തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിവാദ അഭിമുഖത്തില്‍ ഖേദം പ്രകടിപ്പിച്ച് ഹിന്ദു ദിനപത്രം. അഭിമുഖം വന്നത് ഡല്‍ഹിയിലെ പിആര്‍ ഏജന്‍സി വഴിയാണ്, വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ലെന്നും നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണെന്നും പറഞ്ഞ് പിന്നീട് പിആര്‍ ഏജന്‍സി എഴുതി നല്‍കിയതാണ്. ഇത് മാധ്യമധാര്‍മികതയ്ക്ക് നിരക്കുന്നതല്ലെന്നും ആ വാക്കുകള്‍ അഭിമുഖത്തിലേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്നും ഹിന്ദു അറിയിച്ചു.
ഓണ്‍ലൈന്‍ പതിപ്പിലൂടെ ആയിരുന്നു ഹിന്ദു ഖേദ പ്രകടനം നടത്തിയത്.
അഭിമുഖത്തില്‍ മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ സ്വര്‍ണ്ണക്കടത്ത്, ഹവാല ഇടപാടുകളെ സംബന്ധിച്ച് പറഞ്ഞിരുന്നില്ലെന്നും പിആര്‍ ഏജന്‍സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഭാഗം ഉള്‍പ്പെടുത്തിയതെന്നുമാണ് പത്രം വ്യക്തമാക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ അഭിമുഖം വാഗ്ദാനം ചെയ്ത് ദ കേയ്‌സന്‍ എന്ന പിആര്‍ ഏജന്‍സി സമീപിച്ചതായാണ് പത്രം വ്യക്തമാക്കുന്നത്. ഏജന്‍സി തന്നെയാണ് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനുള്ള സമയം അടക്കം നിശ്ചയിച്ചത്. ഇതനുസരിച്ച് പത്രത്തിന്റെ പ്രതിനിധി മുഖ്യമന്ത്രിയെ കേരള ഹൗസില്‍ എത്തി നേരിട്ട് കണ്ട് അഭിമുഖം നടത്തി. ഈ അഭിമുഖത്തില്‍ മലപ്പുറം ജില്ലയുടെ മാത്രമായൊരു കണക്ക് വ്യക്തമാക്കിയിരുന്നില്ല.
അഭിമുഖത്തിന് ശേഷം പിആര്‍ ഏജന്‍സി തന്നെ വീണ്ടും സമീപിച്ച് സ്വര്‍ണക്കടത്തിന്റെ കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും അതുപ്രകാരം കുറിപ്പ് എഴുതി നല്‍കുകയും ചെയ്തു. ഇതാണ് പ്രസിദ്ധീകരിച്ചത്. പിആര്‍ ഏജന്‍സി നല്‍കിയ വിവരം മുഖ്യമന്ത്രിയുടെ അഭിമുഖമായി പ്രസിദ്ധീകരിച്ചത് വലിയ വീഴ്ചയാണെന്നും അതില്‍ ഖേദം പ്രകടിപ്പിക്കുന്നതുമായാണ് പത്രം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്.