റാരുമറിയാതെ ആ മനസ്സ് എന്തെല്ലാമോ മറച്ചു പിടിക്കും പോലെ
"കുട്ടിയുടെ അച്ഛനല്ലേ. കൃത്യസമയത്തു തന്നെ എത്തിയല്ലോ. വരൂ നടുക്ക് വന്നു നില്ക്കു.കൈ പിടിച്ചു കൊടുക്കു."
പൂജാരി പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ച നിരഞ്ജൻ തികഞ്ഞ സംതൃപ്തിയോടെ ആ കർമ്മം നിർവഹിച്ചു. കൂട്ടികൾ മണ്ഡപത്തിനു വലം വെച്ചപ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിച്ചത്.
ഷർട്ടിന്റെ പോക്കറ്റിൽ ഭദ്രമായി സൂക്ഷിച്ച സ്വർണ്ണത്താലിമാല പുറത്തെടുത്ത അയാൾ നന്ദിതയെ സൂക്ഷിച്ചു നോക്കി.
"ഇതാ ദേഷ്യം വന്നപ്പോൾ എന്നോ നമ്മൾ വേണ്ടെന്നു വെച്ചു മാറ്റിയ താലിമാലയ്ക്കു പകരം മറ്റൊന്ന്. ഇങ്ങനെ ഒരു യോഗം നമ്മുടെ ജാതകത്തിൽ ഉണ്ടായിരിക്കാം എന്ന് ആശ്വസിക്ക്."
ഏതു മുറിഞ്ഞ ബന്ധത്തേയും വിളക്കി ചേർക്കുന്ന കണ്ണി ആണ് കുട്ടികളെന്നു ജീവിതം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു. ഹാളിൽ കൂടി നിന്നവർ എല്ലാവരും നിർന്നിമേഷരായി നോക്കി നിൽക്കെ താലി ചാർത്തി സ്തബ്ധയായി നിന്ന നന്ദിതയുടെ കൈകളിൽ പിടിച്ച് അയാൾ കുട്ടികൾക്കൊപ്പം മണ്ഡപത്തിനു വലം വെയ്ക്കാൻ തുടങ്ങിയിരുന്നു.
പുഴ പോലെ ഒരു വട്ടം കൂടി ഒരുമിച്ചൊഴുകാൻ അപ്പോൾ വീണ്ടും മഴയായി പെയ്തത് ആ കാഴ്ചയിലേക്ക് ഉറ്റു നോക്കിയിരുന്നവരുടെ മിഴികളും മനസ്സുകളും ആയിരുന്നു.
തലേന്ന് വരെ മനസാ ശപിച്ച എല്ലാ വിധി വൈപരീത്യങ്ങളെയും കഴുകിക്ക ളഞ്ഞു കൊണ്ട് പിറ്റേന്ന് ഹരിതം എന്ന് പേരുള്ള വീടിന്റെ മുറ്റത്തു അവർ നാലുപേരും ചേർന്നിട്ട പൂക്കളത്തിലേക്കു വീണ്ടും പെയ്തിറങ്ങിയ മഴ ഭൂമിയിലെ ഏറ്റവും മനോഹരമായ മഴയെന്നു എനിക്ക് തോന്നി.