Image

മോദിക്കെതിരെ ബിൽബോർഡ്...തീവ്രവാദം അന്ധരാക്കുന്നവർ (നടപ്പാതയിൽ ഇന്ന് - 120: ബാബു പാറയ്ക്കൽ)

Published on 22 September, 2024
മോദിക്കെതിരെ ബിൽബോർഡ്...തീവ്രവാദം അന്ധരാക്കുന്നവർ (നടപ്പാതയിൽ ഇന്ന് - 120: ബാബു പാറയ്ക്കൽ)

ഒരു നാട്ടുകാരൻ പ്രവാസിയായി മറ്റൊരു രാജ്യത്തേക്ക് കുടിയേറുന്നത് അവന്റെ സ്വന്തം നാട്ടിൽ ജീവിത സൗകര്യങ്ങൾ കുറയുന്നതുകൊണ്ടാണ്. അഥവാ, കൂടുതൽ സൗകര്യങ്ങൾ ലഭിക്കുമെന്നതുകൊണ്ടാണ്. അങ്ങനെ നാം ചെന്ന് കയറുന്ന രാജ്യങ്ങൾക്ക് അവരുടേതായ സംസ്ക്കാരവും ജീവിത ശൈലികളുമുണ്ട്. അവിടെ നാം ചെല്ലുമ്പോൾ അവരുടെ സംസ്ക്കാരം മനസ്സിലാക്കാനും അതിനെ ബഹുമാനിക്കാനും പഠിക്കണം. അവിടെ വസിക്കുമ്പോഴും നമ്മുടെ തനതായ സംസ്ക്കാരം നാം പാടേ കൈവിടണമെന്നർത്ഥമില്ല. നമ്മിൽ സ്വാംശീകരിക്കപ്പെട്ടിരിക്കുന്ന നല്ല ജീവിത മൂല്യങ്ങൾ അവിടത്തെ സംസ്ക്കാരത്തെ പരിപോഷിപ്പിക്കുമെങ്കിൽ അവ തുടരുന്നതിൽ തടസ്സമുണ്ടാകില്ല. എന്നാൽ നാം പഠിച്ചിരിക്കുന്ന, അഥവാ പിന്തുടരുന്ന, നമ്മുടെ ജീവിത രീതികൾ അവിടെയുള്ളവർക്ക് അനിഷ്ടകരമെന്നു തോന്നിയാലും അത് അവരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും പ്രത്യാഘാതങ്ങളുണ്ടാക്കും.

അതാണ് ഇപ്പോൾ യുകെ യിലും യൂറോപ്പിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് അഭയം തന്ന രാജ്യങ്ങളിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അവരുടെ മതവിശ്വാസവും ജീവിതരീതികളും പാടേ മാറ്റി നമ്മുടെ മതവിശ്വാസവും മതാടിസ്ഥാനത്തിലുള്ള ജീവിത രീതികളും അവിടെ നടപ്പാക്കണം എന്നു ശാഠ്യം പിടിക്കുന്നത് ആപത്തു ക്ഷണിച്ചു വരുത്തിയാൽ കുറ്റം പറയാനാവില്ല. ഇന്നലെവരെ സ്നേഹത്തോടെ കഴിഞ്ഞിരുന്നവർ ഇന്ന് ശത്രുക്കളെപ്പോലെ നമ്മോടു പെരുമാറുന്നുവെങ്കിൽ അതിന്റെ കാരണം നാം തന്നെയാണ് സൃഷ്ഠിച്ചിരിക്കുന്നത്‌. ഈ ലേഖകന്റെ ഒരു സുഹൃത്ത് ഇംഗ്ലണ്ടിൽ അദ്ദേഹത്തിനുണ്ടായ ഒരനുഭവം ഈയിടെ പങ്കുവയ്ക്കുകയുണ്ടായി. കുട്ടിയെ സ്‌കൂളിൽ കൊണ്ടുവിടാൻ എന്നും പോയിരുന്ന അദ്ദേഹത്തിനോട് ഇന്നലെ വരെ കാണുമ്പോൾ 'ഹായ്' പറഞ്ഞിരുന്നവർ ഇന്ന് ദേഷ്യപ്പെട്ടു നോക്കുകയും മുഖത്തോട്ടു നോക്കി നിലത്തു തുപ്പുകയും ചിലർ കല്ലെറിയുകയും ചെയ്യുന്നു. ചിലർ 'പിഗ് ഫേസ്, ഗോ ബാക്ക്' എന്ന് പറയുന്നു.

അഭയാർഥികളായി വന്ന ഒരു പ്രത്യേക മതക്കാർ സർക്കാരിന്റെ സൗമനസ്യത്തിൽ എല്ലാ സുഖസൗകര്യങ്ങളും സ്വീകരിച്ചു പുഷ്ടിപ്പെട്ടു കഴിഞ്ഞപ്പോൾ അവരുടെ മതാചാരങ്ങളും നിയമങ്ങളും ആ നാട്ടുകാരുടെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന്റെ പ്രത്യാഘാതമായിരുന്നു അവിടെ കാണപ്പെട്ടത്. ഇനി അവിടെ സമാധാനത്തോടെ കഴിയാമെന്ന് വിചാരിക്കുന്നില്ല എന്നാണ് സുഹൃത്ത് പറഞ്ഞത്. അദ്ദേഹം ആ മതസ്ഥനല്ലെങ്കിലും തൊലിയുടെ നിറം കൊണ്ട് അവരിൽ പെട്ടുപോകുന്നു. യുകെയിലും യൂറോപ്പിലും പ്രശ്‌നമായി മാറിയത് മുസ്ലിം തീവ്രവാദികളാണെങ്കിൽ കാനഡയിൽ പ്രശ്‌നമുണ്ടാകുന്നത് ഇപ്പോൾ സിഖ് കാരായ തീവ്രവാദികളാണ്.

1980 കളിൽ പഞ്ചാബിലെ ശക്തമായ അകാലിദൾ പാർട്ടിയെ പിളർത്താനായി ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ വളർത്തിയെടുത്ത ഭിന്ദ്രൻവാല എന്ന ഭീകരവാദി എന്നാൽ 'ഖാലിസ്ഥാൻ' പ്രസ്ഥാനവുമായി പുരയ്ക്കു മുകളിലേക്കു വളർന്നപ്പോൾ വെട്ടിക്കളയാൻ സർക്കാർ തീരുമാനിക്കുന്നു. സിഖ് കാരുടെ പവിത്രമായ സുവർണ്ണക്ഷേത്രം  ആയുദ്ധക്കോപ്പുകളുടെ ശേഖരത്തോടെ അവർ കയ്യടക്കി അവിടെയിരുന്നു ഭീകരപ്രവർത്തനം നിയന്ത്രിച്ചപ്പോൾ ഇന്ത്യൻ മിലിട്ടറി അവരെ അവിടെക്കയറി കൊന്നൊടുക്കി. ആ 'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ' ൽ ക്ഷേത്രത്തിനു കേടുപാടുകൾ സംഭവിച്ചു. അത് സിഖ് കാരുടെ മനസ്സിൽ വല്ലാത്ത മുറിവുണ്ടാക്കി.

അതിന്റെ പ്രതികാര താണ്ഡവത്തിൽ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് 1984 ഒക്ടോബർ 31 ന്  സ്വന്തം ജീവൻ ബലി കൊടുക്കേണ്ടിവന്നു. അതെ തുടർന്നുണ്ടായ ജനരോഷത്തിൽ ഏതാണ്ട് മൂവായിരത്തോളം സിഖ് കാർക്ക് ജീവൻ നഷ്ട്ടപ്പെട്ടു. പ്രതികാരമായി കാനഡായിൽ ഉണ്ടായിരുന്ന സിഖ് തീവ്രവാദികൾ 1985 ജൂൺ 23 ന് ടോറോന്റോയിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ ബോംബ് വച്ച് അതിൽ ഉണ്ടായിരുന്ന 329 പേരെയും കൊലപ്പെടുത്തി.

പഞ്ചാബിലും ഖാലിസ്ഥാൻ പ്രശ്‌നം വീണ്ടും ഫണമുയർത്തി. എന്നാൽ പോലീസ് വിദഗ്ദ്ധമായി അതിനെ അടിച്ചമർത്തി. ആ പോരാട്ടത്തിൽ അവസരം മുതലെടുത്തു നൂറുകണക്കിന്  സിഖ് കാർ അവിടെ നിന്നും കാനഡയിലേക്കും അമേരിക്കയിലേക്കും 'അഭയാർഥികളായി' എത്തി. ഇവിടെ ജീവിതം കരുപ്പിടിപ്പിച്ചവർ മുന്നോട്ടു നീങ്ങി. പലരും ബിസിനസ് രംഗത്ത് കാര്യമായി ശോഭിച്ചു. സാമ്പത്തികമായും രാഷ്ട്രീയമായും ശോഭിച്ച അവരിൽ ചിലരിലെങ്കിലും പതുക്കെ പഴയ ഖാലിസ്ഥാൻ വാദം തലപൊക്കി. അവർ പഞ്ചാബിലെ രാഷ്ട്രീയത്തിൽ വീണ്ടും ഈ വാദം ശക്തിപ്പെടുത്താനായി ഇടപെട്ടപ്പോൾ അതിനെ സർക്കാർ നേരിട്ടു.

വിഘടനവാദം പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിച്ച പലരെയും ജയിലിലടച്ചു. അതിന്റെ പ്രതികാരമെന്നവണ്ണം കാനഡയിൽ ഖാലിസ്ഥാൻ വാദികൾ പരസ്യമായി രംഗത്ത് വന്നു. അതിന്റെ നേതാവായിരുന്ന നിജ്ജാർ എന്ന നേതാവ് പരസ്യമായി ഇന്ത്യയിൽ കലാപത്തിന് ആഹ്വാനം ചെയ്‌തു സർക്കാരിന് തലവേദനയായി. താമസിയാതെ വാൻകൂവറിലെ സറിയിൽ വച്ച് അജ്ഞാതന്റെ വെടിയേറ്റ് നിജ്ജാർ കൊല്ലപ്പെട്ടു. ഇത് ഇന്ത്യൻ ഏജന്റുമാർ ചെയ്തതാണെന്ന് ഖാലിസ്ഥാൻ അനുഭാവികൾ ആരോപിച്ചു. അധികാരത്തിൽ തുടരാൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്ക് സിഖ് കാരുടെ പിന്തുണ അനിവാര്യമായതിനാൽ 'കാനഡയുടെ അധികാരത്തിൽ ഇന്ത്യ കൈകടത്തി' എന്ന് പാർലമെന്റിൽ പ്രസ്താവന നടത്തി അദ്ദേഹം അവർക്കു പിന്തുണ നൽകി.

അത് ഇന്ത്യാ ഗവണ്മെന്റിനെതിരെ എന്തു തരം അക്രമ പ്രവർത്തനത്തിനും ഖാലിസ്ഥാൻ വാദികൾക്ക് ലൈസൻസ് നൽകി. ഇന്ത്യൻ പ്രധാനമന്ത്രിക്കും മറ്റു പല നേതാക്കൾക്കും എതിരായി പരസ്യമായി വധ ഭീഷണി മുഴക്കിക്കൊണ്ട് ബിൽ ബോർഡുകളും ഫ്ളോട്ടുകളും കാനഡയുടെ വിവിധ സ്ഥലങ്ങളിൽ അരങ്ങേറി. ഖാലിസ്ഥാന് വേണ്ടി പഞ്ചാബിൽ സർക്കാർ ജനഹിതപരിശോധന നടത്തണമെന്ന് അവർ ആഹ്വാനം ചെയ്‌തു. കാനഡയിൽ ഇങ്ങനെയൊക്കെ അരങ്ങേറിയെങ്കിലും യു എസ് ൽ ഇതുവരെ പ്രത്യക്ഷമായി ഇങ്ങനെയൊന്നുമുള്ള പ്രവർത്തനത്തിന് അനുവദിച്ചിരുന്നില്ല.

എന്നാൽ ഇന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ സന്ദർശനത്തിന് എത്താനിരിക്കെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ക്യൂൻസിലെ ബെൽറോസിൽ ഗതാഗത ബാഹുല്യമുള്ള ഹിൽസൈഡ് അവന്യൂ ന്റെ വശത്തായി നരേന്ദ്ര മോദിയ്ക്ക് വധഭീഷണി ഉയർത്തുന്ന രണ്ടു ബിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത് സാധാരണക്കാരായ ഇന്ത്യക്കാരെ ഞെട്ടിച്ചു. എന്നാൽ 24 മണിക്കൂറിനുള്ളിൽ തന്നെ അധികാരികൾ അവയെ നീക്കം ചെയ്‌തു. "ഇവിടെ വെറുപ്പിന് സ്ഥാനമില്ല" എന്നു പ്രഖ്യാപിച്ച മേയർ ഇവിടെ ഇങ്ങനെയുള്ള വിധ്വംസക പ്രവർത്തങ്ങൾ അനുവദിക്കില്ലെന്നു പ്രതീക്ഷിക്കാം. ഈ ബിൽ ബോർഡുകൾ സ്ഥാപിച്ചവരെപ്പറ്റി അധികാരികൾ അന്വേഷിക്കുന്നതായിട്ടാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും പ്രധാനമന്ത്രി സുരക്ഷിതമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.

ഈ സംഭവത്തെ പറ്റി സംസാരിച്ചപ്പോൾ ഒരു സുഹൃത്തായ സിഖ് കാരൻ പറഞ്ഞത്, "അവർ ബുദ്ധിയില്ലാത്ത വിഡ്ഢികളാണ്. അവർക്കു ഖാലിസ്ഥാൻ വേണമെങ്കിൽ അവർ ഇന്ത്യയിൽ വന്നു ഫൈറ്റ് ചെയ്യട്ടെ. അവർ കാനഡയിലും അമേരിക്കയിലും ഇരുന്ന് കുരയ്ക്കുന്നു. അവർ കാനഡയിൽ സ്വന്തം ഖാലിസ്ഥാൻ ഉണ്ടാക്കട്ടെ. ഇന്ത്യയിൽ ആർക്കും ഖാലിസ്ഥാൻ വേണ്ട." ആ ബോധ്യം ഈ ഖാലിസ്ഥാൻ വാദികൾക്ക് എന്നുണ്ടാകുമോ!

എല്ലാ ഐശ്വര്യങ്ങളും നേടുവാൻ അവസരങ്ങൾ കാത്തു നിൽക്കുന്ന ഈ പ്രവാസ ലോകത്തിൽ മതവും വിശ്വാസവും ഓർത്തു ജീവിക്കാൻ മറന്നു പോകുന്നവരെ ഓർത്തു പരിതപിക്കാം.   
 

മോദിക്കെതിരെ ബിൽബോർഡ്...തീവ്രവാദം അന്ധരാക്കുന്നവർ (നടപ്പാതയിൽ ഇന്ന് - 120: ബാബു പാറയ്ക്കൽ)
Join WhatsApp News
ജോൺ കുര്യൻ 2024-09-22 04:00:02
താങ്കളുടെ വീക്ഷണം ഒട്ടും ശരിയല്ലെന്നു പറയേണ്ടിയിരിക്കുന്നു. അമേരിക്ക ആദ്യം മുതലേ ഒരു കുടിയേറ്റ രാജ്യമാണ്. അമേരിക്കയിൽ ഉള്ളത് മൾട്ടിനാഷണൽ സംസ്കാരമാണ്. അതുകൊണ്ടുതന്നെ ഇവിടെയാരെയും ഒന്നും ബോധിപ്പിക്കേണ്ടകാര്യമില്ല. അമേരിക്കയിലെ നിയമങ്ങൾ പാലിക്കുക, ഒപ്പം നമ്മളുടെ സംസ്കാരം വളർത്തുക.
സുരേന്ദ്രൻ നായർ 2024-09-24 19:28:59
ലോകത്തെവിടെയെങ്കിലും ഒരു ഖാലിസ്ഥാൻ ഉണ്ടാകുകയാണെങ്കിൽ അത് കാനഡയിൽ തന്നെ ആകാനാണ് സാധ്യത. അത്തരം വിഘടന വാദികളെ അവർതന്നെ കൈകാര്യം ചെയ്യുമെന്ന് കരുതാം. ഇന്ത്യയിലെ സർക്കാർ നടപടികളെ അമേരിക്കൻ തെരുവിൽ നേരിടാൻ ശ്രമിക്കുന്നവരുടെ ഉദ്ദേശം ധന സമാഹരണവും വെറും ഇരവാദം നടത്തി സഹതാപം തേടുകയുമാണ്. ഇതൊന്നും ഫലപ്രാപ്തിയിൽ എത്തില്ല
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക