ഒരുവന്റെ അതിജീവനത്തില്‍ കഴിവും അറിവും മാത്രം പോരാ പാരമ്പര്യഘടകങ്ങള്‍ കൂടി അനിവാര്യമാണെന്ന തോന്നലാണ് ആ ജോലി ഉപേക്ഷിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്.
ഇക്കാരണത്താല്‍ പ്രത്യേകിച്ച് മേല്‍ സൂചിപ്പിച്ച കാരണത്തിന്റെ (പാരമ്പര്യം) അഭാവത്താല്‍ തനിക്ക് അർഹതയുള്ള പലതും അതിജീവനം കൊണ്ടുപോലും നേടാനാവുന്നില്ല എന്ന തോന്നൽ അയാളിൽ കുറച്ചൊന്നുമല്ല വിഷാദം നിറച്ചത്. ഉറക്കമിളച്ചിരുന്നു പഠിച്ചു പരീക്ഷയെഴുതി മുഴുവന്‍ മാർക്കും നേടിയ സിദ്ധാന്തങ്ങളൊക്കെ തന്റെ ജീവിതത്തിൽ തെറ്റിപ്പോകുന്നത് കണ്ട ആ എ.ടെക് ഒന്നാം റാങ്കുകാരന് പിന്നെ വിഷാദമല്ലാതെ എന്താണ് അലട്ടുക. ?
ജോലി ഉപേക്ഷിച്ചതോടെ തന്റെ നേർക്കു നീളുന്ന പരിഹാസശരങ്ങളും കുറയുമെന്നായിരുന്നു അയാള് കരുതിയിരുന്നത്. പക്ഷേ, കുഷ്ഠരോഗി നാരായണേട്ടന്റെ മകന്‍ പിന്നെയും തോറ്റു എന്നു പാണന്‍ പാടി നടക്കുന്ന പാട്ടുപോലെ അയാളെ അറിയുന്നവർക്കിടയിൽ പ്രചരിച്ചു.
“അതെങ്ങനെ അപ്പനെ ആവതുള്ള കാലത്ത് ഓന്‍ നോക്ക്യോ പാവം ആ മാഷ് കുഷ്ഠം കാര്‍ന്നല്ലേ മരിച്ചത്..? ഓന്റെ ആ പെങ്ങള്പെണ്ണ് മാത്രേ അവസാനകാലത്ത് നോക്കാനുണ്ടായുള്ളൂ.. ഓള്‍ക്കാണേലോ കുട്ട്യോള് മൂന്നാ.. മാഷ് മരിക്കുമ്പോ ചെറൂത് പള്ളേലാ..ന്നിട്ടും ഓളും കെട്ട്യോനും മാത്രം ഇണ്ടായി.. ചിത വച്ചത് മരുമോനല്ലേ...മോനൊന്ന്ണ്ടായിട്ടാ മൂപ്പര്‍ക്കീ ഗതി വന്നത്.. പിന്നെങ്ങനാ ഓന് ഗതി പിടിക്കാ..?”
“അതെങ്ങനാ ഓന്‍ വര്വാ... ഓനപ്പോ എങ്ങുന്നോ കിട്ടിയ ആ വെളുത്ത പെണ്ണ് പറേണതല്ലേ കാര്യം...അല്ലേലും പ്രേമിച്ചു കെട്ടിയാ പിന്നെ അങ്ങ്‌നാ.. എങ്ങനെ വളര്‍ത്തീന്ന് പറഞ്ഞിട്ടെന്താ കാര്യം...”
കുറ്റപ്പെടുത്തലുകളില്‍ ചരിത്രരചനയുടെ രീതിശാസ്ത്രം കൈയടക്കി.
“കുടുംബത്തീന്ന് അന്ന് എറങ്ങീതാത്രെ.. പടിയടച്ച് പിണ്ഡം വച്ചൂന്നാ പറഞ്ഞ് കേട്ടത്. ന്നിട്ടും മാഷ് മരിച്ചപ്പോ കൂടെപ്പിറന്നോര് അറിയിച്ചിതാത്രെ.. ഓനാ വാശിക്ക് വരാത്തെ...”
“ന്നിട്ടിപ്പോ ന്തായി...? ശാപം... പിതൃക്കളുടെ ശാപം..! പെണ്ണും പോയി.. ഗതീം ല്ലാണ്ടായില്ലേ....”
തന്റെ ജീവിതത്തിന്റെ അധഃപതനത്തിനു കാര്യവും കാരണവും രൂപപ്പെട്ടതോടെ അയാള്‍ ആരോടും ഒന്നും ബോധ്യപ്പെടുത്താന്‍ നിന്നില്ല.
‘അല്ലെങ്കിലും ആരെ ബോധ്യപ്പെടുത്താന്‍...? തന്നെ കേള്‍ക്കേണ്ട സമയത്ത് ആരും നിന്നിട്ടില്ല..’
ഒരു മനുഷ്യനെങ്ങനെ ജന്മ-കര്‍മ്മബന്ധങ്ങളുടെ ഭൂപടത്തിലില്ലാതുവകയെന്ന് അയാള്‍ക്കിതിനു മുമ്പെയും ബോധ്യപ്പെട്ടിട്ടുണ്ട്.
ഭൂപടങ്ങളില്‍ മനുഷ്യര്‍ ഒറ്റയൊറ്റ തുരുത്തുകളാണ് .. കഥയുള്ള ചെറു മണ്‍തുരുത്തുകള്‍. ഓരോ തിര വരുമ്പോഴും ചിലപ്പോ എന്തെങ്കിലുമൊന്ന്് ആ തുരുത്തില്‍ നിക്ഷേപിക്കും.. ചിലപ്പോ വരുന്ന തിര ആ തുരുത്തിലെ എന്തിനെയെങ്കിലും കൊണ്ടാവും തിരിച്ചുപോവുക...അതുപോലെ തന്നെയാണ് മനുഷ്യരും ജീവിതവും.
പൊരുതിപ്പൊരുതി താനിവിടെ ജീവിച്ചതിന്റെ ഒരവശേഷിപ്പു പോലും ബാക്കിയില്ലാതെ ഒടുവില്‍ കടലെടുത്താണ് പല മനുഷ്യരും ഭൂപടത്തില്‍ നിന്നില്ലാതാവുന്നത്. ഭൂപടത്തിലില്ലാതാവുന്ന മനുഷ്യര്‍ക്ക് ചരിത്രമുണ്ടാ യിരിക്കുമത്രെ… അതിജീവനത്തിന്റെ ചരിത്രം...
കടലെടുക്കുവോളം പോരാടാമെന്നുള്ള തോന്നലാണ് അയാളെ ആ യാത്രക്കു പ്രേരിപ്പിച്ചത്.
സ്ഥലകാലങ്ങളുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആദിയും അനന്തവുമൊന്നാകുന്നതുവരെ , ലക്ഷ്യമേതുമില്ലാതെയുള്ള യാത്ര.. അതുവരെ കൃത്യതയോടെയുണ്ടായിരുന്ന അയാളുടെ ജീവിതരീതികളെയെല്ലാം ഉപേക്ഷിച്ച് യാത്ര.
യാത്രക്കു മുന്നോടിയായി അയാള്‍ ഭാര്യക്കായി എഴുതി. ഒസ്യത്തെന്നോണം.
‘ഡിയര്‍ എക്‌സ്, (എക്‌സ് എന്നാല്‍ ഇപ്പോള്‍ അങ്ങനെയൊരു പദവിക്ക് അവകാശിയല്ലാത്തതെന്നുകൂടി അര്‍ത്ഥമുണ്ടല്ലോ)
ഇനി പ്രതീക്ഷിക്കേണ്ടതില്ല. നിന്റെ കഴുത്തിലെ താലിച്ചരട് എനിക്കു തന്നെ പൊട്ടിച്ചു കളയണമെന്നുണ്ട്. നീ തന്നെ അതു ചെയ്യുക. മക്കളില്‍ അവശേഷിക്കുന്ന ജീനുകളില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനാല്‍ അത് തുടരുക.. മക്കളെ നിന്റെ ഐഡിന്റിറ്റിയില്‍ വളര്‍ത്തുക. ഈയുള്ളവനെ മറന്നേക്കൂ.. നിന്റെ ഓര്‍മ്മഭൂപടത്തിലോ, കുടുംബഭൂപടത്തിലോ ഇടം പിടിക്കാന്‍ ആഗ്രഹമില്ല.. നിന്റെ ഭൂപടങ്ങളില്‍ നിന്നെന്നോ മാഞ്ഞതാണ് ഞാന്‍..
നന്ദി.’
ജന്മ-കര്‍മ്മബന്ധങ്ങളുടെ അവസാനത്തെ നൂല്‍ബന്ധമായി കരുതിയ അതും അയാളങ്ങനെ പൊട്ടിച്ചു സ്വതന്ത്രനായി.
പിന്നീടൊരു പാലായനമായിരുന്നു.
യാത്രക്കിടയില്‍ കണ്ടു മുട്ടിയ പല മുഖങ്ങളും അയാള്‍ക്കു താദാത്മ്യപ്പെടാന്‍ കഴിയുന്നതായിരുന്നു. ആ താദാത്മ്യപ്പെടല്‍ അയാളില്‍ പുതിയൊരു തുരുത്ത് ഉരുവപ്പെടുന്നതിനു കാരണമായി.
പുതിയ തുരുത്തില്‍ പാര്‍ക്കാന്‍ അയാള്‍ ആ യാത്രക്കിടയില്‍ കണ്ട പല മുഖങ്ങളെയും ക്ഷണിച്ചു.. തുരുത്തിനു വേണ്ടിയുള്ള ഭൂമിക്കായുള്ള അലച്ചില്‍ അയാളെ തിരികെ നാട്ടില്‍ തന്നെ എത്തിച്ചു.
തനിക്കവകാശപ്പെട്ട നാലു സെന്റ് പുരയിടത്തില്‍ അയാള്‍ തിരിച്ചെത്തിയതിന്റെ പിറ്റേന്ന് ഒരു ബോര്‍ഡ് വെച്ചു.
“‘ഇടം’
ഭൂപടങ്ങളില്‍ നിന്നില്ലാതായവരുടെ ഇടം.”
“നാരായണന്‍ മാഷ്ടെ മകന് വീണ്ടും സൊകല്യാണ്ടായോ..?
വീണ്ടും കുറ്റപ്പെടുത്തലുകളുടെ സമ്മേളനം
അയാള്‍ക്കൊപ്പം ആ വീടുകളില്‍ പ്രത്യക്ഷപ്പെടുന്ന അപരിചിതരുടെ സെന്‍സസ് എടുക്കാന്‍ നാട്ടുകാര് പുലര്‍ച്ചെ മുതല്‍ക്കെ അവിടെ കൂടി.
“അത് മ്മടെ മാളിയേല്‍ത്തെ കുറുപ്പിന്റെ അമ്മേല്ലേ..?”
“ഏത് മ്മടെ അമേരിക്കേലുള്ള കുറുപ്പുമുതലാളീടെയോ..?”
“അതന്നെ”
“ഓരെയല്ലേ കുറുപ്പുസാര്‍ ഏതോ വല്യ സദനത്തില്‍ കൊണ്ടാക്കീട്ടുള്ളത്.”
“തന്നെ...ന്നിട്ടും ഓരെന്ത്യേവിടെ..?”
“തള്ളക്കുമിനി സുഖല്യാണ്ടായേ..?”
മധ്യവയസ്‌കരുടെ ചര്‍ച്ച അങ്ങനെ കൊഴുത്തുവരുന്നിടയിലാണ് ആ വീടിന്റെ അടുക്കളേന്ന് മുപ്പത്തഞ്ചിനു മുകളില്‍ പ്രായം വരാത്ത ഒരു യുവതി പ്രത്യക്ഷപ്പെട്ടത്.
“അത് ഗ്രേസിയല്ലേ..?” ഏതോ ചെറുപ്പക്കാരന്‍ അവളെയും തിരിച്ചറിഞ്ഞു.
“ഗ്രേസിയോ.. അതാര്...?” പരിചയമില്ലാത്തവര്‍ക്ക് അറിയാനുള്ള വെമ്പല്‍
“ആ...ഓള്...ഓള് തന്നെ... ഓള് മറ്റേതാണേ...”
“മറ്റേതോ..!”
“ആ മറ്റേതന്നെ... നെറ്റിലൊക്കെ ഓള് ഫേമസാ... ഓള്‌ടെ വീഡിയോ കുറെയ്‌ണ്ടേ.”.. ആണുങ്ങളെല്ലാം കുലുങ്ങിച്ചിരിച്ചു.
“ദേ..നോക്ക്... ഒമ്പതൊന്ന് .. കണ്ടില്ലേ.....ആണൊന്ന് പെണ്‍വേഷം കെട്ടിയെറിങ്ങിയത്..”
“ന്റെ ബദ്രിങ്ങളെ... നാട് മുടിക്വോ ഈ ചെറ്ക്കന്‍..?”
വീണ്ടും അയാള്‍ക്കെതിരെ വാക്കുകള്‍.
അങ്ങനെ അയാള്‍ക്കൊപ്പം അവിടെയുള്ള മനുഷ്യരെ ഓരോന്നായി ആളുകള്‍ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു.
തന്റെ മകള പീഡിപ്പിച്ചയാളെ വെട്ടിക്കൊന്ന് ജയില്‍ശിക്ഷ അനുഭവിച്ച രാഘവന്‍, തന്നെ കള്ളക്കേസില്‍ കുടുക്കിയതിനെ തുടര്‍ന്ന് വീട്ടുകാരെല്ലാം ആത്മഹത്യ ചെയ്ത് അനാഥനായിത്തീര്‍ന്ന ഇരുപതുകാരന്‍ മാനുവല്‍, എയ്ഡ്‌സ് ബാധിതയായതിന്റെ പേരില്‍ എല്ലാരാലും ഉപേക്ഷിക്കപ്പെട്ട ലീല, ദുരഭിമാനക്കൊലയുടെ ഇരയായ തേന്‍മൊഴി, ഭാര്യ മറ്റൊരാളുടെ കൂടെ പോയതിന്റെ വിഷമത്തില്‍ തനിക്കുള്ളതെല്ലാം ചുട്ടുകത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച് 65% പൊള്ളലോടെ ജീവിക്കുന്ന റഷീദ്, തന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞപ്പോള്‍ ആരാലും അംഗീകരിക്കാതെ തെരുവിലായി പോയ സുല്‍ഫിയാനത്ത് എന്ന ബഷീര്‍ ..... അങ്ങനെ പൊതുധാരയില്‍ നിന്നും തഴയപ്പെട്ടവരെ കണ്ട ആളുകള്‍ക്ക് ദേഷ്യവും അമര്‍ഷവും കൂടിവന്നതോടെ പോലീസും സ്ഥലത്തെത്തി.
ഒടുവില്‍ നാട്ടുകാരുടെ പ്രതിഷേധത്തിനു വഴങ്ങിപോലീസുകാര്‍ അവരെ ആ വീട്ടില്‍ നിന്നും പുറത്താക്കി..
കൂടിനിന്ന ആളുകളത്രെയും ഇത് തങ്ങളുടെ വിജയമെന്ന് അവകാശപ്പെട്ടു.
ഒറ്റയൊറ്റ തുരുത്തുകളായിരുന്ന അവിടുത്തെ അന്തേവാസികള്‍ ആ ജനങ്ങള്‍ക്കിടയിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നു..
കൂട്ടത്തില്‍ പലരും അവരെ തെറിവിളിച്ചാനന്ദിച്ചു. മറ്റു പലരാകട്ടെ കിട്ടിയ അവസരത്തില്‍ ആ പെണ്‍ശരീരങ്ങളെ തൊട്ടും തലോടിയും സുഖം കണ്ടെത്താന്‍ ശ്രമിച്ചു..
അവര്‍ കൈകള്‍ കോര്‍ത്തുപിടിച്ചു നടന്നു.. മുന്‍പില്‍ ആയാള്‍..
അതിജീവനത്തിന്റെ സകല സിദ്ധാന്തങ്ങളും തെറ്റിച്ച ഒറ്റയൊറ്റ മനുഷ്യതുരുത്തുകളങ്ങനെയൊരു സമുദ്രമായി..അവരങ്ങനെ മറ്റൊരു സമുദ്രത്തിനോട് താദാത്മ്യപ്പെട്ടു...
വീണ്ടും ഭൂപടങ്ങളില്‍ നിന്നില്ലാതാവുന്ന തുരുത്തുകളായി..