Image

കലികാല സവിശേഷതകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

Published on 30 September, 2024
കലികാല സവിശേഷതകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

 വചസ്സിൽ   'ഹലോ ഹലോ',  കേൾക്കുവാനിമ്പം,  പക്ഷെ,       

മനസ്സിൽ   'ഹാലാ ഹലം', കാണുവാനാവില്ലാർക്കും!
രക്ഷകർ തങ്ങളെന്നു,  ഞെളിയു മെന്നാൽ,  കൊടും 
രാക്ഷസരിവരെന്നു തെളിയും പിൽക്കാലത്തിൽ!  

പൈതലിൻ  മന്ദസ്മേരം  തുളുമ്പും  മുഖഭാവം 
പൈശാചികത്വം  തുള്ളിക്കളിക്കും  മനോഗതം!
കൈതവം  ലവലേശമേശാത്ത  പെരുമാറ്റം 
വൈഭവ പൂർവ്വം കാട്ടും, നമ്പുവാനാവാ വിധം!

അന്യർ തൻ കാര്യങ്ങളിൽ തലയിട്ടതിൽ നിന്നും 
വന്യമാം നിഗമനം സ്വതവേ കണ്ടെത്തുന്നു!
ദന്തങ്ങൾ സ്വയം നൽകി യതിനെയൊരു കിംവ-
ദന്തിയായ് മാറ്റുന്നുടൻ സ്വാർത്ഥ ലാഭങ്ങൾക്കായി!

കൊടുത്ത  കയ്യിൽത്തന്നെ  കടിക്കുന്നല്ലോ,  കഷ്ടം!
കടുത്ത  മഹാഹ്വയമിയലും  നാഗം  പോലെ!
നന്ദികേടൊരു   മഹാമാരിയാണതിനൊപ്പം 
നിന്ദയും  കുറവെന്യേ,  പെരുകുന്നിക്കാലത്തിൽ!
                                                
പകയും, വൈരാഗ്യവും, കാമക്രോധാദികളും  
പുകഞ്ഞു കത്തുന്നെന്നും, പാരാകെ നിലയ്ക്കാതെ!
തീപ്പൊരി  വലിപ്പത്തിലുള്ളൊരു സമസ്യയെ 
തീപ്പന്തമാക്കൻ പോന്ന ചാതുരി സമാർജ്ജിപ്പൂ!

ഏഷണിയൊരു തക്ക  മാർഗ്ഗമാണതു  ചാരി 
ഏറുന്നു  പ്രശസ്തിയും  പ്രീതിയും  സമ്പാദിപ്പാൻ!
'ധാർമ്മിക ന്യായാധിപർ'  തങ്ങളെന്നുൽഘോഷിപ്പൂ
ധാർഷ്ട്യത്തോടപകീർത്തി  വരുത്താൻ  പ്രയത്നിപ്പൂ !

'അലസ ചേതസ്സുകൾ ,  പിശാചിൻ പണിപ്പുര'
ആലോചിക്കുന്നതവർ,  അന്യർതൻ  ഹാനി  മാത്രം! 
അലയുന്നഹോരാത്രം  ബലിയാടുകൾ  തേടി
അതിൽപ്പെട്ടുഴലുന്നോർ,  അടക്കുന്നാത്മരോഷം!

നിലയ്ക്കാതെരിയണം, മാനവ ചിത്തങ്ങളിൽ
നിലവിളക്കുകൾ പോൽ, മാതൃകാ സങ്കല്പങ്ങൾ!
നിത്യജീവിതം സുഖ   സൗഖ്യമായിരിക്കണേൽ
നിതാന്ത സുഖഭോഗ ചിന്തകൾ വർജ്ജിക്കണം!

സംസർഗ്ഗമല്ലോ നന്മ തിന്മകൾക്കാധാരമേ
സദ്ഗുണമാശിപ്പോർക്കു, സന്മനോ ഭാവം ലാഭം !
സത്‌സംഗം കാംക്ഷിപ്പോർക്കു, സർവ്വവും സുലഭം താൻ
സത്യവും,   സനാതന ധർമ്മവും പ്രചരിക്കും!

കലികാലമാണിതെന്നറിയാം നമുക്കതിൻ 
കാഠിന്യം  കുറയ്ക്കുവാൻ  പ്രാർത്ഥിയ്ക്കാം  ഒരുമയിൽ!
'അധർമ്മം പെരുകുമ്പോൾ, കലികാലത്തിന്നന്ത്യേ
അവതരിക്കും താനെന്നല്ലയോ ചൊന്നാൻ കൃഷ്ണൻ'!

ശ്രീ ഭഗവാനുവാച:
“അനന്യാശ്ചിന്തയന്തോ മാം യേ ജനാ: പര്യുപാസതേ 
തേഷാം നിത്യാഭിയുക്താനാം യോഗക്ഷേമം വഹാമ്യഹം
പരിത്രാണായ  സാധൂനാം വിനാശായ ച ദുഷ്‌കൃതാം
ധർമ്മ സംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ!”

ശബള  ഗ്രാമം തന്നിൽ വിഷ്ണു യശസ്സെന്നൊരു                    
ബ്രാഹ്മണ സുതനായി, ഖഡ്ഗിയായൊരു ദിനം!
ആശ്വാരൂഡനായ്, ഖഡ്ഗധാരിയായ് ചരിച്ചന്നീ
വിശ്വത്തിൽ സംസ്ഥാപിക്കും സത്യധർമ്മങ്ങൾ സർവ്വം!

പേർത്തുമാ ചതുർയുഗം തുടങ്ങും കൃത യുഗം,
ത്രേതാ യുഗവും, പിന്നെ ദ്വാപരം, കലിയുഗം!
കനിയേണമേ കൃഷ്ണാ! കാരുണ്യ സിന്ധോ! സദാ 
ഹാനി ചെയ്വവർക്കു നീ, സദ്ബുദ്ധി നൽകേണമേ!
                                 -------------------------    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക