എന്റെ വേനൽക്കാല വസതി വൈക്കത്തു കാളികുളത്തിനടുത്തു സ്ഥിതി ചെയ്തിരുന്ന അമ്മവീടായിരുന്നു. ഇന്ന് അവിടെ രണ്ടു അമ്മാവന്മാരും താമസിക്കുന്നു. എന്റെ ബാല്യം ഏറ്റവും മിഴിവാർന്നു വേനലവധി ആഘോഷിക്കാൻ എത്തു ന്നത് അവിടെയായിരുന്നു. അതിൽ ആഹ്ലാദവും കുസൃതികളും നിറഞ്ഞ ഒരുപാട് ഓർമ്മകളും ഉണ്ട്. വളരെ അച്ചടക്കത്തോടെ പത്ത് മക്കളെ വളർത്തിയ അപ്പൂപ്പന്റെ പേരക്കിടാങ്ങൾക്കും അതേ അച്ചടക്കം ഉണ്ടായിരുന്നു.
കുളത്തിൽ കുളിക്കാൻ ഇറങ്ങുന്ന പ്രിയ വിനോദത്തിനും ആ അച്ചടക്കം ബാധകമായിരുന്നു. എങ്കിലും അന്നത്തെ ദിവസം ഒരു കുഞ്ഞമ്മയോടൊപ്പം തുള്ളിച്ചാടി മുറ്റത്തിന്റെ തെക്കെ അതിരിലുള്ള കുളത്തിലേക്ക് കുളിക്കാനിറങ്ങിയ ഞാൻ എല്ലാ പരിധിയും ലംഘിച്ചു കുളത്തിന്റെ പടിഞ്ഞാറെ അതിരിലേക്ക് പോയി. കുഞ്ഞമ്മ കടവിൽ നിന്ന് കുളിക്കുന്നു. ഇടയ്ക്കിടെ തല നീട്ടാറുള്ള നീർക്കോ ലിയെയോ പേക്രോം തവളകളെയോ കുറിച്ച് അന്ന് എനിക്ക് തെല്ലും ഭീതി ഇല്ലായിരുന്നു. എന്നെ തോൽപിക്കാൻ മറ്റൊരു നീർക്കോലിയോ എന്ന ഭാവത്തിൽ തുള്ളിത്തുള്ളി കുളത്തിന്റെ അതിരിലേക്ക് ഞാൻ മെല്ലെ നീങ്ങി. "പോകല്ലേ പെണ്ണേ "എന്ന് ഓളങ്ങൾ കഴുത്തറ്റം മുകർന്ന് പറഞ്ഞു കാണും. ഞാൻ ശ്രദ്ധിച്ചില്ല. നീന്താൻ അറിയില്ലാത്തത് കൊണ്ട് കാലൂന്നിയാണ് പിന്നോട്ട് പോകുന്നത്. കുളത്തിന്റെ പടിഞ്ഞാറെ അതിരിൽ എത്തിയപ്പോഴാണ് രണ്ടു കാലുകളും നിലത്തുറയ്ക്കാത്ത തോന്നൽ ഉണ്ടായത്. നില കിട്ടുന്നില്ല എന്ന് കാൽപാദങ്ങളും കൊലുസുകളും നിലവിളിച്ചപ്പോൾ വായിലേക്ക് വെള്ളം തിരയടിച്ചു കയറി കൊണ്ടിരുന്നു. ഞാനത് കുടിക്കുകയും താഴ്ന്നു പോകുകയും ചെയ്ത് കൊണ്ടേയി രുന്നു. സംഭവം വേറൊന്നുമല്ല. ഇടയ്ക്കിടെ വെള്ളം പമ്പ് ചെയ്യാറുള്ള മോട്ടോർ തീർത്ത എഞ്ചിൻ കുഴിയിലേക്ക് കാലുകൾ താഴ്ന്നു താഴ്ന്നു പോകുകയാണ്. പെട്ടെന്ന് തിരിഞ്ഞു നോക്കിയ കുഞ്ഞമ്മ വെള്ളത്തിലൂടെ കുതിച്ചു ചാടി വന്നു കൈ നീട്ടി തന്ന് . കൈ പിടിക്കു എന്ന് അലറി. ആ കൈ കൃത്യസമയത്തു അന്ന് നീണ്ടു വന്നിരുന്നില്ല എങ്കിൽ ഇത് കുത്തിക്കുറിക്കാൻ ഞാൻ ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല.
കര കയറി. തല തോർത്തി."ഒരുപാട് വെള്ളം കുടിച്ചോ "എന്ന് കുഞ്ഞമ്മ ചോദിച്ചെങ്കിലും ഇല്ലെന്നു പറഞ്ഞെങ്കിലും ഞാൻ സാമാന്യം മോശമല്ലാത്ത വിധം വെള്ളം കുടിച്ചിരുന്നു.
"ആരോടും പറയണ്ട പറഞ്ഞാൽ അടി കിട്ടും "എന്ന വ്യവസ്ഥയിൽ കര കയറി എങ്കിലും അമ്മ എന്റെ മുഖത്ത് നിന്ന് എന്തോ വായിച്ചെടുത്തു.
"നിന്റെ മുഖം എന്താ കടന്നൽ കുത്തിയ പോലെ.."അമ്മ ചോദിച്ചു.
"കടന്നൽ കുത്തീല്ല.. എഞ്ചിൻ കുഴീൽ മുങ്ങിപ്പോയേനെ "എന്റെ കള്ളമില്ലാത്ത പിള്ളമനസ്സ് ഉള്ളത് തുറന്നു പറഞ്ഞു. അമ്മയുടെ മടിയിൽ പാൽ കുടിച്ചു കൊണ്ടിരുന്ന കുഞ്ഞനുജത്തിയോട് എനിക്കന്നു തെല്ലും കുശുമ്പ് തോന്നിയില്ല. അവൾ മടിയിൽ ഇല്ലായിരുന്നെങ്കിൽ" ഒറ്റ അടി തരും ഞാൻ" എന്ന് കൈ ഓങ്ങിയ അമ്മയുടെ അടി ഞാൻ തീർച്ചയായും കൊണ്ടെനെ.. നീ ഇപ്പോഴെങ്ങും പാൽകുടി നിർത്തണ്ട എന്ന് കുഞ്ഞനുജത്തിയോട് മനസാ പറഞ്ഞെങ്കിലും എന്നെ ഒരു സംശയം വല്ലാതെ അലട്ടി . വൈകാതെ ഞാൻ അത് അമ്മയോട് ചോദിച്ചു
"ഞാൻ കുടിച്ച വെള്ളത്തിലൂടെ കുഞ്ഞു മീനുകൾ വയറ്റിൽ പോയി കാണുമോ?"
"ഇത്ര സംശയം എന്താ ഒക്കെ നിന്റെ വയറ്റിൽ കയറിയിട്ടുണ്ട്. അവിടെ കിടന്നു വളരും.."
"എന്നിട്ടോ"
"എന്നിട്ടെന്താ ആലോചിക്കു എന്താകും എന്ന്."
എന്റെ കുഞ്ഞുമനസ്സു വയറ്റിൽ കിടന്നു വളരുന്ന മീനുകളെ സ്വപ്നം കണ്ടു. അവ വീർത്ത വയർ പൊട്ടിച്ചു പുറത്ത് വരുന്നത് ഭീതിയോടെ സങ്കല്പിച്ചു. പെട്ടെന്ന് അമ്മയുടെ മടി യിലിരുന്നു പാൽ കുടിച്ച അനുജത്തിയെ നോക്കി ഞാൻ ചോദിച്ചു..
"അമ്മയുടെ വയർ പൊട്ടിയാണോ ഇവൾ പുറത്ത് വന്നേ.?എങ്ങനെയാ ഇവൾ അമ്മയുടെ വയറ്റിൽ കയറിയത്? "
"ഇതിനൊക്കെ നല്ല ചുട്ട അടിയാ തരേണ്ടത്. ഓരോ ചോദ്യങ്ങളേ..പോടീ അവിടുന്നു.."അമ്മ പിന്നെയും കൈ ഓങ്ങി. ഞാൻ അടി മേടിക്കാതെ തെന്നി മാറി എങ്കിലും പിന്നെയും എന്റെ സംശയങ്ങൾ പലതു ണ്ടായിരുന്നു.
മീൻകുട്ടികൾ എന്റെ വയറു പൊട്ടിച്ചു പുറത്ത് വരുമൊ? അവ കരഞ്ഞാൽ പാൽ കൊടുക്കാൻ എനിക്ക് പാൽ ഇല്ലല്ലോ. അനുജത്തി ഏതു കുളത്തിലെ വെള്ളത്തിൽ നിന്നാകും അമ്മയുടെ വയറ്റിൽ അകപ്പെട്ടത്.? ഇവയൊക്കെ മനസ്സിൽ പൂഴ്ത്തി വെച്ചു ഉറങ്ങുമ്പോഴും മീനുകൾ എന്റെ വയറ്റിൽ ഇക്കിളി കൂട്ടി കളിയാക്കി ചിരി ക്കുന്നുണ്ടെന്ന് എനിക്ക് തോന്നി..
ദിവസങ്ങൾ കഴിഞ്ഞിട്ടും വയർ വീർത്തു വീർത്തു വരുന്നുണ്ടോ എന്ന് നോക്കി മുഖം കുമ്പിട്ടു നടന്ന എന്നെ വിളിച്ചു അമ്മ ശബ്ദമടക്കി ശാസിച്ചു
"അതൊക്കെ വരേണ്ട സമയം ആകുമ്പോൾ വന്നോളും അതിനു ഇപ്പോഴേ അങ്ങോട്ട് നോക്കി നോക്കി നടക്കേണ്ട കാര്യമൊന്നുമില്ല "
എന്താ ഈ അമ്മ പറയുന്നത് എന്നു ചിന്തിച്ചു അന്ന് അന്തം വിട്ടു കുന്തം വിഴുങ്ങി നിന്നു എന്റെ പാവം ബാല്യം.
അമ്മ കുളവും മീനുകളും ആ സംഭവവും മറന്നു പോയി എങ്കിലും ഞാൻ അമ്മ പറഞ്ഞത് എന്തെന്ന് പിന്നീട് മനസ്സിലാക്കിയെടുത്തു അല്ലെങ്കിൽ " വരാൻ വൈകും വന്നാൽ എണീറ്റു നിൽക്കും പിന്നെ വീണ് പോകും. വീണാൽ പിന്നെ എണീൽക്കില്ല " എന്ന് ചൂടുള്ള ഒരു കടംകഥ പറഞ്ഞു എറണാകുളം നസ്രത്ത് ഹോസ്റ്റലിൽ കന്യാസ്ത്രീകൾ കേൾക്കാതെ തല കുത്തി മറിഞ്ഞു ചിരിച്ച യൗവനത്തിൽ കൗമാരത്തോടെ എല്ലാ പെണ്ണുങ്ങൾക്കും വരുന്നവയെ ആണ് അന്ന് അമ്മ ഉദ്ദേശിച്ചതെന്നും അമ്മവീട്ടിൽ അവ വളർന്നവരെല്ലാം ഏറെ അച്ചടക്കത്തോടെ അടിച്ചമർത്തി വെച്ചു അവയെ പരിപാലിച്ചു പോന്നിട്ടുണ്ടെന്നും ഓർത്ത് ഇപ്പോഴും ചിരിക്കേണ്ടി വരില്ലായിരുന്നല്ലോ .
കടങ്കഥ മനസ്സിലാകാത്ത ആരും ഉണ്ടാകില്ല എന്ന വിശ്വാസത്തോടെ ഞാനും എന്റെ ബാല്യവും തൽക്കാലം ഇവിടെ നിർത്തട്ടെ.
(ബാംഗ്ലൂരിൽ നിന്നു ഒരു വോയിസ് മെസ്സേജിലൂടെ ഇന്നലെ ഈ ഓർമ്മയെ തിരികെ തന്ന പ്രിയ അനുജത്തി ബിനുമോൾ എന്ന് വിളിപ്പേരുള്ള അമ്പിളിക്കും എന്നെ അന്ന് കൈ തന്നു രക്ഷിച്ച പ്രസന്നക്കുഞ്ഞമ്മയ്ക്കും ഇത് സമർപ്പിക്കുന്നു )