സമ്മർദ്ദങ്ങളെ അതിജീവിക്കാൻ മറ്റ് വഴിയില്ലെങ്കിൽ ജോലി രാജിവെച്ച് വീട്ടിലിരിക്കണം. ഉത്തരവാദിത്തങ്ങൾ ഇല്ലാത്ത ചെറിയ ജോലികൾ ചെയ്യണം. ജോലി സമ്മർദ്ദം മൂലം മരിച്ച് പോയ കുഞ്ഞിനെച്ചൊല്ലി ഇന്നലെ മുതൽ എഫ് ബിയിൽ നിറഞ്ഞു നിൽക്കുന്ന പരിഹാരങ്ങളാണ് ഇവയിൽ ചിലത്.
ജീവനാണോ ജോലിയാണോ വലുത് എന്ന് ചോദിച്ചാൽ ജീവൻ എന്നതിൽക്കവിഞ്ഞ് മറ്റുത്തരമുണ്ടാവില്ല. പക്ഷേ ചിലർക്കെങ്കിലും ജോലിയും ജീവനോളം വിലപിടിച്ചത് തന്നെ! രണ്ടും ആരോഗ്യത്തോടെ സൂക്ഷിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ചാണ് ചർച്ചകൾ ഉണ്ടാവേണ്ടത്.
ജോലിസ്ഥലത്തെ സമ്മർദ്ദം കുറക്കാനുള്ള നടപടികൾ എന്ന പ്രതിവിധി ആരും സജസ്റ്റ് ചെയ്യുന്നില്ല ! യഥാർത്ഥ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ആർക്കും താത്പര്യമില്ല.
ഇന്നലെ പലരും ആ കുട്ടിയേയും അവളുടെ മാതാപിതാക്കളെയും പരിഹസിക്കുന്നത് പോലും കണ്ടു. ചിലർ തങ്ങളുടെ മക്കളുടെ കേമത്തം വിളമ്പുന്നത് കണ്ടു. കമ്പനിയെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നും, സർക്കാർ ജോലിക്ക് പോയിക്കൂടായിരുന്നോ എന്ന് ആക്രോശിക്കുന്നതും കണ്ടു.
ഇവരിൽപലരും അവരുടെ മക്കളും ഇന്ത്യക്ക് പുറത്ത് ജോലി ചെയ്യുന്നവരാണ് എന്നതാണ് മറ്റൊരു സംഭവം! മിക്കവരും സേഫ് സോണിലാണ്. ഒരു വിധം ഭാവികാര്യങ്ങൾ ഒരുക്കിവെച്ചവരാണ്. മറ്റ് ചിലർ നമുക്ക് കിട്ടാത്തത് സന്തോഷപൂർവം അനുഭവിക്കുന്നു എന്ന് വിശ്വസിക്കുന്നവർക്ക് സമാധാനമില്ല എന്നറിയുമ്പോഴുള്ള ദീർഘ നിശ്വാസം പുറത്ത് വിടുന്നവരും!
രണ്ട് പെൺകുട്ടികൾ ഇത്തരം കമ്പനികളിൽ ജോലി ചെയ്തതിൻ്റെ, ചെയ്യുന്നതിൻ്റെ പൊള്ളുന്ന അനുഭവങ്ങൾ ഉള്ള അമ്മയാണ് ഞാനും.
ക്യാമ്പസ് ഇൻ്റർവ്യൂ എന്ന കടമ്പ കടന്ന്
ബിഗ്ഫോറിലൊന്നിൽ ജോലി കിട്ടുമ്പോഴുള്ള അഭിമാനം കൊണ്ട് ആ രാത്രി ഈ മക്കൾ ഉറങ്ങില്ല. വല്യ കമ്പനി. പഞ്ചനക്ഷത്ര ഓഫീസ് അന്തരീക്ഷം. സാധാരണയിൽ കവിഞ്ഞ ശമ്പളം. കഷ്ടപ്പെട്ട് പഠിച്ചതിൻ്റെ ആദ്യ കടമ്പ കടന്നതിൻ്റെ സന്തോഷത്തിലായിരിക്കും പാവം മക്കൾ!
സ്വന്തമായി തരക്കേടില്ലാത്ത പണം കൈയിൽ കിട്ടിക്കഴിഞ്ഞാൽ കുട്ടികൾ സ്വയം പര്യാപ്തരാവും. അച്ഛനെയും അമ്മയേയും ഇത്രയും കാലത്തെപ്പോലെ ആശ്രയിക്കേണ്ട എന്നത് അവരുടെ സന്തോഷങ്ങളിലൊന്നു തന്നെയാണ്.
ജോലിക്ക് കയറിക്കഴിഞ്ഞാൽ
പഠിക്കുന്ന കാലത്തെ സമ്മർദ്ദങ്ങളോടാണ് അവർ തൊഴിലിടത്തെ പ്രശ്നങ്ങൾ താരതമ്യപ്പെടുത്തുക. ഇതും കടന്നുപോവും എന്നവർ കരുതും. ആദ്യഘട്ടത്തിൽ , ഇതൊക്കെ ശരിയാവും എന്ന് പ്രതീക്ഷിക്കും.
ചില ഭാഗ്യവാൻമാർക്ക് മനുഷ്യത്വമുള്ള മാനേജർമാരെക്കിട്ടും. അവർ ജോലി പഠിപ്പിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്യും. അതേ സമയം ചില മാനേജർമാർ എക്സലേഷൻ എന്ന ഒരു വാക്കിൻ്റെ പുറത്ത് ടീമിലെ ജൂനിയേഴ്സിൻ്റെ ജീവിതം സമ്മർദ്ദത്തിലാക്കും. തൻ്റെ അറിവില്ലായ്മകളും കഴിവില്ലായ്മകളും അവരിൽ ചാരി വെച്ച് ആക്രോശിക്കും. മറ്റ് ചിലർ തന്ത്രപൂർവ്വം പണിയെടുപ്പിക്കും.
മിടുമിടുക്കരായി പഠിച്ചിറങ്ങിയ ചില കുട്ടികൾ തൻ്റെ കഴിവിൽ സംശയിച്ചു തുടങ്ങും. എല്ലാവരുടെയും മാനസിക നില ഒരേപോലെയല്ല എന്ന് ആരും മനസ്സിലാക്കുന്നില്ല. അങിനെയൊക്കെ ചെയ്തു കൂടായിരുന്നോ, ജോലി വിട്ടുകൂടായിരുന്നോ എന്ന് ചോദിച്ചാൽ അവർ ചെറിയ കാലം കൊണ്ട് ആർജ്ജിച്ച ഫിനാൻഷ്യൽ ഇൻഡിപ്പെൻഡൻസ് ഇല്ലാതാക്കാൻ തയ്യാറാവില്ല. സ്വന്തം കാലിൽ നിൽക്കാൻ മന്ത്രം ജപിക്കുന്ന സമൂഹം കുട്ടികൾ അനുഭവിക്കുന്ന ഇത്തരം സംഘർഷങ്ങൾ അറിയുന്നില്ല.
എൻ്റെ മകൾ ജോലി സമ്മർദ്ദം കൊണ്ട് നാല് മാസത്തോളം സെബാറ്റിക്കൽ എടുത്തതാണ്. അത്തരം ഒരു ഓപ്ഷൻ ഉണ്ടെന്ന് പോലും മിക്കവരും സജസ്റ്റ് ചെയ്യുക പോലുമില്ല എന്നതാണ് സത്യം.
പ്രശ്നങ്ങൾ തുറന്ന് പറയുന്നവർ എപ്പോഴും റിബലുകൾ ആണ്. ചോദ്യങ്ങൾ ചോദിക്കുന്നവരെയും ഉത്തരം പറയുന്നവരേയും ആർക്കും ഇഷ്ടമില്ല.
ബിഗ് ഫോർ കമ്പനികളിൽ ഫിനാൻസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരിൽ സമ്മർദ്ദം കൂടുതലാണ്. അമേരിക്കൻ സമയത്തിനാണ് ഇവിടത്തെ ജോലിഭാരം കൂടുന്നത്. രാവിലെ പതിനൊന്ന് പണി മുതൽ ഇവർ ചെയ്യുന്ന ജോലിയിൽ കറക്ഷൻസ് വരുന്നത് അവിടെ രാവിലെ ജോലി തുടങ്ങുമ്പോഴാണ് . അപ്പോഴേക്കും ഇന്ത്യയിലുള്ളവർക്ക് രണ്ടാം പണിയാവുകയും സമയം രാത്രിയാവുകയും ചെയ്യും.
വെൽസ്ഫാർഗോ എന്ന അമേരിക്കൻ ബാങ്കിലെ നല്ല ശമ്പളമുള്ള ജോലി ഉപേക്ഷിക്കേണ്ടി വന്നത് മാനേജർമാരുടെ പുരുഷ മേധാവിത്വ മനോഭാവമാണെന്ന് മൂത്തമകൾ പറഞ്ഞിട്ടുണ്ട്. ബാങ്ക് അമേരിക്കനാണെങ്കിലും മാനേജർ തമിഴ് നാട്ടുകാരനായിരുന്നു. സ്ത്രീകൾ മിടുക്കികളാവുന്നത് അവർക്കിഷ്ടമല്ല.
ജോലി മാറാൻ പറ്റുന്നവർ ഭാഗ്യവാൻമാർ. ജോലി മാറുന്നതിൻ്റെ പ്രശ്നം മറ്റൊരു ജോലിക്ക് അപേക്ഷിക്കുമ്പോൾ എന്ത് കൊണ്ട് മറ്റേ കമ്പനിയിൽ രണ്ട് കൊല്ലമെങ്കിലും തികച്ചില്ല എന്ന ചോദ്യം വരും. സി.വി യിലെ ജോബ് ഹിസ്റ്ററിക്ക് ചെറുതല്ലാത്ത സ്ഥാനം കരിയർ ഗ്രോത്തിനുണ്ട്.
സമ്മർദ്ദങ്ങൾ തങ്ങാൻ പ്രാപ്തരായവർക്ക് മാത്രമേ കോർപ്പറേറ്റ് ജോലികൾക്ക് പോവാൻ പറ്റൂ എന്ന സ്ഥിതിയാണ് മാറേണ്ടത്. അതിനെക്കുറിച്ച് ആരും സംസാരിക്കുന്നില്ല എന്നതാണ് സങ്കടം.
ഇന്ത്യയിൽ നിന്ന് പുറത്ത് കടന്നവർ അതത് ടൈം സോണിൽ ജോലി ചെയ്യുന്നവരാണ് എന്ന് മറന്ന് കൊണ്ടാണ് ഇരുപത്താറ് കാരിയെ ഓഡിറ്റ് ചെയ്യുന്നത് എന്നതാണ് ഏറ്റവും സങ്കടം.
മറ്റൊരു സങ്കടം ശമ്പളത്തിലെ വ്യത്യാസമാണ്. തുച്ഛമായ ഡോളറുകൾ ആണ് ശമ്പളമായി കുട്ടികൾക്ക് കിട്ടുന്നത്. അമേരിക്കൻ കമ്പനികൾ കൊടുക്കുന്ന 75000 രൂപ എത്ര ഡോളറാണെന്ന് നമുക്കറിയാം. ഭക്ഷണം, ട്രാൻസ്പോർട്ടേഷൻ എന്നിങ്ങന്നെ ചില്ലറ അപ്പത്തുണ്ടുകൾ വാരിയെറിയും. ആമസോൺ കൂപ്പണുകളും ജിമ്മിലെ ബിൽ പേയ്മെൻ്റും സമ്മാനമായി നൽകും.
ഇതൊക്കെ അനുഭവിക്കാൻ സമയം മാത്രം കൊടുക്കില്ല. ഞങ്ങളൊക്കെ മര്യാദക്ക് ഉറങ്ങിയിട്ട് എത്ര കാലമായെന്നറിയുമോ എന്നൊരു മറുചോദ്യം വിടുന്ന മാനേജരാണെങ്കിൽ കാര്യം പറയാനുമില്ല.
ജോലി കളയുന്നതും ഓട്ടോ ഓടിക്കാൻ പോവുന്നതുമല്ല പരിഹാരം! ഓട്ടോ ഡ്രൈവർമാർക്ക് ജോലി സമ്മർദ്ദമില്ല എന്ന് ആരാണ് പറഞ്ഞത് എന്നറിയില്ല. ഓരോരു ജോലിക്കും അതിൻ്റെതായ സട്രെസ് ലെവൽ ഉണ്ട്. അത് മാനേജ് ചെയ്യലാണ് പ്രധാനം.
ഇപ്പോൾ ചർച്ച ചെയ്യേണ്ടത് മൾട്ടിനാഷണൽ കമ്പനികളിലെ തൊഴിൽ
ചൂഷണത്തെക്കുറിച്ചാണ്. പട്ടിപ്പണി എന്നൊരു വാക്ക് ഞാൻ ആദ്യമായി കേൾക്കുന്നത് എൻ്റെ മകൾ പറഞ്ഞിട്ടാണ്! മലയാളി കുട്ടികൾ തൊഴിൽ ഭാരത്തെ വിശദീകരിക്കുന്നത് കേൾക്കുമ്പോൾ എനിക്കും സങ്കടം വരാരുണ്ട്. നമ്മൾ ജോലി വിട്ടുകള എന്ന് പറഞ്ഞ ഉടനെ അനുസരിക്കാനും അവർ തയ്യാറല്ല. യുദ്ധം ചെയ്യാൻ ശ്രമിക്കുന്ന കുട്ടികളാണവർ.
ബാംഗ്ലൂർ, പൂനെ, മുംബൈ പോലെയുള്ള വൻ നഗരത്തിലെ വാടകയും ജീവിതച്ചെലവും കഴിഞ്ഞ് എന്താണ് കുട്ടികൾ ബാക്കിയാക്കുന്നത് എന്നതിനെക്കുറിച്ചാണ് നമ്മൾ അന്വേഷിക്കേണ്ടത്. വർക്ക് കൾച്ചർ എന്നത് കൃത്യമായി നിർവ്വചിക്കാൻ സർക്കാരിനും ആവണം. മൾട്ടിനാഷണൽ കമ്പനികളിലെ അപ്പത്തുട്ടുകൾക്ക് വേണ്ടി നമ്മുടെ യുവതയെ ബലിയാടാക്കാതിരിക്കാൻ അധികാരികൾ ശ്രദ്ധിക്കണം! തൊഴിൽ നിയമങ്ങൾ കർശനമാവണം. പരാതികൾ സുതാര്യമായി പറയാനിടമുണ്ടാവണം.
അന്ന എൻ്റെയും കൂടി മകളാണ്.
അവൾ കടന്നുപോയിരിക്കാവുന്ന സംഘർഷങ്ങൾ ഞാനും അറിഞ്ഞതാണ്, അറിയുന്നതാണ്.
തൻകാലിൽ നിൽക്കുന്ന പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ജോലി നഷ്ടം താങ്ങാനാവില്ല. അവർ ഏത് വിധേനയും പിടിച്ച് നിൽക്കാനേ ശ്രമിക്കൂ.
അതുകൊണ്ട് തന്നെ ജോലിസ്ഥലം മനുഷ്യത്വ പൂർണ്ണമാക്കാനുള്ള നിർദ്ദേശങ്ങൾ ആണ് മുന്നോട്ട് വെക്കേണ്ടത്.
എപ്പോഴുമെന്നത് പോലെ ആദ്യാവേശത്തിന് ശേഷം ഈ ശബ്ദം നിന്നു പോവാതിരിക്കട്ടെ!
അന്നയുടെ അമ്മ യുദ്ധം ചെയ്യുന്നത് ഞങ്ങളുടെ മക്കൾക്ക് വേണ്ടിക്കൂടിയാണ്.
ഈ സമരം ജയിക്കട്ടെ !
അന്ന ഇനിയെങ്കിലും തോറ്റുപോവാതിരിക്കട്ടെ!