Image

സിഗ്മണ്ട് (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ -വിവര്‍ത്തനം ഭാഗം-23 നീനാ പനയ്ക്കല്‍)

Published on 24 September, 2024
സിഗ്മണ്ട് (എന്റെ കുട്ടി തിരികെ വന്നു -ഉര്‍സൂല പവേല്‍ -വിവര്‍ത്തനം ഭാഗം-23 നീനാ പനയ്ക്കല്‍)

ഞങ്ങളെ സ്‌പോണ്‍സര്‍ ചെയ്ത ഏജന്‍സിയിലെ ഒരു സോഷ്യല്‍ വര്‍ക്കര്‍ ബ്രൂക്ക്‌ലൈനിലെ ഒരു ജ്യൂയിഷ് സിനഗോഗില്‍ ഇംഗ്ലീഷ്  ഭാഷ പഠിപ്പിക്കുന്നുണ്ടെന്ന് ഞങ്ങളോടു പറഞ്ഞു. അവര്‍ വ്യക്തമായി ഞങ്ങളോടുപറഞ്ഞു, ഈ ക്ലാസ്സുകള്‍ പുതുതായി വന്ന കുടിയേറ്റക്കാര്‍ക്കു മാത്രമായി ഉള്ളതാണെന്ന്.
മമ്മായെ ഞാന്‍ തുടക്കക്കാര്‍ക്കു വേണ്ടിയുള്ള ഇംഗ്ലീഷ് ക്ലാസ്സില്‍ ചേര്‍ത്തു. കുറച്ചുകൂടി ഉയര്‍ന്ന ഒരു ഈവനിംഗ് ക്ലാസില്‍ ഞാനും ചേര്‍ന്നു. സിനഗോഗിലെ ചില സ്ത്രീകള്‍ ക്ലാസ്സുകള്‍ക്കു ശേഷം കോഫിയും കേയ്ക്കും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് തമ്മില്‍ പരിചയപ്പെടാനും പരിചയം പുതുക്കാനും സാധിക്കണം എന്ന ഉദ്ദേശ്യത്തോടെയാണ് അവരതു ചെയ്തത്. ഞങ്ങളുടെ  ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും, പുതിയ രാജ്യത്ത് പുതിയ ജീവിതവും പുതിയ ഭാഷയുമായി ഇണങ്ങിച്ചേരാന്‍ അവര്‍ ഞങ്ങളെ സഹായിക്കുകയും ചെയ്തു.
അത്തരമൊരു കോഫി സല്‍ക്കാരത്തിനിടയില്‍ എന്റെ കൂടെ ഡ്യൂസല്‍ഡോര്‍ഫിലെ സ്‌കൂളില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിനെ ഞാന്‍ തിരിച്ചറിഞ്ഞു. ആ വിദ്യാര്‍ത്ഥിയുടെ അതേ മുഖച്ഛായയായിരുന്നു അദ്ദേഹത്തിന്. ഞാന്‍ എന്നെ പരിചയപ്പെടുത്തിയ ശേഷം ചോദിച്ചു : ''താങ്കള്‍ ഹാനീലോറിന്റേയും ഹെര്‍ബര്‍ട്ടിന്റെയും പിതാവാണോ?'' (ഹാനിലോര്‍ എന്റെ സഹോദരനോടൊപ്പവും, അവളുടെ സഹോദരന്‍ ഹെര്‍ബര്‍ട്ട് ഒരു വര്‍ഷം എന്റെ സീനിയറായും പഠിച്ചിരുന്നു.)
സിഗ്മണ്ട് ബ്രൂണല്‍ എന്നെയും എന്റെ മമ്മായെയും പരിചയപ്പെട്ടതില്‍ വളരെ സന്തോഷിച്ചു. ഒരു കുട്ടി കരയുന്നതുപോലെ സിഗ്മണ്ട് ഞങ്ങളുടെ മുന്നില്‍ കരഞ്ഞു. അടക്കിവച്ചിരുന്ന സങ്കടങ്ങളെല്ലാം അണപൊട്ടി ഒഴുകുകയായിരുന്നു. അങ്ങേര്‍ ഷാങ്ഗായ്‌യില്‍ നിന്ന് അമേരിക്കയിലേക്ക് വന്നതേയുള്ളു. 1938 ലെ ക്രിസ്റ്റള്‍നാട്ട്   പ്രാബല്യത്തില്‍ വന്നപ്പോള്‍ നാസികള്‍ അങ്ങേര്‍ക്ക് ജര്‍മ്മനിയില്‍ നിന്ന് ഉടന്‍ പൊയ്‌ക്കൊള്ളണമെന്ന അന്ത്യശാസനം നല്‍കി. അല്ലെങ്കില്‍ ജയില്‍വാസം. ട്രാന്‍സൈബീരിയന്‍ റെയില്‍വേ വഴി രക്ഷപ്പെട്ട് സിഗ്മണ്ട് ചൈനയില്‍ എത്തി. ഭാര്യ ഹെര്‍ത്തയും മകന്‍ ഹെര്‍ബര്‍ട്ടും മകള്‍ ഹാനീലോറും  നാസികളുടെ കൈയ്യാല്‍ കൊല്ലപ്പെട്ടു. സിഗ്മണ്ട് ബ്രൂണല്‍ തല്‍ക്കാലം സഹോദരന്റെയും ഭാര്യയുടെയും ഒപ്പം ബ്രൂക്ക്‌ലൈനില്‍ താമസിക്കുകയാണ്.
ഇത് മനോഹരമായ ഒരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു. എനിക്കു തോന്നുന്നത് അന്ന് ആ അഡല്‍റ്റ് സ്‌കൂളില്‍ വച്ച് സിഗ്മണ്ട് ബ്രൂണല്‍ എന്റെ മമ്മായെ പ്രേമിച്ചു തുടങ്ങി എന്നാണ്.
സിഗ്മണ്ട് വീടുകള്‍ തോറും കയറിയിറങ്ങി ഫ്യൂളര്‍   ബ്രഷ്‌കളും വീടിനാവശ്യമുള്ള മറ്റു സാധനങ്ങളും വില്‍ക്കുന്ന ജോലിയായിരുന്നു. സാമ്പിളുകളും വിവരപ്പട്ടികകളും  എപ്പോഴും കൊണ്ടുനടക്കും. മനോഹരമായ പുഞ്ചിരിയും വ്യക്തിത്വവും ഉള്ളതു കാരണം എല്ലാ വാതിലുകളും അങ്ങേര്‍ക്കു മുന്‍പില്‍ തുറക്കുമായിരുന്നു. ശരിക്കും അയാളൊരു സ്വാഭാവിക വില്പനക്കാരന്‍ തന്നെയായിരുന്നു. സംസാരത്തിലെ ഉച്ചാരണ ശുദ്ധിയില്ലായ്മ അങ്ങേരുടെ വ്യക്തിത്വത്തിനു മാറ്റുകൂട്ടിയതേയുള്ളു. അബദ്ധത്തില്‍, തെറ്റായ ശൈലിയും പദാവലിയും ഉപയോഗിച്ച് സംസാരിക്കുമ്പോള്‍ അതൊരു വലിയ തമാശയും കച്ചവട സാധ്യതയുമായിരുന്നു. അങ്ങേരുടെ ഉപഭോക്താക്കള്‍ കാറ്റലോഗ് നോക്കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. അവര്‍ ഒരു ചെറിയ ഡൗണ്‍പേമന്റും  (അഡ്വാന്‍സ്) കൊടുക്കും സാധനങ്ങള്‍ വീട്ടിലെത്തിക്കുമ്പോള്‍ മുഴുവന്‍ തുകയും അങ്ങേര്‍ക്ക് കിട്ടും. 
സിഗ്മണ്ടിന് ചരക്കു പട്ടികയൊന്നുമില്ല. ഓര്‍ഡറുകള്‍ അടുത്തുള്ള ഫ്യൂള്ളര്‍ ബ്രഷിന്റെ ഔട്ടലെറ്റില്‍ നിന്നു വാങ്ങും. കുടിയേറ്റക്കാരായി  വന്നവരില്‍ ഒട്ടുമുക്കാല്‍ പേരും വീടുതോറും കയറിയിറങ്ങി സാധനങ്ങള്‍ വില്ക്കുന്ന പണിയാണ് ചെയ്തിരുന്നത്. സാധനങ്ങള്‍ കൊണ്ടുപോകാനായി സിഗ്മണ്ട് ഒരു 1937 ഫോര്‍ഡ് (ഉപയോഗിച്ചത്) വാങ്ങി. ആ കാറിന് ഒരു സ്‌പെയര്‍ ടയറും കുലുങ്ങുന്ന ഇരിപ്പിടവും ഉണ്ടായിരുന്നു. എന്റെ മമ്മാക്കും എനിക്കും ആ കാര്‍ ഉപകാരപ്പെട്ടു.
റോക്‌സ്‌ബെറിയില്‍ വയോമിംഗ് സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റില്‍ സിഗ്മണ്ട് നിത്യ സന്ദര്‍ശകനായി. പുതുതായി വാങ്ങിയ കാര്‍ അതിന് സഹായകമാവുകയും ചെയ്തു. വളരെ തവണ സിഗ്മണ്ട് എന്റെ മമ്മായെ ആ കാറില്‍ പലയിടങ്ങളില്‍ കൊണ്ടുപോകുകയും സന്തോഷിപ്പിക്കുകയും ചെയ്തു. മമ്മാക്കും സിഗ്മണ്ടിനെ വളരെ ഇഷ്ടമായി; അയാള്‍ മമ്മാക്കു കൊടുത്ത ശ്രദ്ധ ആസ്വദിക്കുകയും ചെയ്തു. എങ്കിലും എന്റെ മമ്മായുടെ ഹൃദയത്തില്‍ എന്നും പപ്പായെക്കുറിച്ചുള്ള ഓര്‍മ്മകളായിരുന്നു.

Read More: https://emalayalee.com/writer/24

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക