കോളേജ് ഗേറ്റ് കടന്ന് ചെല്ലുമ്പോ റൈറ്റ് സൈഡിലാണ് അഞ്ചൽ കോളേജിലെ കാന്റീൻ,(St. John's College, Anchal) റൈറ്റ് സൈഡിൽ ആയിട്ട് basketball court, തൊട്ടടുത്ത് കാന്റീൻ, രാവിലെ കോളേജിലേക്ക് കയറി വരുമ്പോൾ, കാന്റിന്റെ ഭാഗത്തേക്ക് നോക്കിയാല്‍, ചിമ്മിനിയിലൂടെ ഇങ്ങനെ പുക വരുന്നത് കാണാം. എന്തോ അത് ഒരു ജീവന്റെ ലക്ഷണമാണ്, മനുഷ്യര്‍ ഉണർന്ന് അധ്വാനിച്ച് തുടങ്ങിയിരിക്കുന്നു, ഭക്ഷണം പാകം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. പിന്നെയും കുറച്ച് അധികം നടന്നു മുന്നോട്ടു പോയി കഴിയുമ്പോഴാണ് ഓഫീസും ക്ലാസുകളും ഒക്കെ.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കൽപോലും കാന്റീനിൽ പോയിട്ടില്ല. ഞാൻ മാത്രമല്ല ആ കാലഘട്ടത്തിൽ പഠിച്ച ഒരു പെൺകുട്ടി പോലും പോയി കാണില്ല. എത്ര വിശന്നാലും കാന്റീനിലേക്ക് പോയിട്ടില്ല. അതെന്തോ പെൺകുട്ടികൾക്ക് പോകാൻ പാടില്ലാത്ത ഒരു സ്ഥലം. അങ്ങനെയായിരുന്നു അന്നൊക്കെ.
പിന്നീട് MAക്ക് പഠിച്ച എസ് ബി കോളേജിൽ ആകട്ടെ( S B, College, Changanacherry), കാന്റീൻ എവിടെയാണെന്ന് ഓർമ്മ പോലുമില്ല. ഇന്ന് മനസ്സുകൊണ്ട് കോളേജിന്റെ അറിയാവുന്ന എല്ലാ വശങ്ങളിലും പോയി നോക്കി, കാന്റീൻ എവിടെയാണെന്ന് ഓർമ്മ പോലുമില്ല. അവിടെയും കാന്റീനിൽ പോയിട്ടില്ല.
പിന്നീട് BEd ന് പഠിച്ച കൊല്ലത്തെ Fathima Memorial Training College ആകട്ടെ, അന്ന് കാന്റീനില്ല.
അവിടെ കാന്റീൻ വേണമെന്നുള്ള ആവശ്യമൊക്കെ അന്ന് ഞങ്ങൾ പറഞ്ഞിരുന്നതായി ഓർക്കുന്നു.
ഇന്നിപ്പോൾ അങ്ങനെയല്ല ആൺകുട്ടികളേക്കാൾ ഒരുപടി മുൻപിലാണ് പെൺകുട്ടികൾ. ഒരവറ് (hour) കഴിഞ്ഞാൽ അവർക്ക് വിശന്നാൽ, തല വേദനിച്ചാൽ, ദാഹിച്ചാൽ അവർ കാന്റീനിൽ പോകും. താമസിച്ച് കയറുമ്പോൾ എവിടെ പോയെന്ന് ചോദിച്ചാൽ, കാന്റീനിൽ പോയെന്ന് പറയുകയും ചെയ്യും. ഇടയ്ക്ക് അവിടെ ചെന്നാൽ കുട്ടികൾ കൂട്ടം കൂടിയിരുന്ന് ഏതാണ്ടൊരു കോഫി ഹൗസ് പോലൊക്കെ ആക്കുന്നത് കാണാം.
സ്ത്രീകൾ പൊതുവിടങ്ങളിൽ നിന്ന് ഉൾവലിയുന്ന ഒരു തലമുറ ആയിരുന്നു ഞങ്ങളുടെ കോളേജ് കാലം. അന്നൊക്കെ ഒരു ഹോട്ടലിൽ കയറി എന്തെങ്കിലും കഴിച്ചാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല. പക്ഷേ എന്ത് തെറ്റ് അതിലുണ്ട് എന്ന് നിശ്ചയവുമില്ല.