സ്ത്രീ സ്വത്വം സ്വാതന്ത്ര്യം എന്ന ഈ പുസ്തകം രതി ചേച്ചി എന്ന് നമ്മൾ വിളിക്കുന്ന രതീദേവിയുടെതാണ്.
ഒരുപക്ഷേ മാൻബുക്കർ സമ്മാനത്തിന് കേരളത്തിൽ നിന്നും പരിഗണിച്ച ആദ്യത്തെ എഴുത്തുകാരി രതി ചേച്ചി ആയിരിക്കാം.
മഗ്ദലീനയുടെയും - എന്റെയും - പെണ്‍സുവിശേഷം എന്ന പുസ്തകഅതിലൂടെയാണ് വായനക്കാർ രതീദേവി എന്ന എഴുത്തുകാരിയെ തിരിച്ചറിയുന്നത്.
സുശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും ഫെമിനിസ്റ്റ് ഇടപെടലുകളിലൂടെയും ഭരണകൂടത്തിന്റെ അടക്കം കണ്ണിൽ കരടായി തീർന്ന കൗമാരക്കാരിയും കലഹക്കാരിയുമായ ഒരു പെൺകുട്ടി രാജ്യംവിട്ട് അമേരിക്കയിൽ എത്തിയത് അവളെ കൂടുതൽ വളർത്തിയതേയുള്ളൂ.
ചില പ്രത്യേക തരം കപടമലയാളി ഫെമിനിസ്റ്റ്മാരുടെ കണ്ണിൽ എന്നും കരടായിരിക്കുന്നു എന്നത് രതി ചേച്ചിയെ എന്നും വ്യത്യസ്ത ആക്കുന്നു. നിരന്തര സമരക്കാരിയാകുന്നു.
സ്ത്രീപക്ഷ വിഷയങ്ങളിൽ ഇടപെടുമ്പോൾ എതിർപക്ഷത്ത് ആര് നിൽക്കുന്നു എന്ന് നോക്കി മാത്രം ഇടപെടുന്ന, സ്വന്തക്കാർ പീഡകരാകുമ്പോൾ പീഡകൾക്കൊപ്പം നിൽക്കുന്ന, സവിശേഷ ഫെമിനിസ്റ്റ് കാലഘട്ടത്തിൽ രതിച്ചേച്ചിയെ പോലെ നിലപാട് ഉള്ളവർ അപൂർവമാണ് എന്ന് പറയേണ്ടിവരും. നിയമ പരിജ്ഞാനവും സ്ത്രീവിഷയങ്ങളിലെ ആഴത്തിലുള്ള അറിവും സ്വതന്ത്ര ചിന്തകളും ശരിയുടെ പക്ഷവും ചേർന്ന രതിദേവിയുടെ എഴുത്തുകൾ വായനക്കാർ നിർബന്ധമായും വായിക്കേണ്ടതാണ്.
എഴുത്തുകാരി എന്ന നിലയിലും സ്ത്രീപക്ഷ വാദി എന്ന നിലയിലും ഇടതുപക്ഷക്കാരി എന്ന നിലയിലും സർവോപരി സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ആളുകളോട് പെരുമാറുന്നവൾ എന്ന നിലയിലും എനിക്ക് ചേച്ചിയെ വലിയ ഇഷ്ടമാണ്. എഴുത്തുകളെ നിലപാടുകളെ എല്ലാം ഒരേപോലെ പുണരുമ്പോഴും സ്വഭാവത്തിന്റെ സൗകുമാര്യം അവരെ കൂടുതൽ സുന്ദരിയാക്കുന്നു.
സംഗീതത്തെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന കാല്പനികത മാത്രമല്ല, മറുപാതിയിൽ ഞെട്ടിക്കുന്ന തരം കിടിലൻ സെൻസ് ഓഫ് ഹ്യൂമർ കൊണ്ട് കടുത്ത പ്രായോഗിക വാദിയാണ് താനെന്ന് തെളിയിക്കയും ചെയ്യും. ചിരിച്ചു മണ്ണ് കപ്പുന്ന വിറ്റുകൾ അടിച്ചു കളയും. ഒരു രക്ഷയുമില്ല.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സ്ത്രീ സ്വത്വം സ്വാതന്ത്ര്യം എന്ന പുസ്തകത്തെ സ്ത്രീ സമത്വം സാഹോദര്യം എന്ന രീതിയിൽ സബ്ജക്റ്റീവ് ആയി കൂടി വായിക്കാം എന്നതാണ് അതിൻറെ പ്രത്യേകത
ശരിയായ നിലപാടുകളെ അറിയുവാൻ ഈ പുസ്തകം നിങ്ങൾ വായിക്കു.
ബുദ്ധിജീവിചമയുന്ന എഴുത്താളർ ചമയുന്ന ഇന്നിന്റെ കപടയിടങ്ങളിൽ ഈ വാക്കുകളുടെ ഈ വ്യവഹാരത്തിന്റെ സത്യസന്ധതയുടെ വെളിച്ചം നമ്മളെ സന്തോഷിപ്പിക്കുക തന്നെ ചെയ്യും