ആഴക്കടലിന്റെയിക്കരെയെത്തിയീ
ഐശര്യദേവിതദന്‍ നര്‍ത്തന ഭൂമിയില്‍
എത്രയോ നാളുകള്‍ സ്വപ്നം തളിര്‍ത്തൊരാ
മുഗ്ദ്ധമോഹങ്ങള്‍ പൂവിട്ടു വിടരവേ ..
ഇന്നും സ്മരിക്കുന്നു സ്‌നേഹവായ്‌പോടെന്റെ
നിര്‍മ്മലമാം ജന്മനാടിന്റെ മേന്മകള്‍
മലരണിക്കാടുകള്‍ തിങ്ങിവിങ്ങീടുമാ
മരതകക്കാന്തിയില്‍ മുങ്ങിവിളങ്ങിടും
കേരവൃക്ഷങ്ങള്‍ നിരന്നുവിലസിടും
എന്മലനാടിന്റെ ചേലാര്‍ന്ന ഗ്രാമങ്ങള്‍..
കൂടുവിട്ട കിളിയന്തിയണയുമ്പോള്‍
ചേലോടുതിര്‍ക്കും കളകൂജനങ്ങളും
അസ്തമനാര്‍ക്കന്റെ മായാവിലാസത്താല്‍
ചെമ്മേ തിളങ്ങുന്ന സിന്ധൂരസന്ധ്യയും,
ഈറനുടുത്താപ്പുഴയിലെ നീരാട്ടം
ഇന്നുമെന്നാത്മാവില്‍ നിര്‍വൃതിയാകുന്നു,
കുളികഴിഞ്ഞീറനുതിരുന്ന കാര്‍കൂന്തല്‍
ത്തുമ്പില്‍ തിരുകിയ തുളസിക്കതിരിലും
കാനനച്ചോലയ്ക്കു കാന്തികലര്‍ത്തുന്ന
കാഞ്ചനച്ചേലുള്ള കുങ്കുമപ്പൂവിലും,
അമ്മിഞ്ഞപ്പാലിനായാര്‍ത്തി കൂട്ടുന്നൊരു
കാലിത്തൊഴുത്തിലെ കാളക്കിടാവിലും,
ഒന്നര ചുറ്റിയ ഗ്രഹമീണ കന്യക
പൊന്‍പൂവുതേടുന്ന ചെമ്മണിക്കുന്നിലും,
ആത്മാവിലാത്മീയ ദീപ്തിയുണര്‍ത്തുന്ന
ദേവാലയത്തിലെ വന്‍മണിനാദവും,
ഇന്നുമെന്‍ ചിത്തം നിറഞ്ഞുകവിയുന്നു
പൊന്‍കതിര്‍ തൂകുമാ പാവന സൗഹൃദം,
സന്ധ്യയ്ക്കു കത്തിച്ചാച്ചെപ്പുവിളക്കിന്റെ
മഞ്ഞവെളിച്ചത്തില്‍ ലോകം മയങ്ങവേ
അഞ്ജലീബദ്ധയായ് നിര്‍മ്മലഭക്തയായ്
പ്രാര്‍ത്ഥനാഗീതങ്ങള്‍ പാടിയതോര്‍പ്പൂ ഞാന്‍,
കറപുരളാത്തൊരു കൗമാരമാണെന്റെ
ജന്മനാടേകിയ കൈമുതലെന്നുമേ !
നൂതന മോഹന വര്‍ണ്ണചിത്രങ്ങളെന്‍
ജീവിതപന്ഥാവു വര്‍ണ്ണാഭമാക്കിലും
സ്‌നേഹം വിളയുന്ന സര്‍ഗ്ഗം തെളിയുന്ന
കേരളമാണെന്റെ കണ്‍മുന്നിലെപ്പോഴും,
എന്നുമെന്‍ വീടിന്റെ പൂമുഖത്തെന്നെയും
ഓര്‍മ്മിച്ചിരുന്നൊരെന്‍ താതമാതാക്കളേ !
നിങ്ങളെ വിസ്മരിച്ചൊന്നുമെനിക്കില്ല
നിങ്ങള്‍ തന്‍ പ്രാര്‍ത്ഥനയെന്‍ മാര്‍ഗ്ഗ ദര്‍ശനം !!!
ഇക്കഴിഞ്ഞയാഴ്ച ഒരു ഓണ സദ്യാ സേമ്മളനത്തില്‍ ഞാന്‍ ആലപിച്ചു സമര്‍പ്പിച്ച കവിതയാണിത്. എന്റെ പ്രിയപ്പെട്ട ഇ മലയാളി വായനക്കാര്‍ക്ക് വൈകിയതിരുവോണാശംസകള്‍!!