പുറത്ത് ചാറ്റൽ മഴ പെയ്തു കൊണ്ടിരുന്നു. മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു. നഗരം മെല്ലെ ഉറക്കത്തിലേക്കു വഴുതി വീഴാൻ തുടങ്ങുന്നു. രാത്രിയുടെ നിശ്ശബ്ദതയെ ഭഞ്ജിച്ചു കൊണ്ട് ചില തെറിച്ച പയ്യന്മാർ ബൈക്കിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ റോഡിൽ റോന്തു ചുറ്റുന്നുണ്ട്. അനില ഊൺമേശയിൽ തല വച്ച് കിടന്നു. മുന്നിൽ അടച്ച് വച്ച ഊണും കറികളും തണുത്ത് വിറങ്ങലിച്ചിരിക്കുന്നു. ഭർത്താവ് ഇപ്പോൾ വരും ഇപ്പോൾ വരും എന്ന് കരുതി ഒമ്പതരയ്ക്ക് ചൂടാക്കി വച്ചതാണ് ഭക്ഷണം. അച്ഛനെ കാത്തിരുന്ന് മോളും അകത്തെ മുറിയിൽ ഉറക്കമായെന്നു തോന്നുന്നു. തനിക്ക് ഉറങ്ങാൻ കഴിയില്ലല്ലോ, എപ്പോഴാണ് കാളിങ് ബെൽ അടിക്കുക എന്നറിയില്ല, ഒരു പോലീസുകാരന്റെ ജോലി ഇത്ര ഭാരിച്ചതാണെന്ന് കല്യാണം കഴിഞ്ഞ് ഈ നഗരത്തിലേക്ക് ചേക്കേറുമ്പോൾ ഓർത്തില്ല. എല്ലാവരും പറഞ്ഞിരുന്നു, പോലീസുകാർക്ക് എന്താ മോശം, പണം പവർ, പിന്നെ ആളും കാണാൻ സുന്ദരൻ. നാട്ടിലെ ചില മുത്തശ്ശിമാർ മുറിയിൽ വന്ന് അടക്കം പറഞ്ഞു, മോൾ ഭാഗ്യവതിയാ, പോലീസുകാർക്ക് എല്ലാ പണിയും അറിയും, ഭക്ഷണം വയ്ക്കാനും പാത്രം കഴുകാനും തുണി അലക്കാനും ഒക്കെ, അതൊക്കെ അവരുടെ ട്രെയിനിങ്ങിന്റെ ഭാഗാത്രേ. പറയുന്നത് കേട്ടപ്പോൾ തോന്നി അടുക്കളപ്പണിക്കും തുണിയലക്കാനും ആണ് താൻ കല്യാണം കഴിക്കുന്നതെന്ന്. എന്റെ ഭർത്താവിനെ ഞാൻ അടുക്കളയിലൊന്നും കയറ്റില്ല, അതിനല്ലേ, താൻ. അനില മനസ്സിൽ പറഞ്ഞു ഊറി ചിരിച്ചു അപ്പോഴൊക്കെ.
എന്നും പാതിരാ വരെ ഊൺ മേശയിൽ ഭർത്താവിനെ കാത്ത് ഈ ഇരിപ്പ് തന്നെ, ഇനി അദ്ദേഹം സമയത്ത് എത്തിയാലും ഊണ് കഴിക്കുന്നതിനിടയിൽ വല്ല ഫോണും വന്നാൽ ഒന്നും മിണ്ടാതെ യൂണിഫോമും എടുത്തിട്ട് ഒരോട്ടമാണ്. ചിലപ്പോഴൊക്കെ ഭക്ഷണം കഴിക്കാതെ ഭർത്താവ് വരാൻ കാത്തിരുന്നു പതിനൊന്നു മണിയായാൽ ആകും ഫോൺ വരുക, "ഞാൻ ഭക്ഷണം കഴിച്ചിരിക്കുന്നു, എന്നെ കാത്തിരിക്കേണ്ട". വിശപ്പ് മാത്രമല്ല മനസ്സും ചത്ത് കഴിഞ്ഞിരിക്കും അപ്പോഴേക്കും. ആദ്യമൊക്കെ ഒറ്റക്കിരുന്നു കുറെ കരയുമായിരുന്നു, പിന്നെ പിന്നെ അതൊരു ശീലമായി. കരയുന്നത് കാണാൻ ആരെങ്കിലും ഉണ്ടെങ്കിലല്ലേ വിഷമം കൂടൂ. നാല് പുറവും ചുമരുകൾ മാത്രമുള്ള ഈ ഫ്ളാറ്റിൽ തന്റെ വിഷമത്തിനും പരിഭവത്തിനും ഒരു സ്ഥാനവും ഇല്ലെന്ന് മനസ്സ് മെല്ലെ മെല്ലെ തിരിച്ചറിഞ്ഞു. പിന്നെ ഒരു നിസംഗത മാത്രം. മനസ്സ് മരവിച്ചിരിക്കുന്നു, എല്ലാം യാന്ത്രികം. മോൾ വലുതായി വരുകയാണ്, അവൾക്ക് വയസ്സ് പന്ത്രണ്ടായി. കണ്ണും കാതും എപ്പോഴും അവളിൽ വേണം, അങ്ങിനത്തെ പ്രായമാണ്. ടി.വി. യിലും പത്രത്തിലും ഓരോന്ന് കാണുമ്പോൾ അനില വിറയ്ക്കാൻ തുടങ്ങും. മോൾ സ്കൂളിൽ എത്തിയിട്ടുണ്ടാവില്ലേ, സ്കൂൾ ബസ് സമയത്ത് വന്നിട്ടുണ്ടാവില്ലേ, അവൾ ഒറ്റക്കാവില്ലല്ലോ, അകാരണമായ ഒരു ഭീതി എപ്പോഴും അനിലയെ ചൂഴ്ന്നു നിൽക്കാൻ തുടങ്ങി. ഉടനെ ഫോൺ എടുത്ത് ഭർത്താവിനെ വിളിക്കും, ഒരു സമാധാനത്തിനു വേണ്ടി. പക്ഷെ പലപ്പോഴും ഫോൺ എടുക്കാറില്ല, അല്ലെങ്കിൽ ഞാൻ ഡ്യൂട്ടിയിൽ ആണെന്ന ഒറ്റ വാക്കിൽ ഫോൺ കട്ട് ചെയ്യും. മോൾക്ക് ഒരു മൊബൈൽ വാങ്ങി കൊടുക്കാൻ താൻ പറഞ്ഞതാണ്, എന്തെങ്കിലും അത്യാവശ്യത്തിനു ഒന്ന് ബന്ധപ്പെടാമല്ലോ. പക്ഷെ അവൾ പഠിക്കുന്ന സ്കൂളിൽ മൊബൈൽ ഫോൺ അനുവദനീയമല്ലത്രെ.
അകലെ ഒരു തീവണ്ടി ചൂളം വിളിച്ച് പായുന്നു. തീവണ്ടിയുടെ ശബ്ദം അനിലയ്ക്ക് എന്നും ഇഷ്ടമായിരുന്നു, പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പള്ളിപ്പുറം പാലം കടന്നു കൂകി പായുന്ന തീവണ്ടി കണ്ണിൽ നിന്നും മറയുന്ന വരെ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. വണ്ടി പോയിക്കഴിഞ്ഞാൽ എന്തോ ഒരു ശൂന്യത, പഴയ കൽക്കരി വണ്ടിയുടെ പുകയുടെ ഗന്ധം അപ്പോഴേക്കും പരന്നൊഴുകി പാടത്തിനിക്കരെ എത്തിയിരിക്കും. അന്നൊക്കെ എന്ത് രസമായിരുന്നു, തുമ്പയും കണ്ണാന്തളിയും വിരിഞ്ഞു നിൽക്കുന്ന പാട വരമ്പിലൂടെ തൊട്ടാവാടി കൂട്ടങ്ങൾക്കിടയിലൂടെ കൂട്ടുകാരുമൊത്ത് സ്കൂളിലേക്ക് യാത്ര. ഒന്ന് തൊടുമ്പോഴേക്കും പിണങ്ങുന്ന തൊട്ടാവാടികൾ. അന്നൊക്കെ ആരുടെ സങ്കടം കണ്ടാലും അനില കരയുമായിരുന്നു. അവൾക്ക് എല്ലാവരും ചിരിച്ച് കാണാനായിരുന്നു ഇഷ്ടം. അതിനാൽ കുട്ടികൾ കളിയാക്കി തൊട്ടാവാടി എന്നായിരുന്നു അവളെ വിളിച്ചിരുന്നത്. ചിലപ്പോഴൊക്കെ ഓർക്കാറുണ്ട്, ദേഹം മുഴുവൻ മുള്ളുകളുള്ള, ഈ ചെടിയെന്തേ ഇത്ര തൊട്ടാവാടി ആയി പോയതെന്ന്. ചെറുത്തു നിൽക്കാൻ ശക്തിയുള്ള ശരീരമല്ല, മനസ്സാണ് വേണ്ടതെന്ന് ഇപ്പോളറിയുന്നു. ജീവിതം പഠിപ്പിച്ച അനുഭവങ്ങൾ.
പുറത്ത് മഴ പെയ്യുന്ന ശബ്ദം കേൾക്കാം, അതൊരു ചാറ്റലായി നേർത്ത് നേർത്ത് അനിലയുടെ മനസ്സിന്റെ തേങ്ങൽ പോലെ ഇല്ലാതാവുന്നു. റോഡിൽ ബൈക്കിന്റെ ശബ്ദവും നിലച്ചിരിക്കുന്നു. അകത്ത് മോൾ ഉറക്കത്തിൽ ഞരങ്ങുന്ന ശബ്ദം കേൾക്കാം. പാവം അവളും വളരെ അസ്വസ്ഥമാണ്. അച്ഛന്റെ സാമീപ്യത്തിനായി അവളും കൊതിക്കുന്നുണ്ടാവും. ആരോട് പരാതി പറയും, ആരോടെങ്കിലും ഒന്ന് മനസ്സ് തുറന്നാൽ എല്ലാവർക്കും ഒരേ മറുപടി, "നിങ്ങൾക്ക് വേണ്ടിയല്ലേ അവനിങ്ങനെ രാവും പകലും കഷ്ടപ്പെടുന്നത്, അത് നിങ്ങൾ മനസ്സിലാക്കണ്ടേ? " അതെ, ഇപ്പോൾ കുറ്റം മുഴുവൻ തന്റേതായിരിക്കുന്നു, ഭർത്താവിന്റെ ജോലിഭാരവും അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങളും മനസ്സിലാക്കാത്ത ഭാര്യ. അപൂർവമായി എപ്പോഴെങ്കിലും ഭർത്താവിനോട് എന്തെങ്കിലും പറയാമെന്നു വച്ചാൽ ഉടനെ പറയും "എന്നാൽ ഞാൻ ജോലി രാജിവച്ച് ഇവിടെ ഇരിക്കാം, ദിവസം മുഴുവൻ നമുക്ക് മുഖത്തോട് മുഖം നോക്കിയിരിക്കാം, പോരെ" . അതിനാൽ ഇപ്പോൾ അദ്ദേഹത്തോടും ഒന്നും പറയാറില്ല. അല്ലെങ്കിലും ആളുകളുടെ മുന്നിൽ തനിക്കെന്താണൊരു കുറവ്, നല്ല ഫ്ളാറ്റ്, ടി.വി. വാഷിംഗ് മെഷീൻ, എ.സി. എല്ലാം ഉണ്ട്. പക്ഷെ, ചില സമയങ്ങളിൽ നമ്മൾ ആഗ്രഹിച്ചു പോകുന്ന ചില സാമീപ്യങ്ങൾ, ചില സാന്ത്വനങ്ങൾ, അത് നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന ആ വിങ്ങലിനു പകരം വയ്ക്കാൻ ഈ സുഖ സൗകര്യങ്ങൾക്കൊന്നും ആവില്ല എന്ന് ഉപദേശികൾക്കറിയില്ലല്ലോ. നാട്ടിലാണെങ്കിൽ ഇത്ര ഏകാന്തത അനുഭവപ്പെടുമായിരുന്നില്ല, ആരെങ്കിലും ഒക്കെ വീട്ടിൽ വന്നും പോയും ഇരിക്കുമായിരുന്നു. അവരോടൊക്കെ എന്തെങ്കിലും മിണ്ടിയും പറഞ്ഞും ഇരിക്കാമായിരുന്നു. മഹാ നഗരത്തിലെ സൗഭാഗ്യങ്ങൾ..... അനില നെടുവീർപ്പിട്ടു.
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ പ്രഷറും ഷുഗറും ഒക്കെ ഇപ്പോഴേ അനിലയെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നു. ഡോക്ടർ പറഞ്ഞതാണ്, സമയത്ത് മരുന്ന് കഴിക്കണം, മുടക്കരുത് എന്നൊക്കെ, പക്ഷെ പലപ്പോഴും ഒരു മടുപ്പാണ്. മനസ്സ് സ്വയം ചോദിച്ചു കൊണ്ടിരിക്കും എന്തിന്, മരുന്ന് കഴിച്ച് സുഖപ്പെട്ടിട്ട് ആർക്ക് വേണ്ടി എന്ന ചിന്ത. പ്രഷറിന്റെ ഗുളികയും മറ്റും കഴിഞ്ഞിട്ട് രണ്ട് ദിവസം ആയി. വാങ്ങാം എന്ന് കരുതി കടയിൽ പോയപ്പോഴേക്കും കട അടച്ചിരിക്കുന്നു. കടയുടെ ഉടമസ്ഥൻ താഴെ നിൽപ്പുണ്ട്, മലയാളി ആണ്. തന്നെ കണ്ടതും ചിരിച്ചു. സാവധാനത്തിൽ അദ്ദേഹത്തോട് ചോദിച്ചു, കട തുറന്നു ചില മരുന്നുകൾ എടുത്ത് തരാമോ? ഉടനെ മറുപടി വന്നു, "അയ്യോ ഇന്നിനി പറ്റില്ല, കട അടച്ചു, നാളെ വരൂ" . പിറ്റേന്ന് കട തുറക്കണമെങ്കിൽ പത്തു മണി കഴിയും. രാവിലെ ഭക്ഷണത്തിന്റെ മുന്നേ കഴിക്കേണ്ട മരുന്നുകൾ ആണ് ചിലതൊക്കെ. അപ്പോൾ രാവിലത്തെ മരുന്നും കഴിക്കാൻ പറ്റില്ല. മരുന്ന് തെറ്റിച്ചതിന്റെ അസ്ക്യതകൾ അനുഭവപ്പെടാൻ തുടങ്ങിയിരിക്കുന്നു. അടുത്തൊന്നും വേറെ മരുന്ന് കടകൾ ഇല്ല, ഒറ്റയ്ക്ക് ഈ രാത്രിയിൽ ദൂരെയെങ്ങും പോകാനും വയ്യ, മോളും വീട്ടിൽ ഒറ്റക്കാണ്.
മരുന്ന് വേണ്ടെന്നു വച്ച് വീട്ടിലേക്കു തിരിച്ചു നടന്നു.. പതിവായി മരുന്ന് വാങ്ങുന്ന കടയാണ്, പരിചയമുള്ള മനുഷ്യനും, എന്നിട്ടും അയാൾക്ക് കട തുറന്ന് മരുന്ന് തരാൻ വിഷമം. മനുഷ്യരൊക്കെ ഇങ്ങനെത്തന്നെ യാണ്, കാണുമ്പോളുള്ള ചിരിയെ ഉളളൂ.. അതൊക്കെ അവരുടെ കാര്യ സാധ്യത്തിനും. കടയിൽ വരുമ്പോൾ ചിരി കണ്ട് ഇയാൾ സന്മനസ്സ് ഉള്ളവനാണെന്നു തെറ്റി ധരിച്ച താനാണ് തെറ്റുകാരി. അത് അയാളുടെ കടയിലെ സാധനം ചിലവാകാൻ ആയിരുന്നു. അല്ലെങ്കിലും ചില സുഹൃത്തുക്കൾ പറയും അനില കണ്ടാലുംകൊണ്ടാലും പഠിക്കില്ല എന്ന്, ശരിയാ, ശ്രമിക്കാഞ്ഞിട്ടല്ല, അതൊരു ശീലമായിപ്പോയി, ചിലർ പറയും ലക്ഷ്മി അമ്മയുടെ സ്വഭാവം ആണ് അനിലയ്ക്ക് എന്ന്, 'അമ്മ അങ്ങിനെയായിരുന്നു, എല്ലാവരും അമ്മയുടെ കണ്ണിൽ നല്ല ആളുകൾ ആയിരുന്നു. ആരെക്കുറിച്ചും അമ്മയ്ക്ക് പരാതിയോ പരിഭവമോ ഇല്ലായിരുന്നു .
ഭക്ഷണം എടുത്ത് ഫ്രിഡ്ജിൽ കയറ്റട്ടെ, ഒന്ന് മയങ്ങണം, മയങ്ങാനേ പറ്റൂ. ഉറങ്ങിയാൽ ഭർത്താവ് വന്ന് കാളിങ് ബെൽ അടിച്ചാൽ അറിയില്ല, വാതിൽ തുറക്കാൻ വൈകിയാൽ അതുമതി പിന്നെ വീട് മറച്ചിടാൻ. ചാവി കയ്യിലുണ്ടെങ്കിലും അദ്ദേഹം വാതിൽ തുറക്കില്ല, താൻ തന്നെ ചെന്ന് തുറന്നു കൊടുക്കണം.
ഭക്ഷണം ഫ്രിഡ്ജിൽ വച്ച് അനില ഹാളിലെ സോഫയിൽ ചാരി കിടന്നു. മനസ്സ് വീണ്ടും ഇന്നലെകളിലേക്ക് പായുകയാണ്, കോളേജ് കഴിഞ്ഞ് വെറുതെ ഇരിക്കുമ്പോഴാണ് സ്ഥലത്തെ പാരലൽ കോളേജിലെ മാഷ് വീട്ടിൽ വന്ന് അച്ഛനോട് ചോദിച്ചത്, കോളേജിൽ സംസ്കൃതം പഠിപ്പിക്കാൻ ഒരു ടീച്ചറെ വേണം, അനില സ്കൂളിലും കോളേജിലും സെക്കന്റ് ലാംഗ്വേജ് സംസ്കൃതം ആയിരുന്നല്ലോ. കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞു കൊടുക്കാൻ അതൊക്കെ മതി. അച്ഛന് പക്ഷെ വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു, താനാണ് ചാടി പുറപ്പെട്ടത്, വീട്ടിൽ ഇരുന്ന് മുഷിഞ്ഞു. ഒരു ചേഞ്ച് ആവൂല്ലോന്ന് കരുതി, പോരാത്തതിന് ആളുകളുടെ ചോദ്യവും, എന്താ ലക്ഷ്മിഅമ്മെ, അനില ഇപ്പൊ ഒന്നും ചെയ്യുന്നില്ലേ, വെറുതെ ഇരിക്കാണോ? കല്യാണാലോചന ഒന്നും വരുന്നില്ലേ, തുടങ്ങി ആളുകളുടെ ഔൽസുക്യം. അതിനാലാണ് പാരലൽ കോളേജിൽ ക്ലാസെടുക്കാൻ പോവാൻ തീരുമാനിച്ചത്. രാവിലെ പോയാൽ വൈകീട്ട് തിരിച്ചെത്തിയാൽ മതി. അത്രയും സ്വസ്ഥതയുണ്ട്.
ആദ്യമൊക്കെ കോളേജിലും വിരസതയാണ് തോന്നിയത്, പഠിക്കാൻ പുറകോട്ടുള്ള മന്തന്മാരായ കുട്ടികളാണല്ലോ പാരലൽ കോളേജിൽ ചേരുക, അവരുടെ ഉഴപ്പും കമന്റും കുസൃതിയും, ആദ്യമൊക്കെ അരോചകമായി തോന്നി, പിന്നെ അതും ആസ്വദിച്ച് തുടങ്ങി. ആയിടക്കാണ് ഇംഗ്ലീഷ് ക്ലാസെടുക്കാൻ സുമുഖനായ മോഹന ചന്ദ്രൻ എന്ന എം.എ. ക്കാരൻ കോളേജിൽ ചേരുന്നത്. മോഹന ചന്ദ്രന്റെ വരവ് കോളേജിന്റെ മുഖം തന്നെ മാറ്റി. പെൺ കുട്ടികൾ മോഹന ചന്ദ്രന്റെ ക്ലാസിൽ മുൻ ബെഞ്ചിൽ സീറ്റുറപ്പിക്കാൻ മത്സരിച്ചു. സുമുഖത ശരീരത്തിന് മാത്രമായിരുന്നില്ല, അദ്ദേഹത്തിന്റെ സംസാരത്തിലും നടത്തത്തിലും ചിരിയിലും വരെ ഒരു ആകർഷകത്വം ഉണ്ടായിരുന്നു.
എങ്കിലും അനില അവരിൽ നിന്നൊക്കെ ഒഴിഞ്ഞു നിന്നു. നാട്ടിലെ പുരാതന നായർ തറവാട്ടിലെ പെൺ കുട്ടിക്ക് ഇങ്ങിനെയുള്ള ബാലിശ ചിന്തകൾ ഒന്നും പാടില്ല, അവൾ മോഹന ചന്ദ്രനിൽ നിന്നും എപ്പോഴും ഒരു കാതം അകലം സൂക്ഷിച്ചു.. അങ്ങിനെയിരിക്കെയാണ് ഒരു ദിവസം സ്റ്റാഫ് റൂമിൽ അനില ഒറ്റക്കിരിക്കുമ്പോൾ മോഹന ചന്ദ്രൻ അവിചാരിതമായി കടന്നു വരുന്നത്. ആ വ്യക്തി പ്രഭാവത്തിനു മുന്നിൽ അറിയാതെ അനില സീറ്റിൽ നിന്നും എണീറ്റ് പോയി. ബഹുമാനിക്കാൻ വേണ്ടി എണീറ്റതോന്നും ആയിരുന്നില്ല, അറിയാതെ എണീറ്റ് പോയതാണ്. പക്ഷെ മോഹന ചന്ദ്രന് ആ വിനയം വല്ലാതെ ബോധിച്ചു. പിന്നെ പലപ്പോഴും അയാളുടെ കണ്ണുകൾ അനിലയെ തേടി നടന്നു. കാരണങ്ങൾ ഉണ്ടാക്കി അയാൾ അനിലയുടെ സമീപത്തെത്തി . ഇത് ആവർത്തിച്ചപ്പോൾ ചില കുട്ടികളും അധ്യാപകരും കളിയാക്കാൻ തുടങ്ങി. "മോഹന ചന്ദ്രൻ സാർ സംസ്കൃതത്തിൽ ആണോ ഇംഗ്ളീഷ് പഠിപ്പിക്കുന്നത്". അല്ലാ, അനിലയോട് സംശയം ചോദിക്കുന്നത് കേട്ട് ചോദിച്ചതാ.... " ആദ്യമൊക്കെ വിഷമവും പേടിയും തോന്നിയെങ്കിലും അനില മെല്ലെ മെല്ലെ അതും ആസ്വദിച്ച് തുടങ്ങി. അവളും മോഹന ചന്ദ്രന്റെ സാമീപ്യം കൊതിച്ചു. ഞായറാഴ്ചകൾ അവൾക്ക് വിരസമായി അനുഭവപ്പെട്ടു, തിങ്കളാഴ്ച ഒന്ന് പെട്ടെന്ന് ആയിക്കിട്ടാൻ അവൾ കൊതിച്ചു.
മഴ കോരിച്ചൊരിയുന്ന ഒരു സന്ധ്യയിൽ കുടയെടുക്കാതെ റോഡിലൂടെ നനഞ്ഞു പോകുന്ന തന്നെ സ്വന്തം കുടയിലേക്ക് മോഹന ചന്ദ്രൻ ക്ഷണിച്ചതും താൻ വിസമ്മതിച്ചപ്പോൾ ആ കുട തനിക്ക് തന്ന് അയാൾ മഴ നനഞ്ഞു നടന്നു പോയതും എല്ലാം അനിലയുടെ മനസ്സിലൂടെ ഒരു തിരശീലയിൽ എന്ന പോലെ കടന്നു പോയി. കുന്നം കുളത്ത് പരീക്ഷക്ക് പോകുമ്പോൾ ബസ് കിട്ടാതെ വിഷമിച്ചു നിൽക്കുന്ന തന്നിൽ ദൈവ ദൂതനെ പോലെ പ്രത്യക്ഷപ്പെട്ടതും തന്നെ കാറിൽ കുന്നം കുളത്ത് എത്തിച്ചതും എല്ലാം.
ഹൃദയത്തിൽ എവിടെയോ മോഹനചന്ദ്രൻ ഒരു തൂവൽ കൊട്ടാരം തനിക്കായി പണിതു തുടങ്ങിയപ്പോഴാണ് ഒരു കണ്ണീർ മഴപോലെ പട്ടാമ്പിയിലുള്ള ഒരു പോലീസുകാരന്റെ കല്യാണാലോചന വരുന്നതും മോഹന ചന്ദ്രൻ പണിത കൊട്ടാരം ആ മഴയിൽ ഒലിച്ചു പോയതും. കല്യാണത്തിന് മോഹന ചന്ദ്രനെ ക്ഷണിച്ചിരുന്നില്ല, അയാളെ വെറും ഒരു അതിഥിയായി കാണാൻ മനസ്സ് പക്വമായിരുന്നില്ല. എങ്കിലും അയാൾ കല്യാണത്തിന് എത്തിയിരുന്നു എന്ന് പിന്നീടറിഞ്ഞു.. കയ്യിൽ കരുതിയ സമ്മാനം ആരെയോ ഏൽപ്പിച്ച് അയാൾ പടിയിറങ്ങി പോയത്രേ........ ആ കവർ തുറക്കുമ്പോൾ കൈ വിറച്ചിരുന്നു, അത് ഭർത്താവ് കാണാതിരിക്കാൻ അനില നന്നേ പാടുപെട്ടു. സ്വർണ്ണ കടലാസിൽ പൊതിഞ്ഞ ആ പെട്ടിയിൽ മുറിവേറ്റ ഒരു ഹൃദയവും, അതിൽ ഒരു കുറിപ്പും "ഈറൻ അണിഞ്ഞ പൂക്കൾ അറിഞ്ഞില്ല, ഇതൾ ഇത്ര വേഗം കൊഴിയുമെന്ന്" .......... കണ്ണീരടക്കാൻ പാടുപെട്ട നിമിഷങ്ങൾ .......... അതിനുമപ്പുറം അത് ഭർത്താവും വീട്ടുകാരും കാണാതിരിക്കാനുള്ള ബദ്ധപ്പാട്..
എത്രയോ രാത്രികളിൽ ആ മടിയിൽ തലചായ്ച്ചു കിടക്കുന്നതും കാറ്റാടി മരങ്ങൾ തണൽ വീശിയ കോളേജിന്റെ ഒറ്റയടിപ്പാതയിലൂടെ കൈകോർത്ത് നടക്കുന്നതും സ്വപ്നം കണ്ടിരുന്നു. ചിന്തകൾ മസ്സിനെ വീണ്ടും തളർത്തിയപ്പോൾ അനില ഉറക്കത്തിലേക്ക് വഴുതി വീണു. പുലർച്ചെ എപ്പോഴോ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടെന്നു തോന്നി, പക്ഷെ അവൾ മോഹന ചന്ദ്രൻ തീർത്ത ഓർമ്മകളുടെ വെണ്ണക്കൽ കൊട്ടാരത്തിൽ ശയിക്കുകയായിരുന്നു, ഭർത്താവ് വാതിൽ തുറന്നു അകത്ത് കടന്നതും അവൾക്കരികെ സോഫയിൽ ഇരുന്നതും അവൾ അറിഞ്ഞില്ല. ഉറക്കത്തിൽ എപ്പോഴോ അയാളുടെ കൈകൾ അവളുടെ കവിളിൽ മൃദുവായി പതിഞ്ഞു. അവളുടെ മനസ്സിൽ അയാൾ ഒരു നിമിഷം മോഹന ചന്ദ്രനായി. അവൾ ആ കൈകൾ സ്വപ്നത്തിൽ വാരിയെടുത്തു. ചുടു ചുംബനങ്ങളാൽ അവൾ അയാളിലേക്ക് പടരുമ്പോൾ പുറത്ത് മഴ വീണ്ടും കനത്തിരുന്നു…