Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മുടങ്ങാതെ രക്ഷപ്പെട്ടു (സനില്‍ പി. തോമസ്)

Published on 23 September, 2024
കോമണ്‍വെല്‍ത്ത് ഗെയിംസ്  മുടങ്ങാതെ രക്ഷപ്പെട്ടു (സനില്‍ പി. തോമസ്)

ബര്‍മ്മിങ്ങാമില്‍ 2022ല്‍ നടന്ന ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് അവസാനത്തേതാകുമെന്ന് ആശങ്ക ഉയര്‍ന്നിരുന്നു. 2026 ലെ ഗെയിംസ് വേദിയായി നിശ്ചയിച്ചിരുന്ന വിക്ടോറിയ(ഓസ്‌ട്രേലിയ) നടത്തിപ്പു ചെലവ് താങ്ങാനാവില്ലെന്നു പറഞ്ഞ് പിന്‍മാറി. മറ്റൊരു വേദി കണ്ടെത്താന്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്‍ (കോമണ്‍വെല്‍ത്ത് സ്‌പോര്‍ട്‌) നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ സ്‌കോട്‌ലൻഡിലെ ഗ്ലാസ്‌ഗോ വേദിയാകാന്‍ മുന്നോട്ടുവന്നതോടെ ആശ്വാസമായി.
ഗ്ലാസ്‌ഗോയില്‍ 2014ല്‍ ഗെയിംസ് നടന്നതാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌കോട്‌ലന്‍ഡുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ച ഫലം കണ്ടെന്നാണ് ഫെഡറേഷന്‍ പ്രസിഡന്റ് ക്രിസ് ജെന്‍കിന്‍സ് പ്രസ്താവനയില്‍ പറഞ്ഞത്. സ്‌കോട്ടിഷ് സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് തീരുമാനമായത്. സാമ്പത്തികമായി സഹായിക്കാമെന്ന് വിക്ടോറിയയും അറിയിച്ചിട്ടുണ്ട്. പക്ഷേ, കോമണ്‍വെല്‍ത്ത് ഗെയിംസിൻ്റ മുന്നോട്ടുള്ള യാത്ര അത്ര ശോഭനമല്ല.
കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വെട്ടിച്ചുരുക്കിയ പതിപ്പാകും ഗ്ലാസ്‌ഗോയില്‍ നടക്കുക എന്നതാണു സൂചന. ബ്രിട്ടീഷ് കോമണ്‍വെല്‍ത്തിനു കീഴില്‍ ഉണ്ടായിരുന്ന 72 രാജ്യങ്ങളാണ് ഫെഡറേഷനില്‍ ഉള്ളത്. 2022ല്‍ ബര്‍മ്മിങ്ങാമില്‍ 4822 അത്‌ലറ്റുകള്‍ 19 സ്‌പോര്‍ട്‌സില്‍ 283 മെഡല്‍ ഇനങ്ങളില്‍ മത്സരിച്ചു. അതുമാത്രമല്ല, വനിതകളുടെ മത്സര ഇനങ്ങള്‍ പുരുഷന്മാര്‍ക്ക് നിശ്ചയിക്കപ്പെട്ടതില്‍ കൂടുതലായിരുന്നു എന്ന ചരിത്ര സംഭവത്തിനും ബര്‍മ്മിങ്ങാം സാക്ഷ്യം വഹിച്ചു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ മത്സരഇനങ്ങള്‍ ആദ്യമായി തുല്യമായി നിശ്ചയിക്കപ്പെട്ടിരുന്നു.
പക്ഷേ, ചെലവ് ചുരുക്കാന്‍ 2026 ലെ ഗെയിംസില്‍ ഏതൊക്കെ ഇനങ്ങള്‍ ഒഴിവാക്കും, താരങ്ങളുടെ എണ്ണം എത്രത്തോളം കുറയ്ക്കും തുടങ്ങിയ കാര്യങ്ങളില്‍ കൃത്യത വരേണ്ടതുണ്ട്. ബ്രിട്ടീഷ് എമ്പയര്‍ ഗെയിംസ് എന്ന പേരില്‍ 1930 ല്‍ തുടക്കമിട്ട ഈ കായികമേള രണ്ടാം ലോകയുദ്ധം മൂലം 1942ലും 46ലും മാത്രമാണ് മുടങ്ങിയത്. എന്നാല്‍ മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമല്ല.
1954 മുതല്‍ 66 വരെ ബ്രിട്ടീഷ് എമ്പയര്‍ ആന്‍ഡ് കോമവെല്‍ത്ത് ഗെയിംസും 1970ലും 74ലും ബ്രിട്ടീഷ് കോമണ്‍വെല്‍ത്ത് ഗെയിംസും ആയി അറിയപ്പെട്ട കായികമേളയില്‍ നിന്ന് ബ്രിട്ടീഷ് എന്ന വിശേഷണം ഒഴിവാക്കിയത് 1978ലാണ്. അതൊരു തുറന്ന കാഴ്ചപ്പാടായി കണക്കാപ്പെട്ടെങ്കിലും ഏഷ്യന്‍ ഗെയിംസും പാന്‍ അമേരിക്കന്‍ ഗെയിംസും പോലുള്ള വന്‍കരാ കായികമേളകളുടെയും ആവേശം കോമണ്‍വെല്‍ത്ത് ഗെയിംസിന് കൈവരിക്കാന്‍ സാധിച്ചില്ല.
ബ്രിട്ടനും, കാനഡയും ഓസ്‌ട്രേലിയയും ഇന്ത്യയും കരീബിയന്‍ ദ്വീപുകളുമൊക്കെ ഉള്‍പ്പെടുന്നതിനാല്‍ ചില ഇനങ്ങളില്‍ വന്‍കരാ ഗെയിംസിനെക്കാള്‍ താരമൂല്യം കൂടാറുണ്ട്  എന്നതു സത്യമാണ്. പക്ഷേ കോമണ്‍വെല്‍ത്ത് ഗെയിംസും ഏഷ്യന്‍ ഗെയിംസും ഒരേ വര്‍ഷം വരുന്നത് ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളുടെയും തയ്യാറെടുപ്പിനെ ബാധിക്കാറുണ്ട്. ഇത് ഇടവിട്ട വര്‍ഷങ്ങളില്‍ നടത്താന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. ഏതായാലും 2026ലും കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുമെന്ന് ഉറപ്പായി. അതിനപ്പുറം എന്തെന്ന് കാത്തിരുന്നു കാണാം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക