Image

ചപ്പാത്തി പോലൊരു പെണ്ണ് (മിനി വിശ്വനാഥൻ)

Published on 30 September, 2024
ചപ്പാത്തി പോലൊരു പെണ്ണ് (മിനി വിശ്വനാഥൻ)

രാത്രിപ്പണികൾ തീർക്കുന്നതിൻ്റെ ഭാഗമായി തിരക്ക് പിടിച്ച് ചപ്പാത്തി പരത്തിക്കൊണ്ടിരിക്കുന്നതിനിടെ "നമ്മുടെ ഒക്കെ ജീവിതം പോലെ തന്നെയാണല്ലേ ദീദീ ചപ്പാത്തി മാവും എന്ന് പറഞ്ഞ് ലക്ഷ്മി എന്നെയൊന്ന് നോക്കി.

ദോശക്കല്ലിലേക്ക് അടുത്ത ചപ്പാത്തി എടുത്തിട്ട് ചട്ടുകം കൊണ്ട് ഒന്ന് തട്ടി അടുപ്പിൽ മീഡിയം ഫ്ലെയിം  തന്നെയാണെന്നുറപ്പ് വരുത്തി ഞാൻ "പെട്ടെന്നെന്താണിങ്ങനെ തോന്നാൻ " എന്ന മറുചോദ്യം 
അവളിലേക്കെറിഞ്ഞു.

ചെറിയ ചെറിയ ഉരുളകളിൽ നിന്ന് വട്ടമൊത്ത ചപ്പാത്തി പരത്താൻ അവൾക്ക് നന്നായി അറിയാം. 
ലക്ഷ്മിക്ക് ചപ്പാത്തി പരത്തിയാൽ മാത്രം മതി.
ഗോതമ്പ് പൊടിയിൽ പാകത്തിന് വെള്ളവും എണ്ണയും ചേർത്ത് കുഴച്ച് മർദ്ദനതാണ്ഡവങ്ങൾ ഏല്പിച്ച് പാകപ്പെടുത്തി, മൃദുവായി കുമളിപ്പിച്ച് രുചിയുള്ള ചപ്പാത്തികൾ ചുട്ടെടുക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. 
കൂടാതെ തൊട്ടടുത്തെ അടുപ്പിൽ വേവുന്ന ചിക്കൻ കറിയുടെ 
രുചിപാകം തെറ്റാതെ വേണം ചപ്പാത്തി ഉണ്ടാക്കാനും !
അതിനിടയിലാണ് ഇവളുടെ ഫിലോസഫിക്കലായ ആത്മഗതം !

നമ്മുടെ ജീവിതം എന്ന് അവൾ ഊന്നിപ്പറഞ്ഞത് കൊണ്ട് ഞാനടങ്ങുന്ന പെൺവർഗ്ഗമാണ് ചപ്പാത്തി മാവു പോലെ അടിയും കുത്തും ചവിട്ടുമേറ്റ് പാകപ്പെടുന്നത് എന്ന ഒരു സൂചനയുമുള്ളത് കൊണ്ട് സംഭാഷണം തുടരാതിരിക്കാനും എനിക്കായില്ല. അടിച്ചൊതുക്കിയ ചപ്പാത്തി മാവിനെ  ഉരുളകളാക്കി പരത്തിയെടുത്ത്  ചൂട് കൊണ്ട് പാകപ്പെട്ട ഇരുമ്പു തട്ടിൽ ഇട്ട് പൊള്ളച്ചു വരുന്ന ചപ്പാത്തിയുടെ മേൽ വലിയ ഒരു തുണിക്കെട്ട് വെച്ചമർത്തി പൊള്ളിപ്പൊങ്ങാനുള്ള അതിൻ്റെ ആവേശത്തെ ത്വരിതപ്പെടുത്തി ഞാൻ മറിച്ചിട്ടു!
അപ്പോഴാണ് എനിക്ക് സത്യത്തിൽ കാര്യം മനസ്സിലായത്.
ഇതിലപ്പുറം ഭംഗിയായി പെൺ ജീവിതത്തെ ഉദാഹരിക്കാൻ ലക്ഷ്മിക്ക് മാത്രമെ പറ്റൂ! എനിക്കവളോട് വല്ലാത്ത സ്നേഹം തോന്നി.

ദുബായിലെ നാല്പത് ഡിഗ്രി ചൂടിൽ ചപ്പാത്തി ഉണ്ടാക്കുന്ന മഹാസാഹസത്തിനിടെ ഇതും കൂടി ഓർത്താൽ മനസ് കൈവിട്ടുപോവുമെന്നതിനാൽ ഞാൻ പതുക്കെ ചിക്കൻ കറിയുടെ മൂടി മാറ്റി നോക്കി. 
ലോ ഫ്ലെയിമിൻ്റെ താരാട്ടിൽ അതിങ്ങനെ മസാലകളോട് ചേർന്ന് രുചികരമായി വരണ്ടു വരുന്നു. അല്പം ചെറിയുള്ളിയും തേങ്ങാക്കൊത്തും കറിവേപ്പിലയും വറുത്ത് അതിൻ്റെ മുകളിൽ തൂവിയിൽ ഗംഭീരമാവുമെന്നോർത്ത് ഞാൻ വീണ്ടും പൊങ്ങി വരുന്ന ചപ്പാത്തിക്ക് മേൽ തുണിക്കെട്ട് വെച്ചമർത്തി.

ദീദി, ലക്ഷ്മി പതിയെ വിളിച്ചു. അവളിൽ കാര്യമായ എന്തോ സങ്കടം വന്നു വീണിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. "നീ ഉച്ചക്ക് നാട്ടിലേക്ക് ഫോൺ ചെയ്തിരുന്നല്ലേ" എന്ന് ചോദിച്ച് കൊണ്ട് ഞാൻ ചപ്പാത്തി ചുടുന്നത് നിർത്തിവെച്ചു. നാട്ടിലേക്ക് വിളിച്ച് അവിടത്തെ വിശേഷങ്ങൾ അറിഞ്ഞാലാണ് ഇവൾ സാധാരണ ഇങ്ങനെ സംസാരിക്കാറ്.

അതല്ല, ഞാനിങ്ങനെ ഓരോന്ന് കണ്ടപ്പോഴും കേട്ടപ്പോഴും ഓർത്തു പോയതാണെന്ന് അവൾ നെടുവീർപ്പിട്ടു. വലിയ വീട്ടിലും ചെറിയ വീട്ടിലും സ്ഥിതി ഇത് തന്നെ. ഞങ്ങളുടെ ഗ്രാമത്തിൽ സ്ത്രീകൾ പണിയെടുക്കാനും പ്രസവിക്കാനുമുള്ള ഉപകരണങ്ങളാണ്. ദുബായിലേക്കുള്ള ഏജൻ്റുമാർ വരുമ്പോൾ ഞങ്ങൾക്കറിയാം ഇവിടെയും പണി തന്നെയായിരിക്കുമെന്ന്, എന്നാലും വീണ്ടും വീണ്ടും പ്രസവിക്കണ്ടല്ലോ എന്നതാണ്  സമാധാനം.

ബങ്ക് ബെഡുകളുടെ മുകൾത്തട്ടിൽ വിയർപ്പ് മണത്തിൽ ഉറക്കം വരാതെ കിടക്കുമ്പോഴും ആവശ്യമില്ലാതെ , അടി കൊള്ളണ്ടാലോ എന്ന ആശ്വാസവുമുണ്ട്. ഇവിടെ വന്ന് കുറച്ച് കഴിഞ്ഞപ്പോഴാണ് എല്ലാ നാട്ടിലെയും മിക്ക വീടുകളിലെയും സ്ത്രീകളുടെ സ്ഥിതി വ്യത്യസ്തമല്ല എന്ന് മനസ്സിലായത്. എല്ലാവരും ചപ്പാത്തിമാവ് തന്നെ!

മെലിഞ്ഞുണങ്ങിയ ഒരു സ്ത്രീ 
രൂപം മാത്രമായിരുന്നു ലക്ഷ്മി. ഗ്രാമത്തിലെ വീട്ടിൽ ഭർത്താവിൽ നിന്ന്  അവൾ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഢനങ്ങൾ പല
പ്പോഴായി എന്നോട് പറഞ്ഞിട്ടുണ്ട്. വിദ്യാഭ്യാസമില്ലാത്ത പുരുഷൻമാർ ഇങ്ങനെയൊക്കെയാണെന്നും അതുകൊണ്ട് നിൻ്റെ ആൺകുട്ടിയേയും പെൺകുട്ടി യേയും ഒരുപോലെ പഠിപ്പിക്കണമെന്നും ഞാനവളെയും ഉപദേശിച്ചിട്ടുണ്ട്. താൻ ചൂഷണം ചെയ്യപ്പെടുകയാണെന്ന് തിരിച്ചറിയാനുള്ള വിദ്യാഭ്യാസമെങ്കിലും നിൻ്റെ മകൾക്ക് കൊടുക്കണമെന്ന് ഞാൻ അവളോട് കെഞ്ചിപ്പറഞ്ഞിരുന്നു.

ലക്ഷ്മി പറഞ്ഞു കൊണ്ടിരുന്നു. ഇന്ന് ഉച്ചക്ക് ഗോവൻ മാഡത്തിൻ്റെ വീട്ടിൽ വലിയ ബഹളമായിരുന്നു. സാറ് അവിടെ അന്യയായ ഞാൻ  ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ മാഡത്തിൻ്റെ മുഖത്ത് അടിക്കാൻ ശ്രമിച്ചു. ലക്ഷ്മി അതോർത്ത് സങ്കടം കൊണ്ട് തേങ്ങി. 'ഹാളിലെ ബൗളിൽ ഇട്ടുവെച്ച ചില്ലറ കളല്ലാതെ മാഡത്തിന് സ്വന്തമായി ഒരു പൈസ പോലും ഇല്ല. ശമ്പളം കിട്ടുന്ന ബാങ്ക് കാർഡ് സാറിൻ്റെ കൈയിലാണെന്നും എനിക്കറിയാം.  മാഡത്തിൻ്റെ അവസ്ഥ ഓർത്ത് ആ വീടിന് പോലും ശ്വാസം മുട്ടുന്നുണ്ടാവും ദീദീ !

ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു.

ഞാൻ വീണ്ടും അടുപ്പ് കത്തിച്ചു. ഇനിയും ചപ്പാത്തികൾ വേണം. നാളെ ബ്രേക്ക്ഫാസ്റ്റിന് രണ്ടെണ്ണം വീതം കുട്ടികൾക്കു വേണ്ടി മാറ്റിവെക്കണം. ചിക്കൻ കറിക്ക് രുചി കൂടാനായി വറുത്തിടുന്ന തേങ്ങാക്കൊത്തിനൊപ്പം കുറച്ച് കുരുമുളക് പൊടിച്ച് ചേർത്തു. 
വറവു മണം കൊണ്ടാവണം എൻ്റെ കണ്ണും നിറഞ്ഞു.

ദേഷ്യം വന്നാൽ മുറിയിൽ പൂട്ടിയിടുന്ന മറ്റൊരു സാറിനെക്കുറിച്ച് പറഞ്ഞതും ലക്ഷ്മി തന്നെയാണ്. ലക്ഷ്മി അവിടത്തെ വീട്ടുടമസ്ഥൻ്റെ ജോലിക്കാരിയാണ്. അവിടത്തെ മാഡത്തിനെ സാറിന് സംശയമാണ്. വീടിന് പുറത്തിറങ്ങരുത്, ബാൽക്കണിയിൽ തുണി വിരിച്ചിടരുത്. നിർദ്ദേശങ്ങൾ അനവധിയാണ്. തിരിച്ച് നാട്ടിൽപ്പോയിക്കൂടെ എന്ന് ലക്ഷമി ചോദിച്ചപ്പോൾ ആ മാഡം പൊട്ടിക്കരഞ്ഞത്രേ !

ഇവർക്കൊക്കെ നല്ല വിദ്യാഭ്യാസവുമുണ്ട് ദീദീ ! ലക്ഷ്മി തുടർന്നു. ശരാബ് മാത്രമൊന്നുമല്ല വില്ലൻ എന്ന് പറഞ്ഞ് കൊണ്ട് അവൾ എന്നെ സൂക്ഷിച്ചു നോക്കി,
എന്നിട്ട് പതുക്കെ പറഞ്ഞു.

മോൾക്ക് പതിനെട്ട് വയസായി , നല്ല ഒരാലോചന വന്നിട്ടുണ്ട്. ചെറുക്കന് നാടൻ പണിയാണ്. അവളെ അവൻ പോറ്റും.

പഠിച്ചാലും പഠിച്ചില്ലെങ്കിലും പെണ്ണിന് ചപ്പാത്തിമാവ് ആവാൻ തന്നെ വിധി!

എൻ്റെ ചിക്കൻ കറി വറുത്തിടലിൻ്റെ നീറ്റലിൽ ശൂ എന്ന് നിലവിളിച്ച് എൻ്റെ കണ്ണിലേക്കും എരിവ് പായിച്ചു.

ലക്ഷ്മി ചൂലെടുത്ത് തൂത്തു തുടങ്ങിയിരുന്നു.

ദീദി നമ്മൾ പെണ്ണുങ്ങൾ ചൂല് പോലെയുമാണല്ലേ എന്ന അവളുടെ ചോദ്യം കേൾക്കാത്തത് പോലെ ഞാൻ ബാൽക്കണിയിലേക്ക് നടന്നു!
 

Join WhatsApp News
George Neduvelil 2024-10-01 02:13:24
ദൈവം പുരുഷനെ ആദ്യം സൃഷ്ടിച്ചു. പുരുഷൻ തുണയില്ലാത്തവനായി കഴിയുന്നതിൽ ദൈവത്തിന് പ്രയാസം അനുഭവപ്പെട്ടു. ഉറക്കത്തിലായിരുന്ന പുരുഷൻറെ ഒരു വാരിയെല്ല് വലിച്ചെടുത്തു് തൻറെ കരകൗശലങ്ങൾ ഏകോപിപ്പിച്ചു് ദൈവം സ്ത്രീയെ സൃഷ്ടിച്ചു. സ്വന്തം സൃഷ്ടിയായ സ്ത്രീയുടെ ആകാരസൗഷ്ഠവം ദർശിച്ച ദൈവം "കൊള്ളാമല്ലോ" എന്നറിയാതെ പറഞ്ഞു പോയി. ആ സ്ത്രീയെ ആവോളം ആസ്വദിച്ചശേഷം പുണ്യവാനായ അഗസ്റ്റിൻ പറഞ്ഞു: "അവൾ പുരുഷനെ പിഴപ്പിക്കാനുള്ള പിശാചിൻറെ ഉപകരണമാണെന്ന്." അഗസ്റ്റിൻറെ തരക്കാരായവർ ഇന്നും അതു തുടർന്നുകൊണ്ടേയിരിക്കുന്നു. ഭൂമുഖത്തുള്ള എല്ലാ മതങ്ങളും സ്ത്രീയുടെ മേൽ എല്ലാത്തരത്തിലുമുള്ള അപചയങ്ങളും കെട്ടിവയ്ക്കുന്നതിൽ മത്സരിക്കുന്നു. "പെണ്ണെന്നോരെണ്ണത്തെ സൃഷ്ടിച്ചകാരണം; പെണ്ണിലും പെണ്ണാക്കി നരനെയവൾ". എന്നുപാടിയ ഒരു കവിയുമുണ്ട്-മലയാളിക്ക്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക