Image

കൃപാനിധി ( കവിത : ഷൈലാ ബാബു )

Published on 28 September, 2024
കൃപാനിധി ( കവിത : ഷൈലാ ബാബു )

ചിതറിത്തെറിച്ചൊരെൻ പുഞ്ചിരിമൊട്ടുകൾ
ചിതൽപ്പുറ്റായടിയുന്നീ മൺകൂനയിൽ,
ചെഞ്ചുണ്ടിലൊളിപ്പിച്ച ചെറുഹാസരശ്മികൾ
ചേതനയറ്റപോൽ നിഴലുകളായി, ഹാ!

ചങ്കു തകർന്നു ഞാൻ ചുറ്റും തിരയവേ,
ചിന്മയരൂപനെന്മുന്നിൽ വന്നൂ
ചിരകാല സ്വപ്നത്തിൻ ചെങ്കതിർ വിരിയവേ,
ചിരിതൂകി, വല്ലഭൻ ചാരത്തണഞ്ഞിതാ!

ചിന്മയദേവന്റെ ചാരുമിഴികളിൽ
ചാഞ്ചല്യമെന്നിയേ ചായുന്നെൻ നോട്ടവും;
ചിത്താഭിലാഷങ്ങളോതിത്തളരവേ,
ചേലെഴും കരങ്ങളാൽ ചേർത്തുപിടി,ച്ചവൻ!

ചിരഞ്ജീവിയാം നാഥൻ്റെ തങ്കപ്രഭയേറ്റു
ചിമ്മിയടഞ്ഞുപോ,യെന്മിഴിപ്പൂക്കളും;
ചിത്രവർണ്ണാങ്കിത കനവുകൾ നെയ്യവേ,
ചന്ദന ശീതളത്തെന്നലിൽ മയങ്ങി ഞാൻ.

ചാരുകിരണമായ് ചെമ്മേ ചിരിച്ചവൻ
ചെല്ലം ചെരിച്ചെന്നിലൊഴുക്കി, വൻകൃപകളെ
ചരാചരപ്രഭുവിന്റെ കാരുണ്യധാരയാൽ
ചങ്കു തുറന്നവൻ ചൈതന്യമേകിനാൻ!
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക