Image

വനിതകളുടെ ട്വന്റി 20 ലോകകപ്പിന് അരങ്ങൊരുങ്ങി (സനില്‍ പി. തോമസ്)

Published on 30 September, 2024
വനിതകളുടെ ട്വന്റി 20 ലോകകപ്പിന് അരങ്ങൊരുങ്ങി (സനില്‍ പി. തോമസ്)

വനിതകളുടെ ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റിന്റെ ഒമ്പതാം പതിപ്പ് ഒക്ടോബര്‍ മൂന്നിന് യു.എ.ഇ.യില്‍ തുടങ്ങും. ബംഗ്ലാദേശിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ കാരണമാണ് മത്സരവേദി യു.എ.ഇ.യിലേക്കു മാറ്റിയത്. ഇന്ത്യന്‍ നായിക ഹര്‍ഭന്‍ പ്രീത് കൗറിനും ഇത് ഒമ്പതാം ട്വന്റി 20 ലോകകപ്പാണ്. 2002ല്‍ ഇംഗ്ലണ്ടില്‍ പ്രഥമ ട്വന്റി 20 ലോകകപ്പില്‍, പത്തൊമ്പതാം വയസ്സിലായിരുന്നു ഹര്‍മന്‍ പ്രീതിന്റെ അരങ്ങേറ്റം. 2018 മുതല്‍ അവര്‍ നായികയാണ്. സീനിയര്‍ വനിതകളുടെ ക്രിക്കറ്റില്‍ ഐ.സി.സി.യുടെ ലോകകപ്പികളൊന്നും ഇന്ത്യ നേടിയിട്ടില്ല. ഇക്കുറി പ്രതീക്ഷയോടെയാണ് ഇന്ത്യ യു.എ.ഇ.യില്‍ എത്തിയിരിക്കുന്നത്. പക്ഷേ, പ്രാഥമിക റൗണ്ടില്‍ തന്നെ വെല്ലുവിളിയുണ്ട്.

കഴിഞ്ഞ എട്ടു ലോകകപ്പുകളില്‍ ആറും വിജയിച്ച ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. 2022-23ല്‍  ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ സെമി യില്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റ് പുറത്തായി. 2009ല്‍ ഇംഗ്ലണ്ടും 2015-16ല്‍ വെസ്റ്റ് ഇന്‍ഡീസും ജയിച്ചു. 2020ല്‍ ഇന്ത്യ ഫൈനലില്‍ കടന്നെങ്കിലും ഓസ്‌ട്രേലിയയോട് 85 റണ്‍സിനു തോറ്റു. ഇത്തവണയും ഏറ്റവും കരുത്തരായ ടീം ഓസ്‌ട്രേലിയ തന്നെ. റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാമതാണ്.

ഇന്ത്യ ഉള്‍പ്പെട്ട 'എ' ഗ്രൂപ്പില്‍ ഓസ്്‌ട്രേലിയ, ന്യൂസിലന്‍ഡ്, പാക്കിസ്ഥാന്‍, ശ്രീലങ്ക ടീമുകളുണ്ട്. ഒക്ടോബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരെ ദുബായ്യില്‍ ആണ് ഇന്ത്യയുടെ പ്രഥമ മത്സരം. തുടര്‍ന്ന് ആറിന് പാക്കിസ്ഥാനെയും ഒന്‍പതിന് ശ്രീലങ്കയെയും 13-ന് ഓസ്‌ട്രേലിയയയെയും നേരിടണം. അവസാന രണ്ടു മത്സരങ്ങള്‍ ഷാര്‍ജയില്‍ ആണ്. ഗ്രൂപ്പ് ബി' വെസ്റ്റ് ഇന്‍ഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സ്‌കോട്‌ലന്‍ഡ് ടീമുകളാണ്. ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ നാലു മത്സരങ്ങള്‍ ഉണ്ട്. ഇരു ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാര്‍ സെമിയില്‍ കടക്കും. ഒക്ടോബര്‍ 17നും 18നുമാണ് സെമിഫൈനല്‍. 20നു ഫൈനല്‍ നടക്കും.

ഇന്ത്യയുടെ ഗ്രൂപ്പില്‍ ഓസ്‌ട്രേലിയ തന്നെയാണു കരുത്തര്‍. രണ്ടാമത് ഇന്ത്യയെന്നു പറയാം. പക്ഷേ, ഇക്കഴിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ചാമരി അത്തപത്തു നയിക്കുന്ന ലങ്കന്‍ ടീം ഏഷ്യന്‍ ചാമ്പ്യന്‍മാരെന്ന ലേബലിലാണ് ഇറങ്ങുക. നിലവിലെ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ്ണ മെഡല്‍ ജേതാക്കളെന്ന് ഇന്ത്യക്കും പറയാം.മ

മെഗ് ലാനിഗ് വിരമിച്ചെങ്കിലും അലീസ ഹീലി നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ ടീമില്‍ ടാഹില മക്ഗ്രായാണ് ഉപനായിക. ബെത്ത് മൂണിയെന്ന അപകടകാരിയായ ബാറ്ററുമുണ്ട്. പാക്കിസ്ഥാന്‍ ടീമില്‍ ഫാത്തിമ സനയാണു നായിക. മുന്‍ നായിക നിദ ധറും ടീമിലുണ്ട്്. സോഫി ഡിവൈന്റെ ന്യൂസിലന്‍ഡിന് വനിത ലോകകപ്പ് ക്രിക്കറ്റില്‍ അത്ര മഹത്തായ ചരിത്രമൊന്നുമില്ലെന്ന് ആശ്വസിക്കാം. ഇന്ത്യ-ഓസ്്രേലിയ, ഇന്ത്യ-ശ്രീലങ്ക മത്സരങ്ങള്‍ നിര്‍ണ്ണായകമായിരിക്കും.

2020 ല്‍ ഫൈനല്‍ കളിച്ച ഇന്ത്യന്‍ ടീമിലെ ഒന്‍പതു കളിക്കാര്‍ ഇത്തവണയും ടീമിലുണ്ട്. യു.എ.യില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിലെ 15 പേരില്‍ 12 പേരും ഇതിനു മുമ്പ് ട്വന്റി 20 ലോകകപ്പ് കളിച്ചവരാണ്. കേരള താരങ്ങളായ ആശ ശോഭനയും സജന സജീവനും പിന്നെ ശ്രേയങ്ക പട്ടീലുമാണ് അരങ്ങേറ്റക്കാര്‍. മിതാലി രാജും ജലന്‍ ഗോസ്വാമിയും ഫോമിലായിരുന്ന കാലത്ത് സാധിക്കാത്ത നേട്ടം ഹര്‍മന്‍ പ്രീതിന് സാധ്യമാക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കാം. ഉപനായി സ്മൃതി മനഥാനയുടെ ഫോം പ്രതീക്ഷ നല്‍കുന്നു. ജൂണില്‍ 12 ദിവസത്തിനിടയില്‍ സ്മൃതി മൂന്നു സെഞ്ചുറിയാണു നേടിയത്. മധ്യനിര ബാറ്റര്‍ ജെമൈര റൊഡ്രിഗ്‌സിന് ഇരുപത്തിനാലാം വയസ്സില്‍ നാലാം ലോകകപ്പ് ആണ്. അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ നായികയായിരുന്ന ഷഫാലി വര്‍മ്മയ്ക്ക് ഒരു ലോകകപ്പ് വിജയം എത്ര ഉജ്ജ്വലമെന്ന് മറ്റാരേക്കാളും നന്നായിട്ട് അറിയാം.

ജൂലൈയില്‍ ഏഷ്യാകപ്പില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ നിന്ന് ഉമാ ഛേത്ര മാത്രമാണ് ഒഴിവാക്കപ്പെട്ടത്. അമോല്‍ മജുംദാര്‍ ആണ് മുഖ്യ പരിശീലകന്‍. സ്‌പോര്‍ട്‌സ് സൈക്കോളജിസ്റ്റ് മുഗ്ധ ബാവരെയും ടീമിനൊപ്പമുണ്ടാകും.

വനിതകളാണ് ഈ ലോകകപ്പ് നിയന്ത്രിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഐ.സി.സി. പ്രഖ്യാപിച്ച 10 അമ്പയര്‍മാരും മൂന്ന് മാച്ച് റഫറിമാരും വനിതകളാണ്. വൃന്ദാ രതി അമ്പയറായി ഇന്ത്യയില്‍ നിന്നുണ്ട്. മാച്ച് റഫറിയായി ജി.എസ്. ലക്ഷ്മിയും. നാലു ലോകകപ്പുകളില്‍ അമ്പയര്‍ ആയ, ഓസ്‌ട്രേലിയക്കാരി ക്ലെയര്‍ പൊളോസാക്കാണ് ഏറ്റവും പരിചയ സമ്പന്ന. വനിതകള്‍ മാത്രമായി ഒരു ക്രിക്കറ്റ് ലോകകപ്പ് നിയന്ത്രിക്കുന്നത് ആദ്യമാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക