"എന്താ പിള്ളേച്ചാ കണ്ടിട്ട് കുറെ നാളായല്ലോ?"
"കുറച്ചു നാൾ ഒന്ന് മാറി നിന്നെന്നേയുള്ളെടോ."
"എന്തുണ്ട് വിശേഷങ്ങളൊക്കെ?"
"എനിക്കെന്തു വിശേഷമെടോ? നിങ്ങൾക്കല്ലേ വലിയ വിശേഷം."
"അതെന്താ പിള്ളേച്ചാ?"
"നിങ്ങൾക്കല്ലേ വലിയ തെരഞ്ഞെടുപ്പു വരുന്നത്!"
"തെരഞ്ഞെടുപ്പ് മിക്ക രാജ്യങ്ങളിലും ഉള്ളതല്ലേ? പിന്നെ ഇവിടെ മാത്രം എന്താ പ്രത്യേകത?"
"അങ്ങനെയല്ലെടോ. അമേരിക്കയുടെ പോളിസികളല്ലേ പല കാര്യങ്ങളിലും ലോകത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണല്ലോ ലോകം ഈ തെരഞ്ഞെടുപ്പിനെ ഉറ്റു നോക്കുന്നത്. ഇയ്യാളുടെ നോട്ടത്തിൽ ആരാണെടോ പ്രസിഡന്റ് ആകുക?"
"നമ്മുടെ കമലേച്ചി തന്നെ പ്രസിഡന്റ് ആകും."
"അതെന്താ, ഇത്ര ഉറപ്പ്?"
"അവർ സർവ്വേകളിൽ ഏതാണ്ട് 5% മുൻപിലാണല്ലോ."
"അതൊന്നും പറയാനാവില്ലെടോ. പലപ്പോഴും സർവ്വേകളിൽ മൂന്നു ശതമാനത്തിലധികം മാർജിൻ ഉണ്ടാവും. പിന്നെ എപ്പോഴും സർവ്വേകൾ ശരിയാകണമെന്നില്ലല്ലോ."
"പിള്ളേച്ചൻ എന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നു തോന്നുന്നല്ലോ."
"ഇല്ലെടോ. എന്റെ അഭിപ്രായത്തിൽ ട്രംപ് പ്രസിഡന്റ് ആകും."
"അതെന്താ, കമലാ ഹാരിസ് ഒന്നുമല്ലെങ്കിൽ ഒരു ഇന്ത്യൻ വംശജയല്ലേ? നമുക്കെല്ലാവർക്കും അഭിമാനമല്ലേ അവർ പ്രസിഡന്റ് ആകുന്നത്. അപ്പോൾ പിന്നെ ഇവിടെ പൗരത്വമുള്ള ഓരോ ഇന്ത്യക്കാരന്റെയും ഉത്തരവാദിത്വമല്ലേ അവർക്ക് വോട്ടു ചെയ്യുക എന്നത്?"
“അത് ശരിയാണ്. അവർ സ്വയം ഒരു ഇന്ത്യക്കാരിയാണെന്നു പറയാറില്ലെങ്കിലും നമുക്കതു വലിയ കാര്യം തന്നെയാണ്. കാരണം, നാട്ടിൽ നിന്നും അമേരിക്കയിൽ പഠിക്കാൻ വന്ന ഒരു പെണ്ണ്, അവളുടെ ഭർത്താവ് ഉപേക്ഷിച്ചു പോയിട്ടും, രണ്ടു പെണ്മക്കളെ ഒറ്റയ്ക്കു വളർത്തി അതിലൊരാൾ അമേരിക്കൻ പ്രസിഡന്റ് പദം വരെ എത്തി എന്ന് പറഞ്ഞാൽ അത് ചരിത്രമല്ലേ? അതെല്ലാവർക്കും അഭിമാനമാണ്. എന്നാൽ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോക ക്രമത്തിന്റെ ഗതിവിഗതികൾ നിയത്രിക്കുന്ന ഭരണാധികാരി എന്ന സ്ഥാനത്താകുമ്പോൾ അവർ എടുക്കുന്ന, അഥവാ പിന്തുടരുന്ന, നയങ്ങൾ നമ്മളെയും ബാധിക്കും. അപ്പോൾ അവിടെ സ്ഥാനാർത്ഥികളുടെ വേരുകൾ മാത്രം നോക്കി വോട്ടു ചെയ്യാനാവില്ലല്ലോ."
"കമലാ ഹാരിസിന്റെ ഏതു നയങ്ങളാണ് ശരിയല്ലെന്ന് പറയുന്നത്. അവർ പബ്ലിക് പ്രോസിക്യൂട്ടറും അറ്റോർണി ജനറലും സെനറ്ററും ഒക്കെ ആയിരുന്ന ആളല്ലേ? കഴിഞ്ഞ നാല് വർഷത്തോളം വൈസ് പ്രെസിഡന്റും ആണല്ലോ. അവൾ ആള് പുലിയാണ് പിള്ളേച്ചാ. നമുക്കൊക്കെ രോമാഞ്ചം ഉണ്ടാകണം."
"എടോ ഞാൻ അമേരിക്കയിലെ സാധാരണ ജനങ്ങൾ ചോദിക്കുന്ന കാര്യമാണ് പറഞ്ഞത്. ജനങ്ങൾ ഉറ്റു നോക്കുന്ന ചില കാര്യങ്ങളുണ്ട്. അതിൽ അവർ അത്ര പോരാ എന്നാണെന്റെ അഭിപ്രായം."
"അതെന്താണെന്നു പറയൂ. അവരുടെ ഏതു നയമാണ് മോശമായിട്ടുള്ളത്?"
"എടോ, അമേരിക്കക്കാരുടെ മുഖ്യ ശ്രദ്ധ ആ രാജ്യത്തിന്റെ സാമ്പത്തിക നിലവാരം സാധാരണക്കാർക്ക് എങ്ങനെ ഉതകുന്നു എന്നതാണ്. മുഖ്യമായി അവർ ഉയർത്തുന്ന വിഷയങ്ങൾ. ഒന്ന്. തൊഴിലില്ലായ്‌മ. രണ്ട്. വിദേശ നയം. മൂന്ന്. കുടിയേറ്റക്കാരോടുള്ള സമീപനം. അമേരിക്കയുടെ തൊഴിൽ മുഴുവൻ കോർപറേറ്റുകൾക്ക് കൂടുതൽ ലാഭം ഉണ്ടാക്കാനായി കുറഞ്ഞ വേതനത്തിൽ പ്രവർത്തിക്കുന്ന ചൈന പോലെയുള്ള രാജ്യങ്ങളിലേക്ക് അൻപതിൽ പരം വർഷമായി പറിച്ചു നട്ടിരിക്കയാണ്. അതിന്റെ തിക്താനുഭവം ജനങ്ങൾ അനുഭവിക്കുന്നു. ഇപ്പോഴും അമേരിക്കയിൽ നൂറു പേരിൽ നാലിൽ കൂടുതൽ പേർ തൊഴിലില്ലാത്തവരാണ്.”
"തൊഴിലെല്ലാം ചൈനയ്ക്കു കൊണ്ടു പോയത് കമലാ ഹാരിസ് അല്ലല്ലോ. റിച്ചാർഡ് നിക്‌സൺ അല്ലേ അത് തുടങ്ങിയത്?"
"അതെ. എന്നാൽ ആ ജോലികൾ തിരിച്ചുകൊണ്ടുവരാൻ കമലാ ഹാരിസിന് ഒരു പദ്ധതിയില്ല. പക്ഷേ, ട്രംപിന് ഒരു പദ്ധതിയുണ്ട്. 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈൻ' എന്ന മുദ്രാവാക്യത്തിൽ തൊഴിലുടമകൾക്കും ഉത്പന്നങ്ങൾക്കും കൂടുതൽ നികുതി ചുമത്തി ബിസിനസുകൾ തിരിച്ചു കൊണ്ടുവരുമെന്നാണ് അദ്ദേഹം പറയുന്നത്.
"കണ്ടറിയാം."
“പിന്നെ വിദേശ നയത്തിൽ കമലാ ഹാരിസിന്റെ നയം വ്യത്യസ്തമാണ്, പ്രത്യേകിച്ച്, ഇസ്രായേലിനോടുള്ള അമേരിക്കയുടെ പരമ്പരാഗതമായ അനുഭാവത്തിൽ.”
"പിന്നെ, ഇസ്രായേൽ കാട്ടി കൂട്ടുന്ന വംശഹത്യക്ക് അമേരിക്ക കൂട്ട് നിൽക്കണമെന്നാണോ പിള്ളേച്ചൻ പറയുന്നത്? അതുകൊണ്ടാണ് പലസ്തീൻ വേറെ രാജ്യമാക്കണമെന്നു കമലാ ഹാരിസ് പറയുന്നത്."
“ ഇസ്രായേൽ ചെയ്യുന്നത് വംശഹത്യയാണെന്ന് എങ്ങനെ പറയും? അവരുടെ നിലനില്പിന്റെ പ്രശ്നമാണ്. ഒക്ടോബർ ഏഴിന് അങ്ങോട്ടു കയറി കൂട്ടക്കൊല നടത്തിയത് ആരാണ്? പാലസ്‌തീൻ പ്രത്യേക രാജ്യമായി അംഗീകരിക്കുമെന്ന് പറയുന്നത് നല്ലതാണ്. അത് പ്രശ്നപരിഹാരത്തിനു വഴി തെളിക്കുമെങ്കിൽ നല്ലതു തന്നെ. എന്നാൽ ഇസ്രയേലിനെ ഒരു രാജ്യമായി പല അറബ് രാജ്യങ്ങളും അടുത്ത കാലം വരെ അംഗീകരിച്ചിട്ടില്ലായിരുന്നു. അതുകൊണ്ടു തന്നെ പലസ്തീനെ ഒരു രാജ്യമായി ഇസ്രയേലും അംഗീകരിക്കുന്നില്ല. അങ്ങനെയിരിക്കെ ഇസ്രയേലിനുള്ള സഹായത്തിൽ കുറവ് വരുത്തുകയും ഹമാസിനെപ്പോലെയും ഹിസബുള്ളയെപ്പോലെയുമുള്ള തീവ്രവാദ സംഘടനകളോട് മൃദുസമീപനം കൈക്കൊള്ളുകയും ചെയ്‌താൽ മധ്യ പൗരസ്ത്യ ദേശത്തിന്റെ ഭൂപടം തന്നെ മാറിയെന്നിരിക്കും. അത് അപകടമാണ്. ആ നയപ്രഖ്യാപനത്തിന് കമലാ ഹാരിസിന് വലിയ വില കൊടുക്കേണ്ടി വരും.”
"ട്രംപ് വന്നാൽ ഇസ്രയേലിനെ കൂടുതൽ സഹായിക്കും. അദ്ദേഹം ഇസ്ലാമാഫോബിയ ഉള്ള ആളാണ്. കാര്യങ്ങൾ കൂടുതൽ വഷളാകുകയേ ഉള്ളൂ. അതുപോലെ യുക്രെയിൻ യുദ്ധത്തിന്റെ ഗതിയും മാറും. അത് അമേരിക്കയ്ക്ക് ഗുണം ചെയ്യില്ല."
“യുക്രെയിൻ യുദ്ധം തുടരുന്നതുകൊണ്ട് അമേരിക്കയ്ക്ക് എന്ത് ഗുണമാണെടോ ഉള്ളത്? പിന്നെ, യുദ്ധം ചെയ്യുന്നത് യുക്രെയിൻകാരാണെങ്കിലും അതിന്റെ ചെലവ് വഹിക്കുന്നത് അമേരിക്കയിലെ സാധാരണ ജനങ്ങളാണ്. എന്തിനു വേണ്ടി? അതുകൊണ്ട് അമേരിക്കയ്ക്ക് എന്താണ് ഗുണം? യുക്രെയ്‌നിനെക്കൂടി നേറ്റോയിൽ ചേർത്തതുകൊണ്ട് അമേരിക്കയ്ക്ക് പത്തു പൈസയുടെ ഗുണമില്ല. പിന്നെ വെറുതെ റഷ്യയെ പ്രകോപിപ്പിക്കാം എന്ന് മാത്രം. ഇന്ത്യയെ പ്രകോപിപ്പിക്കാനായി പാക്കിസ്ഥാനെ അത്യാധുനിക ആയുധങ്ങൾ നൽകി പരിപോഷിപ്പിക്കുകയും ചൈനയെ ബിസിനസുകളും ടെക്നോളജിയും കൊടുത്തു വലുതാക്കുകയും ചെയ്‌തത് അമേരിക്ക തന്നെയാണെന്ന് മറക്കരുത്. ഈ പറഞ്ഞ രാജ്യങ്ങളെല്ലാം ഇന്ന് അമേരിക്കയ്ക്ക് ഭീഷണിയാണ്.”
"കമലാ ഹാരിസ് വന്നാൽ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടും എന്ന് അറിയില്ലേ? അതുവഴി ഇന്ത്യ ബിസിനസ് രംഗത്ത് വൻ കുതിച്ചു ചാട്ടം നടത്തും എന്ന് പിള്ളേച്ചൻ വിശ്വസിക്കുന്നില്ലേ?"
“കമലാ ഹാരിസിന് ഇന്ത്യയോട് എന്തെങ്കിലും പ്രത്യേക സ്നേഹമുള്ളതായി കഴിഞ്ഞ കാലങ്ങളിലെ അനുഭവം വച്ച് പറയുക വയ്യ. ബൈഡന്റെ പോളിസിയിൽ നിന്നും വ്യത്യസ്തമാകുമെന്നു പറയാനാകില്ല. കഴിഞ്ഞ നാല് വർഷങ്ങൾ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നിട്ടും അവർ ഒരിക്കൽ പോലും അവരുടെ അമ്മ ജനിച്ചു വളർന്ന ഗ്രാമം കാണണമെന്നു പോലും അവർക്കു തോന്നിയിട്ടില്ലല്ലോ."
"അത് സെക്യൂരിറ്റി പ്രശ്നങ്ങൾ കൊണ്ടായിരിക്കാം. അതുകൊണ്ട് അവർക്ക് ഇന്ത്യയോട് സ്നേഹമില്ലെന്നു പറയരുത്."
“പിന്നെയുള്ളത് കുടിയേറ്റം. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കയറി വന്നവരെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു വേണ്ട സഹായമെല്ലാം ചെയ്തു കൊടുക്കാൻ ബൈഡൻ ഭരണകൂടം ധൃതി കാട്ടിയപ്പോൾ നിയമപരമായി ഇവിടേയ്ക്ക് കുടിയേറി ജോലി ചെയ്‌തു നികുതി അടയ്ക്കുവാൻ തയ്യാറായി നിൽക്കുന്ന അഭ്യസ്തവിദ്യരായ ആയിരക്കണക്കിനാളുകൾ ക്യൂവിൽ നിന്നും പിന്തള്ളപ്പെട്ടു. നിയമവിരുദ്ധമായി കയറിവന്നവരുടെയെല്ലാം ആഹാരം, പാർപ്പിടം, ചികിത്സ, ജോലി തുടങ്ങിയ എല്ലാ ഉത്തരവാദിത്വങ്ങളും നികുതിദായകരായ പൗരന്മാരുടെ ചുമതലയായി മാറി. ബൈഡൻ ഭരണകൂടത്തിനു കീഴിൽ ഏതാണ്ട് ഒരു കോടിയിലധികം പേർ ഇങ്ങനെ വന്നു താമസിക്കുന്നതായി കണക്കാക്കുന്നു.”
"പിള്ളേച്ചാ, അമേരിക്ക ഒരു കുടിയേറ്റ രാജ്യമാണ്. ഇവിടെയുള്ള എല്ലാവരുടെയും മുൻഗാമികൾ കുടിയേറ്റക്കാരായി വന്നവരാണ്. അതുകൊണ്ടു തന്നെ നിയമവിരുദ്ധമായി വരുന്നവരെയെല്ലാം പിടിച്ചു ജയിലിൽ അടയ്ക്കാനാവില്ല."
"എല്ലാവരെയും ജയിലിൽ അടയ്ക്കണമെന്നല്ല പറഞ്ഞത്. ഒരു രാജ്യത്തിന്റെ അതിരുകൾ കാക്കേണ്ടത് ആ രാജ്യത്തിൻറെ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്. ഇവിടെ അങ്ങനെ കയറി വരുന്നവർ ആരാണെന്നു പോലും ആർക്കും അറിയില്ല. യൂറോപ്പിൽ അഭയാർഥികളായി വന്നവരാണ് ഇന്ന് അവരുടെ ഏറ്റവും വലിയ തലവേദനയായി മാറിയിരിക്കുന്നത്. അത് മനസ്സിലാക്കിയാണ് ട്രംപ് ഇതിനെ വിമർശിക്കുന്നതും നയം മാറ്റണമെന്ന് പറയുന്നതും."
“പിന്നെയുള്ളത് ആരോഗ്യ പരിപാലനം. അമേരിക്കൻ ജനതയിൽ ഏതാണ്ട് 8 ശതമാനത്തോളം പേർക്ക് യാതൊരു വിധ മെഡിക്കൽ കവറേജും ഇല്ല. ആ പ്രശ്നം നേരിടുമെന്നാണ് കമലാ ഹാരിസ് പറയുന്നത്. എന്നാൽ ട്രംപ് അതിനെ എങ്ങനെ നേരിടുമെന്നു പറയുന്നില്ല. ട്രംപ് പ്രസിഡന്റ് ആയിരുന്ന നാല് വർഷങ്ങൾ കൊണ്ട് 20 ലക്ഷം ജനങ്ങൾക്കു കൂടി ഇൻഷുറൻസ് സംരക്ഷണം നഷ്ടപ്പെടുകയാണ് ചെയ്‌തതെന്ന് മറക്കരുത്."
"എടോ, അതാണ് ട്രംപ് പറയുന്നത്, കൂടുതൽ ബിസിനസ്സുകൾ അമേരിക്കയിലേക്ക് തിരിച്ചു വരുമ്പോൾ തൊഴിലില്ലായ്‌മ കുറയുകയും തൊഴിലാളികൾക്ക് മെഡിക്കൽ ഇൻഷുറൻസ് കമ്പനികളിൽ നിർബന്ധമാക്കുകയും ചെയ്യമെന്ന്. അതൊരു നല്ല തീരുമാനമായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്."
"കമലാ ഹാരിസിന് വേറെയും പല നല്ല ആശയങ്ങൾ ഉണ്ട്. ചെറിയ ബിസിനസ്സുകൾക്കു നികുതിയിളവ് നൽകുകയും ബിസിനസ് തുടങ്ങാൻ പണം നൽകുകയും ആദ്യമായി വീട് വാങ്ങുന്നവർക്ക് ആനുകൂല്യം നൽകുകയും തുടങ്ങി പലതും. അതുപോലെ 'അബോർഷൻ’ ന്റെ കാര്യം. ഇത്ര ശക്തമായി പറഞ്ഞ ഏതു സ്ഥാനാർഥിയുണ്ട് അമേരിക്കയുടെ ചരിത്രത്തിൽ? അപ്പോൾ പിന്നെ കമലാ ഹാരിസിന് തന്നെയല്ലേ പിള്ളേച്ചാ വോട്ടു ചെയ്യേണ്ടത്?"
"അതിനുള്ള മറുപടിയല്ലേ ട്രംപ് പറഞ്ഞത്. എന്തുകൊണ്ട് കഴിഞ്ഞ നാല് വർഷം വൈറ്റ് ഹൗസിൽ ഇരുന്നിട്ടും ഇതിൽ ഒന്നു പോലും ചെയ്യാതിരുന്നത്? ആ ഒറ്റ കാരണം കൊണ്ട് തന്നെ ട്രമ്പിനല്ലേ നിങ്ങൾ വോട്ടു ചെയ്യേണ്ടത്!"
"ഇനിയും ചർച്ച ചെയ്യാൻ വളരെ കാര്യങ്ങൾ ഉണ്ട്. തെരഞ്ഞെടുപ്പിന് ഇനിയും 40 ദിവസങ്ങൾ ഉണ്ടല്ലോ. നമുക്ക് വീണ്ടും കാണാം പിള്ളേച്ചാ."
"ശരി, അങ്ങനെയാവട്ടെ."
___________________