ന്യൂഡല്‍ഹി: കേസില്‍ പ്രതിയായ ആളുടെ എന്നല്ല, കുറ്റവാളി എന്നു കണ്ടെത്തിയവരുടെ പോലും കെട്ടിടങ്ങള്‍ ഇടിച്ചുനിരത്താനാവില്ലെന്ന് സുപ്രീം കോടതി.
ഇക്കാര്യത്തില്‍ രാജ്യത്തിനു മുഴുവന്‍ ബാധകമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്ന്, ജസ്റ്റിസുമാരായ ബിആര്‍ ഗവായ്, കെവി വിശ്വനാഥന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ കേസില്‍ പ്രതിയായ വ്യക്തികളുടെ വീടും മറ്റു കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ പ്രതിയാവുന്നതോ, കുറ്റവാളി എന്നു കണ്ടെത്തുന്നതു പോലുമോ കെട്ടിടം ഇടിച്ചു നിരത്താന്‍ കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
എല്ലാ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാധകമായ വിധത്തില്‍ കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ കൊണ്ടുവരും. ഏതെങ്കിലും സമുദായത്തിനു മാത്രമുള്ളതാവില്ല അത്. ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനു മാത്രമായി വേറെ നിയമം കൊണ്ടുവരാനാവില്ല. നമ്മുടേത് ഒരു മതേതര രാജ്യമാണ്- കോടതി ചൂണ്ടിക്കാട്ടി.
അതേസമയം അനധികൃതമായ ഒരു നിര്‍മാണ പ്രവര്‍ത്തനത്തെയും കോടതി സംരക്ഷിക്കില്ലെന്ന് ബെഞ്ച് എടുത്തു പറഞ്ഞു. പൊതു നിരത്തിലോ സര്‍ക്കാര്‍ ഭൂമിയിലോ വന ഭൂമിയിലോ ഉള്ള ഒരു നിര്‍മിതിയെയും സംരക്ഷിക്കില്ല. പൊതു സ്ഥലം കയ്യേറിയവരെ സംരക്ഷിക്കാനാവില്ല കോടതിയുടെ ഉത്തരവെന്ന് ബെഞ്ച് വ്യക്തമാക്കി.