Image

നാളെ കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് കെ.ടി ജലീല്‍ ; ആകാംക്ഷയില്‍ രാഷ്ട്രീയ കേരളം

Published on 01 October, 2024
നാളെ കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന് കെ.ടി ജലീല്‍ ; ആകാംക്ഷയില്‍   രാഷ്ട്രീയ കേരളം

മലപ്പുറം: സി പി എമ്മുമായി ഇടഞ്ഞ് പുറത്ത് പോയ   പി.വി അന്‍വര്‍ എം.എല്‍.എ.യ്ക്ക്  പിന്നാലെ  മുന്‍മന്ത്രി കൂടിയായ സ്വതന്ത്ര എം.എല്‍.എ  കെ ടി ജലീലും സിപിഎമ്മിൽ നിന്ന്  സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുവെന്ന് സൂചന. നാളെ കൂടുതൽ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമെന്ന ജലീലിന്റെ   പ്രഖ്യാപനം  പാർട്ടിയെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് . അൻവർ ഉയർത്തിയ വിവാദങ്ങൾ നിലനിൽക്കെ തന്നെ ആണ് ജലീലിൻ്റെ പ്രഖ്യാപനവും . തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്നു വ്യക്തമാക്കിയ ജലീലിന്റെ തുറന്നുപറച്ചിൽ പാർട്ടിയെ ഇനിയും കുഴപ്പത്തിലാക്കുമോ എന്നാണ് സിപിഎം ഭയക്കുന്നത്. 


 കെ.ടി ജലീലിന്റെ ‘സ്വര്‍ഗസ്ഥനായ ഗാന്ധിജി’യെന്ന പുസ്തകത്തിന്റെ പ്രകാശനം നാളെയാണ്. പുതിയ പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച്  തനിക്കും ചിലത് പറയാനുണ്ടെന്ന് ജലീൽ  നേരത്തേത്തന്നെ അറിയിച്ചിരുന്നു.

 വളാഞ്ചേരി കാവുംപുറം പാറയ്ക്കൽ ഓഡിറ്റോറിയത്തിലാണ്  പുസ്തക  പ്രകാശനം നടക്കുന്നത്. പ്രകാശനം നിർവഹിക്കുന്നത് ജോൺ ബ്രിട്ടാസ് എം.പിയാണ്. ഒരു പുസ്തകപ്രകാശന പരിപാടി എന്നതിലുപരി ജലീലിന്റെ നീക്കത്തെ അതീവ പ്രാധാന്യത്തോടെയാണ് സിപിഎമ്മും രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്. പി.വി അന്‍വറിന്റെ  നിലപാടുകള്‍ക്ക്  ഒപ്പം നില്‍ക്കുന്ന ആളാണ് കെ.ടി ജലീല്‍ എം.എല്‍.എ.

ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ജലീൽ  ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു അന്‍വറിനെ പോലെ യു.ഡി.എഫ് പാളയത്തില്‍ നിന്നും ഇടതുമുന്നണിയില്‍ എത്തിയ നേതാവെന്ന പ്രത്യേകതയും കെ.ടി ജലീലിനുണ്ട്. 

സി.പി.എമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ചു കൊണ്ട് കെ.ടി ജലീല്‍ ചൊവ്വാഴ്ച ഫേസ്ബുക്കില്‍ നടത്തിയ അനുസ്മരണവും ശ്രദ്ധേയമാണ്. ‘വാളാകാന്‍ എല്ലാവര്‍ക്കും കഴിയും. എന്നാല്‍ തന്റെ പ്രസ്ഥാനത്തിനു പ്രതിരോധം തീര്‍ക്കുന്ന പരിചയാകാന്‍ അപൂര്‍വ്വം വ്യക്തികള്‍ക്കേ സാധിക്കുവെന്നും അവരില്‍ ഒരാളാണ് കോടിയേരി”. എന്ന ഫേസ്ബുക്ക് പോസ്റ്റിലെ പരാമര്‍ശത്തിന്  ഏറെ മാനങ്ങളുണ്ടെന്നാണ്   വിലയിരുത്തപ്പെടുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക