റീന സാമിനെ പല അളവുകോലുകള്‍ കൊണ്ട് അളക്കാന്‍ ശ്രമിച്ചിട്ടും അവള്‍ക്ക് അവനെ മൊത്തമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. അല്ലെങ്കില്‍ ആര്‍ക്കും ആരേയും പൂര്‍ണ്ണമായി അറിയാന്‍ കഴിയുമോ എന്നൊരു ചോദ്യത്തോട് മറ്റൊരു വിഷയത്തിലേക്കു കടന്ന് അന്തരീക്ഷത്തെ ലഘൂകരിച്ച് പുത്തന്‍ മേച്ചില്‍പുറങ്ങളില്‍ അഭിരമിക്കാം. റീനയും അങ്ങനെ തന്നെയായിരുന്നു. പക്ഷേ സാമിനോട് അധികം അകലം പാലിക്കുന്തോറും എന്തോ ഒന്ന് അയാളിലേക്ക് അടുപ്പിക്കുന്നു. ബര്‍ഗര്‍കിംഗ് കാലത്തെ സാമിനെ അറിയും. അയാളും കുറച്ചു നാള്‍ അവിടെ ജോലിചെയ്തിരുന്നു. അക്കാലത്തെ സാം എല്ലാവിധ എടുത്തുചാട്ടങ്ങളുടേയും ആള്‍രൂപമായിരുന്നു. സീതയെ പരിചയപ്പെട്ടുവരുന്നതെയുള്ളായിരുന്നു. തന്റെ വളരുന്ന ഗര്‍ഭത്തെനോക്കി സഹതാപത്താലെന്നപൊലെ പലപ്പോഴും സാം തനിക്കു ചെയ്യേണ്ട ജോലിയിലെ ഭാരമുള്ളഭാഗങ്ങള്‍ സ്വയം ഏറ്റെടുക്കും. അന്നേ ഈ ചെറുപ്പക്കാരന്‍ താന്‍ ഇതുവരെ കണ്ടവരില്‍ നിന്നും വ്യത്യസ്ഥനെന്നു തിരിച്ചറിഞ്ഞിരുന്നു. അല്ലെങ്കില്‍ അമേരിയ്ക്കയില്‍ ആരും സ്ത്രിയെന്നോ ഗര്‍ഭിണിയെന്നോ പരിഗണിക്കാറില്ല... പ്രത്യേകിച്ചും ഒരു കറുത്ത വംശജയോട്.പെട്ടന്നൊരു ദിവസം സാമിനെ കുറച്ചു നാള്‍ കാണാതായി. അന്നായിരുന്നു ജെയ്ക്കിന്റെ അമ്മ അവനെ റേപ്പ് കേസില്‍ കുടുക്കിയത്. ആ കഥകള്‍ വളരെ സങ്കടത്തോടവന്‍ പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. അവനോടുള്ള അനുകമ്പ വര്‍ദ്ധിച്ചതെയുള്ളു. സീത അവനെ പൂര്‍ണ്ണമായി വിശ്വസിക്കുന്നു എന്നവന്‍ പറയുമ്പോള്‍ അവന്റെ മുഖത്തു വിരിഞ്ഞ ചിരി ഒരിക്കലും മറക്കില്ല. പിന്നെ അയാള്‍ പോസ്റ്റ്മാനായി വന്ന് പരിചയം പുതുക്കി അപ്പോഴേക്കും താന്‍ റോബിനെ പ്രസവിച്ച് തിരിച്ചു ജോലിയില്‍ പ്രവേശിച്ചിരുന്നു. പോസ്റ്റാഫിസിലേക്കുള്ള വഴിതുറന്നത് സാമാണ്. എഴുത്തു പരീക്ഷയില്ലാതെ മെയില്‍ സോര്‍ട്ടിങ്ങില്‍ ആളെയെടുക്കുന്നു എന്ന അറിവില്‍ വെറുതെ തെരേസയേയും കൂട്ടിപ്പോയതാണ്. ജോലി സ്ഥിരതയും ഉയര്‍ന്ന ശമ്പളവും ജീവിതത്തില്‍ പുതിയ ഒരു ഉണര്‍വ് തന്നതിനുള്ള കാരണം ഒരടിമസ്ത്രി ഗവര്‍ന്മനെറ്റ് ശബളം വാങ്ങുന്ന ജോലിക്കാരിയായല്ലൊ എന്ന ചിന്തയായിരുന്നു. ജോര്‍ജ്ജയില്‍ നിന്നും ഇനി എന്തെന്ന ചിന്തയില്‍ വണ്ടികയറുമ്പോള്‍ ചിന്തിക്കാത്ത വഴികളിലൂടെ ജീവിതം വഴിമാറിപ്പോകുന്നതോര്‍ത്തപ്പോള്‍ മനസ്സില്‍ നിറവുണ്ടായോ...? മകനെ വല്യവനാക്കണം. അതായിരുന്നു സ്വപ്നം. അശരണരായവരുടെ നീതിക്കുവേണ്ടി പൊരുതുന്ന ഒരു വക്കില്‍...പക്ഷേ...?
കാലം ഒരോരുത്തര്‍ക്കും ഒരോന്നാണു കരുതുന്നത്... സാമിനു കാലം കൊടുത്തതെന്താണ്. തീര്‍ച്ചയായും സീത അവന്റെ ഭാര്യയായി. അതിന്റെ പിന്നിലെ സമരങ്ങളുടെ കഥയവന്‍ പറഞ്ഞിട്ടുണ്ട്.സീത ഭൂമിപിളര്‍ന്ന് മറഞ്ഞന്നവന്‍ പറയും. മിച്ചമായ മകളെ പാരമ്പര്യങ്ങളില്‍ വളര്‍ത്താന്‍ അവന്‍ സീതയുടെ മാതാപിതാക്കള്‍ക്ക് വിട്ടുകൊടുത്തത് ഏറെ ചിന്തിച്ചതിനു ശേഷമാണ്. അന്നേ അവനോടു പറഞ്ഞതാണ് തെരേസയോ താനോ ആ കുട്ടിയെ വളര്‍ത്താമെന്ന്. പക്ഷേ അവന്‍ പറഞ്ഞത് അതിനുള്ള അവകാശം കുഞ്ഞിന്റെ മുത്തശ്ശിക്കും, മുത്തച്ഛനും എന്നാണ്. ഞാന്‍ അവരുടെ മകളെ അവളുടെ പാരമ്പര്യങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റിയപ്പോള്‍ അവര്‍ വേദനിച്ചു. ഒരിന്ത്യക്കാരാന്‍ എന്നവകാശപ്പെടാമെങ്കിലും, അടിമവേലയ്ക്കായി ഗയാനയില്‍ വന്നവന്റെ പാരമ്പര്യത്തില്‍ ഗയാനി എന്ന അടയാളപ്പെടുത്തല്‍ അമേരിയ്ക്കനായിട്ടും മാറുന്നില്ല. അതു മാറാന്‍ പാടില്ല ഒരൊരുത്തരും പാരമ്പര്യത്തിന്റെ അടിത്തറ തേടിപ്പൊകുമ്പോള്‍ വേണമെങ്കില്‍ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ കഥ പറയാം... പക്ഷേ ജനിച്ച നാടല്ലെ സ്വന്തം നാട്... ഗര്‍ഭം ധരിച്ചു പ്രസവിച്ചവളല്ലെ അമ്മ... അല്ലെങ്കില്‍ പോറ്റമ്മയെന്നല്ലെ വിളിക്കാന്‍ പറ്റു. സാമിനെ ഗയാനി എന്നു വിളിക്കുന്നതില്‍ എന്താണു കുഴപ്പം. അവന്‍ ഗയാനയുടെ മണ്ണിലല്ലെ പെറ്റുവീണത്.... പിച്ചവെച്ചതും ആ മണ്ണില്‍... അപ്പോള്‍ അവന്‍ ഗയാനിതന്നെ. എന്നാല്‍ ഇപ്പോള്‍ ചിലരെല്ലാം പുതിയ വര്‍ഗ്ഗിയതയുടെ പുത്തന്‍ മുദ്രാവാക്യവുമായി ഇറങ്ങിയിട്ടുണ്ട്; 'ഗോ ബാക്ക് റ്റു യുവര്‍ കണ്ട്രി.' നിന്റെ രാജ്യത്തിലേക്ക് മടങ്ങിപ്പോകാന്‍ പറയുന്നവര്‍ എന്റെ രാജ്യം ഏതെന്നു കാട്ടിത്തരണ്ടെ... ഇതവന്റെ രാജ്യം എന്നവന്‍ ഉറപ്പിക്കുന്നു. അതാണവന്‍ പറയുന്നതിന്റെ പൊരുള്‍...അല്ലെങ്കില്‍ ഇതു തൊലിവെളുത്തവന്റെ മാത്രം രാജ്യം... നിനക്കു വെണമെങ്കില്‍ ഞങ്ങള്‍ക്കുവേണ്ടി അടിമപ്പണിചെയ്ത്, അവകാശങ്ങള്‍ ചോദിക്കാത്തവനായി, വോട്ടവകാശമില്ലാത്തവനായി ഇവിടെ കഴിയാം...
എല്ലാ കുടിയേറ്റക്കാരനും കാലന്തരത്തില്‍ എവിടെയാണോ അവിടം സ്വന്തം രാജ്യം എന്നെണ്ണുമ്പോഴും നീ അന്യന്‍ എന്നു ചൂണ്ടിക്കാട്ടാന്‍ ആരൊക്കയോ നമുക്കുനേരെ വിരല്‍ ചൂണ്ടുന്നു. ഒന്നും സ്വന്തമായിട്ടില്ലാത്തവന്റെ അന്യതാബോധം പേറി നടക്കുന്നവനെ തിരിച്ചറിഞ്ഞിട്ടാകും സാമിനോടു പെട്ടന്നടുത്തതെന്നു റീന ഓര്‍ക്കുമ്പോള്‍ ഒരേതൂവ്വല്‍ പക്ഷികള്‍ എന്നൊരു ചിരി ഉള്ളില്‍ വിരിയുന്നത് ആരെങ്കിലും തിരിച്ചറിഞ്ഞിരുന്നുവോ...? നൂറ്റാണ്ടുകളായി ആരെന്നറിയാത്ത ഒരു ജനത സ്വന്തം ഇടം അടയാളപ്പെടുത്താനുള്ള സമരങ്ങളില്‍, തൊലിയുടെ നിറം നോക്കാതെ അവര്‍ക്കൊപ്പം കൈകോര്‍ക്കാന്‍ സാമും, ആന്‍ഡ്രുവും ഒക്കെ മുന്നോട്ടുവന്നത് അവരും സ്വന്തം ഇടം നഷ്ടപ്പെട്ടവര്‍ എന്ന തിരിച്ചറിവില്‍ ആയിരിക്കാം. സീതയുടെ മരണം സാമെന്ന കുടിയേറ്റക്കാരനെ വല്ലാതെ ഒറ്റപ്പെടുത്തിയിരുന്നു. സ്വന്തമെന്നു പറയാന്‍ അയാള്‍ക്കൊരു മോള്‍ മാത്രം. തനിക്കോ…? ഒരേ ഒരു സഹോദരി മരിച്ചൊ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല! അവന്റെ. അമ്മ കാലയവനികയില്‍ മറഞ്ഞപ്പോള്‍ സീതയായിരുന്നവനെല്ലാം. സീതയും അവനെ ഒറ്റക്കായി ഉപേക്ഷിച്ചതെന്തിനെന്നവന്‍ ഇടക്കിടക്കു തേങ്ങും. അപ്പോള്‍ അവനെ കൂടുതല്‍ തന്റെ മാറിലേക്ക് ചേര്‍ത്തമര്‍ത്തി; നിനക്കു ഞാനുണ്ടെന്നു പറഞ്ഞാലും സീത ഒഴിഞ്ഞ ഇടം നിറയ്ക്കാന്‍ എന്റെ മാറിലെ ചൂടുപോരെന്നറിയും. അപ്പോള്‍ ഒരുതരം അസൂയയാല്‍ തലതിരിക്കും. ഒരു ബീയറിലോ സിഗരറ്റിലോ ഒളിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സാമിനെ നോക്കി പറയും നിങ്ങളുടെ സംസ്‌കാരത്തിന്റെ പൈതൃകത്തില്‍ എനിക്കും ബഹുമാനം തോന്നുന്നു. ഒരു കറുത്ത വംശജന് ഇത്തരം സമര്‍പ്പണം അറിയില്ല. അവരുടെ ജീവിതത്തില്‍ സ്ഥിരമായി ഒന്നും ഇല്ല. പ്രകൃതിപോലെ അതു മാറിക്കൊണ്ടേയിരിക്കും. അതുകേട്ട് സാം ചിരിച്ചുകൊണ്ടു പറയും; അതു കറുത്ത വംശജരുടെ മാത്രം പ്രശ്‌നമല്ല. അമേരിക്കയുടെ പൊതു മനസ്സങ്ങനെയാണ്. സ്വാര്‍ത്ഥത... മറ്റാരൊടും സ്‌നേഹവും കരുതലും ഇല്ലാത്ത ഒരു പൊതു സമൂഹത്തിന് അങ്ങനേ ആകാന്‍ കഴിയുകയുള്ളു.
സാമിനോടടുപ്പം തോന്നിയതെപ്പോഴെന്ന് റീന ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഒരു പ്രത്യേക ദിവസമോ സമയമോ ചൂണ്ടിക്കാണിക്കാന്‍ പറ്റുമോ. പടിപടിയായി ഉള്ളില്‍ ഒരിഷ്ടമായി മാറുകയായിരുന്നു.ഒഴിവുസമയങ്ങളില്‍ അവനോടു മാത്രം മാറിയിരുന്നു സംസാരിക്കുമ്പോള്‍ തന്റെ മനസ്സു വായിച്ചിട്ടെന്നെവണ്ണം തെരേസ ദൂരെ മാറിയിരുന്ന് കടക്കണ്ണിട്ടു നോക്കിച്ചിരിക്കും. പക്ഷേ അവരൊന്നും കരുതുന്നപോലൊരു ബന്ധം ഞങ്ങള്‍ക്കിടയില്‍ അന്നില്ലായിരുന്നു. പക്ഷേ അവനോട് കൂടുതല്‍ കൂടുതല്‍ സംസാരിക്കണമെന്നും, അടുത്തുതന്നെ ഉണ്ടായാല്‍ നന്നായിരുന്നു എന്നും ആഗ്രഹിക്കും. അവന്‍ പോകുമ്പോള്‍ മനസ്സില്‍ നിന്നും എന്തോ ഒഴിഞ്ഞുപോകുന്നപോലെ ഒരു തോന്നല്‍ അതൊക്കെ അവനോടുള്ള ഇഷ്ടമായിരുന്നുവോ... അറ്റ്‌ലാന്റയിലെ ജീവിതവും വിശേഷങ്ങളും പറയും, ക്ലാനിന്റെ കൈകളാല്‍ കൊല്ലപ്പെട്ട മൂത്ത സഹോദരനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പറയുമ്പോള്‍, കാണാതായ രണ്ടാമത്തെ സഹോദരനെ എന്നെങ്കിലും കണ്ടുമുട്ടുമെന്ന് പ്രത്യാശപ്പെട്ടത് അവന്റെ സഹോദരിയും ഒരു ദിവസം തിരിച്ചു വരുമെന്നൊരു മോഹം അവനിലും മരിക്കാതെ കിടക്കട്ടെ എന്നുവെച്ചാണ്. അവന്റെ കണ്ണുകളില്‍ ചെറിയ തിളക്കം അപ്പോള്‍ കാണാം. തന്റെ കഥയിലെ ഒരു ചെറുഭാഗം മാത്രം അവനോടു പറഞ്ഞില്ല. തന്നെ ബലാല്‍സംഘം ചെയ്തവന് തന്റെ അച്ഛന്റെ മുഖമായിരുന്നു എന്നു പറയാന്‍ എന്തുകൊണ്ടോ തോന്നിയില്ല.
സീത മരിക്കുന്നതുവരേയും അവനോടുള്ള അടുപ്പം എങ്ങനെ എന്നു നിര്‍വചിച്ചിട്ടില്ലായിരുന്നു. സീതയുടെ മരണശേഷം അവനെ ബാറിന്റെ മുന്നില്‍ നിന്നും ആശുപത്രിയില്‍ ആക്കിയതിനു ശേഷം അവന്റെ ദുഃഖങ്ങള്‍ പങ്കുവെയ്ക്കാനും ഒപ്പം കരയാനും അല്പം കൂടി അടുക്കുമ്പോഴും മനസ്സില്‍ ഇങ്ങനെ ഒരു ബന്ധം ഉണ്ടാകുമെന്നു കരുതിയില്ല.ക്രെമേണ സ്വഭാവികമായി അങ്ങനെയൊരു ബന്ധം വളരുകയായിരുന്നു. ആശുപത്രിയില്‍ നിന്നും അവന്റെ അപ്പാര്‍ട്ടുമെന്റില്‍ വന്നതിനുശേഷം വീണ്ടും അവന്റെ ജീവിതം താളപ്പിഴകളുടെ തീരങ്ങളിലായി. കള്ളുകുടിയും കഞ്ചാവും പതിവായി ഒരാഴ്ചയോളം ജോലിക്കുവരാതിരുന്നപ്പോള്‍ തെരേസയോടാണാദ്യം പറഞ്ഞത് അവനെ അന്വേഷിക്കണമെന്ന്. അവള്‍ തന്ന ധൈര്യവുമായിട്ടാണ് അവന്റെ അപ്പാര്‍ട്ടുമെന്റിന്റെ കതകില്‍ മുട്ടിയത്. വളരെ നേരത്തെ കാത്തിരിപ്പിനൊടുവില്‍ പാതിമയക്കത്തിലെന്നപോലെ അവന്‍ കതുകു തുറന്ന് ഒരു പരിചയം ഇല്ലാത്തവനെപ്പോലെ തന്നെ തുറിച്ചുനൊക്കി നിന്നതെയുള്ളു. ആ മൂറിയാകെ അവന്റെ ജീവിതം പോലെ താറുമാറായി കിടന്നിരുന്നു. തനിക്കെന്തോ അവകാശം ഉള്ളതുപോലെ അവന്റെ മുറിയെല്ലാം വൃത്തിയാക്കി തൂത്തുതുടച്ചു. സോഫയില്‍ പകുതികുടിച്ച ബീയര്‍ക്യാനിലേക്ക് തുറിച്ചുനോക്കി, അവടെ തന്റെ സാന്നിദ്ധ്യം അറിയാത്തവനെപ്പോലെ ഇരിക്കുന്നവനെ നിര്‍ബന്ധിപ്പിച്ച് ബാത്തുറുമിലാക്കി കുളിക്കാന്‍ വിട്ടു. കളികഴിഞ്ഞുവന്നവന് പിസ കഴിക്കാന്‍ കൊടുത്തു. അപ്പോഴേക്കും അവന്‍ പകുതി സ്വബോധത്തിലേക്ക് വന്നിരുന്നു. അവനൊപ്പമിരുന്ന് അപ്പോള്‍ മാത്രം വരുത്തിയ ചൂടുള്ള പിസ കഴിച്ച് കുറെ പറഞ്ഞു. അവന്‍ മൂളിക്കേള്‍ക്കാന്‍ തുടങ്ങി...പിന്നെ വിങ്ങി വിങ്ങി കരഞ്ഞു. അവനെ ഒരു കുട്ടിയെ എന്നപോലെ തന്നിലേക്ക് അടുപ്പിച്ച് അവന്റെ സങ്കടങ്ങള്‍ തന്റേതും എന്നവനെ അറീയിച്ചു. അവന്‍ തന്നിലേക്കിറങ്ങിയത് ഓര്‍ക്കാത്ത വിനാഴികയിലായിരുന്നു.
അവനിലെ കാറ്റും കോളും അടങ്ങി അവന്‍ സ്വത്വത്തിലേക്ക് മടങ്ങി ജോലിക്കു വരാമെന്നു സമ്മതിച്ചു. അവന്റെ മോളെ കാണാന്‍ അവന്‍ കൊതിച്ചു. അവള്‍ക്ക് റോബിനേക്കാള്‍ രണ്ടുവയസേ കുറവുള്ളു. റോബിനു പകരമായി അവളെ വളര്‍ത്താമെന്നേറെപ്പറഞ്ഞെങ്കിലും അവനതു സമ്മതമായില്ല. വേണമെങ്കില്‍ എല്ലാവരും ഒന്നിച്ച് താമസിക്കാമെന്നു പറഞ്ഞിട്ടും അവന്റെ മനസ്സിനു സന്തോഷമുള്ളതായികണ്ടില്ല എന്നതിനാല്‍ ആ ആശയം അന്നേ ഉപേക്ഷിച്ചു.പിന്നെ കാലം പോകെപ്പോകെ അവന്‍ മകളെക്കുറിച്ച് അധികം പറയാതെയായി. അവര്‍ തമ്മില്‍ അധികം കാണാറില്ലെന്നു ഒരിയ്ക്കല്‍ അവന്‍ പറഞ്ഞു. അതിനു കാരണം എന്താണെന്നു വ്യക്തമായി പറഞ്ഞില്ലെങ്കിലും, അഴിഞ്ഞാട്ടക്കാരിയായ ഒരു കറുത്തവളൊടൊപ്പം ബന്ധം തുടങ്ങിയ അപ്പനെ അവള്‍ക്കു വേണ്ടെന്ന നിലപാടില്‍ മുത്തച്ഛനും, മുത്തശ്ശിയും അവളെ കൂച്ചുവിലങ്ങില്‍ നിര്‍ത്തിയിരിക്കുന്നു. വേണമെങ്കില്‍ അവളെ തിരികെ തനിക്കൊപ്പം താമസിപ്പിക്കാമെങ്കിലും, ഒരു പെണ്‍കുട്ടിയുടെ സമയാസമയങ്ങളിലെ ആവശ്യങ്ങളുടെമേല്‍ ഒരപ്പനു പരിമിതകള്‍ ഉണ്ടെന്ന തിരിച്ചറിവില്‍ അതുവേണ്ടന്നു വെച്ചു. അതു പറയുമ്പോള്‍ നിനക്കുവേണ്ടി ഞാന്‍ എന്റെ മകളെ അകറ്റിനിര്‍ത്തി എന്നൊരു ധ്വനി ഉണ്ടായിരുന്നുവോ... റീന ഓര്‍ത്തുനോക്കി.ഹേ അങ്ങനെയൊന്നും സാം ചിന്തിച്ചിട്ടുണ്ടാവില്ല. തന്റെ സാന്നിദ്ധ്യം അവന്‍ ഇഷ്ടപ്പെടുന്നതായി തിരിച്ചറിഞ്ഞിരുന്നു. പക്ഷേ താന്‍ അഴിഞ്ഞാട്ടക്കാരിയെന്ന് സീതയുടെ വീട്ടുകാര്‍ക്ക് എങ്ങനെ മുദ്രകുത്താന്‍ പറ്റും. കാണുന്നവരെയെല്ലാം വിളീച്ച് മുറിയില്‍ കൊണ്ടുവരാന്‍ തനിക്കു കഴിയുമായിരുന്നുവോ...ഒരാണിനുവേണ്ടി ആഗ്രഹിക്കാഞ്ഞിട്ടല്ല... എന്റെ മകനെ അന്തസില്‍ അഭിമാനത്തോട് വളര്‍ത്തണം അതുമാത്രമായിരുന്നു മോഹം.... പിന്നെ സാമുമായി ഇങ്ങനെ ഒരു ബന്ധം ആഗ്രഹിച്ചല്ല അടുത്തത്...എങ്ങനെയോ ഇങ്ങനെയൊക്കെ ആയി.അതില്‍ രണ്ടാള്‍ക്കും സന്തോഷമേയുള്ളു എന്നതിനാല്‍ മറ്റുള്ളവരുടെ പരാധികള്‍ അവര്‍ക്കൊപ്പം മരിക്കട്ടെ... റോബിന്റെ മരണ ശേഷം സാമിനൊപ്പം ഏറെ സമയം ചിലവഴിക്കുന്നത് രണ്ടുപേരുടെയും സമാന മനസ്സുകളുടെ പരസ്പര സ്വാന്തനപ്പെടുത്തല്‍ ആണെന്ന് ആരെങ്കിലും തിരിച്ചറിയുമോ... തീര്‍ച്ചയായും തെരേസ തന്നെ കുറ്റപ്പെടുത്തുകില്ല. മറിച്ച് അവള്‍ക്ക് സന്തോഷമായിരുന്നു. റീന നിനക്കൊരു കൂട്ടുവേണം അവള്‍ ഒരിയ്ക്കല്‍ അങ്ങനെയാണതിനെക്കുറിച്ച് പറഞ്ഞത്. എന്റെ സഹോദരിയും അമ്മയുമായവളെ ഞാന്‍ നിന്നോട് ഏറെ കടപ്പെട്ടിരിക്കുന്നു...
ഒരു ദിവസം സാം ചിരിച്ചുകൊണ്ടവളൊടു പറഞ്ഞു; 'സംഭവാമി യുഗേ യുഗേ... സംഭവിക്കേണ്ടതൊക്കേയും സംഭവിക്കും
''എന്താണു സാം നീ വളരെ ഉല്ലാസവാനായി കാണുന്നല്ലോ... എന്താണു സംഭവിച്ചത്...നിന്റെ ജീവിതത്തില്‍ നല്ലതു സംഭവിക്കുന്നതില്‍ എനിക്കും സന്തോഷമുണ്ട്...''
''സംഭവിച്ചത് നല്ലതാണോ ചീത്തയാണോ എന്നെനിക്കറിയില്ല... എന്റെ മകള്‍ എത്യോപ്യക്കാരനായ ഒരു കറുത്തവന്റെ കൂടെ ജീവിതം തുടങ്ങി എന്നറിഞ്ഞു.'' സാം ഒന്നു നിര്‍ത്തി റീനയെ ശ്രദ്ധിച്ചു റീന പ്രതികരിക്കുന്നില്ലന്നറിഞ്ഞപ്പോള്‍ സാം പറഞ്ഞു; ''എന്റെ മകളുടെ തെരഞ്ഞെടുപ്പിലെ ശരി തെറ്റുകള്‍ കാലമാണു തെളീയ്ക്കണ്ടത്... പക്ഷേ ഒരു കാര്യം ഉണ്ട് എന്റെ ഭാര്യവീട്ടുകാര്‍ എന്തു ഭയന്ന് എന്റെ മകളെ എന്നില്‍ നിന്ന് അകറ്റിയോ അതുതന്നെ സംഭവിച്ചു എന്ന കാലത്തിന്റെ നീതിയെ ഓര്‍ത്താണു ചിരിക്കുന്നത്.''
''നിനക്ക് ദുഃഖമുണ്ടോ...?'' റീന ചോദിച്ചു.
''ഞാന്‍ എന്തിനു ദുഃഖിക്കുന്നു... എന്റെ കുഞ്ഞിന്റെ ജീവിതം....'' സാം എന്തു പറയണം എന്നറിയാതെ പകതിയില്‍ നിര്‍ത്തി റീനയെ നോക്കി. പിന്നെ പറഞ്ഞു; ''എനിക്ക് ദുഃഖമുണ്ട് റീന... അത് സീതയുടെ മാതാപിതാക്കളെ ഓര്‍ത്താണ്. ഒരിന്ത്യന്‍ വംശജനായ ഗയാനക്കാരനൊപ്പം ജീവിക്കാന്‍ തീരുമാനിച്ച സീതയോടവര്‍ പൊറുത്തോ... ഇപ്പോള്‍ അവരുടെ ജീവിതത്തിന്റെ എല്ലാമായ കൊച്ചുമകളും അവര്‍ക്ക് കൊടുത്ത വേദന ഓര്‍ക്കുമ്പോള്‍ വേദനയുണ്ട്.റീന പലപ്രാവശ്യം നീ എന്നോടു ചോദിച്ചില്ലെ മകളെ നിന്നോടൊപ്പം അയ്ക്കാന്‍; അപ്പോഴൊക്കെ ഞാന്‍ വേണ്ടന്നു പറഞ്ഞത് സീതയില്‍ അവര്‍ക്ക് നഷ്ടമായ സന്തോഷമത്രയും സീതയുടെ മകളിലൂടെ അവര്‍ നേടിക്കോട്ടെ എന്ന വിചാരത്താല്‍ മാത്രമാണ്... കാലം ഒരോരുത്തര്‍ക്കും ഒരോ നീതി കരുതിവെച്ചിട്ടുണ്ടാകും. അല്ലെങ്കില്‍ എന്റെ മകള്‍ക്ക് കരുതിയത് ഇതായിരിക്കും...അല്ലെ റീന....''
''സാം നിന്റെ സ്വരത്തില്‍ നിരാശയുടെ ലാഞ്ചനകള്‍ ഞാന്‍ കേള്‍ക്കുന്നു. നിനക്കും ഒരു കറുത്തവനെ മരുമകനായി ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെ... അവന്റെ നിറമാണോ നിനക്കും പ്രശ്‌നം... അതോ അവന്റെ സംസ്‌കാരം...അവന്റെ ആചാരാനുഷ്ടാനങ്ങള്‍...'' റീന ചോദിച്ചു
പിടിക്കപ്പെട്ടവനെപ്പോലെ സാംഉള്ളില്‍ തള്ളിവരുന്ന ചിന്തകളെ പുറത്തുവിടാതെ തലകുനിച്ചു. ഒരു ഇന്ത്യക്കാരനെ മകള്‍ കെട്ടണമെന്ന് ഉള്ളില്‍ ആഗ്രഹിച്ചിരുന്നു. കാരണം നിറമല്ല... മറ്റെന്തൊക്കയോ… റീനയോടൊന്നും പറായന്‍ സാമിനില്ലായിരുന്നു. സാമിന്റെ ചിന്തകളെ അറിഞ്ഞിട്ടെന്നവണ്ണം റീന പറഞ്ഞു: '' നിങ്ങളുടെ സാംസ്‌കാരിക പശ്ചാത്തലം മറ്റൊന്നാണ്. അവിടെ കുടുംബത്തിനുവലിയ സ്ഥാനമുണ്ട് എന്നു ഞാന്‍ അറിയുന്നു. ആന്‍ഡ്രു എന്നോടു പറഞ്ഞിട്ടുണ്ട്. അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന കുടുംബം. പക്ഷേ ഞങ്ങള്‍ അങ്ങനെയുള്ള ഒരു ബന്ധത്തെക്കുറിച്ച് ഇനിയും പരീക്ഷണങ്ങളിലാണ്. കാരണം നിനക്കറിയാമല്ലോ...നൂറ്റാണ്ടുകളായി ചങ്ങലയിലായിരുന്നവര്‍, ഒറ്റപ്പെട്ടവര്‍, ആഹാരവും, ഇണചേരാനുള്ള ഇടവും മാത്രമുള്ളവന് മറ്റൊന്നിനേക്കുറിച്ചും അറിവില്ലായിരുന്നു. സ്‌നേക്കണമെന്നും, സ്‌നേഹിക്കപ്പെടണമെന്നും അവനാഗ്രഹമുണ്ടെങ്കിലും അവനതിനു കഴിയുന്നില്ല. കുറച്ചുനാള്‍ കഴിയുമ്പോള്‍ അവനൊരു വിമ്മിഷ്ടമാ... ഒന്നില്‍ ഉറച്ചു നില്‍ക്കുന്നതിനുള്ള വിമ്മിഷ്ടം. തൊഴുത്തുകള്‍ മാറ്റി മാറ്റി കെട്ടിയ ഒരു ഉരുവിനൊരിടത്തുംസ്ഥിരതകാണില്ല... ഞാന്‍ പറഞ്ഞതു മനസ്സില്‍ വെച്ച് ഒരോ കറുത്തവന്റേയും കുടുംബജീവിതം ഒന്നു വിലയിരുത്തി നോക്കു ഞാന്‍ പറഞ്ഞതു ശരിയാണെന്നു നിനക്കു മനസ്സിലാകും.
മക്കളെ പരിപാലിക്കാത്ത പിതാക്കന്മാരുടെ സമൂഹമാണവര്‍ എന്നു പറഞ്ഞാല്‍ എണ്‍പതുശതമാനമെങ്കിലും ശരിയായിരിക്കുമത്. ചൈല്‍ഡ് സപ്പോര്‍ട്ടിനായി കോടതിയെ സമീപിക്കുന്ന അമ്മമാരുടെ എണ്ണം നോക്കിയാല്‍ ഞാന്‍ പറഞ്ഞതു നീ ശരിവെയ്ക്കും. ലിന്‍ഡായെ നീ അറിയില്ലെ അവളുടെ മൂന്നു മക്കളുടെ തന്തമാര്‍ മൂന്നാണ്.മൂന്നു കോടതികളില്‍ അവള്‍ കയറിയിറങ്ങുകയാണ്. അവളിപ്പോള്‍ നാലാമതൊരാളൊടൊപ്പമാണ്. നാലു പേരുടെ കയ്യില്‍ നിന്നും മക്കള്‍ക്ക് പതിനെട്ടുവയസ്സാകുന്നതുവരെ ജീവനാംശം കിട്ടിമ്പോള്‍ ലിന്‍ഡ ജോലി നിര്‍ത്തും. അങ്ങനെ ഇതൊരു ലാഭക്കച്ചോടം ആക്കുന്ന സ്ത്രീകളും ഉണ്ട്. പക്ഷേ ലിന്‍സിയുടെ കാര്യം മറ്റൊന്നാണ്. അയാള്‍ എത്രപേരില്‍ കുട്ടികളെ ജനിപ്പിച്ചു എന്നയാള്‍ക്കറിയില്ല. (പഴയ കാലത്തായിരുന്നുവെങ്കില്‍ ലിന്‍സിയുടെ പേരില്‍ മുതലാളിസന്തോഷിക്കുമായിരുന്നു.) അച്ചടക്കമില്ലാത്ത ഒരു സമൂഹത്തിന്റെജീവിത ശൈലിയാണിത്. എല്ലാവരും അങ്ങനയല്ല നല്ല നിലയില്‍ കുടുംബമായി കഴിന്ന കറുത്ത വംശജര്‍ ഒത്തിരിയുണ്ട്. എങ്കിലും അടിമവംശ പാരമ്പര്യത്തില്‍ നിന്നും വന്ന നല്ല ഒരു കൂട്ടര്‍ സ്ഥിരമായി ജോലിചെയ്യാന്‍ ഇഷ്ടമില്ലാത്തവരും, അലസരും, മടിയരുമായി സെറ്റില്‌മെന്റുകളിലും, ഫുഡ്സ്റ്റാമ്പുകള്‍ കൈപ്പറ്റിയും കഴിയുന്നവര്‍ ഉണ്ട്. എല്ലാം അവരുടെ കുറ്റമല്ല. അവരുടെ മാനസ്സിന് ചികിത്സവേണം. കുറ്റവാളികളില്‍ നല്ല ശതമാനം ഇവരുടെ മക്കളാകാം. മയക്കു മരുന്നുകളുടെ അടിമയായി ജിവിതം ജീവിച്ചു തീര്‍ക്കുന്നവര്‍ എങ്ങനെ ശരിയാകും.ഞാന്‍ നിന്നെ ഭയപ്പെടുത്താന്‍ പറഞ്ഞതല്ല സാം. ഞാന്‍ എന്റെ സമൂഹത്തിന്റെ രോഗം തിരിച്ചറിയുന്നു എന്നു പറഞ്ഞു എന്നു മാത്രം.ചിലപ്പോള്‍ നിന്റെ മകള്‍ നല്ല ഒരു ജീവിതം ജീവിക്കുമായിരിക്കും. നിന്നെ നിന്റെ ഭാര്യ നല്ലവനാക്കിയപോലെ...''
റീന പറയാന്‍ വന്നതിനെ വിഴുങ്ങി മറ്റൊരു വഴിക്ക് വായിവന്നതെന്തൊക്കയോ പറഞ്ഞ് സാമിനെ നോക്കി. കറുത്തവന്റെ ജീവിതം അവന്റെ വിധിയാണന്നവള്‍ ആത്മഗതം ചെയ്തു. ഈ പറഞ്ഞതിനെ ഒക്കെ വെട്ടിത്തിരിരുത്താനെന്നവണ്ണം അലബാമ മനസ്സിലേക്കുവന്ന് റീന നീ എന്താ എന്നെ ഉദാഹരിക്കാത്തതെന്ന് ചോദിക്കുന്നു. കറുത്തവംശജരിലെ നല്ലവരെ ചൂണ്ടിക്കാട്ടുമ്പോള്‍ ജോണ്‍ അലബാമ മുന്നില്‍ വരാറുണ്ട്. അറുപത്തഞ്ചു കഴിഞ്ഞിട്ടും, ആരോഗ്യവാനായ, ഒറ്റമുടിപോലും നരച്ചിട്ടില്ലാത്ത, എപ്പോഴും പ്രസന്നവദനായ അലബാമ എത്ര ഓവര്‍ടൈം വേണമെങ്കിലും ചെയ്യും. ആരോടും പരാതിയില്ലാതെ പണിയെടുക്കുന്നവനോട് ഇനിയും വിരമിച്ചുകൂടെ എന്നു ചോദിച്ചാല്‍, ചിരിച്ചു കൊണ്ടു പറയും; 'എന്തിന് പണം പെറുന്ന ഈ ജോലി കളഞ്ഞ് ഞാനെങ്ങോട്ടു പോകും. ഒരടിമയായിരുന്ന എന്റെ പൂര്‍വ്വികര്‍ സ്വപ്നം കണ്ടതൊക്കെ എനിക്കു നേടണം...ഇപ്പോള്‍ ഞാന്‍ ജോലിചെയ്യുന്നത് എന്റെ കൊച്ചുമോനുവേണ്ടിയ... അവനെ ഒരു ഡോക്ടറാക്കണം... എന്റെ മോനെ ഞാന്‍ വക്കീലാക്കി... അവന്റെ മോന്‍ ഡോക്ടറാകണം.. നമ്മുടെ വംശം അഭിമാനമുള്ളവരാകണം. സമൂഹത്തിന്റെ ഉന്നതശ്രേണിയിലേക്ക് പടികള്‍ നമ്മള്‍ പണിയണം.'
ജോണ്‍ ലൂയിസ് ആഗ്രഹിതും അതുതന്നെ ആയിരുന്നു. കറുത്ത വംശജരുടെ അവകാശങ്ങള്‍ക്കായി സ്വന്തം ജീവിതം സമര്‍പ്പിച്ച ഒരു അഹിംസാവാദിയുടെ കഥക്ക് ഇന്നത്തെ അമേരിയ്ക്ക ചെവികൊടുക്കുമോ...അദ്ദേഹത്തിന്റെ പേരില്‍ 'ജോണ്‍ ലൂയിസ് വോട്ടിംഗ് റൈറ്റ് ആക്റ്റ് എന്നൊരു നിയമം, അദ്ദേഹം ഏറെക്കാലം അംഗമായിരുന്ന ഹൗസില്‍, അദ്ദേഹത്തിന്റെ മരണശേഷം അവതരിപ്പിച്ച ബില്ല് പാസ്സാക്കാന്‍ റിപ്പബ്ക്കിക്കന്‍ മെംബേഴ്‌സ് സമ്മതിക്കുന്നില്ല എന്നു പറയുമ്പോള്‍ ക്ലാന്‍ മനസ്സിന്റെ ഉടമകള്‍ക്ക് അന്നും ഇന്നും വലിയ മാറ്റങ്ങളൊന്നും വന്നിട്ടില്ല എന്നുവേണ്ടെ നമ്മള്‍ വായിക്കാന്‍.റീന സാമിനേയും അവന്റെ മകളേയും വിട്ട് ചിന്തിക്കയായിരുന്നു. ഇന്ന് സാമിന്റെ അപ്പാര്‍ട്ടുമെന്റില്‍ പോകണമെന്നുറച്ച് റീന അന്നത്തെ പണികള്‍ തീര്‍ക്കാന്‍ ഉത്സാഹിച്ചു.
Read more: https://emalayalee.com/writer/119