മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും സി.പി.എം സംസ്ഥാന സമിതി അംഗവുമായ പി. ശശിക്കെതിരെ പാർട്ടി സെക്രട്ടറിക്ക് നല്കിയ പരാതി പുറത്തുവിട്ട് പി.വി. അൻവർ എം.എല്‍.എ. പി. ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പി.വി. അൻവർ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്.
സർക്കാറിനെയും പാർട്ടിയെയും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിന് നിയോഗിക്കപ്പെട്ട പൊളിറ്റിക്കല്‍ സെക്രട്ടറി ആ രാഷ്ട്രീയ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടുവെന്ന് അൻവർ പറയുന്നു. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പ്രയത്നിക്കുന്ന കേന്ദ്ര ഗവർമെന്റിന്റെ രാഷ്ട്രീയ താല്പര്യത്തോടൊപ്പം നില്ക്കുന്ന സംസ്ഥാന പൊലീസിലെ ഒരു വിഭാഗം ക്രിമിനലുകളോടൊപ്പം ചേർന്ന് പ്രയാസത്തിലാക്കുകയും സാധാരണക്കാരായ പാർട്ടിയെയും സർക്കാരിനെയും ജനങ്ങളെ പാർട്ടിയില്‍ നിന്നും കൂടുതല്‍ അകറ്റാൻ കൂട്ടുനില്‍ക്കുകയും ചെയ്തുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ,പരാതിയില്‍ പറയുന്നു.
മുഖ്യമന്ത്രിയെ നേരില്‍ കാണാൻ വേണ്ടി വരുന്ന എം.എല്‍.എമാർ, ത്രിതല പഞ്ചായത്ത് പ്രസിഡൻ്റുമാർ, പാർട്ടിയുടെ ലോക്കല്‍ സെക്രട്ടറി പദവിയില്‍ മുകളിലേക്കുള്ള നേതാക്കന്മാർ, പൊളിറ്റിക്കല്‍ സെക്രട്ടറിയെ വന്ന് കണ്ടാല്‍ മുഖ്യമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിന് പകരം 'കാര്യങ്ങള്‍ ഞാൻ പറഞ്ഞോളാം' എന്ന് പറഞ്ഞ് ഇവരെ മടക്കി വിടുകയാണ് പതിവ്. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഈ മറയിടല്‍ പ്രാദേശികമായി നാട്ടില്‍ നടക്കുന്ന പ്രശ്നങ്ങളും വികസന കാര്യങ്ങളും മുഖ്യമന്ത്രിയില്‍ എത്താതിരിക്കാനുള്ള ദുരുദ്ദേശം തന്നെയാണ്. താഴെക്കിടയിലുള്ള ഇത്തരം കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയരുത് എന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിഗൂഢമായ അജണ്ട പാർട്ടി ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്.
ഷാജൻ സ്കറിയ കേസ്, സോളാർ കേസ്, സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവം, പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ വ്യാപാരിയുടെ കേസ്, രാഹുല്‍ ഗാന്ധി വിവാദം, പാർക്കിലെ മോഷണക്കേസ് തുടങ്ങിയവയില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ഇടപെടല്‍ എങ്ങനെയായിരുന്നുവെന്ന് അൻവർ പരാതിയില്‍ പറയുന്നുണ്ട്.
പി ശശിക്ക് തന്നോട് വൈരാഗ്യമാണ്. തന്റെ ഉടമസ്ഥതയിലുള്ള പാര്‍ക്കില്‍ നിന്ന് പത്ത് ലക്ഷം രൂപ കളവ് പോയതുമായി ബന്ധപ്പെട്ട് അരീക്കോട് പോലീസില്‍ പരാതി നല്‍കുകയും കേസെടുക്കുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഒരു അന്വേഷണവും നടന്നില്ലെന്നും പി വി അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ പരാതികളുമായി എത്തുന്ന കാണാൻ കൊള്ളാവുന്ന സ്ത്രീകളുടെ ഫോണ്‍ നമ്ബറുകള്‍ വാങ്ങി വെക്കുകയും, കേസന്വേഷണം എങ്ങനെ പോകുന്നുവെന്ന് അവരോട് പ്രത്യേകം അന്വേഷിക്കുകയും അവരില്‍ ചിലരോട് ശൃംഗാര ഭാവത്തില്‍ സംസാരിച്ചതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഫോണ്‍ കാളുകള്‍ എടുക്കാതെയായ പരാതിക്കാരിയുണ്ടെന്നുള്ളതും തനിക്കറിയാമെന്ന് അൻവർ പറയുന്നു. അദ്ദേഹം ഈ സ്ഥാനത്ത് തുടർന്നാല്‍ താങ്ങാനാവാത്ത മാനക്കേടും നാണക്കേടും അധികം വൈകാതെ തന്നെ പാർട്ടിയും മുഖ്യമന്ത്രിയും നേരിടേണ്ടി വരുമെന്നത് എനിക്കുറപ്പാണ് എന്ന് പറഞ്ഞാണ് അൻവർ പരാതി അവസാനിപ്പിക്കുന്നത്.