ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍, പവര്‍ ഗ്രൂപ്പും മാഫിയാഗ്രൂപ്പുമൊക്കെ ഉണ്ടെന്നുതന്നെയാണു തോന്നുന്നത്! അഥവാ അത്തരം ഗ്രൂപ്പുകളുടെ മനോഭാവം ചില പ്രബലരിലെങ്കിലുമുണ്ട്.
എന്റെയൊപ്പം സിനിമകള്‍ ചെയ്തിട്ടുള്ള ചില സംവിധായകരുടെയും നിര്‍മാതാക്കളുടെയും പുതിയ സിനിമയുടെ വാര്‍ത്തകള്‍ വായിക്കുമ്പോള്‍, 'അയ്യോ, ഇവരെന്നെ അറിയിച്ചില്ലല്ലോ' എന്നു പെട്ടെന്നൊരു വിഷമം തോന്നാറുണ്ട്. കാരണം, അവരെയൊക്കെ സ്വന്തം ആളുകളായിക്കണ്ടു സ്നേഹിച്ച് എന്റെ പടങ്ങളില്‍ അവസരങ്ങള്‍ കൊടുത്തിട്ടുള്ളതാണ്. ഉടന്‍തന്നെ ആ സങ്കടം പുഞ്ചിരിക്കു വഴിമാറും. എന്തെന്നാല്‍ അപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവരാണു മിക്ക 'പക്കാ'സിനിമക്കാരുമെന്ന വസ്തുത വര്‍ഷങ്ങള്‍കൊണ്ട് എനിക്കു മനസ്സിലായിട്ടുണ്ട്.
പറയുമ്പോള്‍ എല്ലാം പറയണമല്ലോ, പല സംവിധായകരും നിര്‍മാതാക്കളെ കിട്ടിയില്ലെങ്കില്‍ മാത്രം എന്നെ വിളിക്കാറുണ്ട്! പടത്തില്‍ വേഷമുണ്ടെന്നു പറയാറുമുണ്ട്. അതിലൊന്നും എനിക്കൊരു പരാതിയുമില്ല. 'ഗിവ് ആന്‍ഡ് ടെയ്ക്ക്' എന്ന തത്വമെടുത്താല്‍ എന്റെ കാര്യത്തില്‍ 'ഗിവ്' മാത്രമേയുള്ളു; 'ടെയ്ക്ക്' ഇല്ല!
ബിഗ് ബജറ്റ് ചിത്രങ്ങളായ, ദിലീപിന്റെ 'കല്‍ക്കട്ടാ ന്യൂസ്', ഫഹദ് ഫാസിലിന്റെ 'മണ്‍സൂണ്‍ മാംഗോസ്' എന്നിവയുള്‍പ്പെടെ പത്തോളം സിനിമകള്‍ നിര്‍മിച്ചു കോടിക്കണക്കിനു രൂപയുടെ നഷ്ടം സഹിച്ചിട്ടുണ്ടെങ്കിലും ബ്ലെസ്സിയൊഴികെ മറ്റൊരു സംവിധായകനും അവരുടെ അടുത്ത പടത്തിലഭിനയിക്കാന്‍ എന്നെ വിളിക്കാറില്ല. ഒരു പ്രമുഖനടന്റെ, കുട്ടിക്കാനത്തു ചിത്രീകരിച്ച സിനിമയില്‍നിന്ന് എന്റെ സീനുകള്‍ മുഴുവന്‍ വെട്ടിക്കളഞ്ഞത് ആരു പറഞ്ഞിട്ടാണെന്നറിയില്ല. മറ്റൊരു സിനിമയില്‍, ക്ലൈമാക്സ് സീനിലെ എന്റെ ഡയലോഗ് കൊള്ളാമെന്നു തോന്നിയതുകൊണ്ടു നായകനു കൊടുത്തു!
അഭിനയത്തിന് അന്തര്‍ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെന്നു മാത്രമല്ല, രണ്ടു ഹോളിവുഡ് സിനിമകളില്‍ ശ്രദ്ധേയവേഷങ്ങള്‍ ചെയ്യുകയും ആറു റിയലിസ്റ്റിക് സിനിമകളില്‍ നായകനായി അഭിനയിക്കുകയും ചെയ്തിട്ടുള്ള എന്റെ സ്ഥിതി ഇതാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ!
ഞാന്‍തന്നെ നിര്‍മിച്ച മറ്റൊരു പടത്തില്‍, എഗ്രീമെന്റില്‍ പറഞ്ഞതില്‍ക്കൂടുതല്‍ പണം കൊടുക്കാഞ്ഞതില്‍ പ്രതിഷേധിച്ച 'പ്രമുഖ'നായകന്, പിന്നീട് അദ്ദേഹത്തിന്റെ പടങ്ങളില്‍നിന്ന് എന്നെയൊഴിവാക്കി. ഇതൊന്നും പവര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനമാണെന്നു കരുതുന്നില്ല. പക്ഷേ, ചില താരങ്ങളുടെ കൈപ്പിടിയിലാണ് പല തീരുമാനങ്ങളും.
അഭിനയത്തിനുള്പ്പെടെ, കേരളാ ഫിലിം ക്രിട്ടിക്സ് അവാര്‍ഡുകള്‍ ഏഴെണ്ണം കിട്ടിയ, എന്റെ 'ഹെഡ്മാസ്റ്റര്' എന്ന സിനിമ സ്റ്റേറ്റ് അവാര്ഡിനയച്ചപ്പോള് ആദ്യറൗണ്ടില്‍ത്തന്നെ ഒഴിവാക്കപ്പെടുകയാണുണ്ടായത്. സിനിമയ്ക്കാധാരമായ, കാരൂരിന്റെ സര്‍വകാലപ്രസക്തമായ 'പൊതിച്ചോറ്' എന്ന കഥ കാലഹരണപ്പെട്ടതാണെന്നത്രേ ആധുനിക അവാര്‍ഡുകമ്മിറ്റി വിലയിരുത്തിയത്! അതുപോലെതന്നെ സംവിധായകന് വിനയന്റെ 'പത്തൊന്‍പതാം നൂറ്റാണ്ട്' എന്ന ചിത്രവും ആദ്യറൗണ്ടില്‍ പരിഗണിക്കപ്പെട്ടില്ല എന്നതും അവിശ്വസനീയമായിത്തോന്നി. എന്നാല്‍ ഇങ്ങനെ പുറന്തള്ളപ്പെട്ടൊരു സിനിമ തിരിച്ചുവിളിച്ച് അതിലെ അഭിനേത്രിക്ക് അവാര്‍ഡു കൊടുത്ത ചരിത്രവും ആരും മറന്നിട്ടില്ല. മുന്‍നിരയിലുള്ള താരങ്ങള്‍ക്കോ താരസന്താനങ്ങള്ക്കോ ഇതൊന്നും ബാധകമല്ലെന്നതും ശ്രദ്ധേയം!
ഈയിടെ എഴുത്തുകൂടിയുള്ളതുകൊണ്ട് സിനിമകാണല്‍ കുറവാണ്. തിയേറ്ററില്‍ പോകുന്ന പതിവില്ലാത്തതുകൊണ്ട് മിക്ക സിനിമകളും റിലീസ് കഴിഞ്ഞ് ഒ ടി ടിയില്‍ വരുമ്പോഴാണു കാണാറുള്ളത്. ഉള്ളതു പറഞ്ഞാല്‍ 'ഫാസ്റ്റ് ഫോര്‍വേഡ്' എന്ന ഒറ്റ ബട്ടണാണ് പിന്നത്തെ എന്റെ രക്ഷകന്! 'ഇതില്‍ അഭിനയിക്കാന്‍ വിളിക്കാതിരുന്നത് എത്ര നന്നായി' എന്നാണ് അപ്പോള്‍ തോന്നുന്നത്. ഞാന്‍ അവാര്‍ഡു പടത്തിലേ അഭിനയിക്കൂ, എന്റെ തല വച്ചാല്‍ പടമോടില്ല എന്ന് എന്നെ അഭിനയിപ്പിക്കാനിരുന്ന ഒരു സംവിധായകനോട് അടുത്തകാലത്ത് മറ്റൊരു പരദേശി പറഞ്ഞു പോലും! എന്തിനു പറയുന്നു, ഒരു പരദേശി മറ്റൊരു പരദേശിക്കു പാരയാണ്! ആ പാരയുടെ വേദവാക്യംകേട്ട് മാന്യസംവിധായകന് വലിയവലിയ തലകളൊക്കെവച്ച്, പരസ്യത്തിനു വാരിക്കോരി ചെലവാക്കി പടം പടച്ചിറക്കി. നാടുമുഴുവന്‍ പോസ്റ്ററൊട്ടിച്ചിട്ടും സോഷ്യല്‍ മീഡിയയിലൂടെ ആളെവച്ച് അനുകൂലാഭിപ്രായമെഴുതിച്ചിട്ടും പടമല്ല ഓടിയത്; കാശുകൊടുത്തു കയറ്റിയ പ്രേക്ഷകരാണ്! കൂവലുകളുടെ അകമ്പടിയോടെ ആദ്യദിവസംതന്നെ അവര്‍ തിയേറ്ററില്‍നിന്നു കൂട്ടംകൂട്ടമായി ഓടിയതു രഹസ്യമല്ല.
ഞാനഭിനയിക്കാത്തതുകൊണ്ടല്ല ഇതു പറയുന്നത്. ആരുടെയും തലയും കാലുമൊന്നുമല്ല പ്രധാനം. നല്ല കഥയിലും തിരക്കഥയിലുംനിന്നാണു നല്ല സിനിമ ജനിക്കുന്നത്. അതറിയാത്തവരായി ഇനിയുമാരെങ്കിലുമുണ്ടോ അമേരിക്കയിലും ഈ ഭൂമിമലയാളത്തിലുമൊക്കെ?! അതൊന്നും ചിന്തിക്കാതെ, മതത്തിലും പൂജയിലും പ്രാര്‍ത്ഥനയിലും മാത്രം അഭയംകണ്ടെത്തുന്ന അന്ധവിശ്വാസികളാണു സിനിമാമേഖലയില്‍ ബഹുഭൂരിപക്ഷവും എന്നതാണ് ഏറ്റവും സങ്കടകരം.
ഇനി, ഈയുള്ളവന്റെ തലയെങ്ങാനും വച്ചിരുന്നെങ്കില്‍ മേല്‍പ്പറഞ്ഞ സിനിമ എട്ടുനിലയില്‍ പൊട്ടിയതിന്റെ ഉത്തരവാദിത്തവും എന്റെ തലയില്‍ കെട്ടിവച്ചേനേ! തക്കസമയത്ത് എന്റെ രക്ഷകനായെത്തിയ പരദേശിപ്പാരയ്ക്കൊരു ബിഗ് സല്യൂട്ട്!
എനിക്കു സിനിമ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും, ഇനിയും ഇതുപോലെയുള്ള എല്ലാ ആപത്തുകളില്‍നിന്നും എന്നെ കാത്തോളണേ പാരകളേ...!
പിന്കുറിപ്പ്:
അടുത്ത സമയത്ത് ചില അമേരിക്കന്‍ മലയാളികള്‍ പടച്ചിറക്കിയ സിനിമയും ഞാന്‍ പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. അതിറങ്ങുന്നതിനുമുമ്പാണു ഞാനീ കുറിപ്പെഴുതിയതെന്നു സവിനയം അറിയിക്കട്ടെ.