Image

ഒരു പാട്ട് (രമാ പിഷാരടി)

Published on 21 September, 2024
ഒരു പാട്ട് (രമാ പിഷാരടി)

ഒരു പാട്ടത് പാടാൻ വന്നു കനൽ-

ക്കാടൊന്നിലുലഞ്ഞ് വലഞ്ഞ്

പറയേണ്ടത് പറയാനാകാതാൾ-

ക്കൂട്ടത്തിമിരക്കൂട്ടിൽ

സ്വരമെല്ലാം തട്ടിയുടഞ്ഞ്

ശ്രുതിയാകെയപശ്രുതിയായി

പിറകോട്ട് നടക്കുന്നേരം

മനസ്സിൻ്റെ വെളിച്ചത്തരിയിൽ

ഒരു വാക്കിൻ മിന്നൽവെട്ടം

കവിതയ്ക്കൊരു കസ്തൂരിത്തരി

കടലിൻ്റെയകമ്പടി വാദ്യം

വഴിയോരത്താൽമരമൊന്നിൽ

മഴ പെയ്തും തോർന്നും പോകെ

വലപൊട്ടിച്ചാത്മാവിൻ കിളി

എഴുതിച്ചേർത്തുയിരിൻ കാവ്യം

ഒരു പാട്ടത് പല പാട്ടായി

ഹൃദയത്തിൽ നിന്നുമുണർന്നു

കലഹത്തിൻ കാർമുകിലിടയിൽ

തിരിവച്ചൊരു സന്ധ്യയ്ക്കുള്ളിൽ

കനൽ പൊള്ളിയ സത്യത്തരികൾ

പല കഥകൾ കേട്ടു മരിച്ചു

പറയാനില്ലിനിയെന്നോതി

ഇലപൊഴിയും വീടിന്നുള്ളിൽ

അതിശൈത്യക്കൂട്ടിൽ പാട്ടിൻ

ലയമെല്ലാം നിശ്ചലമായി

ഇനിയില്ലൊരു പാട്ടെന്നോർത്ത്

മിഴിപൂട്ടിയിരിക്കും നേരം

കനലെല്ലാം തട്ടിയുണർത്തി

അരികിലിരുന്നെഴുതെന്നോതി

കവിതക്കൂട്ടക്ഷരലിപികൾ

പലരും വിട്ടൊഴിയും നേരം

പലരും പഴി പറയും നേരം

ഭയമേറ്റിയ നിഴലിൻ കൂട്ടം

ഒളിയമ്പുകളെയ്യും നേരം

പിരിയാതെ കൂട്ടായ് നിന്നു

കവിതപ്പൂമരവും തണലും

വിടരുന്നൊരു വാക്കിൻ പൂവിൽ

ദലമർമ്മരശ്രുതിയിൽ നിന്ന്

എഴുതാനായ് വന്നൊരു പാട്ടായ്

ഉയിർകൊണ്ടു ഭൂമിയുമെന്നിൽ..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക