Image

ശരിയാകാതെ വഴികൾ ( കഥ : രമണി അമ്മാൾ )

Published on 26 September, 2024
ശരിയാകാതെ വഴികൾ ( കഥ : രമണി അമ്മാൾ )

വില്ലാ കോംപ്ളക്സിന്റെ ഗേറ്റുകടക്കുമ്പോൾ
ഏതു ഭാഗത്തേക്കു തിരിയണമെന്നൊരു സംശയം...!
ഇടതോട്ടു പോയാൽ പുതുപ്പള്ളിക്കവലയും
മണർകാടും കഴിഞ്ഞ്, ബൈപ്പാസു റോഡിലൂടെ നേരെ വിട്ടങ്ങുപോയാൽ ട്രാഫിക്ക് ബ്ളോക്കിൽപെടാതെ ലക്ഷ്യമെത്താം...
എറണാകുളം, തൃശൂർ ഭാഗത്തേക്ക്  ടൗൺ ടച്ചുചെയ്യാതെയുള്ള മൈഥിലിയുടെ യാത്രകൾ
അങ്ങനെയാണ്..
സമയവും, ദൂരവും ലാഭിക്കാം..!

നഗരത്തിലെ പ്രശസ്തമായ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സത്യത്തിൽ ഒരു കുന്നിന്റെ ചരിവാണ്..
ഈ ഹോസ്പിറ്റലിന്റെ തന്നെ ആയുർവ്വേദ വിഭാഗം  പിന്നിലെവിടെയോ 
ഒഴിഞ്ഞകോണിലെ റിസോർട്ടുപോലെ തോന്നിക്കുന്ന കെട്ടിടത്തിലാണത്രേ.!  
ചെന്നൈയിൽ സ്ഥിരതാമസമാക്കിയ കോട്ടയംകാരിയായ പ്രിയ സുഹൃത്ത് 
ഒരുമാസം നീണ്ടുനില്ക്കുന്ന ആയുർവ്വേദ ചികിത്സയ്ക്ക് എത്തിയിട്ട്  ദിവസങ്ങളായിട്ടുണ്ട്.
"മെയിൻ റോഡിന്റെ സൈഡിലൊന്നുമല്ല, എത്തിപ്പെടാൻ
ഒരുപാട് ഊടുവഴികളുണ്ട്. അതുകൊണ്ടുതന്നെ വഴിതെറ്റാനുളള സാദ്ധ്യതയുണ്ട്...
ലൊക്കേഷൻ മാപ്പിട്ടേ വരാവൂ.."
സുഹൃത്ത് ഓർമ്മിപ്പിച്ചിരുന്നു...
എംസി റോഡിൽ എല്ലായ്പ്പോഴും വാഹനങ്ങളുടെ
നല്ല തിരക്കായിരിക്കും.. ഓണക്കാലവും,  ഉത്രാടത്തുംന്നാൾ ഉച്ചകഴിഞ്ഞുള്ള സമയവുംകൂടിയാവുമ്പോൾ പറയുകയും വേണ്ട...!
കൊറിയ്ക്കാനും തിന്നാനുമൊക്കെയായി എന്തെങ്കിലും എടുക്കാമെന്നു വിചാരിക്കെ വാട്സാപ്പ് മെസ്സേജ്..
"ഒന്നും കൊണ്ടുവരേണ്ട..
എനിക്കിവിടെ കടുത്ത പഥ്യമാണ്.."

കാറിനു വെളിയിൽ ഉച്ചവെയിൽ തിളച്ചുമറിയുകയാണ്.  പെരുമഴയ്ക്കു മുമ്പുളള പൊരിവെയിലാവുമോ..! മഴയ്ക്കു സമയവും കാലവും ഇല്ലാതായിരിക്കുന്നു.!
ഏറ്റവും ഷോർട്ടസ്റ്റ് റൂട്ടായിരിക്കും ഗൂഗിൾ കാണിച്ചുതരുന്നത്.. "വലതോട്ടു 600 മീറ്റർ പോയിക്കഴിഞ്ഞുളള, ജംഗ്ഷനിൽനിന്ന് ഇടതോട്ട് മൂന്നു കിലോമീറ്റർ..പിന്നെ, കഞ്ഞിക്കുഴിയിൽ
നിന്ന് താഴോട്ടു കുത്തനെയുളള ഇറക്കമിറങ്ങി ഇറഞ്ഞാൽ വഴി തിരുവഞ്ചൂർ
നഗരംചുറ്റാതെയുള്ള വഴികൾ
ഗൂഗിൾ വളരെ കൃത്യതയോടെ പറഞ്ഞുതരുന്നു..!
വളവുകൾ  എമ്പാടുമുള്ള വീതികുറഞ്ഞ റോഡിൽ മറ്റൊരു  വാഹനം ഇതിനോടകം കണ്ടില്ല. 
കഴിഞ്ഞ കുറേ ദിവസങ്ങളിൽ അടുപ്പിച്ചു പെയ്തമഴ, മീനച്ചിലാറിലെ ജലനിരപ്പ്  ഉയർത്തിയിരുന്നു..
പാലംകഴിഞ്ഞ്,  പുഴവെള്ളം കയറിയിറങ്ങി കുണ്ടും കുഴിയുമായ റോഡിലേക്കാണ് ലൊക്കേഷൻ കാണിക്കുന്നത്.
ഗൂഗിളിനു വഴിതെറ്റിയോ...? 

ചോദിക്കാൻ റോഡിലൊന്നും ഒരു മനുഷ്യജീവിയില്ല..!
ഇടതുവശം ലക്ഷ്യംവച്ചുളള ഊടുവഴികളിലൂടെ  ഏറേ ദൂരം വണ്ടിയോടിയിട്ടും എങ്ങും എത്തുന്ന ലക്ഷണമില്ല.. 
മെയിൻ റോഡിൽ  എത്തപ്പെട്ടെങ്കിൽ..  !
നഗരത്തിലെ ഒട്ടുമിക്ക മുടുക്കുകളും മൂലകളും തനിക്കറിയാമെന്ന മൈഥിലിയുടെ വിശ്വാസത്തിനേറ്റ ചെറിയ മങ്ങൽ..!
എംസി റോഡുവഴിപോയിരുന്നെങ്കിൽ പത്തുമിനിറ്റുകൊണ്ട് എത്തുമായിരുന്ന ദൂരം, മണിക്കൂർ ഒന്നുകഴിഞ്ഞിട്ടും 
ഊടുവഴികളിലൂടെ വട്ടംകറങ്ങുന്നതേയുള്ളൂ..
പൈനാപ്പിൾ കൃഷിയാണ് റോഡിനിരുവശവും ചരിവുകളിൽ..
ഗൂഗിൾ പറയുന്നു, "പഴയ എംസി റോഡിലേക്കു കടക്കുകയാണ്"
എംസി റോഡ് പഴയതും  പുതിയതുമുണ്ടെന്നത്ആദ്യ അറിവ്..
കുറച്ചുനേരമായികാറിനു പിന്നിൽ ഒരു ബൈക്കുകാരൻ.
സൈഡുകൊടുത്തിട്ടും കടന്നു പോകാതെ....
കയ്യുകൾ കൊണ്ടും കണ്ണുകൾകൊണ്ടും ഉളള അയാളുടെ ആംഗ്യങ്ങൾ.. സൈഡ് ഗ്ളാസിലൂടെ  തന്നെ കാണാൻ പാകത്തിന് സാവധാനത്തിൽ.. 
ഒറ്റയ്ക്കൊരു സ്ത്രീ ആളൊഴിഞ്ഞ ഊടുവഴികളിലൂടെ ഡ്രൈവുചെയ്തുപോകുന്നതു കാണുമ്പോഴുളള പ്രത്യേകതരം സുഖം..!
ടൗണിൽ, ട്രാഫിക് ഡ്യൂട്ടിയിലുണ്ടാവും   ഡിഗ്രിക്കു കൂടെപ്പഠിച്ച അനീഷ്..  വിളിക്കാൻ ബാഗിൽനിന്നു മൊബൈലെടുത്തതും ബൈക്കുകാരൻ വാണംവിട്ടതുപോലെ ഒരൊറ്റ കുതിപ്പ്..!
മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ പൂമുഖം...  ഇവിടവും കഴിഞ്ഞു പോകണം.. റോഡോരം ചേർന്ന്  ഒരാൾ.. ചോദിച്ചു,
"ആയുർവ്വേദാശുപത്രി..?"
"ദാ..അക്കാണുന്ന വളവുതിരിഞ്ഞ് ഇടതോട്ടു നേരെ മുകളിലേക്കു കയറിച്ചെല്ലണം..
അവിടെ ബോർഡുണ്ട്."
തീരെ വീതികുറഞ്ഞ കോൺക്രീറ്റു കയറ്റമാണ്..  തട്ടുകളായി തിരിച്ച ഭൂമി കണ്ടിട്ടുണ്ട്..
തട്ടുകളായി തിരിച്ച റോഡുകൾ, താഴെയും മുകളിലും, വശങ്ങളിലും... മുകളിലെ റോഡിലേക്കു കയറിച്ചെല്ലുമ്പോൾ  ആശുപത്രിയല്ല..!
വീണ്ടുമൊന്നു വലവച്ചു, ആശുപത്രി വളപ്പിലെത്താൻ..
പുറത്തെങ്ങും ആരുമില്ല..
സുഹൃത്തിനെ വിളിച്ചു..
"സുഹൃത്തേ.. ഒരു ദീർഘദൂര യാത്ര കഴിഞ്ഞ് ഞാനിവിടെയെത്തിയിരിക്കുന്നു.."
"വണ്ടി പാർക്കുചെയ്തിട്ട് നേരെ കയറിപ്പോര്.."
മനസ്സിനേറ്റ ഉലച്ചിലുകൾ മറന്നു.
പത്തു നിമിഷത്തിനു പകരം മണിക്കൂറിലേക്ക് കടന്ന ചുറ്റിക്കറങ്ങൽ പോട്ടെന്നു വച്ചു .

പരിചയപ്പെട്ടനാൾ
മുതൽ, അടുത്തറിഞ്ഞ നിമിഷംമുതൽ...  
ഏതോ ജന്മബന്ധംപോലെ
മാടിവിളിക്കുന്ന സൗഹൃദത്തണലിലേക്ക്..

 

Join WhatsApp News
Shiju 2024-09-30 19:08:12
Good 👍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക