അരിസോണ: പ്രസിഡണ്ട് തിരഞ്ഞെടുപ്പിന് ഇനി 38 ദിവസങ്ങൾ മാത്രം. ദിനം പ്രതി പ്രത്യക്ഷപ്പെടുന്ന ഗാലോപ് പോളുകളിൽ വോട്ടർമാർക്ക് പ്രിയപ്പെട്ടവർ മാറി മറിയുന്നു. വൈസ് പ്രസിഡന്റ് കമല ഹാരിസിന് വലിയ പിന്തുണ ചില സംസ്ഥാനങ്ങളിൽ ചില സർവേകൾ പ്രവചിച്ചിരുന്നു. പ്രസിഡണ്ട് സ്ഥാനാർത്ഥികളായ ഹാരിസും (ഡെമോക്രാറ്റ്) മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ട്രംപും തങ്ങളുടെ മുന്നേറ്റം മാറിമാറി രേഖപ്പെടുത്തുകയാണ്. ഔദ്യോഗികം എന്ന് തോന്നുന്ന മെയ്‌ലിംഗുകളും വർധിച്ചു വരുന്നു. ഈയിടെ കിട്ടിയ മെയിലുകളിൽ ഒന്ന് സാധാരണയിൽ ഒരൽപം വലിയ കവർ ആയിരുന്നു. കവറിന് പുറത്തു വോട്ട് ബൈ മെയിൽ അപ്ലിക്കേഷൻ എൻക്ലോസ്‌ഡ് എന്ന് കണ്ടപ്പോൾ ജിജ്ഞാസ തോന്നി. ടെക്സസിൽ മെയിൽ ഇൻ വോട്ട് ആരംഭിച്ചിട്ടില്ല. പിന്നെങ്ങിനെ ബാലോട് മെയിലിൽ വരും എന്ന് ചിന്തിച്ചു. തുറന്നു നോക്കിയപ്പോൾ ആപ്ലിക്കേഷൻ ഫോർ ബാലോട് ബൈ മെയിൽ എന്ന് കണ്ടു. പിന്നീട് കവർ സൂക്ഷിച്ചു നോക്കിയപ്പോൾ 'പോൾ. ആഡ് പെയ്ഡ് ബൈ ഡാലസ് ഹീറോ' എന്ന് കണ്ടു. ഡാലസ് ഹീറോ ഡെമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു നോൺ പ്രോഫിറ്റ് സംഘടനയാണ്. ഔദ്യോഗികമായി വോട്ട് ബൈ മെയിലിന്റെ ഫോം അയച്ചു കഴിഞ്ഞവർ ഈ ഫോറവും പൂരിപ്പിച്ചയച്ചാൽ വോട്ടർ ഫ്രോഡിന് നടപടികൾ നേരിട്ടേക്കാം. ഇതിനു മുൻപ് വന്ന ഇതേ സംഘടനയുടെ കത്തിൽ ഗർഭഛിദ്ര അവകാശത്തെ കുറിച്ചുള്ള ചോദ്യം ഉണ്ടായിരുന്നു എന്നും അങ്ങനെയാണ് താൻ ഇത് നോൺ ഒഫീഷ്യൽ മെയിലിംഗ് ആണെന്ന് മനസിലാക്കിയതെന്നും ഡാലസിൽ താമസിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞു. ക്രിമിനൽ ആക്ടിവിറ്റിയിലേക്കു നയിക്കുവാൻ അങ്ങനെ എന്തെല്ലാം വഴികൾ! ഉപഭോകതാവ് സൂക്ഷിക്കുക എന്ന ആപ്ത വാക്യം പോലെ വോട്ടർ സൂക്ഷിക്കുക എന്നും പറയേണ്ടിയിരിക്കുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികൾ, ഡെമോക്രാറ്റ് ടിം വാൾസും (മിനിസോട്ട ഗവർണർ) റിപ്പബ്ലിക്കൻ ജെ ഡി വാൻസും(ഒഹായോ സെനറ്റർ) തമ്മിലുള്ള ആദ്യത്തേതും ഒരു പക്ഷെ അവസാനത്തേതും ആയ ഡിബേറ്റ് ഒക്ടോബര് ഒന്നിന് ഈസ്റ്റേൺ ടൈം രാത്രി ഒൻപതിന് ആരംഭിക്കുന്നു. ഒന്നര മണിക്കൂറാണ് സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. വാൻസിന്റെ മേലാണ് കൂടുതൽ ഭാരം ഉണ്ടാവുക എന്ന് ചില മാധ്യമങ്ങൾ പറയുന്നു. കാരണം ഹാരിസ്-ട്രംപ് സംവാദത്തിൽ മുന്നേറിയത് ഹാരിസാണ് എന്നാണ് ഇവരുടെ പക്ഷം. ഇരുവരും സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ടിരുന്നു. പക്ഷെ വാൾസ് സജീവമായി പങ്കെടുത്തില്ല എന്നൊരു ആരോപണം ഉണ്ട്. വാൻസ് സജീവമായി തന്നെ സേവനത്തിനു ഉണ്ടായിരുന്നു. വാൻസിന്റെ പുസ്തകം 'ഹിൽബിലി എലിജി' യിൽ ഒരു ഹൈഷിയൻ കുടിയേറ്റ കുടുംബം വളർത്തു മൃഗങ്ങങ്ങളെ ഭക്ഷിക്കുന്ന കഥ പറയുന്നുണ്ട്. ഇത് കഥയാണെന്ന് വാൻസ് പല തവണ പറഞ്ഞിരുന്നു. പക്ഷെ വിമർശകർ വിytടാൻ തയ്യാറല്ല. ഡിബേറ്റിലും ഈ പുസ്തകവും ആരോപണവും ഉയരും.
ഏറ്റവും പുതിയ അഭിപ്രായ സർവേയിൽ അരിസോണയിൽ ട്രംപിന് ഹാരിസിന് മേൽ മൂന്നു പെർസെന്റജ് പോയിന്റ് ലീഡ് ഉണ്ടെന്നു ഫോക്സ് ന്യൂസ് പറയുന്നു. ഹാരിസിനെ 48 %വും ട്രംപിനെ 51 %വും അനുകൂലിക്കുന്നതായാണ് സർവേയുടെ കണ്ടെത്തൽ. ചെറുപ്പക്കാർ, സ്ത്രീകൾ ഹിസ്പാനിക്കുകൾ എന്നിവരിലാണ് മനം മാറ്റം രേഖപെടുത്തിയിരിക്കുന്നത്. ഒരു മാസം മുൻപ് ഹാരിസിനോട് ഉണ്ടായിരുന്ന സമീപനമല്ല അരിസോണക്കാർക്കു ഇപ്പോഴുള്ളത് എന്ന് സർവേ നടത്തിയവർ അഭിപ്രായപ്പെട്ടു. ട്രമ്പന് കുടിയേറ്റ പ്രശനം മെച്ചമായി കൈകാര്യം ചെയ്യാൻ കഴിയുമെന്ന് 15 % കൂടുതൽ പേർ പറഞ്ഞു. സാമ്പത്തികാവസ്ഥയും ട്രംപ് കൂടുതൽ മെച്ചമായി കൈകാര്യം ചെയ്യുമെന്ന് 8 % കൂടുതൽ പേർ അഭിപ്രായപ്പെട്ടു.