ഇന്ത്യയുടെ ജാവലിന്‍ ഇതിഹാസം നീരജ് ചോപ്രയുടെ പരിശീലകന്‍, ജര്‍മന്‍കാരനായ ക്‌ളോസ് ബര്‍ടോ നിറ്റ്‌സ് ഈ മാസം പകുതിയോടെ നാട്ടിലേക്കു മടങ്ങും. എഴുപത്തഞ്ചുകാരനായ ക്‌ളോസ് ഇനിയുള്ള കാലം കുടുംബത്തോടൊപ്പം ചെലവിടാനാണ് ആഗ്രഹിക്കുന്നത്.2021 അവസാനം ഇന്ത്യ വിടാന്‍ ആഗ്രഹിച്ച ക്‌ളോസിനെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തുടരാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.
വിദേശ കോച്ച് യുവെ ഹോണ്‍ അത് ലറ്റിക് ഫെഡറേഷനുമായും സ്‌പോര്‍ട്‌സ് അതോരിറ്റിയുമായും തെറ്റിയതോടെയാണ് എയ്‌റോ ഡൈനാമിക്‌സ് വിദഗ്ധനായ കളോസിനെ കണ്ടെത്തിയത്.2019 ഫെബ്രുവരിയിലാണ് ക്‌ളോസ് എത്തിയത്.
ക്‌ളോസിന്റെ ശിക്ഷണത്തില്‍ നീരജ് ടോക്കിയോ ഒളിംപിക്‌സില്‍ ജാവലിനില്‍ സ്വര്‍ണം നേടി. പാരിസില്‍ വെള്ളിയും കരസ്ഥമാക്കി. ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും സ്വര്‍ണവും നേടി.ഹാങ്‌ചോ ഏഷ്യന്‍ ഗെയിംസില്‍ നീരജ് സ്വര്‍ണം നിലനിര്‍ത്തിയപ്പോഴും ക്‌ളോസ് ആയിരുന്നു പരിശീലകന്‍.
നീരജ് ചോപ്രയും കോച്ച് ക്‌ളോസ് ബര്‍ടോനീറ്റ്‌സും
ഇന്ത്യയുടെ മറ്റ് ജാവലിന്‍ താരങ്ങളെ പരിശീലിപ്പിക്കാനും സമയം കണ്ടെത്തിയ ക്‌ളോസ് ഇന്ത്യന്‍ പരിശീലകര്‍ക്ക് മാര്‍ഗദര്‍ശിയായിരുന്നു.
മാധ്യമശ്രദ്ധ നീരജില്‍ മാത്രം കേന്ദ്രീകരിക്കാന്‍ എപ്പോഴും പിന്‍വാങ്ങി നില്‍ക്കുന്ന സ്വഭാവക്കാരനാണ് ക്‌ളോസ് .നാട്ടിലേക്കു മടങ്ങുമ്പോള്‍ ക്‌ളോസിന് കരു കാര്യത്തിലേ നിരാശപ്പെടേണ്ടതുള്ളൂ. നീരജിന് 90 മീറ്റര്‍ കടമ്പ കടക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഇപ്പോള്‍ പരുക്കിന്റെ പിടിയിലായ നീരജ് 2028 ലെ ലൊസാഞ്ചലസ് ഒളിംപിക്‌സ് ലക്ഷ്യമിട്ട് താമസിയാതെ പരിശീലനം തുടങ്ങും. അപ്പോഴേക്കും പുതിയ കോച്ചിനെ കണ്ടെത്തേണ്ടതുണ്ട്. ഇനി വരുന്ന കോച്ചിന്റെ ആദ്യ ലക്ഷ്യം നീരജിനെ 90 മീറ്ററില്‍ അധികം താണ്ടുന്ന ജാവലിന്‍ താരമാക്കി മാറ്റുക എന്നതായിരിക്കും.
ഇന്ത്യയില്‍ ജാവലിനില്‍ പുതിയൊരു താരനിര വളര്‍ന്നു വരുന്നുണ്ട്. അവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഇടയ്‌ക്കെങ്കിലും ക്‌ളോസിന്റെ സേവനം ഫെഡറേഷന്‍ ഉറപ്പുവരുത്തിയാല്‍ നല്ലത്.